2013, ജൂലൈ 31, ബുധനാഴ്‌ച

ഭ്രാന്തിഭദ്ര




ചില ആളുകള്‍ അങ്ങനെയാണ്, സ്വന്തം ഭ്രാന്തു മറ്റുള്ളവരുടെ തലയില്‍ കെട്ടി വയ്ക്കും. എന്നിട്ട് അവരുടെ നേരെ കൈ ചൂണ്ടി പറയും, “ഭ്രാന്താണ് സൂക്ഷിക്കണം” എന്ന്. ഭദ്രക്കു ഭ്രാന്തു പിടിച്ചതങ്ങനെയാണ്.

“അവള്‍ക്ക് ഭ്രാന്താണ്”. അവര്‍ കാണുന്നവരോടൊക്കെ പറഞ്ഞു. പറഞ്ഞു പറഞ്ഞു തഴക്കം വന്ന നാവുകൊണ്ട് ഒടുവില്‍ അവര്‍ അയാളോടും പറഞ്ഞു, “അവള്‍ക്കു , നിന്‍റെ കെട്ട്യോള്‍ക്ക്‌ ഭ്രാന്താണ്” എന്ന്.

അയാള്‍ മൗനം പൂണ്ടത് അവര്‍ക്ക് സൗകര്യമായി. കാഞ്ഞ വെളിച്ചെണ്ണയില്‍ കടുക് പൊട്ടും പോലെ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു, “നല്ല ഡോക്ടറുണ്ട്, കുറച്ചകലെ പോകണമെന്ന് മാത്രം, കൊണ്ട് പോയാലോ”. അയാള്‍ തലയാട്ടികൊണ്ട് പറഞ്ഞു, “അതിന്റെ കാര്യമില്ല, ഇത് കുറച്ചു കഴിയുമ്പോള്‍ കെട്ടടങ്ങും, ഭദ്രക്കിത് ഇടയ്ക്കു പതിവുള്ളതാണ്.”

അവള്‍ അത് കേട്ടു. ഭ്രാന്തു നിങ്ങളുടെ മുതുമുത്തശ്ശനെന്നു വിളിച്ചു കൂവാന്‍ തോന്നിയെങ്കിലും അവള്‍ പറഞ്ഞതിപ്രകാരം: “ഉവ്വ്, എനിക്ക് ഭ്രാന്തു തന്ന്യാ...ഒരു ഭ്രാന്തത്തി എന്തൊക്കെ ചെയ്യുമെന്നറിയാമല്ലോ. മിണ്ടരുത്, എല്ലാറ്റിനെയും ഞാന്‍ ശുട്ടിടുവേ..” അയാളും അയാളോടൊപ്പംനിന്ന അവരും വിളറുന്നത് ഭദ്ര ഇടം കണ്ണിട്ടു നോക്കി.

അവളോര്‍ത്തു, എപ്പോഴാണ് തനിക്ക് ആദ്യമായി ഭ്രാന്തു വന്നത്?

അന്നൊരിക്കല്‍ , ഒരു ത്രിസ്സന്ധ്യക്ക്, താന്‍ ജോലി കഴിഞ്ഞു കയറി വന്ന പാടേ..ആറു മാസം പ്രായമായ തന്‍റെ കുഞ്ഞിനെ വാരിപ്പുണരാന്‍ തുടങ്ങിയപ്പോള്‍ ..അപ്പോഴാണോ? അല്ല..പിന്നെ എപ്പോഴായിരുന്നു?

കയ്യിലെടുത്ത കുഞ്ഞിനെ താലോലിക്കാന്‍ തുടങ്ങിയപ്പോള്‍ പരുന്തുറാഞ്ചും പോലെ അവര്‍ റാഞ്ചിക്കൊണ്ടു പോയപ്പോള്‍ ..

“കുളിച്ചിട്ടു തൊട്ടാല്‍ മതി, ദേഹത്ത് പറ്റിയ അഴുക്കൊക്കെ ആ കുഞ്ഞിന്റെ മേലാകും”. ശരിയോ തെറ്റോ...? അവള്‍ പതറി, ആയിരം ഉറുപ്പിക ശമ്പളത്തിന് അങ്ങകലെ ജോലിക്ക് പോയി വരികയാണ്, കുട്ടിയുടുപ്പും ഇങ്കും വാങ്ങാനുള്ള കാശാണ്, വേറെ നിവൃത്തിയില്ല, പോകാതിരിക്കാനാവില്ല. അവര്‍ പറഞ്ഞപോലെ കുഞ്ഞിനെ തിരികെ കൊടുത്തു. പക്ഷേ അടുത്ത ഏതാനും നിമിഷങ്ങളില്‍ അവളുടെ അലര്‍ച്ച കേട്ട് അവരും അയാളും ഓടി വന്നു. പ്രാകൃതമായ ശബ്ദമുണ്ടാക്കി അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. അന്നാണ് അവര്‍ പറയുന്നത് അവള്‍ കേട്ടത് “അവള്‍ക്കു ഭ്രാന്താണ്”.

ഏറ്റവും സംശുദ്ധിയോടെ എന്ന ഭാവത്തില്‍ വൃത്തിയില്ലാത്ത കുപ്പിയില്‍ അവര്‍ കുഞ്ഞിനു പാലുകൊടുത്ത് അതിസാരം പിടിപെട്ടപ്പോഴാണ് ഭദ്രക്കു രണ്ടാമത് ഭ്രാന്തു വന്നത്. പട്ടണത്തിലെ മൃഗശാലയില്‍ അഴികള്‍ക്കുള്ളിലെ മരച്ചില്ലകളില്‍ ചാടിനടക്കുന്ന ചുവന്ന പ്ര്ഷ്ടഭാഗമുള്ള കുരങ്ങിനെ ഓര്‍മിപ്പിച്ചു അവളുടെ കുഞ്ഞ്. കുഞ്ഞിനെ ചേര്‍ത്തു പിടിച്ച്‌ ഡോക്ടറുടെ മുന്പിലിരുന്നു വിങ്ങിക്കരഞ്ഞപ്പോഴും അവര്‍ അവളെ അടുത്തിരുന്നു തുറിച്ചു നോക്കി, ഭ്രാന്തു മൂത്തുവോ എന്ന ഭാവത്തില്‍ .

ഒരു നാളില്‍ ജോലി കഴിഞ്ഞ് ആര്‍ത്തിയോടെ ഓടിയെത്തുമ്പോള്‍ മേലാകെ ചെഞ്ചായം കോരിയൊഴിച്ചപോലെ ചുവന്നു വിറച്ച് കരയുന്ന കുഞ്ഞിനെ കണ്ട് അവള്‍ കോരിയെടുത്തു, ദേഹമെല്ലാം  ഉറുമ്പ് കടിച്ചു വീര്‍ത്തിരിക്കുന്നു. കിടത്തിയ വിരിയില്‍ ഓടിനടക്കുന്ന കൊച്ചു ചുവന്ന ഉറുമ്പുകള്‍ . എവിടെ, അയാളെവിടെ, ഒരു ആശ്വാസവാക്കിനായി അവള്‍ തിരഞ്ഞു. എല്ലാം അറിയുന്നവന്‍ ഞാന്‍ എന്ന ഭാവത്തില്‍ അയാള്‍ പറഞ്ഞു: “അവരെ പിണക്കാതിരിക്കുന്നതാണ് ഭദ്രേ ബുദ്ധി.” തനിക്ക് ബുദ്ധിഭ്രമം വരല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ് ഭദ്ര അന്ന് ഉറങ്ങാന്‍ കിടന്നത്.

വാചാലയായ ഭദ്രയുടെ ഓരോ വാക്കുകള്‍ക്കും അവര്‍ തൂവലും തൊങ്ങലും ചാര്‍ത്തി യോഗം വിളിച്ചുകൂട്ടി ആത്മനിര്‍വൃതിയടഞ്ഞു. “എന്നാലും ഇത്ര കുലടയോ ഭദ്ര”! യോഗം അത്ഭുതം കൂറി. യോഗത്തിന് വന്നുചേരാത്തവരെ അന്വേഷിച്ചു ചൂടുള്ള വാര്‍ത്തകളുമായി അവര്‍ അവരുടെ വീടുകളിലേക്ക് പോയി. താടിക്ക് കൈ കൊടുത്തും, തലയില്‍ കൈവച്ചും കേട്ടവര്‍ കേട്ടവര്‍ അവരെ പിന്താങ്ങി, ചിലര്‍ സഹതാപത്തോടെയും, മറ്റുചിലര്‍ അനുതാപത്തോടെയും അവരെ പരിരക്ഷിച്ചു.

കാലങ്ങളോളം ഭദ്ര മഞ്ഞുപോലെ ഉറഞ്ഞു കിടന്നു. “എല്ലാം അറിയുന്നവന്‍ ഈശ്വരന്‍ ” എന്നുള്ളത് “എല്ലാം അറിയുന്നവന്‍ തന്‍റെ കെട്ട്യോന്‍ ” എന്നും “എല്ലാം സഹിക്കുന്നവള്‍ ഭദ്ര” എന്നും തിരുത്തിയെഴുതി.

മൗനം പൂണ്ട ഭദ്രയെ അവര്‍ വീണ്ടും കുന്തം കൊണ്ട് കുത്തി, “ഇത് നല്ല മിണ്ടാതിരിക്കലല്ല” എന്ന് അവര്‍ വിളംബരം പുറപ്പെടുവിച്ചു. “മിണ്ടാതിരിക്കുന്നതിലും നല്ലതും ചീത്തയുമോ” മൗനം ഭദ്രക്കു ഭീഷണി! ഭദ്രയുടെ ജീവിതം ഒട്ടും ഭദ്രമല്ലാതായി.

അതിനുശേഷം പലതവണ ഭദ്ര ഭദ്രകാളിയായി ഉറഞ്ഞു തുള്ളി. അവള്‍ ആക്രോശിച്ചു, “ ഇവിടെ കാലു കുത്തും വരെ എനിക്ക് ഭ്രാന്തില്ലായിരുന്നു, കൊല്ലും ഞാന്‍ എല്ലാറ്റിനെയും...”ചികിത്സ വേണ്ടാത്ത ഭ്രാന്താണ് ഭദ്രക്കെന്നു മനസ്സിലാക്കിയ അയാള്‍ ഇതെല്ലാം കേട്ടിട്ടും ക്ഷമയോടെ കാത്തിരുന്നു. മകന്‍റെ ദുര്യോഗത്തില്‍ ദുഖിതയായി അവര്‍ പല്ലിറുമ്മി വെരുകിനെപ്പോലെ അസ്വസ്ഥയാവുകയും എല്ലാം ഭദ്രമാണെന്ന തോന്നലോടെ ഒരു ഉഗ്ര കാളിയായി ഭദ്ര നിലകൊള്ളുകയും ചെയ്തു.

5 അഭിപ്രായങ്ങൾ:

  1. കാലങ്ങളോളം ഭദ്ര മഞ്ഞുപോലെ ഉറഞ്ഞു കിടന്നു. “എല്ലാം അറിയുന്നവന്‍ ഈശ്വരന്‍ ” എന്നുള്ളത് “എല്ലാം അറിയുന്നവന്‍ തന്‍റെ കെട്ട്യോന്‍ ” എന്നും “എല്ലാം സഹിക്കുന്നവള്‍ ഭദ്ര” എന്നും തിരുത്തിയെഴുതി.

    മറുപടിഇല്ലാതാക്കൂ
  2. ഏറ്റവും സംശുദ്ധിയോടെ എന്ന ഭാവത്തില്‍ വൃത്തിയില്ലാത്ത കുപ്പിയില്‍ അവര്‍ കുഞ്ഞിനു പാലുകൊടുത്ത് അതിസാരം പിടിപെട്ടപ്പോഴാണ് ഭദ്രക്കു രണ്ടാമത് ഭ്രാന്തു വന്നത്. പട്ടണത്തിലെ മൃഗശാലയില്‍ അഴികള്‍ക്കുള്ളിലെ മരച്ചില്ലകളില്‍ ചാടിനടക്കുന്ന ചുവന്ന പ്രിഷ്ടഭാഗമുള്ള കുരങ്ങിനെ ഓര്‍മിപ്പിച്ചു അവളുടെ കുഞ്ഞ്. കുഞ്ഞിനെ ചേര്‍ത്തു പിടിച്ച്‌ ഡോക്ടറുടെ മുന്പിലിരുന്നു വിങ്ങിക്കരഞ്ഞപ്പോഴും അവര്‍ അവളെ അടുത്തിരുന്നു തുറിച്ചു നോക്കി, ഭ്രാന്തു മൂത്തുവോ എന്ന ഭാവത്തില്‍ .

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിന്റെ ഭ്രാന്തമായ അവസ്ഥയെ നന്നായി വരച്ചു കാണിച്ച കഥ.

    മറുപടിഇല്ലാതാക്കൂ