2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

നിഴല്‍ പാമ്പുകള്‍



അമ്മാവന്‍റെ വീടിന്‍റെ തെക്കേ മുറ്റത്തോട് ചേര്‍ന്നു കിടക്കുന്ന തെങ്ങിന്‍ പറമ്പിന്‍റെ അറ്റത്താണ് ആ വലിയ പുഴ. പുഴമണ്ടയിലെ തെങ്ങുകള്‍ക്കെല്ലാം പുഴയിലേക്ക് ഒരു ചായ്‌വ് ഉണ്ട്. അതിലുണ്ടാകുന്ന കുരുടിച്ച തേങ്ങകള്‍ അധികവും പുഴയിലേക്ക് വീണൊഴുകി പോകും. നിശ്ചലമായ വെള്ളത്തിലേക്ക്‌ നോക്കിയാല്‍ തെങ്ങുകളുടെ നിഴലുകള്‍ കാണാം, വളഞ്ഞ പാമ്പുകള്‍ പോലെ. വെള്ളത്തിലുണ്ടാകുന്ന ചെറിയ ചലനങ്ങളില്‍ ആ പാമ്പുകള്‍ പുളഞ്ഞാടും. കോലോത്തും കുളത്തിന്‍റെ ആഴമില്ലാത്ത ഭാഗത്തു മാത്രം നീരാട്ടു നടത്തി ശീലിച്ച എനിക്ക് നിലയില്ലാത്ത, നീളമേറിയ, നിഗൂമായൊഴുകുന്ന ആ പുഴയെ പേടിയായിരുന്നു.

പുഴയിലേക്ക് വളഞ്ഞു ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകളില്‍ അള്ളി പിടിച്ചു കയറുക എന്‍റെ ഒരു നേരം പോക്കായിരുന്നു. ആകാശത്തേക്ക് നോക്കികൊണ്ടാണ്‌ ഞാനതില്‍ കയറുക, താഴേക്കു നോക്കിയാല്‍ പുഴയില്‍ കാണുന്ന നിഴല്‍പാമ്പുകള്‍ എന്നെ കൊത്തുമോയെന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. അമ്മൂമ്മ ഏറ്റവും അധികം എന്നെ ശകാരിച്ചിരുന്നത് ആ തെങ്ങു കയറ്റത്തിന്‍റെ പേരിലായിരുന്നു.

“കാലിടറി താഴേക്കു വീണാല്‍ ഒഴുക്കുള്ള പുഴയില്‍ മുങ്ങിത്താണ്‌ അവസാനം അങ്ങ് അറബിക്കടലിലെത്തും. നിന്‍റെ ഡാഡനോട് സമാധാനം പറയാന്‍ ഞാന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല്യ”. തലയില്‍ കൈ വച്ചു അമ്മൂമ്മ ക്ഷോഭിതയാകും.

“ഇങ്ങടെറങ്ങി വാ,നിനക്കുള്ളത് ഞാന്‍ വച്ചിട്ടുണ്ട്”

അമ്മൂമ്മ അവിടെത്തെന്നെ നില്‍പ്പുണ്ടാകും.

താഴെ ഇറങ്ങിയാല്‍ അടി, ഇറങ്ങിയില്ലെങ്കില്‍ അറബിക്കടല്‍ !

ഞാന്‍ ത്രിശങ്കു വീഥിയിലെന്നപോലെയാവും.

“ഒരു മാസത്തെ സ്കൂളവധിക്കു നിര്‍ത്താന്‍ കൊണ്ട് വന്നതാണ്. ആ പെണ്ണിന് ഒരു സ്വൈര്യം കിട്ടിക്കോട്ടേന്നു വച്ചിട്ട്. ബാക്ക്യുള്ള രണ്ടെണ്ണത്തിനും അനുസരിക്കാന്‍ ഒരു കുഴപ്പോമില്ല്യ.”

ഒന്ന് രണ്ടു വര്‍ഷമായി അമ്മൂമ്മയോടൊപ്പം താമസിക്കുന്ന ചേച്ചീം കോവീം ഇതിനോടകം അമ്മൂമ്മയുടെ ശിക്ഷണത്തിനൊത്ത് തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തം.

ഞാന്‍ ഇറങ്ങാനുള്ള മട്ടില്ലെന്നു കാണുമ്പോള്‍ അമ്മൂമ്മ തെങ്ങോലയുടെ പട്ട ഒടിക്കാന്‍ തുടങ്ങും. അപ്പോള്‍ എന്‍റെ കാലുകളുടെ ശക്തിയെല്ലാം ചോര്‍ന്നു പോയി, ഞാന്‍ കരച്ചില്‍ തുടങ്ങും.

“ഞാന്‍ പറയും എന്‍റെ ഡാഡിയോട്, അമ്മൂമ്മ എന്നെ പട്ടവടി കൊണ്ട് തല്ലിയെന്ന്...”

തല്ലുന്നതിനു മുന്‍പുള്ള എന്‍റെ കരച്ചിലും എണ്ണിപ്പെറുക്കലും അമ്മൂമ്മയുടെ അരിശം കൂട്ടും.

“നിനക്ക് മാത്രം മിണ്ട്യാല്‍ തൊട്ടാല്‍ കരച്ചിലായി, അവള്‍ടൊരു ഡാഡനും കാടനും..”.

“എന്‍റെ അച്ഛനെ കാടനെന്നു വിളിച്ചൂന്ന് ഞാന്‍ പറഞ്ഞു കൊടുക്കും”.

ഞാനും വിട്ടുകൊടുക്കില്ല.

ബഹളം കേട്ട് മേമയെത്തും.

“അമ്മ പോയിക്കോളു, ഞാന്‍ അവളെ ഇറക്കിക്കൊണ്ട് വരാം”. മേമ തന്‍റെ ആത്മവിശ്വാസം പ്രകടിപ്പിക്കും.

“അമ്മൂമ്മ പൂവ്വാണ്ട് ഞാന്‍ ഇറങ്ങില്ല” ഞാന്‍ എന്‍റെ നിലപാടില്‍ വിറയലോടെ ഉറച്ചു നില്‍ക്കും.

അവസാനം അമ്മൂമ്മ പോകുമ്പോള്‍ ഞാന്‍ ഇറങ്ങി വരും, ശ്വാസമടക്കി മേമ കാത്തു നില്‍ക്കും.

“ഇനി ഇതുണ്ടായാല്‍ ഞാന്‍ വരില്ല്യ നിന്നെ രക്ഷിക്കാന്‍ , അമ്മൂമ്മയുടെ അടി മേടിക്ക്യാ നല്ലത്” മേമ നയം വ്യക്തമാക്കും.

അമിതമായി ഇടപെട്ടാല്‍ ചിലപ്പോള്‍ മേമക്കും കിട്ടും അമ്മൂമ്മയുടെ കയ്യീന്ന് അടി എന്നെനിക്കറിയാം. കല്ല്യാണ പ്രായമെത്തി നില്‍ക്ക്വാന്നു പറഞ്ഞിട്ടൊന്നും കാര്യല്ല്യ.

മേമ എന്നെ കുളിക്കടവിലേയ്ക്ക്‌   കൊണ്ട് പോകും.

കരയിലെ പുല്‍പ്പടര്‍പ്പില്‍ ഞാനിരിക്കും. ഇടത്തോട്ട് നോക്കിയാല്‍ അങ്ങകലെ നിന്നു പുഴ മദിച്ചൊഴുകി വരുന്നത് കാണാം. അക്കരെ കടവില്‍ രാഗിണി ചേച്ചീടെ വഞ്ചി നിശ്ചലമായി നിലകൊള്ളും. അയ്യപ്പഞ്ചേട്ടന്‍ വലിയ നീളമുള്ള കഴുക്കോല്‍ കുത്തി അകലേക്ക്‌ തുഴഞ്ഞ് പോകുന്നത് കാണാം.

ഓളത്തില്‍ മുങ്ങി പൊങ്ങി ഒന്ന് രണ്ടു കറുത്ത ആമകള്‍ ദൂരേനിന്നും ഒഴുകി വരും. ഞാന്‍ ആകാംക്ഷയോടെ കണ്ണെടുക്കാതെ നോക്കിയിരിക്കും, അടുത്തു വരുമ്പോള്‍ അത് തേങ്ങയാണെന്നു മനസ്സിലാവുമ്പോള്‍ എനിക്ക് നിരാശയാകും. ചിലപ്പോള്‍ , ഒരോ കുല പൂക്കളും അടക്കം പറഞ്ഞു കൊണ്ട് കടന്നു പോകും. കാണാമറയത്ത് എത്തും മുന്‍പേ ഒരു വേള അത് കൈതക്കാട്ടില്‍ നാണത്തോടെ തങ്ങി നില്‍ക്കും. കൈതപൂവിനോട് കുശലം പറയാനാവാം. വീണ്ടും തുടരുന്ന ആ യാത്രയില്‍ ഞാനുമൊരു കുഞ്ഞു പൂവായി മാറും. .

അഗാധമായ ഗര്‍ത്തങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ശാന്തമായി ഒഴുകുകയാണ് പുഴ. ആ പുഴയില്‍ മലര്‍ന്ന് കിടന്നു ആകാശം നോക്കിക്കൊണ്ട്‌ ഒഴുകാന്‍ , ഒഴുകിയൊഴുകി അങ്ങ് ദൂരെ അറബിക്കടല്‍ വരെ എത്താന്‍ എന്റെ മനസ്സ് കൊതിക്കാറുണ്ട്. പക്ഷേ, എങ്ങനെ? എനിക്ക് പുഴയിലെ നിഴല്‍ പാമ്പുകളെ പേടിയാണല്ലോ! കൂടാതെ അമ്മൂമ്മ പറഞ്ഞിട്ടുമുണ്ട്,

“വെള്ളത്തില്‍ നീരാളിയുണ്ട്, പിടിച്ചോണ്ട് പോകും” എന്ന്.

ആ പേടി മാറ്റി തന്നത് മേമയാണ്. രണ്ടു കയ്യും നീട്ടി മേമ വിളിക്കും,

“വാവ വാ... നീന്താന്‍ പഠിക്കണ്ടേ”?

“വേണ്ടാ, എനിക്ക് പേട്യാണ്” ഞാനൊരു വിളര്‍ച്ചയോടെപറയും.

ചേച്ചീം കോവീം നീന്തുന്നത് കണ്ടാല്‍ കൊതിയാവും. അപ്പോള്‍ ഞാനും പതിയേ ഇറങ്ങും വെള്ളത്തിലേക്ക്‌. മേമയുടെ കരങ്ങളില്‍ കമഴ്ന്നു കിടന്നു ഞാന്‍ കയ്യും കാലും അടിക്കാന്‍ പഠിച്ചു. അല്പം ധൈര്യം വന്നു തുടങ്ങിയപ്പോള്‍ ഞാന്‍ മേമയുടെ പുറത്തു കയറിയിരിക്കും, മേമ നീന്തും അക്കരേക്കും ഇക്കരേക്കും. മേമക്ക് ഒരു ക്ഷീണവുമില്ല്യ . കണ്ണിലും മൂക്കിലും വെള്ളം ചിന്നിച്ചിതറി എനിക്ക് ശ്വാസം നിലക്കും. എന്നാലും ഞാന്‍ പിടി വിടാതെ മേമയെ പറ്റിച്ചേര്‍ന്നു കിടക്കും.

മുങ്ങി തൊട്ടു കളിയില്‍ എന്നും ഞാന്‍ തോല്‍ക്കും, ചിലപ്പോ അവരെന്‍റെ തല മുക്കി പിടിക്കും. അപ്പോ മേമ രക്ഷകയാകും. ഒരിക്കല്‍ ഞാനൊരു അത്ഭുതക്കാഴ്ച കണ്ടു. എന്നെ കൊണ്ടു പോകാന്‍ അമ്മ വന്ന ദിവസമായിരുന്നു അത്. കഴുത്തില്‍ കുടുക്കകള്‍ കെട്ടി ഞാത്തിയിട്ടു കൊണ്ട് അമ്മയും മേമയും അമ്മൂമ്മയും പുഴയില്‍ മുങ്ങി താഴ്ന്നു. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ പൊന്തി വന്നു.

“വെള്ളം കുറവായതുകൊണ്ട് ഇപ്പൊ മുങ്ങിത്തപ്പിയാല്‍ ഇഷ്ടംപോലെ കക്ക കിട്ടും” അമ്മ പറഞ്ഞു.

ആശ്ചര്യം മായാത്ത കണ്ണുകളോടെ ഞാന്‍ കണ്ടു, കുടുക്ക നിറയെ പല വലുപ്പത്തില്‍ ചിപ്പികള്‍ .

കരയില്‍ വച്ചിരുന്ന വലിയ ചെപ്പുകുടങ്ങളില്‍ അവര്‍ കുടുക്കയിലെ കക്കകള്‍ ചെരിഞ്ഞു, വീണ്ടും മുങ്ങിതാഴ്ന്നു.

“വാവയ്ക്കും പെറുക്കണോ കക്കകള്‍ ”? അമ്മ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ തലയാട്ടി പറഞ്ഞു,

“വേണം”

എന്‍റെ കഴുത്തിലും ഒരു കുഞ്ഞികുടുക്ക ഞാത്തിയിട്ടു, അമ്മ എന്നെയും കൊണ്ട് മുങ്ങി. താഴെ ചെളിയില്‍ കാല്‍ വിരലുകള്‍ കൊണ്ട് പരതിയെ ടുത്ത കക്കകള്‍ അമ്മ എന്‍റെ കയ്യില്‍ വച്ചു തന്നിട്ട് പറഞ്ഞു,

“വാവേടെ കുടുക്കയില്‍ ഇട്ടോളൂ”. എനിക്ക് സന്തോഷമായി.

അമ്മക്ക് നിറയെ കക്കകള്‍ കിട്ടുന്നതെങ്ങന്യാ... ഞാന്‍ അതിശയിച്ചു. ഏറെ ശ്രമിച്ച ശേഷം ഒന്ന് രണ്ടെണ്ണം എന്‍റെ വിരലുകള്‍ക്കിടയിലും തടഞ്ഞു നിന്നു. ഞാനവയെ കയ്യിലെടുത്തു, കരയിലേക്ക് നടന്നു. അവ  ഒരു വിശറി പോലെ വായ്‌ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. എനിക്ക് സങ്കടം വന്നു. ഞാനവയെ വെള്ളത്തിലേക്കിട്ടു. പടിഞ്ഞാറന്‍ കാറ്റിന്‍റെ കുളിരേറ്റു വാങ്ങി പുഴയിലെ ഓളങ്ങള്‍ നോക്കി ഞാന്‍ ഇരുന്നു. ആഴമില്ലാത്ത വെള്ളത്തില്‍ ആകൃതി നഷ്ടപ്പെട്ട നിഴല്‍ പാമ്പുകള്‍ കെട്ട് പിണയുന്നു.

ഞാന്‍ അങ്കലാപ്പോടെ അമ്മയെ കാത്തിരുന്നു. ചെപ്പുകുടങ്ങള്‍ നിറഞ്ഞു കവിഞ്ഞു. എന്റെ അമ്മ മാത്രം വന്നില്ല. പുഴയുടെ അന്തരാളങ്ങളില്‍ നീരാളികളുടെയും നിഴല്‍ പാമ്പുകളുടെയും പിടിയില്‍ പെട്ടുഴലുകയാണോ എന്‍റെ അമ്മ...?

വരില്ലേ അമ്മേ..ഇനിയൊരിക്കലും തിരിച്ചു വരില്ലേ...

അങ്ങു ദൂരെ അറബിക്കടലിന്‍റെ അടിത്തട്ടിലെ നീലിച്ച നിഗൂഢതകളിലേക്ക് നിഴല്‍ പാമ്പുകള്‍ക്കൊപ്പം അമ്മ ഒഴുകി മറഞ്ഞത് എന്നെ തനിച്ചാക്കുവാനോ?.....

ചെപ്പുകുടങ്ങളിലെ ചിപ്പികള്‍ കരയില്‍ ജീവസ്സറ്റു വീണു, ചിലത് മാത്രം  വായ്‌ പിളരുകയും  പിന്നെ പതിയേ  അടയ്ക്കുകയും ചെയ്തു.

9 അഭിപ്രായങ്ങൾ:

  1. ചിലപ്പോള്‍ , ഒരോ കുല പൂക്കളും അടക്കം പറഞ്ഞു കൊണ്ട് കടന്നു പോകും. കാണാമറയത്ത് എത്തും മുന്‍പേ ഒരു വേള അത് കൈതക്കാട്ടില്‍ നാണത്തോടെ തങ്ങി നില്‍ക്കും. കൈതപൂവിനോട് കുശലം പറയാനാവാം. വീണ്ടും തുടരുന്ന ആ യാത്രയില്‍ ഞാനുമൊരു കുഞ്ഞു പൂവായി മാറും. .

    മറുപടിഇല്ലാതാക്കൂ
  2. valare ghambheerayittundu tto. manassilthattum vedana thonnum .

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിന്റെ ഉള്ളിൽ
    നിന്നും വന്ന മുത്തുമണികൾ..
    എല്ലാ നൊമ്പരങ്ങളും തൊട്ടറിയിക്കുന്ന എഴുത്ത്...!

    മറുപടിഇല്ലാതാക്കൂ
  4. നിഗൂഢതകൾ ഏറെയൊളിപ്പിച്ച് പുഴ. എന്നെയും നീന്തൽ പഠിപ്പിച്ചത് എന്റെ മേമയാണ് രണ്ട് തേങ്ങയുടെ ചകിരി കൂട്ടിക്കെട്ടി അതിൽ കിടത്തി.

    മറുപടിഇല്ലാതാക്കൂ