2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

പളുങ്കുമണികള്‍


ഗോലികളി തകര്‍ത്തുകൊണ്ട് മുന്നേറുമ്പോഴായിരുന്നു അമ്മൂമ്മ മുറ്റത്തേക്ക് വന്നത്.

“അച്ചാറിടാന്‍ കുറച്ച് ചിനക്കാത്ത മാങ്ങ വേണംന്നാണ് പറഞ്ഞയച്ചത്, ചീഞ്ഞ മാങ്ങ തന്നു പറ്റിച്ചാല്‍ ബാക്ക്യുള്ളോര്‍ക്ക് കാഴ്ച്ച്യില്ലാണ്ടിരിക്ക്യാന്നാ വിചാരം!”.

സഞ്ചിയിലെ മാങ്ങകള്‍ ചീഞ്ഞതാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട് അമ്മൂമ്മ പിറുപിറുത്തു.

“കുന്നത്ത് ശങ്കരന്‍റെ വീട് വരെ പോകണം വിവരം പറയാന്‍ , ഇനിയിത് മാറ്റി കിട്ട്വോ ആവോ”! കുട്ട്യോള് കൊണ്ട് പോയി നോക്കു” സന്ദേഹത്തോടെയാണ് അമ്മൂമ്മ സഞ്ചി നീട്ടിയത്.

കളിക്ക് വിഘ്നം വന്നതില്‍ ഖേദമുണ്ടായെങ്കിലും ചുറ്റിയടിക്കാനുള്ള അവസരമല്ലേ! ഞങ്ങള്‍ക്ക് അതൊരു ഘോഷയാത്രയായി. ബാലു, റോജന്‍ , കോവി, ഹേമ, നീതു, അയ്യപ്പന്‍ , ഞാന്‍… ഒരു ജാഥ പോകും പോലെ ഞങ്ങള്‍ വയല്‍വരമ്പത്തു കൂടി വരിവരിയായി നീങ്ങി. ഇളം വെയിലും കാറ്റും കിന്നാരം പറഞ്ഞുകൊണ്ട് ഞങ്ങളെ തഴുകി പോയി. വയലുകള്‍ക്കപ്പുറം കുന്നത്തെത്തുമ്പോള്‍ ആദ്യം കാണുന്ന ഓടിട്ട വീട്. അതാണ്‌ ലക്ഷ്യസ്ഥാനം.

ഏറ്റവും മുന്‍പില്‍ നടക്കുന്ന ബാലൂന്റെ തലയിലാണ് മാങ്ങ സഞ്ചി. അവനും എന്നെപ്പോലെ വേനലവധിക്ക് അമ്മവീട്ടില്‍ വിരുന്നു വന്നതാണ്. ഇല്ലാകഥകള്‍ ചമച്ച് അതിലെ ധീരനായകപ്പട്ടം സ്വമേധയാ നെറ്റിയില്‍ ചാര്‍ത്തി സായൂജ്യമടയുന്നത് ബാലുവിന്‍റെ ഒരു പരാധീനതയായിരുന്നു. തന്‍റെ വീരശൂര പരാക്രമങ്ങളുടെ കെട്ടഴിച്ചുവിളമ്പിക്കൊണ്ടാണ് ആ മഹാന്റെ വയല്‍ വരമ്പത്തു കൂടെയുള്ള നടപ്പ്.

“എന്‍റെ സ്കൂളിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഒരു വലിയ വീപ്പയുണ്ട്. അതില്‍ നിറയെ ചാരായമാണ്. ആര്‍ക്കും അങ്ങോട്ട്‌ പോകാന്‍ ധൈര്യമില്ല്യ, പക്ഷേങ്കി ഞാന്‍ തനിച്ചു പോയി അതിലെ ചാരായമൊക്കെ എടുത്ത് കുംബാരന്മാര്‍ക്ക് കൊടുക്കും, ബാക്കിയുള്ളത് മണ്ണിലൊഴിച്ചു കളയും.”

ഒറ്റ ശ്വാസത്തില്‍ പറഞ്ഞുകൊണ്ട് ബാലു വരമ്പത്തുകൂടെ തിരിഞ്ഞു നോക്കാതെ നടന്നു.

ഒരു പത്തു വയസുകാരന്റെ വീമ്പ് പറച്ചില്‍ കേള്‍ക്കണേ!

അവനെ അനുഗമിക്കുന്ന ഞങ്ങള്‍ ഒരുമിച്ച് തിരിഞ്ഞു നിന്നു.

“മുത്തന്‍ നുണ! അവന്‍റെ വിചാരം നമ്മള്‍ വിശ്വസിച്ചൂന്നാണ്, ഹും!പെരും നുണയന്‍ !”. റോജന്‍ ഒരു മന്ദഹാസത്തോടെയാണത് പറഞ്ഞത്.

ഞങ്ങളുടെ മുറുമുറുപ്പ് കേട്ട് ബാലു തിരിഞ്ഞു നോക്കി.

“എന്താ?” കള്ളി വെളിച്ചത്തായോ എന്ന സംശയം ആ ചോദ്യത്തില്‍ നിഴലിച്ചു.

“വരമ്പത്ത് ഒരു ഞൌണിക്ക, ഞങ്ങള്‍ അതിനെ നോക്കിയതാണ്” ഒരേ സ്വരത്തില്‍ ഞങ്ങള്‍ പറഞ്ഞു.

“ഞൌനിക്കയുടെ വെളുത്ത മുട്ടകള്‍ കണ്ടാല്‍ എനിക്കറപ്പാണ്” കൂടുതല്‍ വിശ്വസനീയത വരുത്താന്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു.

അങ്ങനെ ഞങ്ങള്‍ തടി തപ്പും. അല്ലെങ്കില്‍ അവന്‍റെ മുട്ടന്‍ ഇടി സഹിക്കേണ്ടി വരുമെന്നത് നിശ്ചയമായ കാര്യമാണ്. 


കുറച്ചുകൂടി നടന്നാല്‍ കുന്നത്തുള്ള ആ വീടെത്തൂലോ. അതുവരെ സഹിക്കാതെ തരല്ല്യ.

വയലില്‍ കെട്ടികിടന്ന വെള്ളത്തില്‍  ഒരു പറ്റം കൊച്ചു പരലുകള്‍  വഴുതിക്കളിക്കുന്നത്  നോക്കി ഞങ്ങള്‍ അല്‍പ്പനേരം നിന്നു. വരമ്പുകള്‍ കടന്നുപോകുമ്പോള്‍ കണ്ടങ്ങളില്‍നിന്നും  കഴപൊട്ടി ഒഴുകുന്ന നല്ല കുളിര്‍മ്മയുള്ള വെള്ളം! കാലുകള്‍ നനച്ചപ്പോള്‍ എന്തൊരു തണുപ്പ്!

അധികം അകലെയല്ലാതെ , ഒരു വീടിന്‍റെ  ഉമ്മറത്തെ ചാരു കസേരയില്‍ പത്ര പാരായണത്തില്‍ മുഴുകി കിടക്കുന്ന  കാരണവരെ  കാണാറായപ്പോള്‍ ഞങ്ങള്‍ നെടുവീര്‍പ്പിട്ടു.

“ഇത് തന്ന്യാവും വീട്”.

ഞങ്ങളുടെ കലപില ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം കറുത്ത ചതുരകൂടുള്ള കണ്ണാടിക്കു മുകളിലൂടെ കണ്ണുരുട്ടി നോക്കി.

സഞ്ചിയുമായി ഞങ്ങള്‍ നിന്നു പരുങ്ങി.

“എന്താത്?”

“മാങ്ങ ചീഞ്ഞൂന്നു പറയാന്‍ പറഞ്ഞു അമ്മൂമ്മ. ഇവിടന്നു മിനിഞ്ഞാന്ന് വാങ്ങീതാണ്‌”.

“കുട്ട്യോളെവിടുത്ത്യാ?”

“നടുവില്‍ത്തറ സൌദാമിനീടെ...........”

“ഓ.. മാങ്ങ ചീഞ്ഞ്വോ?”.

“സരോജിന്യേയ് പിള്ളേര്‍ക്ക് നല്ല മാങ്ങ കൊടുത്തയക്കു.”

പാടവരമ്പത്തൂടെ ജാഥയെ നയിച്ചുകൊണ്ട് തലയില്‍ മാങ്ങാ സഞ്ചിയേന്തി ബാലുവും പിന്നാലെ ഞങ്ങളും തിരിച്ചു നടന്നു.

“ഞാന്‍ വന്നില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു! എന്‍റെ ഒറ്റ ഒരു നോട്ടത്തില്‍ ആ കാര്‍ന്നോര്‍ പതറി, അതാണ്‌ മാങ്ങ മാറ്റിക്കിട്ടിയത്!”

ബാലൂന്റെ വിടുവായത്തം ഞങ്ങള്‍ കേട്ടില്ലെന്നു നടിച്ചെങ്കിലും, ഭാവഭേദമില്ലാതെ  വമ്പന്‍ നുണകള്‍ പടച്ചു വിടുന്ന അവന്‍ അന്ന് പുതിയ നാമകരണത്തിനു വിധേയനായി. “ഗുണ്ടുബാലു”.

കളിക്കാന്‍ കൂടിയാലും ബാലു എപ്പോഴും തെറ്റിപിരിയും. ഇടക്കുണ്ടാവാറുള്ള ബല പ്രയോഗത്തില്‍ എപ്പോഴും അവനോടു തോല്‍വി സമ്മതിക്കേണ്ടിവരിക പതിവായിരുന്നു. അതുകൊണ്ട് റോജനോടായിരുന്നു എനിക്ക് കൂടുതല്‍ പ്രിയം.

കൈ കുമ്പിളില്‍ നിറച്ചു പിടിച്ച പല വര്‍ണ്ണങ്ങളിലുള്ള പളുങ്കു മണികളില്‍ റോജന്‍റെ നിഷ്കളങ്കമായ മുഖവും പ്രകൃതിയും ഒരുപോലെ പ്രതിഫലിക്കും. പളുങ്കുകള്‍ കൊണ്ടുള്ള രസികന്‍ ഗോലികളി അവനാണെന്നെ പഠിപ്പിച്ചത്. ഒരേ നിരയില്‍ കുഴിക്കുന്ന മൂന്നു കുഴികള്‍ , അതിലേക്കു വക്കന്‍ ഗോലി കൊണ്ട് തട്ടിയിടുന്ന ചെറിയ പളുങ്കു മണികള്‍ . കിലുകിലെ ശബ്ദമുണ്ടാക്കിക്കൊണ്ട് അവ കുഴിയിലേക്ക് തെന്നി വീഴുന്നതു നോക്കി ഞങ്ങള്‍ ആര്‍ത്തു വിളിക്കും. അത് കരച്ചിലായി മാറുന്നത് ഞൊടിയിടയിലായിരിക്കും. തോറ്റവര്‍ ചുരുട്ടിയ മുഷ്ടി മണ്ണില്‍ കുത്തിപടിക്കണം. ഉന്തി നില്‍ക്കുന്ന എല്ലുകളില്‍ പാഞ്ഞു വന്നു പതിക്കുന്ന പളുങ്കുകളില്‍ കണ്ണുനീര്‍ വീണു ചിതറും, വേദന കൊണ്ട് പുളയും. അതാണ്‌ തോറ്റവന്റെ ഗതി!

കുട്ടീം കോലും കളിക്കാന്‍ പഠിപ്പിച്ചതും റോജനാണ്. ഒരു കൊച്ചു കുഴിയുടെ മീതെ വിലങ്ങനെ വച്ചിരിക്കുന്ന ചെറിയ കോലിനെ കയ്യിലെ നീളന്‍ കോലുകൊണ്ട് ദൂരത്തേക്കു തെറിപ്പിക്കണം. ചിലപ്പോള്‍ ആ വടി തെറിച്ച് കണ്ണില്‍ വന്നു കൊള്ളും, അതാണ്‌ അമ്മൂമ്മക്കു ആ കളി അത്ര പിടിക്ക്യാത്തത്.

“കണ്ണും മൂക്കും കളയാത്ത വല്ല കളീം ഉണ്ടെങ്കില്‍ കളിച്ചാല്‍ മതി”


അമ്മൂമ്മ അതു പറയുന്നതോടെ കുട്ടീം കോലും കളിക്കു തിരശ്ശീല വീഴുകയായി.

പിന്നെ പുള്ളികുത്തി കളിയാണ്. എട്ടു പേരെ നാലു പേരുള്ള രണ്ടു വിഭാഗമാക്കും. വീടിന്‍റെ ഓരോ വശം ഓരോ വിഭാഗത്തിന് വീതിക്കും. പൂഴി മണല്‍ വാരി കയ്യിലെടുത്തു ഒളിച്ചിരുന്നു ഞങ്ങള്‍ പുള്ളികള്‍ കുത്തും. നിശ്ചയിച്ച സമയം  കഴിഞ്ഞാല്‍ “പുള്ളീം പുള്ളീം തീ പിടിച്ചേ...” എന്ന് പറഞ്ഞു കരഘോഷം മുഴക്കിക്കൊണ്ട് എതിരാളികളുടെ പുള്ളികള്‍ ഒന്നൊന്നായി മായ്ച്ചു തുടങ്ങും. കണ്ടു പിടിക്കാന്‍ പറ്റാത്ത പുള്ളികള്‍ എണ്ണി ആര്‍ക്കാണ് അധികം എന്ന് വച്ചാല്‍ അവര്‍ ജയിക്കും. തോറ്റ വിഭാഗത്തിനെ കൂക്കിവിളിച്ചു കൊണ്ട് വീടിനു ചുറ്റുമിട്ട് ഓടിക്കും. ആവേശം നിറഞ്ഞു നിന്നിരുന്ന കുട്ടിക്കാലം!.

പളുങ്കു മണികള്‍ കാണുമ്പോള്‍ റോജന്റെ അരുമയാര്‍ന്ന മുഖം ഇന്നും തെളിഞ്ഞു വരും. വിനയത്തില്‍ ചാലിച്ച ചിരിയുടെ ഒളിമങ്ങാത്ത, ഓമനത്തമുള്ള മുഖമുള്ള റോജന്‍ ഇന്ന് നിഴല്‍ വീണ ഒരു ഓര്‍മ്മ മാത്രമാണ്. പുഴയിലും, മണ്ണിലും മണലിലും, തൊടിയിലും നിറഞ്ഞു നിന്നിരുന്ന റോജന്‍ എനിക്ക് ഒരു കൊച്ചനുജനെ പോലെയായിരുന്നു.. പൊയ്പ്പോയ ഒഴിവുകാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ അവനിന്നൊരു ഉണങ്ങാത്ത മുറിവായി മാറുന്നു.

ഒരു ആഘോഷ വേളയില്‍ നെഞ്ചിലേക്ക് തെറിച്ചു വീണ  വൈദ്യുതി  കമ്പിയിലായിരുന്നു മരണം പതിയിരുന്നത്. ഇരുപതു വയസ്സ് തികച്ചില്ല.അതിനു മുന്‍പേ പോയി. റോജനില്ലാത്ത അമ്മാവന്‍റെ വീട്‌ ശൂന്യതയുടെ ഒരു കാവല്‍ക്കൊട്ടാരത്തെ അനുസ്മരിപ്പിക്കുമ്പോള്‍  ഒരു കാലം കൌതുകങ്ങളില്‍ ഇടം പിടിച്ച നിറമുള്ള പളുങ്കു മണികള്‍ ഇന്നലെകളുടെ നിറം വാര്‍ന്നു പോയ വിങ്ങലായിത്തീരുന്നു......!

5 അഭിപ്രായങ്ങൾ:

  1. വയലില്‍ കെട്ടികിടന്ന വെള്ളത്തില്‍ കൊച്ചു പരലുകള്‍ കൂട്ടമായി വഴുതിപ്പോകുന്നത് നോക്കി ഞങ്ങള്‍ അല്‍പ്പനേരം നിന്നു. കണ്ടങ്ങളില്‍നിന്നും കഴപൊട്ടി ഒഴുകുന്ന വെള്ളത്തില്‍ കാലുകള്‍ നനച്ചു. എന്തൊരു തണുപ്പ്!

    മറുപടിഇല്ലാതാക്കൂ
  2. പളുങ്കു മണികള്‍ കാണുമ്പോള്‍ റോജന്റെ അരുമയാര്‍ന്ന മുഖം ഇന്നും തെളിഞ്ഞു വരും. വിനയത്തില്‍ ചാലിച്ച ചിരിയുടെ ഒളിമങ്ങാത്ത, ഓമനത്തമുള്ള മുഖമുള്ള റോജന്‍ ഇന്ന് നിഴല്‍ വീണ ഒരു ഓര്‍മ്മ മാത്രമാണ്. പുഴയിലും, മണ്ണിലും മണലിലും, തൊടിയിലും നിറഞ്ഞു നിന്നിരുന്ന റോജന്‍ എനിക്ക് ഒരു കൊച്ചനുജനെ പോലെയായിരുന്നു.. പൊയ്പ്പോയ ഒഴിവുകാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ അവനിന്നൊരു ഉണങ്ങാത്ത മുറിവായി മാറുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ബാല്യം വല്ലാത്ത ദിവസങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് ക്ലാസ്സ്‌ റൂമിനും വീടിന്റെ ഉമ്മറ പഠിക്കും ഇടയിൽ കിട്ടുന്ന ദിവസങ്ങൾ അതിന്റെ ഓർമ്മകൾ അത് സൂക്ഷിച്ചു വക്കുക പകർത്താൻ കഴിയുക അത് മനസ്സിന്റെ നന്മ തന്നെ ഒരു ട്രാജഡി ആയി എന്നുള്ള വിഷമം

    മറുപടിഇല്ലാതാക്കൂ
  4. എന്ത് രസത്തോടെയാണെന്നോ വായിച്ചത്.. വെക്കേഷനിൽ പുന്നയൂർക്കുളത്തുള്ള അമ്മയുടെ തറവാട്ടിൽ ഞങ്ങൾക്കുമുണ്ടായിരുന്നു ഇങ്ങിനെ ചില കളികൾ. കുട്ടിയും കോലും, പുള്ളീം പുള്ളീം.. റോജൻ വിങ്ങുന്നൊരു വായനയായി...

    മറുപടിഇല്ലാതാക്കൂ