2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ആകാശത്തിലെ നക്ഷത്രങ്ങള്‍



പിച്ചും പേയും പോലെ എന്തൊക്കെയോ ഉച്ചരിച്ചുകൊണ്ടേയിരിക്കുന്നുണ്ട് പാട്ട്യമ്മൂമ്മ.

“കാളിപ്ച്ച കോതപ്ച്ച ഹെംക്ഷ”.....

ഒന്നും പക്ഷേ വ്യക്തമല്ല. ശരീരം ചെറുതായി ഇളകുന്നുമുണ്ട്. ഇടയ്ക്കിടെ വിചിത്രമായ ശബ്ദത്തിന്‍റെ അകമ്പടിയോടെ പുറപ്പെടുന്ന കോട്ടുവായും അവരുടെ കണ്‍പോളകളുടെ വിടവിലൂടെ കാണുമാറാകുന്ന മേലോട്ടു മറിഞ്ഞ കൃഷ്ണമണികളും എന്നില്‍ ഭയമുളവാക്കി.

തള്ളവിരലും നടുവിരലും കൂട്ടിയുരസി ഞൊടിച്ചുക്കൊണ്ട് ചേച്ചീടെ തലയ്ക്കു ചുറ്റും ഉഴിയുകയാണ്. ചേച്ചിയെ ഒരു മുട്ടിപ്പലകയില്‍ ചമ്രം പിണച്ചിരുത്തീട്ടുണ്ട്. തലകുനിച്ച് ദുഖത്തോടെയുള്ള ആ ഇരിപ്പില്‍ അതൃപ്തിയും അസ്വസ്ഥതയും പ്രകടം.

“കൊറച്ച് കടുകും മുളകൂം ഉപ്പും കൂടി ആവശ്യണ്ട്”.

കണ്ണ് തുറക്കാതെത്തന്നെ അവര്‍ പറയുമ്പോള്‍ നീട്ടി പിടിച്ച കയ്യിലേക്ക് എന്‍റെ അമ്മൂമ്മ അതൊക്കെ കൊടുക്കും. എന്നിട്ട് വ്യാകുലതയോടെ അടുത്തു നില്‍ക്കും. അമ്മൂമ്മയുടെ വിയര്‍പ്പില്‍ കുളിച്ച നെറ്റിയില്‍ അപ്പോള്‍ നാലഞ്ചു ചുളിവിന്‍റെ പാടുകള്‍ തെളിയും.

പാട്ട്യമ്മൂമ്മ ഒരു പ്രത്യേക സ്വരത്തോടെ ശ്വാസം ഉള്ളിലേക്കെടുക്കും. കയ്യിലുള്ള മൂന്നു കൂട്ടം സാധനങ്ങള്‍ ചേച്ചീടെ തലയ്ക്കു ചുറ്റും മൂന്നു പ്രാവശ്യം ഉഴിഞ്ഞശേഷം അടുപ്പിലെ കനലില്‍ കൊണ്ടിട്ട് “ധൂ ധൂ” എന്ന് പുറത്തേക്കു തുപ്പും. അടുപ്പിലെ പൊട്ടല്‍ അവസാനിക്കുമ്പോള്‍ ആ പുക കൈകൊണ്ട് ചുറ്റിയെടുത്തു ചേച്ചീടെ ദേഹമാകെ ഉഴിയും.

ഇത് അവധിക്കാലത്ത്‌ അമ്മാവന്‍റെ വീട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ കണ്ടിരുന്ന ഒരു പതിവ് കാഴ്ച.

വാതിലിന്‍റെ മറവില്‍ നിന്നുകൊണ്ട് ,കാതുകളും കണ്ണുകളും കൂര്‍പ്പിച്ചു ശ്രദ്ധിക്കുമെങ്കിലും എനിക്കാ മന്ത്രത്തിന്‍റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

എന്നാല്‍ , അറിയാമായിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു.

ചേച്ചീടെ പരീക്ഷാകടലാസ്സുകള്‍ എല്ലാം കിട്ടികഴിയുമ്പോഴാണ് ഈ ചടങ്ങ് അവിടെ അരങ്ങേറുക പതിവുള്ളത്. ആറു, അഞ്ച്, പതിനൊന്ന്... മാര്‍ക്കുകളുടെ നിരയാണ്. അമ്പതിലാണ് മാര്‍ക്ക്. കഴിഞ്ഞ കൊല്ലം വരെ നല്ല മാര്‍ക്കോടെ ജയിച്ചു പോന്നിരുന്നതാണ്. അമ്മാവന്റെ വീട്ടില്‍ നിന്നു പഠിക്കാന്‍ തുടങ്ങിയത്തിനു ശേഷം കളിച്ചു മദിച്ചു നടക്കണമെന്ന ജ്വരം മാത്രം. പഠിപ്പ് സ്വാഹ!

“ഡാഡന്‍ അറിഞ്ഞാല്‍ എന്നെ വച്ചേക്കില്ല്യ”.

അമ്മൂമ്മ ഡാഡന്‍ എന്ന് വിളിക്കുന്നത്‌ എന്‍റെ അച്ഛനെയാണ്. അമ്മൂമ്മക്ക്‌ കൊമ്പന്‍ മീശയുള്ള എന്‍റെ അച്ഛനെ പേടിയുമാണ്. വലിയച്ഛന്‍മാരുടെ വീടുകളില്‍ പോയി സന്ധ്യക്ക്‌ മുന്‍പേ മടങ്ങുക എന്നതൊഴിച്ചാല്‍ ഞങ്ങളെ എങ്ങോട്ടും പാര്‍ക്കാന്‍ വിടുന്നത് അച്ഛനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അച്ഛന്റെ അനിഷ്‌ടത്തോടെ, അമ്മയുടെ മാത്രം നിര്‍ബന്ധത്തിനാണ് എന്റെ രണ്ടു സഹോദരിമാരെയും അമ്മൂമ്മയുടെ കൂടെനിര്‍ത്തി പഠിക്കാനയച്ചത്. അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതാണ് കാരണം. എന്നെയും അയക്കാന്‍ അമ്മ ഒരു വിഫല ശ്രമം നടത്തി. വിവരം ഗ്രഹിച്ച ഞാന്‍ അലറി വിളിച്ചു കരഞ്ഞുകൊണ്ടേയിരുന്നു, “എന്നെ പറഞ്ഞയക്കല്ലേ അമ്മേ”..എന്ന് പറഞ്ഞ്, ശ്വാസമില്ലാതെ നിലവിളിച്ചു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു. കൂടെ കൈകുഞ്ഞായതിനാല്‍ കിളി എന്ന് ചെല്ലപ്പേരുള്ള എന്‍റെ കൊച്ചന്യേത്തീം. നറുക്ക് വീണത്‌ എന്റെ ചേച്ചിക്കും പിന്നെ കോവിക്കും.

വേനല്‍ അവധിയായാല്‍ അമ്മ എന്നെയും കൊണ്ട് ബസ്സില്‍ കയറി പോകും അവരെ കാണാന്‍ . തൃശ്ശൂര് ചെല്ലുമ്പോള്‍ പുതിയ ഉടുപ്പുകള്‍ വാങ്ങും, എനിക്കും അവര്‍ക്കും. ഒരിക്കല്‍ നാരങ്ങാ മഞ്ഞയില്‍ നിറയെ വര്‍ണ്ണ ചിറകുകളുള്ള കൊച്ചുചിത്ര ശലഭങ്ങള്‍ പാറുന്ന ഒരു ഉടുപ്പ് വാങ്ങിത്തന്നു. പിന്നില്‍ കെട്ടുള്ള, ആ ഉടുപ്പിടുമ്പോഴൊക്കെ ഞാനൊരു ചിത്രശലഭമായി മാറുന്ന പോലെ തോന്നുമായിരുന്നു.

തൃശൂരുന്നു വേറെ ബസ്സ്‌ കയറിവേണം ചിറക്കലെത്താന്‍ . ചിലപ്പോള്‍ ബസ്സില്‍ ഇരുന്നുകൊണ്ടുതന്നെ അമ്മ എന്നെ പുതിയ ഉടുപ്പ് അണിയിക്കും. പുതിയ ഉടുപ്പണിഞ്ഞു എന്നെ അവര്‍ കാണാന്‍ പോകുന്നതാലോചിച്ച് ഞാന്‍ ആഹ്ലാദവദിയാകും. പക്ഷേ  ഉച്ചയോടെ, അമ്മാവന്‍റെ വീടിന്‍റെ സ്റ്റോപ്പില്‍ , ചിറക്കല്‍ , ബസ്സ്‌ ഇറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ എന്‍റെ മനസ്സ് ഭീതിദമാകും. വഴിയില്‍ കാണുന്ന പരിചിത മുഖങ്ങളോട് ചിരിച്ചും കുശലമന്വേഷിച്ചും അമ്മ എന്റെ കൈ പിടിച്ചു നടക്കും. വീട് അടുക്കുന്തോറും എന്‍റെ അസ്വസ്ഥത കൂടി വരും. എന്റെ വീട് പോലെ വല്ല്യ വീടല്ലെന്നു മാത്രല്ല, അവിടത്തെ ജീവിതവും എന്റെ വീട്ടിലേതില്‍ നിന്നും തുലോം വ്യത്യസ്തമായിരുന്നു..

“വര്വാ, വര്വാ , എന്താ ഇത്ര വൈകീത്‌? വെയിലത്ത് നിന്നും കയറിവര്വല്ലേ, വേഗം ക്ഷീണം മാറ്റി ഭക്ഷണം കഴിക്കു”, അമ്മൂമ്മ തിരക്ക് കൂട്ടും.

എനിക്ക് അമ്മൂമ്മയെ പേട്യായിരുന്നു. മേമയെ കാണുമ്പോള്‍ മാത്രമേ കുറച്ചെങ്കിലും സമാധാനം തോന്നിയിരുന്നുള്ളൂ.

ചേച്ചീം കോവീം ഓടി വരുമ്പോള്‍ അമ്മ അവരെ ചേര്‍ത്ത് പിടിക്കും. പുതിയ ഉടുപ്പിന്‍റെ പ്രൌഡിയില്‍ ഞാനവരോട് ഗമ കാണിച്ചു നില്‍ക്കുമ്പോള്‍ അമ്മ പറയും,

“നിങ്ങള്‍ക്കും വാങ്ങീട്ടുണ്ട്, പാകണ്ടോന്നു നോക്കു”.

ഊണ് കഴിഞ്ഞാല്‍ അമ്മ വടക്കേതിലെ വലിയച്ഛന്റെ വീട്ടില്‍ പോകും, അവിടെ അമ്മയുടെ സമപ്രായക്കാരുണ്ട്, ഇറയത്തെ തൂണും  ചാരി അവരോടു വര്‍ത്തമാനം പറഞ്ഞിരിക്കും. അമ്മേടെ സാരിത്തലപ്പു വിടാതെ തിരുപ്പിടിച്ചുകൊണ്ട്‌ ഞാന്‍ നില്‍ക്കും. കളിക്കാന്‍ പോലും പോകാതെ. പിന്നെ എപ്പോഴെങ്കിലും ഉറങ്ങിപോയിട്ടുണ്ടാകും.

ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മയെ കാണാതെ ഞാന്‍ ചങ്കു പൊട്ടി കരയും. അപ്പോഴേക്കും അമ്മ എന്നെ തനിച്ചാക്കി മടങ്ങിയിട്ടുണ്ടാവും.

ഇന്നും മറക്കാന്‍ പറ്റില്ല.. ആ മനോവേദന! എന്‍റെ ദേഹത്ത് ആരോ വലിയൊരു കരിങ്കല്ല് കെട്ടിത്തൂക്കി ആഴമുള്ള പുഴയില്‍ മുക്കിയിട്ടപോലെ, ദുഖത്തിന്റെ കയങ്ങളില്‍ കൈകാലുകള്‍ ഇട്ടടിക്കുന്ന പ്രാണവേദന!

“വിളക്ക് തെളിയിച്ചു, വന്നിരുന്നു പ്രാര്‍ത്ഥിക്കു മക്കളേ” അമ്മൂമ്മ മയത്തില്‍ പറയും.

വെളിച്ചം വാര്‍ന്ന മുറ്റത്തേക്ക് നോക്കി ഞാന്‍ വാവിട്ടു കരഞ്ഞുകൊണ്ടേ യിരിക്കും..

മണിക്കൂറുകളോളം അമ്മേ...അമ്മേ എന്ന് വിളിച്ച് ഞാന്‍ എങ്ങലടിക്കുന്നതും ശ്രവിച്ചുകൊണ്ട്‌ ചേച്ചീം കോവീം അടുത്തിരിക്കും.

“ഇങ്ങനെ കരഞ്ഞോണ്ടിരുന്നാല്‍ അമ്മക്കാണ് ഉവ്വാവു വര്വാ. വന്നു ഊണ് കഴിക്കു.” അമ്മൂമ്മ അക്ഷമയാകും.

“എനിക്ക് വേണ്ടാ....” ഞാന്‍ പിന്നെയും കണ്ണീരില്‍ മുങ്ങും.

അപ്പോള്‍ അമ്മൂമ്മയുടെ സ്വരത്തിന് മൂര്‍ച്ച കൂടി വരും.ചെവിയില്‍ വണ്ട്‌ തുളച്ചു കയറുന്ന പോലെ..

രാത്രിയാകുമ്പോഴേക്കും അമ്മാവന്മാര്‍ വരും. ആറടിയോളം ഉയരമുള്ള രണ്ടു അമ്മാവന്മാരേയും എനിക്ക് പേടിയാണ്.

എത്ര നിര്‍ബന്ധിച്ചിട്ടും ഞാന്‍ ഉണ്ണാതാകുമ്പോള്‍ മുറ്റത്തിറങ്ങി അവരില്‍ ഒരാള്‍ വേലിയില്‍ നില്‍ക്കുന്ന ശീമകൊന്നയുടെ വടിയൊടിക്കും. മേമ സ്നേഹത്തോടെ ഉരുളകള്‍ ഉരുട്ടി എനിക്ക് വായില്‍ വച്ചു തരുമ്പോള്‍ വിശപ്പില്ലെങ്കിലും അടി പേടിച്ച് ഞാനത് ഉണ്ണും.

രാത്രി കിടക്കും മുന്‍പ് മേമ മുടി മുഴുവനും മുകളിലേക്ക് ഈരി ഒരു റിബണ്‍ കൊണ്ട് മത്തങ്ങാ കെട്ട് കെട്ടിതരും. അപ്പോഴും ഞാന്‍ മ്ലാനവദനയായിത്തന്നെ ഇരിക്കും. കോണിയകത്തു കറുത്ത് മിനുസമുള്ള നിലത്ത്, പായും, അതിനു മീതെ കിടക്കയും തണുത്ത വിരിയും വിരിക്കും. അതില്‍ കിടക്കുമ്പോഴുള്ള ആ തണുപ്പ് എനിക്ക് ഇമ്മിണി ഇഷ്ടായിരുന്നു. വെളിച്ചം അണച്ചാല്‍ എനിക്ക് സങ്കടം ആര്‍ത്തിരമ്പി വരും. ഞാന്‍ പിന്നെയും കരഞ്ഞു തളരും. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ മുറിയുടെ മൂലയില്‍ വച്ചിട്ടുള്ള, നേര്‍ത്ത അഴികളില്‍ കറുത്ത ചായം പൂശിയ പങ്ക തിരിയുന്ന ശബ്ദം കാതോര്‍ത്തു കിടക്കും. നിശബ്ദതയില്‍ ആ മൂളല്‍ എനിക്ക് താളമാകുമ്പോള്‍ ഞാന്‍ പതിയേ ഉറങ്ങിപോകും.

ഒരു ദിവസം രാത്രി അമ്മാവന്‍ ഞങ്ങളെ അടുത്തുള്ള ഒരു ടാക്കീസില്‍ സിനിമക്ക് കൊണ്ട് പോയി. “അപരാധി” എന്ന പടത്തിന്.

“തുമ്പീ തുമ്പീ തുള്ളാന്‍ വായോ...ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ..”

തിരശീലയില്‍ പാട്ടിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞപ്പോള്‍ എനിക്കെന്റെ അമ്മയെ ഓര്‍മ്മ വന്നു. ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. അമ്മാവന്‍ എന്നെ പുറത്തേക്കു കൊണ്ട് പോയി, മധുര പലഹാരങ്ങള്‍ വാങ്ങി തന്നു, പക്ഷേ എന്റെ കരച്ചില്‍ ശമിച്ചില്ല. അന്നും ഞാന്‍ കണ്ണീരില്‍ നനഞ്ഞുറങ്ങി.

കുട്ട്യോള്‍ടെ കരച്ചിലല്ലേ, കുറച്ചു കഴിഞ്ഞാല്‍ മാറിക്കോളും എന്നാവും അവര്‍ വിചാരിച്ചിരിക്കുക. എന്‍റെ കുഞ്ഞു മനസ്സില്‍ അമ്മയെ വിട്ടുനില്‍ക്കുംമ്പോഴുണ്ടായ വേദന എത്ര തീവ്രമായിരുന്നു എന്ന് ആരും മനസ്സിലാക്കിയില്ല, എന്‍റെ അമ്മ പോലും.

പലനാളുകള്‍ കഴിയുമ്പോള്‍ , ഞാന്‍ ചേച്ചീം കോവീം മറ്റുള്ള കുട്ട്യോളും ഒക്കെയായി കളികളില്‍ ഏര്‍പ്പെട്ടു തുടങ്ങും. എങ്കിലും എല്ലാ ദിവസവും ഞാന്‍ പ്രത്യാശയോടെ നോക്കിയിരിക്കും, എന്റെ അമ്മ പടി കടന്ന് വന്ന് എന്നെ കൊണ്ടുപോകുന്നതെന്നാണ് !.

ഒടുവില്‍ ഒരു ദിവസം അമ്മ എത്തും. അന്നെന്റെ മനസ്സില്‍ സന്തോഷത്തിര തല്ലും. ഒട്ടുമേ സന്താപമോ സന്ദേഹമോ ഇല്ലാതെ ഞാന്‍ അമ്മയുടെ കൂടെ തിരിച്ചു പോകുന്നത് ചേച്ചീം കോവീം നിര്‍വികാരരായി നോക്കി നില്‍ക്കും.

പിരിയും മുന്‍പേ ചേച്ചി എന്‍റെ കാതില്‍ പറയും,

“എന്നും രാത്രി എട്ടുമണിക്ക് നീ മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കണം, ആ സമയത്ത് ഇവിടെയിരുന്നു ഞാനും നോക്കുന്നുണ്ടാകും. അപ്പോള്‍ നീ അടുത്തുണ്ടെന്ന ഒരു തോന്നലുണ്ടാവും എനിക്ക്....”

7 അഭിപ്രായങ്ങൾ:

  1. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ മുറിയുടെ മൂലയില്‍ വച്ചിട്ടുള്ള, നേര്‍ത്ത അഴികളില്‍ കറുത്ത ചായം പൂശിയ പങ്ക തിരിയുന്ന ശബ്ദം കാതോര്‍ത്തു കിടക്കും. നിശബ്ദതയില്‍ ആ മൂളല്‍ എനിക്ക് താളമാകുമ്പോള്‍ ഞാന്‍ പതിയേ ഉറങ്ങിപോകും.

    മറുപടിഇല്ലാതാക്കൂ
  2. very touching. valare nanayittundu. aa kalluketti thazhthiya polathe feeling sarikkum mnasilavunnundu.
    Gee

    മറുപടിഇല്ലാതാക്കൂ
  3. “എന്നെ പറഞ്ഞയക്കല്ലേ അമ്മേ”..എന്ന് പറഞ്ഞ്, ശ്വാസമില്ലാതെ നിലവിളിച്ചു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു. കൂടെ കൈകുഞ്ഞായതിനാല്‍ കിളി എന്ന് ചെല്ലപ്പേരുള്ള എന്‍റെ കൊച്ചന്യേത്തീം. നറുക്ക് വീണത്‌ എന്റെ ചേച്ചിക്കും പിന്നെ കോവിക്കും.‘

    ഇങ്ങനെ ഓരൊ ചരിത്രങ്ങളൂം പോരട്ടേ...

    മറുപടിഇല്ലാതാക്കൂ
  4. അമ്മയെ പിരിയൽ കുട്ടിക്കാലത്തെ വല്ലാത്ത വേദന തന്നെയാണ്. ഒരിക്കൽ ഒരിടത്ത് ഞാനും തനിച്ചായിപ്പോയ ആ ദിനം ഓർമ്മവന്നു.

    മറുപടിഇല്ലാതാക്കൂ