2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പൂവുകൾ പൂത്തുമ്പികൾ


                                             





യൂക്കാലിപ്റ്റസ് മരങ്ങൾ ഇലകളും കായ്കളും പൊഴിച്ചു കൊണ്ടേയിരുന്നു. വല്ല്യമ്മേടെ വടക്കേ മുറ്റത്തുള്ള വടുകപ്പുളി നാരകം പൂവിട്ടു. 


വേലിപ്പടർപ്പുകൾക്കിടയിലൂടെ അരണകളും ഓന്തുകളും പരക്കം പാഞ്ഞു. വെയിലിൽ അരണകൾ തിളങ്ങി. ഓന്തുകൾ പ്രകൃതിയുടെ നിറങ്ങൾ കടം വാങ്ങിയും കൊടുത്തും സമയം മറന്നു. വഴിയരികിൽ ചെമ്പോത്തുകൾ കണിയൊരുക്കി ഇരുന്നു. കൊങ്ങിണിപ്പൂക്കൾ ചുണ്ടു ചോപ്പിച്ചു വഴിയിലേയ്ക്കു എത്തി നോക്കി ചിരിച്ചു മയങ്ങി! കായാമ്പൂക്കൾ മുള്ളുവേലിയിൽ നീലപ്രകാശം വിതറി.


അതാ! ഒരു ചുവന്ന പൂത്തുമ്പി (സൂചിത്തുമ്പി) പാറി പോകുന്നു! പമ്മി പമ്മി പിന്നാലെ ചെന്നു. മെലിഞ്ഞു നീണ്ട വാലും സുതാര്യമായ ചിറകുകളും ഉള്ള പൂത്തുമ്പി!. എത്ര മനോഹരവർണ്ണങ്ങളിൽ ആണ് അവ അണിഞ്ഞൊരുങ്ങി വരികയെന്നോ ! ഉയരത്തിൽ വട്ടമിട്ടു പറക്കുന്ന ഓണത്തുമ്പികളേക്കാൾ , വിഷുത്തുമ്പികളേക്കാൾ എനിക്കിഷ്ടം പൂത്തുമ്പികളെയാണ്‌. അധികം പറക്കാനാവില്ല്യല്ലോ അവയ്ക്ക്.

ശ്വാസമടക്കി പൂത്തുമ്പീടെ തൊട്ടരികിൽ...കയ്യൊന്നു നീട്ടി..തൊട്ടുതൊട്ടില്ല. പിടയ്ക്കുന്ന ചുവന്ന ചിറകുകൾ! 

തുമ്പി പറന്നകന്നുപോകുന്നതും നോക്കി വിഷമത്തോടെ നിൽക്കുമ്പോൾ, തിലകൻ വന്നു. എന്റെ അയൽക്കാരൻ, കൂട്ടുകാരൻ.

"പെണ്ണേ നമുക്ക് വല്ല്യ തുമ്പ്യേ പിടിയ്ക്കാം ..ന്നിട്ട് കല്ലെടുപ്പിയ്ക്കാം.."

"യ്യോ ഞാനില്ല ..പാവം തുമ്പി.." 

"ഇല്ല്യ , അതിനാ കല്ലൻ തുമ്പീന്ന് പറയണേ..അത് കല്ലെടുക്കാൻ ഉള്ളതാ .."

"ന്റെ അച്ഛമ്മ പറഞ്ഞു കല്ലെടുപ്പിച്ചാൽ പാപാണെന്ന്.."

"ന്നാ നീ പിടിയ്ക്കണ്ട..."

പറഞ്ഞ നേരം കൊണ്ട് തിലകന്റെ കൈയ്യിൽ പിടയ്ക്കുന്ന വലിയ തുമ്പി. 

അവൻ അതിന്റെ വാലിൽ പിടിച്ച് മണ്ണിൽ വച്ചിട്ട് പറഞ്ഞു, 
"കല്ലെടു തുമ്പീ കല്ലെടു തുമ്പീ".

തുമ്പി ചിറകുകൾ പടപടാന്നു പിടപ്പിച്ചു കൊണ്ട് കല്ലിൽ ഇറുക്കി പ്പിടിച്ചിരുന്നു. 

പാവം വലിയ കണ്ണുകൾ തുറുപ്പിച്ചു എന്നോട് “രക്ഷിക്കൂ” എന്ന് പറയും പോലെ തോന്നി. 

"കണ്ടോ..കണ്ടോ.. അതിനിഷ്ടാ കല്ലെടുക്കാൻ" അവൻ തുള്ളിച്ചാടി.

"ഇല്ല്യ..അതിനൊരു ഇഷ്ടോമില്ല്യ.. അച്ഛമ്മ പറഞ്ഞിട്ടുണ്ട് പേടിച്ചിട്ടാണ് അത് കല്ലിൽ ഇറുക്കിപ്പിടിക്കണേന്ന് .."

ഞാൻ പിണങ്ങി നിന്നു.

അവൻ തുമ്പിയെ വിട്ടു. അത് കല്ലും കൊണ്ട് പ്രാണരക്ഷാർത്ഥം പറന്നുപോയി.

"മയങ്ങി നിക്കാതെ വെയിൽ പരക്കും മുൻപേ ആ കണലിക്കായകൾ പറിച്ചെടുക്കു പെണ്ണേ" . എന്റെ സങ്കടം വകവെയ്ക്കാതെ അവൻ പറഞ്ഞു.

"നിനക്ക് മുളകൊണ്ട് ഞാനൊരു കൊട്ടത്തോക്കുണ്ടാക്കിത്തരാം. ന്നിട്ട് നമുക്ക് കണലിക്കായകൾ അതിലിട്ട് “ട്ടേ ട്ടേ” ന്നു പൊട്ടിച്ചു കളിയ്ക്കാം"

"പോ ചെക്കാ ങ്ഹും! ഞാൻ പറിക്കൂലാ. നിനക്ക് പറിച്ചാലെന്താ.. "

"വേണോങ്കി മതി ".

"നിനക്കതിനു തോക്കുണ്ടാക്കാൻ അറിയാമോ ?"

"പിന്നേ..ഞാൻ വേണോങ്കി ബീമാനോം ണ്ടാക്കും..കാണണോ നിനക്ക് ?"

"ബീംബീസുപറയാതെ പോണുണ്ടോ ചെക്കൻ?"

കായാമ്പൂചെടിയിലെ മഞ്ഞമണിക്കായ്കൾ പറിച്ചെടുത്ത് ഞാൻ കുട്ടിയുടുപ്പിൽ ഇടുമ്പോൾ തിലകൻ മുളങ്കൂട്ടത്തിന്റെ അടുത്തേയ്ക്ക് പോയി.

"ഈ ചെക്കൻ ഇന്ന് വല്ല പാമ്പിന്റെം കടി കൊള്ളൂലോ തമ്പുരാനേ.. ഇവടെ വാടാ".

പീടികേന്നു സൈക്കിളിൽ വന്നിറങ്ങിയ മമ്വേട്ടൻ തിലകനെ ശാസിച്ചുകൊണ്ട് പുല്ലു വകഞ്ഞു മാറ്റി അവന്റെ അടുത്തേയ്ക്ക് ചെന്ന് തണ്ടൊടിച്ചു ചെത്തി മിനുക്കി കൊട്ടത്തോക്കുണ്ടാക്കി കയ്യിൽ കൊടുത്തു. അവൻ അതുമായി ഓടിവന്ന് എന്റെ മടിയിലെ കായ്കൾ വാരിയെടുത്ത് മുളന്തോക്കിൽ ഇട്ടിട്ടു എന്റെ കവിളുകളിൽ ഉന്നം വെച്ച് തെറിപ്പിച്ചു.

“ചെക്കാ വെർതെ എന്നെ വേദനിപ്പിക്കണ്ടട്ടാ ” 

“വേദനിപ്പിച്ചാ നീയെന്തു ചെയ്യും..”?

“ ഞാൻ നിന്റമ്മയോട് പറഞ്ഞു കൊടുക്കും പൊട്ടാ”

“പൊട്ടനോ …എന്താ വിളിച്ചേ”?

“ഹും.. പൊട്ടൻ തന്ന്യാ. നിന്റെ പേരിന്റെ അർത്ഥം അതാന്നു അച്ഛമ്മ ന്നോട് പറഞ്ഞല്ലോ..” “തിലകം ന്ന്വച്ചാ പൊട്ട്..തിലകൻ ന്ന്വച്ചാ പൊട്ടൻ അങ്ങന്യാ നീ പൊട്ടനായത് "

അവൻ ആകെ ചുവന്നു . തുരുതുരാ എന്റെ കവിളിലേയ്ക്കു കായ്കൾ തെറിപ്പിച്ചു ..

“പൊട്ടൻ.. ഇനീം വിളിയ്ക്കും ... പൊട്ടങ്കാടി .. പോ ചെക്കാ ..”

കണ്ണീരു തുടക്കുന്നതിന്റെ ഇടയിലും വിളിച്ചു കൂവിക്കൊണ്ട് ഞാൻ വീട്ടിലേയ്ക്ക് ഓടിപ്പോയി.
മഞ്ഞുകാലം വന്നു. തെക്കേ എതയ്ക്കലെ വലിയ പുളിമരത്തിൽ തടി കാണാനാവാത്ത വിധത്തിൽ വെളുത്ത രോമവും ചുവന്ന ചുണ്ടുകളും ഉള്ള നീളൻ ചൊറിയൻ പുഴുക്കൾ വന്നു നിറഞ്ഞു..അനങ്ങുന്ന പുളിമരം പോലെ അതൊരു പുഴുമരമായി മാറി. മുറ്റത്തിറങ്ങാൻ പേടിച്ചിട്ട് ഞാൻ വരാന്തയിൽ നിന്നും നീങ്ങാതെ ഒറ്റയ്ക്കിരുന്നു കളിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഓലപ്പമ്പരം പറപ്പിച്ചു കൊണ്ടു തിലകൻ അരികിലെത്തി. മഴയത്ത് തുകൽ വെട്ടാൻ പോകുമ്പോൾ ദാക്ഷായണ്യേച്ചി ഇടാറുള്ള ഒരു പ്ലാസ്റ്റിക് ഉറകൊണ്ട് അവൻ ദേഹമാകെ മൂടിയിരുന്നു.

“നിനക്ക് ചൊറിയൻ പുഴുവിനെ പേട്യാല്ലേ”?

“ഹും.. നിയ്ക്ക് പേട്യാ” ..ഞാൻ ആകെ ചുരുണ്ടുകൂടി. 

“നിയ്ക്ക് പേടീല്ല്യ..” അവൻ പുളിമരത്തിന്റെ കടയ്ക്കലേയ്ക്ക് ശരം വിട്ട പോലെ പാഞ്ഞു.

നോക്കിയിരിക്കെ അവൻ തിരിച്ചോടി വന്നിട്ട് രണ്ടു കയ്യിലും വാരിയെടുത്ത വെളുത്ത പുഴുക്കളെ എന്റെ തലയിലേയ്ക്കിട്ടു. മുഖത്തും കഴുത്തിലും മേലാകെയും പുഴുമയം ! പേടിച്ചു വിറച്ച് കണ്ണുകൾ തുറിച്ച ഞാൻ നിലത്തു കിടന്നുരുണ്ടു.

കാറിക്കരച്ചിൽ കേട്ടിട്ട് പണിക്കാരോടൊപ്പം അമ്മ പറമ്പിൽ നിന്നും കയറി വന്നു.

തിലകൻ എങ്ങോട്ടൊളിച്ചെന്നു കണ്ടില്ല.

കാഞ്ചനേച്ചി എന്റെ ദേഹമാകെ വെളിച്ചെണ്ണ പുരട്ടി കുളിപ്പിച്ച് മരുന്നു പുരട്ടി തന്നു. തടിച്ചു വീർത്ത മുഖവും ദേഹവും പഴയ രൂപത്തിലേയ്ക്കാവാൻ മണിക്കൂറുകൾ വേണ്ടി വന്നു. 

മാമ്വേട്ടൻ തിലകനെ ചെവിയ്ക്കു പിടിച്ചു കൊണ്ടുവന്നു. ദാക്ഷായണ്യേച്ചീടെ കയ്യീന്ന് അവനു പൊതിരെ തല്ലു കിട്ടി. 

ഞങ്ങൾ പരസ്പരം ഒട്ടും സ്നേഹമില്ലാതെ നോക്കിയിരുന്നു.

“തല്ലു കൊള്ളിച്ചില്ല്യെ നീയെന്നെ.? ഉണ്ടക്കണ്ണുരുട്ടി നോക്കണ്ടടി മത്തക്കണ്ണി .”. .. അവൻ പറഞ്ഞു.

"നീയും മിണ്ടണ്ട ചെക്കാ..പൊയ്ക്കോ.." ഞാൻ ചുണ്ട് കൂർപ്പിച്ചു.

പിറ്റേന്ന് പിണക്കമെല്ലാം മാറി കളിയ്ക്കാൻ പോയെങ്കിലും ജീവിതകാലം മുഴുവനും പേറി നടക്കേണ്ടി വന്ന അകാരണമായ ഭയവും അരക്ഷിതബോധവും അപ്പോഴേയ്ക്കും എന്റെ കൂടെ പാർക്കാൻ വന്നുകഴിഞ്ഞിരുന്നു.. 

അസ്വസ്ഥമാകുന്ന മനസ്സിൽ പൂക്കൾക്കും പൂത്തുമ്പികൾക്കും മീതെ പുഴു ഇഴഞ്ഞു നടന്നു... ഇന്നും സ്വപ്നങ്ങളിൽ പോലും ഇഴഞ്ഞു വരാറുണ്ട് ചുവന്ന ചുണ്ടുകളുള്ള വെളുത്ത പുഴുക്കളും പുഴുക്കുത്തേറ്റ നിറമുള്ള പൂക്കളും..

12 അഭിപ്രായങ്ങൾ:

  1. അനുഭവിച്ചറിഞ്ഞ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!
    ഹൃദ്യമായിരിക്കുന്നു ഓര്‍മ്മക്കുറിപ്പുകള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. തനി നാടന്‍... ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ അന്യമാണല്ലോ എന്നോര്‍ക്കുമ്പോള്‍...

    ഹൃദയഹാരിയായിരിക്കുന്നു... ആഖ്യാനത്തിന്റെ ലാളിത്യം എടുത്തു പറയേണ്ടത് തന്നെ...

    മറുപടിഇല്ലാതാക്കൂ
  3. കൊച്ചു കൊച്ചു കാര്യങ്ങളിൽ ഒരുപാടു ജീവിതങ്ങൾ ഉണ്ട്. നാമവ കാണാതെ പോകുന്നു. ഹാബി അവ കാണിച്ചു തരുമ്പോൾ മാത്രമാണ് നാമവ കാണുന്നത്. ആ മനോഹര തീരം.

    മറുപടിഇല്ലാതാക്കൂ
  4. ചെക്കന്റെയും പെണ്ണിന്റെയും നല്ല സൌഹൃതം വളരെ ഹൃദ്യമായി എഴുതി ... എന്റെ ആശംസകൾ..:)

    മറുപടിഇല്ലാതാക്കൂ
  5. പണ്ടത്തെ ഒരു തിലകനായിരുന്നു ഈ ഞാനും...!

    മറുപടിഇല്ലാതാക്കൂ
  6. എനിക്ക് പുഴുവിനെ പേടിയാ

    മറുപടിഇല്ലാതാക്കൂ