2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പുളിവാറല്‍വായുവിലാണ് ഞാന്‍ നടക്കുന്നതെന്നു തോന്നി. ശരീരത്തിനു ഭാരമില്ല. ടിക്ക് ടിക്ക് ടിക്ക് ...ധ്രുത താളത്തില്‍ മിടിക്കുന്നത് , ഈയുള്ളവളുടെ ഹൃദയം!...

മാര്‍ജ്ജാരിയെയും വെല്ലുന്ന പാദന്യാസത്തോടെ, അതീവ ജാഗ്രതയോടെ ഞാന്‍ നടകൊള്ളുകയാണ്. സിനിമയില്‍ സ്ലോ മോഷന്‍ കാണിക്കുന്നതുപോലെ വലതു കാല്‍പ്പാദം ആദ്യം, പിന്നീട് ഇടതു കാല്‍പ്പാദം.. തല ഇടത്തോട്ട്, പിന്നെ വലത്തോട്ട്.. അങ്ങനെ നിശബ്ദം മുന്നോട്ട്..... 

കരിവീട്ടിയില്‍ തീര്‍ത്ത ഒറ്റപ്പാളിയുള്ള വാതില്‍ പകുതി തുറന്നു കിടപ്പുണ്ട്. വാതിലിനു പുറകിലുള്ള മരത്തിന്‍റെ ഹാങ്ങറില്‍ അച്ഛന്‍റെ ഷര്‍ട്ട് തൂങ്ങിക്കിടക്കുന്നു. ഞാന്‍ കരങ്ങളുയര്‍ത്താന്‍ ശ്രമിക്കുന്നു, ഇരുമ്പുലക്കയോ അതോ എന്‍റെ കരങ്ങളോ!! പൊടുന്നനെ ഇത്ര ഭാരം എങ്ങനെ വന്നു ഭവിച്ചു?! പേടിമൂലം തൊണ്ട വരണ്ടു. ഇടതു കരത്താല്‍ ഷര്‍ട്ടില്‍ പിടിച്ച് വലതുകരം കീശക്കുള്ളിലേക്ക് ഇട്ടതും “ട്ടോ” എന്നൊരു പൊട്ട്! ഞാന്‍ ഞെട്ടിയതാണ്. വടക്കേ പാടത്തിനരികിലുള്ള തോട്ടില്‍ മീന്‍പിടുത്തക്കാര്‍ തോട്ട ഇടുമ്പോള്‍ ഉണ്ടാകാറുള്ള ശബ്ദം. ഇപ്പോള്‍ തോട്ട പൊട്ടിയത് എന്‍റെ ഉള്ളില്‍ . കാലിലാരോ ചീങ്കണ്ണിയെപ്പോലെ അള്ളി പിടിച്ചിരിക്കുന്നു. അങ്കലാപ്പോടെ താഴേക്കു നോക്കി. കണ്ട കാഴ്ച ഹൃദയ സ്തംഭനമുളവാക്കുന്നതായിരുന്നു! 

കോവി! എന്റെ അനുജത്തി. എനിക്കു മുന്‍പേ കക്കാനിറങ്ങിയവള്‍ ! എന്‍റെ വരവ് മണത്തറിഞ്ഞു കട്ടിലിനടിയിലേക്ക് നൂഴ്ന്നിറങ്ങി പയ്യെ പതുങ്ങിയവള്‍  .

എന്‍റെ കഥ തീര്‍ന്നത് തന്നെ! സംശയല്ല്യാ. അവളിപ്പോള്‍ അമ്മയെയോ അച്ഛനെയോ വിളിക്കുമെന്ന് ഉറപ്പാണ്. ദൈവമേ..കാത്തു കൊള്ളണേ! 

എന്ത് ചെയ്യേണ്ടു എന്നറിയാതെ കാലിനു മന്തു പിടിച്ചപോലെ ഞാന്‍ നില്‍ക്കുമ്പോള്‍ അവളുടെ കരാള ഹസ്തങ്ങളില്‍ അകപ്പെട്ട എന്‍റെ കാല് വലിച്ചു കൊണ്ട് അവള്‍ പ്രസ്താവിച്ചു, “ മര്യാദക്ക് എന്‍റെ വിഹിതം തന്നോളു, ഇല്ലെങ്കില്‍ ഞാന്‍ ഇപ്പോ വിളിക്കും അമ്മയെ”. 

ഹൊ! ശ്വാസം നേരെ വീണു! വിഹിതം കൊടുത്താല്‍ തീരൂലോ പ്രശ്നം! കയ്യില്‍ കിട്ടിയത് എത്രയെന്നു നോക്കി, അമ്പതു പൈസ! 

“പത്തു പൈസ തരാം നിനക്ക്” ഞാന്‍ പറഞ്ഞു. 

“അയ്യടി മനമേ, ഇരുപത്തിയഞ്ചു പൈസ എണ്ണി വച്ചില്ലെങ്കില്‍ കോവി ഇപ്പോള്‍ ആളെ കൂട്ടും”. അവള്‍ ചീറി. 

ഞാന്‍ ബലമില്ലാത്ത എന്‍റെ തല ആട്ടി സമ്മതം അറിയിച്ചു. 

അവള്‍  എന്നെ വിടുവാനുള്ള ലക്ഷണമില്ല.

“നടക്കു രാമുട്ട്യാപ്പന്‍റെ പീടികയിലേക്ക്‌, കയ്യോടെ നാരങ്ങാസത്തും പിട്ടും വാങ്ങാം, ഇല്ലെങ്കില്‍ നീ എന്നെ പറ്റിക്കുമെന്നറിയാം.” 

തോക്കിന്‍ കുഴല്‍ പിന്‍കഴുത്തില്‍ ആഴ്ന്ന കള്ളനെ പോലെ, അനുസരണയുള്ള ഒരു പാവയെപോലെ ഞാന്‍ അടിവച്ചുനടന്നു. 

രാമുട്ട്യാപ്പന്‍റെ പീടികയില്‍ തിരക്കുണ്ട്‌. പീടികതിണ്ണയില്‍ ഇരിക്കുന്ന സര്‍വ്വരും ഞങ്ങളെ അറിയുമല്ലോയെന്ന ആന്തലോടെ അകത്തേക്ക് കടന്നു. 

“ഇരുപത്തിയഞ്ചു പൈസക്ക് നാരങ്ങാ മിഠായി, ബാക്കിയുള്ളതിനു പിട്ടും”. അല്പം വേവലാതിയോടെ ഞങ്ങള്‍ ഒപ്പം പറഞ്ഞു.

“ഡാ സുര്വോ ആ പിള്ളേര്‍ക്ക് അത് കൊടുത്തു വേഗം പറഞ്ഞയച്ചേ..” രാമുട്ട്യാപ്പന്‍ മകനോട്‌ പറഞ്ഞു. 

സുര്വേട്ടന്‍ പഴയ പത്രകടലാസ്സ് കീറിയെടുത്ത്‌ കുമ്പിള്‍ പോലെയാക്കി എണ്ണി തിട്ടപ്പെടുത്തിയ മിഠായികള്‍ അതിലേക്കു പെറുക്കിയിട്ട ശേഷം പൊതിഞ്ഞ് ചാക്കു നൂലുകൊണ്ട് നാല് ചുറ്റു ചുറ്റി കെട്ടി ഞങ്ങള്‍ക്ക് തന്നു. 

ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു, ഞങ്ങള്‍ ഭയപ്പാടോടെ ഓടി. ഓടുന്നതിനിടയില്‍ , മിഠായി പങ്കു വച്ചു, ഒന്ന്, രണ്ട് മൂന്ന് .... 

വീടെത്തും മുന്‍പേയുള്ള വളവില്‍വച്ച് ഞങ്ങള്‍ കണ്ടു, അമ്മ..... പടിക്കല്‍ നില്‍പ്പാണ്.. ദൃഷ്ടികള്‍ ഞങ്ങള്‍ വരുന്ന ദിശയിലേക്കു തന്നെ.. 

നുണ പറയണോ, സത്യം പറയണോ എന്ന് ചിന്തിച്ചു തീരുമാനിക്കും മുന്‍പേ ഞങ്ങള്‍ പടിക്കലെത്തി. 

“എവിട്യായിരുന്നൂടി” അമ്മ. 

“വല്ല്യമ്മേടെ വീട്ടില്‍ പോയതാ..” 

“ഏതു വല്ല്യമ്മ”? വല്ല്യമ്മമാര്‍ അഞ്ചാണ്. 

“എന്തിനാ ഈ നേരത്ത് പറയാതെ പോയത്”? 

ഞങ്ങള്‍ നിന്നു പരുങ്ങി. 

“കയ്യിലെന്താ, കാണിക്ക് ” 

കയ്യിലിരുന്ന്  വിയര്‍ത്തൊട്ടിയ നാരങ്ങാസത്തപ്പാടെ വിറപൂണ്ട് താഴേക്ക്.. 

“വീണിതല്ലോ കിടക്കുന്നു ധരണിയില്‍ , ശോകമൂകമായ് അയ്യോ ശിവ ശിവ”!. 

“എവിടുന്നാടീ പൈസ”? 

“അത്  ഞാന്‍ .... ഇവള്......................” 

“മാമ്വോ ..ആ പുളിവാറല്‍ രണ്ടെണ്ണം ഒടിക്കടാ” അമ്മ പറഞ്ഞു. 

“വാച്ചിയാണ് പൈസ കട്ടത്, ഞാന്‍ വെറുതേ കൂട്ടിനു പോയതാണ്”. 

കോവി കാലു മാറി. 

“മോങ്ങാനിരുന്ന നായേടെ മോന്തക്ക് തേങ്ങാ വീണു എന്ന പ്രയോഗം ഏറ്റവും അന്വര്‍ത്ഥകമായ നിമിഷം.. 

“അമ്മിണികളേ.. ഓടിയ്ക്കോ....” മമ്വേട്ടന്‍ താക്കീത് തന്നു. 

“മാമ്വോ, നിന്നോടല്ലേ പറഞ്ഞത് പുളിവാറല്‍ കൊണ്ടുവരാന്‍ ” , “രാമുട്ട്യേട്ടനോട് പറഞ്ഞേക്ക്വാ, മേലാല്‍ പിള്ളേര് വന്നാല്‍ കണ്ണികണ്ട മിഠായിയൊന്നും കൊടുക്കരുതെന്ന് ”. അമ്മ മാമ്വേട്ടനോട് കല്പിച്ചു. 

അന്നത്തെ അത്താഴം പുളിവാറല്‍ കഷായം. പുളി കഴിക്കുമ്പോഴൊക്കെ നല്ല രസണ്ടാവാറുണ്ട്. പുളിവാറല്‍ അത്ര ചൊവ്വില്ല്യ.

8 അഭിപ്രായങ്ങൾ:

 1. എന്ത് ചെയ്യേണ്ടു എന്നറിയാതെ കാലിനു മന്തു പിടിച്ചപോലെ ഞാന്‍ നില്‍ക്കുമ്പോള്‍ അവളുടെ കരാള ഹസ്തങ്ങളില്‍ അകപ്പെട്ട എന്‍റെ കാല് വലിച്ചു കൊണ്ട് അവള്‍ പ്രസ്താവിച്ചു, “ മര്യാദക്ക് എന്‍റെ വിഹിതം തന്നോളു, ഇല്ലെങ്കില്‍ ഞാന്‍ ഇപ്പോ വിളിക്കും അമ്മയെ”.

  മറുപടിഇല്ലാതാക്കൂ
 2. entammooooooo puli varontulla adi bhayankaram thanne alle habby.. vivaranam kettittu thanne vedanikkunu :)

  മറുപടിഇല്ലാതാക്കൂ
 3. കിട്ടീട്ടില്ല്യെ ഗീതമ്മേ..

  മറുപടിഇല്ലാതാക്കൂ
 4. എനിക്ക് എത്ര കിട്ടീട്ടും കാര്യണ്ടായില്ല്യാ....

  മറുപടിഇല്ലാതാക്കൂ
 5. ആ പുളിവാറൽ കഷായം അന്നതുപോലെയൊക്കെ കിട്ടിയില്ലെങ്കിൽ ...?

  മറുപടിഇല്ലാതാക്കൂ
 6. വാവച്ചിക്കു തല്ലുകൊള്ളാനെ നേരം ഉള്ളു ല്ലേ :D

  മറുപടിഇല്ലാതാക്കൂ