2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ചുവന്ന ലില്ലിപ്പൂക്കള്‍
“ശ് ശ്.. പതുക്കെ... അത് പറന്നുപൂവും .”


മാസങ്ങൾ കൂടുമ്പോൾ ഒരിയ്ക്കലേ വരൂ ആ വെളുത്ത പക്ഷി . നീണ്ടുകിടക്കുന്ന വാലിട്ടിളക്കി കൊതിപ്പിക്കും.. പതുങ്ങിപ്പതുങ്ങി കുറേ ദൂരം പിന്നാലെ ചെന്നാലും പിടിതരാതെ എങ്ങോ പോയ്മറയും.


ഇന്നും കൊതിപ്പിച്ചു പറന്നുപോയി .


“ശോ ഈ ചേച്ചി കാരണാ... ചേച്ച്യല്ലേ ശബ്ദണ്ടാക്ക്യേ അല്ലെങ്കി പിടിക്ക്യാർന്നൂ..”


“ചെല്‍പ്പോ ഈ പൊന്തക്കാടിന്റപ്പര്‍ത്ത് ഇരിക്കണുണ്ടാവും അത് . നമുക്ക് കൊര്‍ച്ച്‌ നേരം കാത്ത് നിന്നാലോ? ”.


“ചേച്ചിക്കുട്ടാ വാവാച്ചീ ...ഇൻച്ച് ആ പൂവ് പറിച്ചു തര്വോ..?”


“ഏത് പൂവാണ് കിളിക്കുട്ട്യേ..?”


"ദദ്... ആ ചോന്ന പൂവ്..”


മുള്ളുള്ള മരത്തിൽ തീപ്പന്തം കത്തിച്ചപോലെ കുറേ പൂക്കള്‍.


“യ്യോ വേണ്ട കുട്ട്യേ..കണ്ണിക്കേട്‌ പൂവാണത്. നോക്കാനും കൂടി പാടില്ല്യ” .


“കണ്ണിക്കേട്‌ പൂവോ..?.”


“ഉം. കൊര്‍ച്ച്‌ നേരം അതിനെ നോക്ക്യാല് നമ്മടെ കണ്ണുകളും അതുപോലെ ചോന്നു ചോന്നു വരും.. ന്നിട്ട് കണ്ണിക്കേട്‌ വരും..”


“ ന്നാലും ഇന്‍ക്ക് ഒരെണ്ണം വേണം. ”


“ആ കാടും പടലേം പിടിച്ചേടത്തേയ്ക്കു പോകരുതെന്നാ അമ്മ പറഞ്ഞേക്കണേ. പാമ്പുണ്ടാവും. ബാ... നമുക്ക് മടങ്ങിപൂവാം. അവിടെ മതിലിന്റടുത്തു ഇതിലും ഭംഗീള്ള വേറെ പൂക്കളുണ്ട്‌. ചേച്ചി അത് പറിച്ചു തരാം...”


പടരുന്ന തീ ജ്വാലപോലെ ഒന്നിച്ചു വിരിഞ്ഞുനില്‍ക്കുന്ന ചുവന്ന ലില്ലിപ്പൂക്കള്‍ കുങ്കുമ സന്ധ്യയുടെ ഭംഗി കൂട്ടി.


മൂന്നു പൂക്കൾ ഇറുത്ത് കിളിക്കുട്ടിക്ക് കൊടുത്തപ്പോൾ ഓമനമുഖം തെളിഞ്ഞു.


“അമ്മ വരുമ്പോഴേയ്ക്കും വിളക്കു വച്ചില്ലെങ്കിൽ വഴക്കു പറയും.. ചേച്ചി മേലുകഴുകീട്ടു വരാം ട്ട്വോ...”


“അമ്മ ഏട്യാ?”


“പറമ്പിലാ കുട്ട്യേ.. പണിക്കാര് കേറീട്ടില്ല്യാലോ.”


അവൾ തുള്ളിച്ചാടിക്കൊണ്ട് അമ്മേടെ അടുത്തേക്കോടി.


നടുവകത്തുകൂടെ കടക്കുമ്പോൾ ആ “ചില്ലുകുപ്പി” ശ്രദ്ധയിൽ പെട്ടു. അതിൽ നിറയെ ലഡ്ഡുവാണ്. ഇടയിൽ ഓരോ കറുത്ത മുന്തിരിങ്ങയും കല്‍ക്കണ്ടവും ഉള്ള നെയ്‍മണമുള്ള മഞ്ഞലഡ്ഡു.ചില്ലുകുപ്പിയിലെ പുതിയ അതിഥി. വാങ്ങിക്കൊണ്ടുവന്നപ്പോൾ അമ്മ ഓരോന്ന് തന്നിട്ട് പറഞ്ഞു,

" ബാക്കി അതിലിരിക്കട്ടെ, വിരുന്നുകാര്‍ക്ക് കൊടുക്കാം .”


ഹൊ ! കൊതിയാവുന്നു!


ഉമ്മറത്ത് വിളക്കു കൊളുത്തി വച്ച്, നാമം ചൊല്ലാനുള്ള ക്ഷമകൂടി കാണിക്കാതെ എഴുന്നേറ്റു.


എങ്ങനെ എടുക്കും ലഡ്ഡു ?!


മേശയുടെ താഴെയുള്ള വലിപ്പുകൾ തുറന്ന് അതിൽ ചവിട്ടിക്കയറിയാലോ.. !


ഏറ്റവും താഴെയുള്ള വലിപ്പിൽ കാലുറപ്പിച്ചു, പിന്നെ അടുത്തതിൽ ചവിട്ടി, കുപ്പിയിൽ തൊട്ടു. അടപ്പിന്റെ നടുവിലെ ഗോളാകൃതിയിലുള്ള മൊട്ടില്‍ തൊട്ടതും അങ്കലാപ്പിൽ , കൈത്തട്ടി, കാതടപ്പിക്കുന്ന ശബ്ദത്തോടെ കുപ്പി മറിഞ്ഞു താഴേക്കു വീണു.


ചിതറിത്തെറിച്ച ലഡ്ഡു , തിളങ്ങുന്ന ചില്ലു കഷ്ണങ്ങൾക്കിടയിൽ നിറം മങ്ങിയ നിലത്ത് പൊടിഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ കയ്യും കാലും തളർന്നു.


അമ്മയുടെ അടിയുടെ ചൂട് തൊലിപ്പുറത്തുകൂടെ ആവിയായി പറക്കുന്നു. ചെവിക്കു പിടിച്ച് ആട്ടിയാട്ടി അമ്മ ഒരുന്തു തന്നാല്‍ ചുമരിൽ പോയി ഇടിച്ച് നിൽക്കും.. യ്യോ! ! ഓർക്കുമ്പോഴേ പേട്യാവുന്നു! തല തിരിയുന്നപോലെ!


അമ്മ വരും മുന്‍പേ മുറിയില്‍ പോയി പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്നു. അക്ഷരങ്ങളിൽ ഇരുട്ട്! തലയ്ക്കു മന്ദത!


" ഡി വാവേ "


പ്രതീക്ഷിച്ചിരുന്നതാണ് എന്നിട്ടും വിരണ്ടു പോയി.


“ദാരേദ് തട്ടീട്ടത്?”


“ഏ... ഏത്?”


“ലഡ്ഡൂന്റെ കുപ്പി..നീയാണോ മരംകേറീ.. ആണോന്ന്?”


“അ..ല്ല..മ്മേ...”


“ പിന്നാരാ..?”


ശിക്ഷയെ ഭയന്ന് നിന്നുവിക്കി. ആ കറുത്ത നിമിഷം ഒരു കുറ്റവാളിയെ പെറ്റിട്ടു..


“അത്.. അതില്യേ.. കിളിക്കുട്ട്യാ.. അവള് അലമാരീമെ 
പൊത്തിപ്പിടിച്ചു കേറീതാ ”


“അപ്പോ നീയെവിട്യായിരുന്നൂ?”


“ഞാ... ഞാങ്കുളിക്ക്യാൻ പോയ നേരത്താ...”


ചൂലിൽ നിന്നും ഒരു പിടി ഈർക്കിലി അമ്മയുടെ കൈപ്പിടിയിലേയ്ക്ക് വലിഞ്ഞു.


ഓർക്കാപ്പുറത്താണ് കിളിക്കുട്ടി അടികൊണ്ട് പുളഞ്ഞത്..ഓരോ അടിയ്ക്കും അവൾ നിലം തൊടാതെ നിന്നുതുള്ളി.


“അതുമ്മന്നെങ്ങാനും തലകുത്തി താഴെ വീണീരുന്നെങ്കിലോ ..ഇനി ചെയ്യ്വോ ..ഉവ്വോ ഇനി ചെയ്യ്വോ ..?”


"വാച്ചീ...യ്യോ അമ്മോട് തല്ലല്ലേ പറയു വാച്ചേച്ചീ...”


കഥയറിയാതെ രക്ഷയ്ക്കായി എന്നെ നോക്കി നിലവിളിക്കുകയാണ് പാവം.


ഹൃദയം നുറുങ്ങുന്നതറിഞ്ഞപ്പോള്‍ പാപനിവാരണത്തിനെന്നോണം ഞാൻ അമ്മയെ വട്ടം കെട്ടിപ്പിടിച്ചു കരഞ്ഞു.


“ അത് ചെയ്തത് ഞാനാണമ്മേ ..”.


നികൃഷ്ടയായി , അപരാധിയായി ശിക്ഷയുടെ പ്രഹരമേൽക്കാന്‍ തല കുമ്പിട്ടിരുന്നു.
എന്റെ കരച്ചിൽ കിളിക്കുട്ടീടെ ഏങ്ങലടിയിൽ മുങ്ങിപ്പോയി.


ഒരുപോലെ മുറിവേറ്റ മൂന്നു പേർ!


“എന്തിനാ വാവേ നുണപറഞ്ഞത്... ഉണ്ണ്യേ ഞാന്‍ എത്രതല്ലി! ...” കുറ്റബോധത്തില്‍ ഇടറുന്ന അമ്മശബ്ദം. !


“ഞാന്‍വിചാരിച്ചു... ഉണ്ണ്യാന്ന് പറഞ്ഞാല്‍ അമ്മ തല്ലൂല്യാ ന്ന്..”


അമ്മ കിളിക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്തു. അവള്‍ എങ്ങലടക്കി അമ്മയോടൊട്ടിക്കിടന്നു. 
കുഞ്ഞു കാൽവണ്ണകളിൽ അടിയുടെ ചോരപ്പാടുകൾ! ‍ മനസ്സ് ചുട്ടുനീറി. കാലത്തിനും മായ്ക്കാനാവാത്ത നീറ്റൽ!


സ്വന്തം തെറ്റ് മറ്റൊരാളുടെ ചുമലില്‍ കയറ്റിവയ്ക്കുക ! ആദ്യമായും അവസാനമായും അതിന്‍റെ വേദനയറിഞ്ഞു.


ചില തെറ്റുകൾക്ക് പ്രായശ്ചിത്തമില്ല , ഒരു ഓർമപ്പെടുത്തൽ പോലെ, കണ്ണീരിന്‍റെ ഉണങ്ങിയ ചാലുകളായി അവ എന്നും അവശേഷിക്കും.ചുവന്ന ലില്ലിപ്പൂക്കൾ ആളിപ്പടർന്നുവിരിഞ്ഞ്  മനസ്സെരിയിക്കും.


ചേക്കേറാത്തൊരു വെളുത്ത പക്ഷിയും വാടാത്ത ചുവന്ന പൂക്കളും കുട്ടിപ്പാവാടകളും കൈപിണച്ചോടുകയാണ്. ബാല്യം നല്‍കിയ ചെറുതല്ലാത്ത പാഠങ്ങള്‍ മയില്‍പ്പീലിത്തു ണ്ടായും കുന്നിക്കുരുച്ചെപ്പായും കുപ്പിവളപ്പൊട്ടുകളായും   സസൂക്ഷ്മമുണ്ട് ഇന്നും നെഞ്ചില്‍.

കുങ്കുമ സന്ധ്യകള്‍ തുടുക്കുംനേരം ലില്ലികള്‍ നിറഞ്ഞു പൂക്കുന്നു. ഒരു കുഞ്ഞു വിരലില്‍ സാന്ത്വനത്തിന്റെ സ്പര്‍ശമേല്‍ക്കുന്നു.

6 അഭിപ്രായങ്ങൾ:

 1. ബാല്യം നല്‍കിയ ചെറുതല്ലാത്ത പാഠം! നന്നായി എഴുതിട്ടോ :)

  മറുപടിഇല്ലാതാക്കൂ
 2. ബാല്യകാലത്തെ ഓർമ്മക്കുറിപ്പ് ഏറെ നന്നായി അവതരിപ്പിച്ചു . അനിയത്തിക്കുട്ടിയെ കാണുമ്പൊൾ ഇപ്പോഴും ഇതോർത്തു സങ്കടം ഉണ്ടാവുമോ.... നമ്മൾ ചെയ്ത തെറ്റ് ആരുടെമേലും കെട്ടിവച്ച് രക്ഷപെടരുത് എന്നൊരു പാഠം കുഞ്ഞുന്നാളിലേ മനസ്സിൽ ശപഥം എടുത്തു ല്ലേ... നല്ല എഴുത്തിനു ആശംസകൾ കൂട്ടുകാരി.

  മറുപടിഇല്ലാതാക്കൂ
 3. ബാല്യത്തിലെ ഓർമ്മകൾക്ക് മരണമില്ല...

  മറുപടിഇല്ലാതാക്കൂ
 4. ചില തെറ്റുകൾക്ക് പ്രായശ്ചിത്തമില്ല..കൊള്ളാം നല്ല ഓർമ്മപ്പെടുത്തൽ ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 5. പ്രായശ്ചിത്തം ചെയ്യാനാവാത്ത
  കുഞ്ഞു തെറ്റുകളിലൂടെ / അനുഭവത്തിലൂടെ
  അറിയുന്ന ഏറ്റവും വലിയ ബാലപാഠങ്ങൾ ...!

  മറുപടിഇല്ലാതാക്കൂ