2018, ജനുവരി 30, ചൊവ്വാഴ്ച

രുചിപ്പച്ചകള്‍



ഒരൊറ്റ കാഴ്ചയാല്‍ ഒരുനൂറ് ദൃശ്യങ്ങള്‍ കണ്ണില്‍ തെളിയുന്ന മറിമായമുണ്ടല്ലോ, വൃശ്ചികം ധനു മകര മാസങ്ങളില്‍ സ്വാമീടെ കടേല് തൊലികളഞ്ഞ് നന്നാക്കിയ കൂര്‍ക്ക  വെള്ളത്തിലിട്ടു വച്ചിരിക്കണതും നാടൻ പയറ് കൂട്ടിയിട്ടിരിക്കണതും കാണുമ്പോ ഉണ്ടാവണ ഓര്‍മകളുടെ തേര്‍വാഴ്ച്ചയതാണ്. കഴിഞ്ഞ കാലങ്ങളിലേയ്ക്കുള്ള കൂട്ടിക്കെട്ടലിന് ഈയൊരു കാഴ്ച ധാരാളമാണ്. വര്‍ഷങ്ങളുടെ പിന്നിലേയ്ക്കുള്ള മിന്നല്‍പ്പാച്ചില്‍.



രുചികളും ഗന്ധങ്ങളും ഓര്‍മകളെ എന്തുമാത്രം ചുറ്റിപ്പിടിച്ചിരിക്കുന്നെന്ന് അറിഞ്ഞു തുടങ്ങുമ്പോഴേയ്ക്കും നഷ്ടപ്പെട്ടിരുന്നു എല്ലാം. കൊതിയോടെ വീണ്ടുമെത്തിപ്പിടിയ്ക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും തൃപ്തി തരാതെ സങ്കടപ്പെടുത്തുമാ സ്വാദിന്റെ മുകുളങ്ങള്‍. രുചിയായി മാറുന്നതിനു മുന്‍പ് അവയെല്ലാം വീട്ടുപറമ്പിലെ പച്ചപ്പടര്‍പ്പുകളിലെ ഗന്ധങ്ങളായിരുന്നു. എന്നും കായ്ച്ചും വിളഞ്ഞും കിടന്നിരുന്ന തടങ്ങള്‍, തട്ടുകള്‍ കണ്ടങ്ങള്‍ ഇന്ന് പാമ്പിനെ ഭയന്ന് ഒന്നിറങ്ങി നടക്കാന്‍ പോലുമാവാതെ പച്ചിലക്കാടുകളും വള്ളികളും പടര്‍ന്ന് മൂടിപ്പോയിരിക്കുന്നു. പണിക്കാരോടൊത്ത് പറമ്പില്‍ ഒച്ചയും ബഹളവുമായി നടന്നിരുന്ന അമ്മ ഇലകളുടെയും ചില്ലകളുടെയും പച്ചഞരമ്പുകളായി മാറിയിരിക്കുന്നു. അച്ഛനിപ്പോഴും പഴയപോലെ, എല്ലാം കണ്ട് ആസ്വദിച്ചിരിപ്പുണ്ടാവും എവിടെയൊക്കെയോ.



അമ്മയെപ്പോലെ കൃഷിയെ സ്നേഹിച്ചവരുണ്ടോ, എനിക്കറിയില്ല. എവിടെപ്പോയി വന്നാലും ഒരു വിത്തോ കായയോ തണ്ടോ കയ്യിലുണ്ടാവും.ചെടികളോടുള്ള സ്നേഹം വളര്‍ന്നത്‌ അമ്മയിലൂടെയായിരുന്നു. വീട്ടിലില്ലാത്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കുറവായിരുന്നു. അമ്മയാണ് പറഞ്ഞു തന്നത് " ചെടികളോട് മിണ്ടണം, ഇലകളെ തഴുകണം, പൂക്കളെ ഉമ്മ വയ്ക്കണം,വേരിന് നനവ്‌ കൊടുക്കണം , എന്നാലേ അവ വളരൂ" എന്ന്.



രണ്ടുമൂന്നേക്കർ പറമ്പിൽ നിറഞ്ഞ കൃഷിയായിരുന്നു. കൂർക്ക , വെണ്ട, വഴുതന, പയറ്, പാവല്, പടവലം , അമര, കോവയ്ക്ക, ചേന, ചേമ്പ്, കുമ്പളം മത്തൻ, മഞ്ഞള്‍ ഇഞ്ചി, മുളക്,( കാ‍ന്താരി, വെള്ളമുളക്, മത്തങ്ങാ മുളക് , നെയ്യ് മുളക്, വയലറ്റ് മുളക് , കോലന്‍ മുളക് ) കപ്പ, കാച്ചില്, മധുരക്കിഴങ്ങ്, തക്കാളി , ചീര, വാഴ, പപ്പായ, കൈതച്ചക്ക അങ്ങനെയങ്ങനെ...

വീട്ടിലുണ്ടാക്കണ വെണ്ണീറിനോടൊപ്പം ചാണകം, പശുമൂത്രം ആട്ടിന്‍കാഷ്ഠം കോഴിക്കാഷ്ഠം തുടങ്ങിയവ ചേര്‍ത്തായിരുന്നു വളപ്രയോഗം.

തീരാത്തപൂതി ബാക്കി വച്ചിട്ടുണ്ട്, ഇപ്പഴും കൂർക്കയോടും കടച്ചക്കയോടും ഉരിപ്പയറിനോടും. ഒട്ടും ഒടിച്ചിടാതെ ഉരിഞ്ഞെടുക്കുന്ന മണിപ്പയറാണ്, ഉരിപ്പയര്‍. പച്ചപ്പ്‌ മാറാത്ത മണിക്കൂര്‍ക്കേടേം ഉതിര്‍ന്നുതിര്‍ന്ന് വീണ് വായിലലിയുന്ന മണിപ്പയറിന്റേം നൂറുള്ള കടച്ചക്കേടേം രുചി പിടിച്ചു പോയാല്‍ അങ്ങേയറ്റത്തുണ്ട് മണ്ണിന്‍റെ ഗന്ധമുള്ള എന്റെ കൗമാരയൗവനക്കാലം.

സ്ക്കൂള് തുറക്കണ സമയത്താണ് കൂർക്ക കൃഷി കൊടിയേറുക . തടമെടുത്ത് ചാണകമിട്ട് വിത്തു കൂർക്ക പാവിയിടും. അത് മുളച്ച് ണ്ടാവണ ഇലകള്‍ടെ തലപ്പ് നുള്ളി വിശാലമായ പറമ്പിൽ വാരം കോരി നടലാണ് പിന്നെ. തൊട്ടതും പിടിച്ചതുമൊക്കെ നടാൻ അമ്മ നാളിന്റെ ഐശ്വര്യം പറഞ്ഞുപുകഴ്ത്തി എന്നെ ഏൽപ്പിക്കും. ഭരണി നാളിന് അങ്ങനെയൊരു ഗുണമുണ്ടത്രേ, ഗ്രീന്‍ ഫിംഗര്‍- ഞാനെന്തു നട്ടാലും അത് പൊട്ടി മുളച്ച് വരുംന്നാ എന്റമ്മ പറയാറ്. അതങ്ങനെയാണെങ്കിലും അല്ലെങ്കിലും തൈ നടലും പാകലും പറിക്കലുമൊക്കെ എനിക്കിഷ്ടപ്പെട്ട പണികളാണ്. മണ്ണുമാന്തിക്കളി അതിലേറെ ഇഷ്ടം.

വൃശ്ചികം, ധനു മകരമാസങ്ങളിലാണ് കൂർക്ക വിളവെടുക്കലും ശേഖരിയ്ക്കലും . ഹാ! വട്ടച്ച് പച്ചച്ച കൂർക്ക ഇലകൾ കയ്യിലിട്ടു തിരുമ്മി വാസനിച്ച് മണ്ണിളക്കിമറിച്ച് മണിക്കൂർക്കകൾ വിടർത്തിയെടുക്കുന്നതിന്റെ രസം!.

ശാന്തേച്ചീം ശാരദേച്ചീം ഗോമതിയമ്മായീം വീട്ടിലെ സ്ഥിരം പണിക്കാരായിരുന്നു. അവരെ മേയ്ക്കാന്‍ മാമ്വേട്ടനും. എല്ലാരും കൂടിയാണ് കൂർക്ക പറിക്കലും നന്നാക്കലും. പശുക്കള്ക്ക് കൊടുക്കാന്‍ വാങ്ങണ കെ എസ് തീറ്റേടെ ചാക്കിലിട്ട് പച്ചപ്പിന്റെ മണം വിടാത്ത കൂർക്ക കെട്ടിത്തല്ലി ഒന്നോടെ ചെമ്പിലേയ്ക്ക് ചെരിയും. കഴുകലും ചെളികളയലുമായി പങ്കപ്പാട് തന്നെ. കയ്യിലും നഖത്തിലും വിരലിലുമെല്ലാം ചെളി പുരളുമെങ്കിലും രുചിയോര്‍ത്താല്‍  ബാക്കിയെല്ലാം മറക്കും.

ഞങ്ങള്‍ കുട്ട്യോള്ക്ക് പഠിക്കാനുള്ളത് പഠിച്ച് അവനോന്റെ കാര്യങ്ങൾ നോക്കി മിണ്ടാതിരിക്കുകയേ വേണ്ടുള്ളൂ. പക്ഷേ കാര്യന്വേഷണത്തിൽ ഒട്ടും പിൻപന്തിയിലല്ലാത്തതിനാൽ എല്ലാത്തിലും തലയിടാൻ ചെല്ലും. വീട്ടില്‍ പറഞ്ഞു കേള്ക്കാത്ത ഒരുപാട് കഥകളും വര്‍ത്തമാനങ്ങളുമുണ്ടാവുംഈ ചേച്ചിമാരുടേം അമ്മായീടേം പക്കല്‍. കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഞാന്‍ ചെലവഴിച്ചത്‌ അവരുടെയൊപ്പമായിരുന്നു. തെങ്ങും കവുങ്ങും നെല്ലും എള്ളുമായി, പറമ്പ് ഇളക്കലും മറിക്കലും നടലും പറിക്കലും കൊയ്യലും പുഴുങ്ങലും ചിക്കലും വറുക്കലും ചേറ്റലും കൊഴിക്കലും ഇടിയ്ക്കലും കുത്തലുമായി കൊല്ലം മുഴുവനും നീളുന്ന പണികളുണ്ടാവുമായിരുന്നു അവര്‍ക്ക് വീട്ടില്‍.

സ്ക്കൂൾ അവധിയാണെങ്കിൽ അവരോടൊപ്പമിരുന്ന് കിണ്ണത്തിലൊഴിച്ച ചൂടുകഞ്ഞി പ്ലാവില കോട്ടിയതുകൊണ്ട് കോരി വായിലൊഴിക്കുന്നതാണ് വിനോദം..

വിയർത്തൊലിച്ച് പണികേറി വന്ന്,കിണറ്റിൽ ഇരുമ്പുബക്കറ്റിട്ട് തുടിച്ച് കോരിയെടുത്ത വെള്ളത്തില്‍ അവര്‍ പകുതിക്കുളി നടത്തും. നെറ്റീലേം കയ്യിലേം കാലിലേം മണ്ണും ചെളീം ഇളക്കിയൊഴുക്കിക്കളയും. മുഖത്ത് വെള്ളം വീഴുമ്പോഴുള്ള ഭാവം കണ്ടാല്‍ നയാഗ്രാ വെള്ളച്ചാട്ടത്തിന് താഴെയാണോ നിക്കണേന്ന് തോന്നും.

ശേഷമാണ് കഞ്ഞി കുടി. മുട്ടിപ്പലകയിലിരുന്നോ , കുന്തിച്ചിരുന്നോ, ഇറയത്ത് കാല് താഴേക്കിട്ട് ചെരിഞ്ഞിരുന്നോ പഴം പുരാണോം ഇല്ലാപ്പാടും പറഞ്ഞ് അവര് വിശപ്പാറ്റും. തൊട്ടുകൂട്ടാൻ ചമ്മന്തീം കടുമാങ്ങേം വാരിക്കൂട്ടാൻ തൊടിയിലുണ്ടായ കായ്ക്കറിത്തോരനുമായി കിടുക്കൻ പ്രാതലാണ്.

പണി കേറി വരുന്ന അവരുടത്ര വിശപ്പുണ്ടാവില്ലെങ്കിലും കഴിയ്ക്കണത് കണ്ടാലെന്റെ വായില് കപ്പലോടും. ഈര്‍ക്കിലി കൊണ്ട് കുമ്പിള്‍ കുത്തിയ പച്ചപ്പ്ലാവിലേല് കോരി മേലോട്ടെറിയണ കഞ്ഞീം കൂട്ടാനും ഉന്നം പിടിച്ച് ഉയര്‍ത്തിവച്ച വായില്‍ കൃത്യമായി വന്നുവീഴണതും ട്ളക്ക് എന്ന ശബ്ദത്തോടെ അതിറക്കുന്നതും കണ്ട് അന്തിച്ചു പോയിട്ടുണ്ടെങ്കിലും ക്രമേണ ഞാനുമത് ശീലിച്ചു. "തെരുപ്പില് കേറി ചത്തു പൂവണ്ട പെണ്ണേ "എന്ന ശകാരങ്ങളെയൊന്നും വകവയ്ക്കാതെ ഞാനാ മുട്ടിപ്പലകേല്  ഇരുന്നുള്ള കഞ്ഞിയേറു സര്ക്കസ്സില്‍ രസം കണ്ടിരുന്നു.!

പയറ് നടാനും വിളയുമ്പോള്‍ കുട്ടകള്‍ ഒക്കത്ത് വച്ച് പറിച്ചെടുക്കാന്‍ പോകാനുംവലിയ ശുഷ്ക്കാന്തിയായിരുന്നു. വാരങ്ങളില്‍ പരന്നുകിടക്കുന്ന പലതരം പയറുകള്‍ക്ക് പല രുചിയാണ്. വയലറ്റ്, പിങ്ക്, വെള്ള, പച്ച നിറങ്ങളില്‍ മണിപ്പയറും ഒടിപ്പയറും. പൊട്ടിച്ചു കൊണ്ട് വന്നാല്‍ സ്റ്റോര്‍ റൂമിന്റെ മൂലയില്‍ പായ വിരിച്ച് കൂട്ടിയിടും. ഇറയത്തും മാവിന്‍ ചോട്ടിലും നടപ്പുരയിലും ഇരുന്ന് പലനേരങ്ങളില്‍ കഥ പറഞ്ഞ് നന്നാക്കിയെടുത്ത്‌ വെളിച്ചെണ്ണയില് ഉള്ളീം മുളകും മൂപ്പിച്ച് കുത്തിക്കാച്ചിയെടുക്കും.

കൊച്ചു പന്തലുകളിലാണ് അമരക്കയും കോവക്കയും പടർത്തുക. തൊടിയില്‍ നിന്നും പച്ചക്കറികള്‍ അപ്പപ്പോ പൊട്ടിച്ചായിരുന്നു കൂട്ടാന്‍ വെപ്പ്. ചേമ്പുന്താളും മത്തങ്ങാ ഇലയും ഞൊടിയിടയില്‍  ഒഴിച്ചുകൂട്ടാനാവും. ഓരോ ദിവസവും കഷ്ണങ്ങള്‍ മാറുന്നതിനനുസരിച്ചാണ് സാമ്പാറിന്റെ രുചിഭേദം. അമരപ്പയറു വേവുന്ന മണം കാറ്റിലൊഴുകുമ്പോള്‍ കൈകഴുകി ചെന്നിരിയ്ക്കും. നെയ്യിലാണ് കാച്ചല്‍. ചിലപ്പോ അതില്‍ നേന്ത്രക്കായും അരിഞ്ഞിടും. ചെഞ്ചീരയിൽ കുഴഞ്ഞ ചോന്ന ചോറിന് സ്വാദിനെ വെല്ലുന്ന ഭംഗിയാണ്.

വെണ്ടയ്ക്ക മൂപ്പാവും മുൻപേ തുമ്പൊടിച്ച് നോക്കി അമ്മ പറയും, "കഴിച്ചോളു വാവേ, പോഷകാ. ഏഴഴക് ണ്ടാവും". ആ അഴക് മോഹിച്ച് കൊഴുകൊഴുത്ത വെണ്ടയ്ക്ക പറിച്ചെടുത്ത് പാവാടയിൽ തുടച്ച് ഞാനെത്ര കഴിച്ചു തീർത്തു!

അമ്മിയിലരച്ചെടുത്തുണ്ടാക്കണ വിഭവങ്ങളാണെങ്കില്‍ അരയ്ക്കാന്‍ തമ്മിത്തല്ലാണ്. എന്നും അമ്മീല് അരച്ചാല്‍ ശരീരം വടിവൊത്തുവരും ന്നൊരു സൂത്രം അമ്മ ഞങ്ങളോട് പറഞ്ഞു തന്നതു തന്നെ കാരണം.

കയ്പ്പക്ക കൃഷി വിപുലമായിരുന്നു. അച്ഛന് ഷുഗര്‍ ഉണ്ടായിരുന്നതിനാല്‍ രണ്ടു നേരം പാവയ്ക്കാ നീര് കുടിക്കുന്നതിനായി , താഴത്തെ പറമ്പില്‍ നാല് കണ്ടങ്ങളില്‍ ഒന്നിച്ചൊരു വലിയ പന്തലിട്ടായിരുന്നു കൃഷി. പാവയ്ക്കാ കൃഷിയുടെ പ്രത്യേക മേല്‍നോട്ടത്തിന് പാതേടെ അപ്രത്ത് നിന്നും എര്‍പ്പായേട്ടന്‍ വരും. വീട്ടാവശ്യം കഴിഞ്ഞാല്‍ ബാക്കി എര്‍പ്പായേട്ടന്‍ ചന്തയില്‍ കൊണ്ട് പോകും. മുന്തിരി തോപ്പെന്ന ഭാവേന ഞങ്ങള്‍ പന്തലിനുള്ളിലൂടെ ആടിപ്പാടി നടക്കും. കാടിനുള്ളിലെ കാടെന്നോണം ഒളിച്ചുകളിയ്ക്കാനൊരിടം. പന്തലിനിടയിലൂടെ വീഴുന്ന കൊച്ചു വെളിച്ചത്തിലിരുന്നാണ് ചില നേരങ്ങളിലെ വായനയും . മുള്ളുപോലുള്ള മുനപ്പുകളോടെ നീണ്ടു കിടക്കും ഭംഗിയുള്ള പാവയ്ക്കകള്‍. വെളുത്തതും പച്ചേം. കുഞ്ഞുകയ്പ്പക്കപ്പൂക്കള്‍ മഞ്ഞച്ചിരി ചിരിച്ച് കാറ്റിലാടും. ആര്‍ക്കും വേണ്ടാത്ത കയ്പ്പക്ക എരിവും ഉപ്പും ചേർത്ത് നെയ്യിലിട്ട് വാട്ടി വലിയിച്ചെടുത്ത് കയ്പു മാറ്റിയാല്‍ പിന്നെ അതിനായി അടികൂടുമായിരുന്നു ഞങ്ങള്‍. പത്തു പാവയ്ക്ക വാട്ടി വരുമ്പോ ഒരു കുഞ്ഞു പാത്രമേ ണ്ടാവൂ. അമ്മ ചോറും കൂട്ടി ചൂടോടെ ഉരുട്ടി തരുമ്പോ, വലിയ ഉരുളക്കാവും തല്ല് നടക്കുക. കയ്പ്പിനിത്ര രുചിയോ എന്ന് തോന്നിപ്പോയിട്ടുണ്ട്‌.

വാഴത്തോട്ടത്തില്‍ വാഴപ്പൂവിലെ തേന്‍ കുടിയ്ക്കാന്‍ ചെറുപൂങ്കിളികള്‍  എത്തും. ബാക്കി വരുന്ന തേന്‍ കുടിയ്ക്കാന്‍ ഞങ്ങളും. ഓരോ പൂവും വിടര്‍ത്തി മൊത്തിക്കുടിയ്ക്കും ആ തേന്‍ മധുരം. വാഴക്കൊടപ്പന്‍ കൊണ്ട് അമ്മ തോരന്‍ വച്ചു തരും. ചില വാഴയുടെ കൊടപ്പന്‍ കൂട്ടാന്‍ വച്ചാല്‍ കയ്പ്പാണ്. അമ്മയ്ക്കേ അറിയൂ ഏതാണ് കൂട്ടാന് നല്ലതെന്ന്.   ആദ്യത്തെ കുറെ പോളകള്‍ അടര്‍ത്തിക്കളഞ്ഞാല്‍ ഉള്ളിലുണ്ടാവും വിളറിയ നിറത്തില്‍ ചെറിയ കൂമ്പ്. അതിനെ അരിഞ്ഞ് വെള്ളത്തിലിട്ട് കറ കളഞ്ഞ് ഉപ്പും മഞ്ഞളും വെളിച്ചെണ്ണയും തിരുമ്പി വയ്ക്കും. കുറച്ചു കൂമ്പേ ഉള്ളൂവെങ്കില്‍ പരിപ്പും ചേര്‍ത്ത് കാച്ചും. പിണ്ടിയുടെ കൂടേയും പരിപ്പോ പയറോ മുതിരയോ ചേര്‍ത്ത് കുത്തിക്കാച്ചീതോ ഒഴിച്ചു കൂട്ടാനോ ഉണ്ടാക്കും. വാഴമാങ്ങ ( വാഴക്കല്ല ) കൊണ്ടും തയ്യാറാക്കും ഇതുപോലുള്ള വിഭവങ്ങള്‍. കൂമ്പിനുള്ള രുചി മാങ്ങയ്ക്കോ കല്ലയ്ക്കോ തോന്നിയിരുന്നില്ല.

സന്ധ്യ നേരങ്ങളിലാവും കപ്പേടേം കാ‍ന്താരിച്ചമ്മന്തീടേം വരവ്.അതിന്‍റെ എരിവിനൊപ്പം ചുടുക്കന്‍ കട്ടന്‍ കാപ്പീം. ചില സമയങ്ങളില്‍ നാവില്‍ മധുരമുണര്‍ത്തി വരും മധുരക്കിഴങ്ങും ചക്കരക്കാപ്പീം. ഇതൊന്നും പോരാതെ അമ്മ ണ്ടാക്കണ, എരിവുള്ള  മുതിരക്കുറുക്കും. മുതിര വറുത്ത് കുത്തി പരിപ്പെടുത്ത് മുളകുപൊടിച്ചതും  ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച് തേങ്ങേം  പച്ചമുളകും ജീരകോം വെണ്ണപോലെ അരച്ചൊഴിയ്ക്കും. അതിലേയ്ക്ക് കടുകും മുളകും വേപ്പിലേം  പൊട്ടിച്ച് വറുത്ത തേങ്ങേം ചേര്‍ത്തിളക്കിയിറക്കും. വെറുതേ കോരിക്കുടിയ്ക്കാന്‍ കേമം.

താഴത്തെ കിണറിന്നരികില്‍ പടര്‍ന്നു വലുതായ കടപ്ലാവില്‍ മുഴുത്ത കടച്ചക്കകളുണ്ടാവും. കനലിലിട്ടു ചുട്ടും വറുത്തരച്ചു വച്ചും ഉള്ളിയും മുളകും ഇട്ട് കാച്ചിയും രുചിമേളങ്ങളുടെ  കടച്ചക്കക്കാലവും നാവിലങ്ങനെ ഇടം പിടിച്ചു.

വൃശ്ചികക്കാറ്റ്‌ വീശാന്‍ തുടങ്ങിയാല്‍ അമ്മ വടക്കേപ്പുറത്ത് മുരിങ്ങമരത്തിന്റെ ചോട്ടില്‍ അടുപ്പ് കൂട്ടി ചാണകം മെഴുകി കളമുണ്ടാക്കിക്കും. കഞ്ഞിയോ കാച്ചിലോ പുഴുക്കോ ഒക്കെയാവും അധികോം അവിടെ ഇരുന്നുണ്ടാക്കുക. എന്‍റെ പ്രിയപ്പെട്ട പാചകദേശവും അതായിരുന്നു. വിജന രാത്രികളില്‍ ആകാശം നോക്കി, നക്ഷത്രങ്ങളേം അമ്പിളിമാമനേം കണ്ട് വയറു നിറച്ചതിന്റെ അനുഭൂതികളുണ്ട്. കാറ്റില്‍ മുരിങ്ങയില പാറി വീഴും. ചൂടുള്ള, മുരിങ്ങയില- മുട്ടച്ചിക്കിയില്‍ തീരാറുണ്ട് ചില അത്താഴ സമയങ്ങള്‍.

മകരക്കൊയ്ത്ത് കഴിഞ്ഞ പാടം ഉഴുതു മറിച്ചാണ് എള്ള് കൃഷി. എള്ളിന്‍പൂ പോലുള്ള മൂക്കെന്ന അലങ്കാരം കേട്ടിട്ടുണ്ടെങ്കിലുംചെടികള്‍ പുഷ്പ്പിച്ചപ്പോഴാണ് ഇളം വയലറ്റ് നിറമുള്ള നീണ്ട പൂവിനെ വിശദമായി കണ്ടത്. ഒരെത്തും പിടീം കിട്ടാത്തൊരു താരതമ്യമായാണ് അതെനിയ്ക്ക് തോന്നീട്ടുള്ളത്. “നല്ല മൂക്ക് കാണാത്യാ ക്ടാവേ” ന്ന് ശാന്തേച്ചി പറയും. ഇലകളിലും കായ്കളിലും മഞ്ഞ പരന്നാല്‍ വിളഞ്ഞെന്നാണ് കണക്ക്. കടയോടെ പറിച്ചെടുത്ത് കൊണ്ടുവന്ന് കെട്ടുകെട്ടായി വയ്ക്കും. നാലഞ്ചു ദിവസം കഴിഞ്ഞ് പനമ്പിലിട്ടു കുടഞ്ഞു തല്ലും. കല്ലും മണ്ണും എള്ളും കൂടിയ ഒരു മിശ്രണം.

ആദ്യം മുറത്തിലിട്ട് തട്ടിക്കൊഴിച്ച് കല്ലും പൊടീം കളയും. മുറം തട്ടിപ്പറിച്ചു വാങ്ങി ചേറ്റല്‍ മത്സരമാണ്, " മാറ് ക്ടാങ്ങളെ മന്ഷ്യന്റെ പണി ചുറ്റിക്കാതെ" എന്ന് പറഞ്ഞ് അവരോടിയ്ക്കുമെങ്കിലും അതും തഞ്ചത്തില്‍ പഠിച്ചെടുത്തു. ഞങ്ങൾക്കായി അമ്മ കുഞ്ഞുമുറങ്ങൾ നെയ്യിച്ചു. ചൂണ്ടു വിരല്‍ കൊണ്ട് മുറത്തിന്റെ രണ്ടരികും കൊട്ടിക്കൊണ്ടുള്ള കൊഴിച്ചിലിന്റെ താളം ഇന്നുമുണ്ടെന്റെ് വിരലുകളില്‍.

ഉണക്കും മുമ്പേ പച്ച എള്ള് ഇടിച്ച് എള്ളുണ്ട ണ്ടാക്കും. വറുക്കാതെ പച്ചക്കിടിച്ചുണ്ടാക്കണ എള്ളുണ്ടയ്ക്ക് വിശിഷ്ടമായ സ്വാദാണ്. അതാണ്‌ അച്ഛനിഷ്ടം. "ശ്ശ് ..ശ്ശ്.." .എന്ന ശബ്ദത്തിന്‍റെ അകമ്പടിയോടെ കയ്യാലപ്പുരയിലെ വലിയ ഉരലില്‍ എള്ളും തേങ്ങേം ശര്‍ക്കരേം  ഇട്ട് മൂന്നു പേർ ഉലക്ക കൊണ്ട് മാറി മാറി ഇടിച്ചു കുത്തുമ്പോ പിന്നെ ഉലയ്ക്കക്ക് വേണ്ടിയാവുംഞങ്ങള്‍ ബഹളം കൂട്ടുക. ഒരു കൈ കൊണ്ട് ഉരൽക്കുഴിയിലേയ്ക്ക് പ്രത്യേക വഴക്കത്തോടെ എറിഞ്ഞ് കുത്തുന്ന ഉലയ്ക്ക മറ്റേ കൈ കൊണ്ട് വീശിപ്പിടിക്കണം.രണ്ടുകയ്യിലുമല്ലാതെ ഉലയ്ക്ക തനിച്ചു നില്‍ക്കുന്നൊരു അര്‍ദ്ധ നിമിഷമുണ്ടാകും ഇടയില്‍. ഉലയ്ക്ക കൊണ്ടുള്ള അമ്മാനമാടല്‍ തന്നെ. ഇടിയ്ക്കാന്‍ പൂതിയിളകി ഞങ്ങളും ഉലക്ക പിടിച്ചു വാങ്ങും. ശ്ശ്..ശബ്ദത്തോടെ ഞങ്ങളതും പയ്യെ പഠിച്ചു. ഉരല്‍പ്പുരയില്‍ നിന്നും എത്തുന്ന , എള്ളെണ്ണയും വെളിച്ചെണ്ണയും ശര്‍ക്കരനീരും ഒന്നിച്ചൊലിയ്ക്കുന്ന , കറുത്ത ഉണ്ടകളുടെ സ്വാദ് ദാ..ഇവിടെ, ഈ നാവിന്‍ തുമ്പത്തുണ്ട്.

വേനലുകള്‍ അമ്മേടെ കൊണ്ടാട്ടങ്ങള്‍ കൊണ്ട് നിറയും. പച്ചമുളകില്‍ ഈര്‍ക്കിലി കൊണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കി ഉപ്പും തൈരും ചേര്‍ത്തതിലിട്ടുവച്ച ശേഷം മുളക് മാത്രം കോരി തുണിയിലോ പായയിലോ വിരിച്ച്  വെയിലത്തുവച്ചുണക്കും. വെയിലാറിയാല്‍ അതെടുത്ത് ബാക്കിവന്ന തൈരില്‍ തന്നെയിടും. തൈര് വറ്റുവോളം മുളകുണങ്ങുവോളം ഇത് തുടരും. പിന്നെ ചില്ലിന്റെ കുപ്പികളിലാക്കി അടച്ചുവയ്ക്കും. പാവയ്ക്ക വട്ടത്തിലരിഞ്ഞു ഉപ്പും മഞ്ഞളും മുളകും തിരുമ്മി ഉണക്കിയാല്‍ പാവയ്ക്കാക്കൊണ്ടാട്ടം. ബാക്കി വരുന്ന ചോറ് അരച്ച് കായവും ഉപ്പും മുളകും എള്ളും ചേര്‍ത്താല്‍ അരിക്കൊണ്ടാട്ടം. കൊണ്ടാട്ടങ്ങളുടെ കൊണ്ടാട്ടക്കാലം..

പറങ്കിമാവെന്ന് അച്ഛമ്മ പറയാറുള്ള കശുമാവിന്‍ തോപ്പാണ് രുചിക്കൂട്ടിലെ മറ്റൊരു കേന്ദ്ര ബിന്ദു. പച്ചക്കശുവണ്ടി കീറി തേങ്ങാപ്പാലില്‍ വയ്ക്കുന്ന കറിയുടെ മണം മതി ഊണു കഴിയ്ക്കാന്‍. അത്ര ഗംഭീരം. മഴക്കാലത്ത് താഴെ വീണ് മുളയ്ക്കുന്ന അണ്ടിപ്പരിപ്പ് ചപ്പുചവറുകള്‍ മാറ്റി തിരഞ്ഞു നടന്ന് കഴിക്കും. എള്ളുണ്ട പോലെ ഇടിച്ചെടുക്കുന്ന കശുവണ്ടിയുണ്ടയുടെ സ്വാദ് പറയുകയേ വേണ്ടല്ലോ.

വൃശ്ചികക്കാറ്റും ധനുക്കുളിരും മകരമഞ്ഞും ഓണവും വിഷുവും വേനലും മഴയും ഒന്നൊന്നും വിടാതെ, കൊല്ലം മുഴുവനും പേറിക്കൊണ്ടു വന്നിരുന്ന രുചിക്കൂട്ടുകള്‍ സാമ്യമകന്നതാണ്. ഒരിയ്ക്കലും തിരികെ കിട്ടാത്ത സ്വാദിന്റെ ഉറവകള്‍. കൊതിപ്പിച്ച് കൊതിപ്പിച്ച് ഒടുവില്‍ നഷ്ടബോധത്തിലേക്ക് മുക്കിത്താഴ്ത്തുന്ന ഓര്‍മകള്‍, എത്ര കഴിച്ചാലും തൃപ്തി വരാതെ, എവിടെ ആ പഴയ രുചികളെന്ന സങ്കടപ്പെടലുകള്‍ ബാക്കി വയ്ക്കുന്നവ.

തൊട്ടതും നട്ടതും നനച്ചതുമെല്ലാം വാരിവിളമ്പിയ രുചിപര്‍വ്വങ്ങള്‍ . ഏതേതോ  നൊമ്പരങ്ങള്‍ അലിഞ്ഞു ചേര്‍ന്ന എത്രയെത്ര സ്വാദോര്‍മകള്‍ !


നേരോം കാലോം ഇല്യാതെ മൂക്കത്തൊരുമ്മ തന്ന് കൊതിപ്പിച്ചുകൊണ്ട് കടന്നു പോകുന്ന രുചിപ്പെരുമകള്‍ പറഞ്ഞുതീരില്ല. ജീവിതത്തോട് അത്രയും ചേര്‍ത്തുതുന്നിയ കാലങ്ങളാണവ. 


തിരശീലയില്ലാത്ത ഒഴിഞ്ഞ അരങ്ങുപോലെ ആളനക്കമില്ലാതെ, എല്ലാം നിശ്ചലമായിരിയ്ക്കുന്നു എന്നതുകൊണ്ട് മാത്രം ഇല്ലാതാവുന്നില്ലല്ലോ ഒന്നും. അതേ ..ഒരേയൊരു കാഴ്ചയോ ഗന്ധമോ മതിയാവും വീണ്ടുമാ രുചിപ്പച്ചയിലേക്ക് ചേക്കേറാന്‍.  ഒന്നും നഷ്ടമായിട്ടില്ലെന്ന ബോധം ഊട്ടിയുറപ്പിക്കാനായി എല്ലാരുമുണ്ടവിടെ, എല്ലാമുണ്ട്. കാഴ്ചകൾ മാത്രമാണ് മറഞ്ഞത്.,മനസ്സെന്നുമെപ്പോഴും നിറഞ്ഞു തൂവിക്കൊണ്ടേയിരിക്കും.

5 അഭിപ്രായങ്ങൾ:

  1. പച്ചച്ച കൂർക്ക ഇലകൾ കയ്യിലിട്ടു തിരുമി വാസനിച്ചു ...എന്നെപ്പോലുള്ള വായനക്കാർക്കും ആ മണം മൂക്കിൽ തുളച്ചു കയറി .എന്റെ ചെറുപ്പത്തിൽ ഞാനും അങ്ങനെ എത്ര കൂർക്ക ഇലകൾ തിരുമ്മിയിരിക്കുന്നു ..ഇപ്പോൾ മറന്നിരുന്ന ആ വാസന ഒരു 35 കൊല്ലത്തിനു ശേഷം ഓർമ്മയിൽ കൊണ്ടുവന്നതിന് നന്ദി ..എഴുത്ത് നന്നായി ആസ്വദിച്ചു ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. മങ്ങിയ കാഴ്ചകളായി മാറിയ നമ്മുടെ
    സ്വന്തം കൃഷിയിടങ്ങൾ ഒപ്പം ആ രുചിയിടങ്ങളും...
    ഗൃഹാതുരതത്വം മാടിവിളിക്കുന്ന ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി
    കേട്ടോ ഹാബി

    മറുപടിഇല്ലാതാക്കൂ
  3. സ്നേഹം പുനലൂരാനേ ...സ്നേഹം മുരള്യേട്ടാ

    മറുപടിഇല്ലാതാക്കൂ
  4. കൃഷിയിടങ്ങള്‍ വില്ലകളും,ഫ്ലാറ്റുകളുമായി മാറുന്നകാലം!
    രചിഭേദങ്ങള്‍.....
    നന്നായെഴുതി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ