2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

ശ്രീ കേരളവര്‍മ്മ: ജീവശാസ്ത്രം മുതല്‍ തത്വശാസ്ത്രം വരെ..സാഹിത്യം ഐഛ്ചികവിഷയമായെടുത്തു പഠിക്കണം,കുറെ വായിക്കണം, അതായിരുന്നു എന്‍റെ അഭിലാഷം. പതിനഞ്ചാം വയസ്സിലെ പക്വതയില്ലായ്മയായാണ്‌   വേണ്ടപ്പെട്ടവര്‍ അതിനെ വിലയിരുത്തിയത്. ബന്ധുക്കളില്‍ ചിലര്‍ പരിഹാസത്തോടെ ചിറി കോട്ടി. മാര്‍ക്ക് കുറഞ്ഞവര്‍ക്കുള്ളതാണ് ആര്‍ട്സ് ഗ്രൂപ്പ്‌ എന്നൊരു അബദ്ധ ധാരണ! കേട്ടുനിന്ന സഹോദരിമാരോ പറഞ്ഞു, “നാവിന്‍റെ നീളവും സ്വഭാവവും കണക്കിലെടുത്താല്‍ നീയൊരു അഭിഭാഷകയാവേണ്ടാതാണ്” എന്ന്.. അതിനോടും എനിക്കു വിയോജിപ്പില്ലായിരുന്നു-- നിയമം പഠിക്കുവാനുള്ള ഒരു ത്വര എന്നും എന്നിലുണ്ടായിരുന്നു. നുണ പറഞ്ഞ്, കുനിഷ്ട്‌ ആലോചിച്ച് കഷ്ടപ്പെട്ട് ജീവിക്കാനും ഒരു “ഇതു”ണ്ടല്ലോ, ഏത്  ! സത്യമേവ ജയതേ!

പക്ഷെ മുകളില്‍ ഉള്ളവന്‍ , അല്ലെങ്കില്‍ മുകളിലുള്ളവര്‍ നിശ്ചയിച്ചത് ഇതൊന്നുമായിരുന്നില്ല. പത്താം തരം കഴിഞ്ഞു ആര്‍ട്സ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്ത് ഇരിഞ്ഞാലക്കുട സെയിന്‍റ് ജോസഫ്‌ കോളേജില്‍ ചേര്‍ന്നു പഠിപ്പ് തുടങ്ങിയ എന്നെ, ഒരു വീണ്ടുവിചാരം ഉണ്ടായതുപോലെ എന്‍റെ മാതാപിതാക്കള്‍ വേരോടെ പറിച്ചെടുത്ത്‌ തൃശ്ശൂര്‍ ശ്രീകേരളവര്‍മ്മ കോളേജില്‍ കൊണ്ട് പ്രതിഷ്ഠിച്ചു. അതും അവിടത്തെ ലേഡീസ് ഹോസ്റ്റലില്‍ . മകള്‍ ഒരു ഡോക്ടറാവണമെന്ന  അടക്കാനാവാത്ത
അതിമോഹം! . അവിടെ എനിക്ക് കൂട്ടിനൊരാളുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു ഹേതു!, ഫസ്റ്റ് ഗ്രൂപ്പ്‌ എടുത്ത് എഞ്ചിനീയറാകാന്‍ തയ്യാറെടുത്തുക്കൊണ്ടിരുന്ന എന്‍റെ കനിഷ്ഠസഹോദരി! “അദ്ദേഹി”യും എന്നെപ്പോലെ ആര്‍ക്കാനും വേണ്ടി ഒക്കാനിക്കാന്‍ വന്ന കൂട്ടത്തില്‍ത്തന്നെ! ഞങ്ങളെപ്പോലെ ഭാഗ്യാന്വേഷികളായ കുറേ ഡോക്ടര്‍മാരുടേയും എഞ്ചിനീയര്‍മാരുടേയും ഇടയില്‍ രണ്ടു വര്‍ഷത്തെ സഹവാസം. അതായിരുന്നു എന്‍റെ പ്രീ ഡിഗ്രി ജീവിതം.

ജന്തുശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം.....രക്ഷപ്പെടാനൊരു തന്ത്രം ആലോചിച്ചു ഞാന്‍ ദിവസങ്ങള്‍ നീക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം തന്നെയായിരുന്നു കോളേജിലെ ആ പരീക്ഷണശാലകള്‍ . കോമണ്‍ബാലന്‍സ് കണ്ടപ്പോള്‍ വീടിനടുത്തുള്ള കുമാരാപ്പന്‍റെ പീടികയിലെ കട്ടിത്തുലാസും, അതിനെ അനുകരിച്ചു ഞങ്ങള്‍ വീട്ടിലെ ഒഴിഞ്ഞു കിടന്ന പട്ടിക്കൂട്ടിലുണ്ടാക്കിയിട്ട ചിരട്ട തുലാസും ഓര്‍ത്തു ഞാന്‍ വികാരവതിയായി, എന്‍റെ ബാലന്‍സ് തെറ്റി. വെര്‍നിയര്‍ കാലിപ്പെഴ്സു ചെയ്യുമ്പോള്‍ വെറുതെ കാലുകള്‍ വിറച്ചു.

രസതന്ത്ര ലാബില്‍ “സാള്‍ട്ട് ഐഡന്റിഫിക്കേഷ”നുവേണ്ടി മുന്‍പില്‍ കണ്ട പൊടികളും ലായനികളും ടെസ്റ്റ്‌ ട്യൂബില്‍ നിക്ഷേപിച്ച് പൊട്ടിത്തെറിക്കുന്നതും കാത്ത് ഞാന്‍ വിയര്‍ത്തു. നിരന്തരമായി പിപ്പറ്റും ബ്യൂററ്റും ടെസ്റ്റ്‌ ട്യൂബുകളും പൊട്ടിച്ചതിന് അറ്റണ്ടര്‍ ഉണ്ണ്യേട്ടന്‍ എന്‍റെ പേര് കൃത്യമായി പുസ്തകത്തില്‍ കുറിച്ചിട്ടു.

പ്രോട്ടോ സോവ , ഫൈലം അനിലിഡ , ഫൈലം ആര്‍ത്രോപോഡ.. .. നീണ്ട താടി തടവിക്കൊണ്ട് പ്രൊഫെസ്സര്‍ തട്ടും തടവുമില്ലാതെ വിവരിക്കുമ്പോള്‍ ഇരുട്ട് പിടിച്ച ക്ലാസ്സുമുറിയില്‍ ഞാന്‍ ഒരു തടവുകാരിയെപ്പോലെ ഇരുന്നു. പലകയില്‍ തറച്ച ആണികളില്‍ വെറുങ്ങലിച്ചു കിടന്ന ഫോര്‍മാലിന്‍റെ മണമുള്ള ചത്ത തവളകളേയും പാറ്റകളേയും മണ്ണിരകളെയും കണ്ടപ്പോള്‍ ഒരു ഡോക്ടറുടെ കഷ്ടപ്പാട് തുടങ്ങുന്നത് ബയോളജി ലാബില്‍നിന്നാണെന്ന തിരിച്ചറിവുണ്ടായി.

മോര്‍ഫോളജി, ആന്‍ജിയോസ്പേംസ്, ടാക്സോണമി, സെല്‍ബയോളജി.... ഒന്നുംതന്നെ എന്‍റെ മരവിച്ച തലയില്‍ എളുപ്പം തുളഞ്ഞു കയറിയില്ല. മൈക്രോ സ്കോപ്പിലൂടെ ഞാനെന്‍റെ വിരലുകളിലെ വക്രിച്ച രേഖകളും അതിലെ അഴുക്കും നോക്കിയിരുന്നു. 
ക്ലാസ്സ് മുറികള്‍ എന്നെ ശ്വാസം മുട്ടിച്ചുവെങ്കിലും ഹോസ്റ്റലിലെയും കാംപസ്സിലെയും  ജീവിതം ഞാന്‍ ഒരുമാതിരിയൊക്കെ ഇഷ്ടപ്പെടാന്‍ തുടങ്ങി. പൂവട്ടിയില്‍ വൃത്താകൃതിയില്‍ ചുറ്റി വച്ച മുല്ലപൂമാലയുമായെത്തുന്ന പൂക്കാരി എന്നും രാവിലെ ഹോസ്റ്റല്‍ ഗേറ്റില്‍ കാത്തിരുന്നിരുന്നു. അതില്‍നിന്നും ഒന്നോ രണ്ടോ മുഴം ഇറുത്തു വാങ്ങി മുടിയില്‍ വച്ച്, കാംപസ്സിലൂടെ വെറുതേ ഒഴുകി നീങ്ങുക മാത്രമായിരുന്നു അന്നത്തെ ഒരു ഹരം. ആരെങ്കിലും ഒരു കമന്‍ന്റ് പറയുന്നതും കാതോര്‍ത്തു നടക്കുന്ന തരുണീമണികളുടെ കൂട്ടങ്ങള്‍ .എവിടെത്തിരിഞ്ഞാലും പ്രണയക്കുരുവികള്‍ . ഒഴിഞ്ഞ ബെഞ്ചുകള്‍ക്കു ക്ലാസ്സെടുത്തു മടങ്ങുന്ന നല്ല ക്ഷമയുള്ള അറിവിന്‍റെ നിറകുടങ്ങളായ അദ്ധ്യാപകര്‍ . ഇതിനൊക്കെ പുറമേ വയറ്റിലെത്തിക്കഴിഞ്ഞാല്‍ നാലുനാള്‍ക്ക് മിണ്ടാട്ടമില്ലാതെ കിടക്കുന്ന അത്യുഗ്രന്‍ ബോണ്ടയും പഴംപൊരിയും വറുത്തു കോരുന്ന കാന്‍റീന്‍ . ക്രൂഡോയിലല്ലെങ്കില്‍ അതിനു സമാനമായ മറ്റെന്തോ ആയിരുന്നിരിക്കണം പാചകത്തിന് ഉ പയോഗിച്ചിരുന്നത് എന്നത് നിശ്ചയം!

കാന്‍റീനിന്‍റെ ജനലുകളില്‍ കൂടി നോക്കിയാല്‍ പാഴ്ച്ചെടികളെ വകഞ്ഞ്, നടവഴികള്‍ ചികഞ്ഞ്, ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ കൂട്ടത്തോടെയും അല്ലാതെയും പോകുന്ന കാതര ഹൃദയം പേറിയ യുവപ്രതിഭകളെ ദര്‍ശിക്കാം. വിപ്ലവം സിരകളിലേന്തി ദിനം പ്രതി ക്ലാസ്സുകള്‍ മുടക്കാന്‍ നടക്കുന്ന വീര്യം കൂടിയ നേതാക്കളും അനുയായികളും ഇടയ്ക്കിടെ ജാഥയായി പോകുന്നതും കാണാം. അവരുടെ തല കാണുംമുന്‍പേ അദ്ധ്യാപകര്‍ പുസ്തകം മടക്കി ക്ലാസ്സുകളില്‍ നിന്നും സ്ഥലം കാലിയാക്കി. നേതാക്കള്‍ ഡെസ്കില്‍ അടിച്ചുകൊണ്ട് ഉച്ചത്തില്‍ ഉറച്ച ശബ്ദത്തില്‍ പ്രസംഗിച്ചതൊന്നും എനിക്ക് മനസ്സിലായില്ല.

ഇക്കഥകള്‍ ഒന്നുമേ ഗൗനിക്കാതെ പുസ്തകത്തില്‍ മാത്രം മുഖം പൂഴ്ത്തിയിരുന്നിരുന്ന ഒട്ടക പക്ഷികളും അവിടെ ദൃശ്യമായിരുന്നു..

ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ ശുശ്രൂഷിക്കാനെത്തിയ ഡോക്ടറുടെ കുപ്പായത്തില്‍ തന്‍റെ സ്വന്തം മകളെ ഭാവനയില്‍ കണ്ട ഒരു പിതാവിന്‍റെ പരിശുദ്ധയായ പുത്രി.. പ്രോട്ടോ സോവയും മോര്‍ഫോളജിയും രാവും പകലുമില്ലാതെ ഉരുവിട്ട് വിഴുങ്ങി, ഇടയ്ക്കിടെ, പിതാവേ..പിതാവേ എന്ന് വിളിച്ച് ഞങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തി.

ഹോസ്റ്റല്‍ വരാന്തകളില്‍ , നിവര്‍ത്തി വച്ച പുസ്തകത്തിനു മുന്നിലിരുന്ന് ഉറക്കം തൂങ്ങിയപ്പോള്‍ , ഞങ്ങള്‍ കോമ്പസ്സില്‍ കുത്തിക്കോര്‍ത്ത പുളിങ്കുരു, മെഴുകുതിരിയുടെ നാളത്തില്‍ ചുട്ടെടുത്തു. നിശബ്ദ യാമത്തില്‍ ഊട്ടിയില്‍ നിന്നും കേള്‍ക്കുന്ന പാമ്പുകളുടെ സീല്‍ക്കാരവും കിളികളുടെ കൂജനവും കുറുക്കന്‍റെ ഒരിയും രാത്രികളെ ഭീകരമാക്കി.

മണ്മറഞ്ഞ രാജാവിന്‍റെയും രാജ്ഞിയുടെയും അന്തപ്പുരത്തിലായിരുന്നു ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്. വലിയ ഒരു മുറിയില്‍ പത്തോളം പേര്‍ . പറഞ്ഞും കേട്ടും കൈമാറിയ ഒരു പാടു കഥകള്‍ ഊട്ടിയിലേക്കിറങ്ങിക്കിടന്ന ആ പടിഞ്ഞാറന്‍ ബ്ലോക്കിനെ ചുറ്റിപ്പറ്റി നിന്നിരുന്നു. പാതിരാത്രി കഴിഞ്ഞാല്‍ , അന്തപ്പുരത്തിലേക്കുള്ള മരത്തിന്‍റെ പടികളുള്ള ഗോവണിയില്‍ രാജാവിന്‍റെ മെതിയടി പതിയുന്ന ഒച്ച കേള്‍ക്കാനായി ഞങ്ങള്‍ കാതോര്‍ത്തു. രാജ്ഞിയുടെ ആത്മാവ് അന്തപ്പുരത്തില്‍ ചിറകടിക്കുന്നത് ശ്രദ്ധിച്ചു. നാലുകെട്ടിനോട് ചേര്‍ന്ന കുളത്തിന്‍റെ പടവുകളില്‍ ഇരുന്നു പുലര്‍കാലങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്തു. മറ്റു കുളിമുറികള്‍ ഒഴിഞ്ഞു കിടന്നിട്ടും രാജ്ഞി കുളിച്ച കുളിമുറിയില്‍ത്തന്നെ കുളിക്കാന്‍ ഊഴം കാത്തു വരിയില്‍ നിന്നു. അടുക്കളയില്‍ നിന്നും പുറപ്പെടുന്ന കൊതിയൂറുന്ന ഗന്ധത്തിന്‍റെ നിറവില്‍ നാലുകെട്ടില്‍ , ഭക്ഷണത്തിനുള്ള മണിയടിക്കായി അക്ഷമരായി കൂടിയിരുന്നു.

നിനച്ചിരിക്കാത്ത സമയങ്ങളില്‍ ഒരു കൊള്ളിയാനെപോലെ പാഞ്ഞു വന്നു കുട്ടികളെ ശകാരിച്ചിരുന്ന ഒരു കാവല്‍ക്കാരനുണ്ടായിരുന്നു
ഹോസ്റ്റലില്‍ . ശുഭ്രവസ്ത്രധാരിയായ , കൊള്ളിപോലെ മെലിഞ്ഞ  അയാളെ ഞങ്ങള്‍ രഹസ്യമായി "ധൂമകേതു" എന്ന് വിളിച്ചുവന്നു. അയാളുടെ കണ്ണ് വെട്ടിച്ച് ഹോസ്റ്റല്‍ ഗേറ്റ് കടന്നു ചന്ദ്രേട്ടന്‍റെ കൊച്ചുപീടികയിലെ ഗോള്‍ഡ്‌ സ്പോട്ടും തംസ് അപ്പും നുണയുമ്പോള്‍ അനുഭവിച്ചിരുന്ന ആനന്ദം ചില്ലറ കാര്യമായിരുന്നില്ല. തിരിച്ചു വരുമ്പോള്‍  കാമ്പസ്സില്‍ ചിതറി വീണ ഞാവല്‍ പഴങ്ങള്‍ പെറുക്കി നാവും ചുണ്ടും കറുപ്പിച്ചു. ഇടക്ക് അയാള്‍ക്ക്‌ പകരക്കാരനായി എത്തിയിരുന്നത്  "അമ്മാവന്‍ " എന്ന് ഞങ്ങള്‍  സ്നേഹത്തോടെ വിളിച്ചിരുന്ന ഒരു സാധു മനുഷ്യനായിരുന്നു. പരിസരത്തുള്ള ചായകടകളില്‍ നിന്നും സ്വാദുള്ള മസാല ദോശയും പരിപ്പുവടയും വാങ്ങിക്കൊണ്ടു വരാന്‍ ഞങ്ങള്‍ അമ്മാവനെ ചട്ടം കെട്ടുമായിരുന്നു. 

ഒട്ടുമിക്കവാറും വാരാന്ത്യങ്ങളില്‍ ഞങ്ങള്‍ വലിയ ബാഗുകളും ഒഴിഞ്ഞ മനസ്സുകളുമായി വീടുകളിലേക്ക് പോയി തിരിച്ചെത്തി. ചിലര്‍ മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമായിരുന്നു സ്വന്തം വീടുകളിലേക്ക് പോയിരുന്നത്.

കോളേജിലെ ഏതൊരു പരിപാടിക്കും സ്റ്റേജ് കയ്യടക്കി ഞങ്ങളെ കുടുകുടെ ചിരിപ്പിച്ച ഇടുക്കി രാജന്‍ ട്രൂപ്പിന്‍റെ മിമിക്രി, എനിക്ക് “ക്ഷ” പിടിച്ച ഒന്നായിരുന്നു. ഒരു രാത്രി ഹോസ്റ്റല്‍ ദിനത്തോട് അനുബന്ധിച്ച ഒരു ചടങ്ങില്‍ ഇരുട്ടത്ത് ലഡ്ഡുവും കേക്കും വായുവില്‍ പറന്നു കളിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ ദുഖത്തോടെ പ്രഖ്യാപിച്ചു “കുട്ടികളേ, ഭക്ഷണ സാധനങ്ങള്‍ എറിഞ്ഞു നശിപ്പിക്കരുത്”... പറഞ്ഞുതീരും മുന്‍പേ ആരോ എറിഞ്ഞ ഒരു ഐസ്ക്രീം, കപ്പോടെ അദ്ദേഹത്തിന്‍റെ കവിളില്‍ ഒട്ടിപ്പിടിച്ചിരുന്നത് മറക്കാനാവാത്ത തമാശ!.

സംഭവ ബഹുലമായ രണ്ടു വര്‍ഷങ്ങള്‍ കടന്നു പോകവേ, ഡോക്ടറാവാന്‍ പോയിട്ട്, ഒരു കമ്പോണ്ടറാകാനുള്ള യോഗ്യതപോലുമില്ലാതെ എന്നെപോലെ പലരും കാമ്പസ്സില്‍ ചിതറി.. പരീക്ഷാകടലാസ്സുനോക്കി പകച്ചിരുന്ന ദിനങ്ങളും വന്നുപോയി. “തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല” എന്ന് അഭിമാനത്തോടെ പിന്നീടോര്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചത്‌ ദൈവകൃപ ഒന്നുകൊണ്ടുമാത്രം എന്നല്ലേ പറയേണ്ടൂ ! 

ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി വീണ്ടും ചെന്നു പെട്ടത് ജന്തുശാസ്ത്ര വിഭാഗത്തില്‍ . മൂന്നു വര്‍ഷം കൂടി അവിടെ കഴിഞ്ഞുകൂടിയാല്‍ ഞാന്‍ നിസ്സംശയം മൃതിയടയുമെന്ന ഭയത്താല്‍ പുതിയ വഴികള്‍ തേടി എത്തിയത് തത്വ ശാസ്ത്രത്തിന്‍റെയും മനശാസ്ത്രത്തിന്‍റെയും ഉള്ളറകളിലേക്ക്. ലോകത്തില്‍ എവിടെയെങ്കിലും സമാധാനമുണ്ടെങ്കില്‍ അതിവിടെയാണ്, ഇവിടെയാണ്‌ എന്ന് വിളിച്ചോതി സ്വാഗതമരുളിയ ശാന്തി മന്ത്രങ്ങളില്‍ വശംവദയായി ഞാന്‍ രംഗപ്രവേശം ചെയ്യുന്നു, തത്വമസിയുടെയും അഹം ബ്രഹ്മാസ്മിയുടെയും വലിയ ലോകത്തേക്ക്. മൂന്നു സംവത്സരങ്ങള്‍ കൂടി അതേ കോളേജില്‍ , പക്ഷേ തികച്ചും വ്യത്യസ്തയായ ഒരു ഞാന്‍ ! പുതിയ കാഴ്ച്ചപ്പാടിന്‍റെ തെളിഞ്ഞ വീഥികളിലൂടെ, ഞാന്‍ യാത്ര തുടര്‍ന്നു.. .ജീവശാസ്ത്രം മുതല്‍ തത്വശാസ്ത്രം വരെയുള്ള എന്‍റെ ജൈത്രയാത്ര.

5 അഭിപ്രായങ്ങൾ:

 1. പൂവട്ടിയില്‍ വൃത്താകൃതിയില്‍ ചുറ്റി വച്ച മുല്ലപൂമാലയുമായെത്തുന്ന പൂക്കാരി എന്നും രാവിലെ ഹോസ്റ്റല്‍ ഗേറ്റില്‍ കാത്തിരുന്നിരുന്നു. അതില്‍നിന്നും ഒന്നോ രണ്ടോ മുഴം ഇറുത്തു വാങ്ങി മുടിയില്‍ വച്ച്, കാംപസ്സിലൂടെ വെറുതേ ഒഴുകി നീങ്ങുക മാത്രമായിരുന്നു അന്നത്തെ ഒരു ഹരം. ആരെങ്കിലും ഒരു കമന്‍ന്റ് പറയുന്നതും കാതോര്‍ത്തു നടക്കുന്ന തരുണീമണികളുടെ കൂട്ടങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 2. ഒട്ടുമിക്കവാറും വാരാന്ത്യങ്ങളില്‍
  ഞങ്ങള്‍ വലിയ ബാഗുകളും ഒഴിഞ്ഞ മനസ്സുകളുമായി വീടുകളിലേക്ക് പോയി തിരിച്ചെത്തി.

  മറുപടിഇല്ലാതാക്കൂ
 3. പെൺ ഹോസ്റ്റൽ ജീവിതം, ആരെങ്കിലും ഒരു കമെന്റ് പറയുന്നതു കാതോർത്തു ഒഴുകി നീങ്ങിയ കാലം. രമണീയം ആ കാലം.

  മറുപടിഇല്ലാതാക്കൂ