2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ചങ്ങാത്തങ്ങൾ



പുലരുന്നേയുള്ളൂ..തക്കുടു നിർത്താതെ കൂവിക്കൊണ്ടിരുന്നു..

"മൂന്നോനാലോ പ്രാവശ്യം അടുപ്പിച്ചുകൂവീട്ടു നിർത്താറുള്ള കോഴിയ്ക്ക് ഇന്നിതിപ്പോ എന്ത്പറ്റി?"

തക്കുടൂന്റെകൂവലും അമ്മേടെ സംസാരോം കേട്ടാണ് ഞാൻ ഉണർന്നത്.

ഉറക്കച്ചടവോടെ മുറ്റത്തേയ്ക്ക് ചെന്നപ്പോൾ ചോരചോപ്പൻ താടിയും തലപ്പാവും മുറ്റം മുട്ടിയിഴയുന്ന അങ്കവാലും ഇളക്കി തക്കുടുപ്പൂവൻ കഴുത്ത് വെട്ടിച്ചു നിശബ്ദനാവുന്നു. 

"തക്കുടൂനു എന്ത് പറ്റി കാഞ്ചനേച്ച്യേ ?”

"അവനു ചീരു കൂടെയില്ലാത്തേന്റ്യാ കുട്ട്യേ"..

"ചീരു എവിടെപ്പോയി ?"

"അവള് മിനിയാന്ന് മുതൽ പൊരുന്നലായി.."

"പൊരുന്നലോ..അതെന്താ.."

"അതേയ്..ചീരു കുറെ മുട്ടകൾ ഇട്ടതു കുട്ടി കണ്ടില്ലേ..?"

"ഉവ്വല്ലോ..നിയ്ക്ക് പുഴുങ്ങി കഴിക്കാനല്ലേ.." പറയുമ്പോഴേ നാവിൽ കൊതിയൂറി. 

പുഴുങ്ങിയ മുട്ട ഉപ്പും കുരുമുളക് പൊടീം ചേർത്തു കഴിയ്ക്കാൻ ന്തൊരു രുചിയാണ് !.

“അല്ല കുട്ട്യേ..ആ മുട്ടേന്നാ അതിന്റെ കുഞ്ഞുങ്ങൾ ഉണ്ടാവുക.. മുട്ടയ്ക്ക് അടയിരിക്ക്യാണ് ചീരു”. 

പടിഞ്ഞാമ്പ്രത്തെ കോലായിൽ ചെന്നു നോക്കുമ്പോൾ ഒരു മൂലയിൽ വെച്ച മാനാംകുട്ടയിൽ വൈക്കോലിന് മീതെ , ചിറകിന്നടിയിൽ മുട്ടകൾ ഒളിപ്പിച്ച് ചോരച്ച ചുണ്ടുകളുമായി, ചീരു പരിഭ്രമിച്ചിരിപ്പാണ് .

"ഞാൻ നോക്കട്ടെ എത്ര മുട്ടകളുണ്ടെന്ന്.. "

"വേണ്ട വാവേ അത് കൊത്തും" 

"ന്തിനാ കൊത്തണേ.."?

"മുട്ടയെടുക്കാൻ വര്വാന്നു വച്ചിട്ട്". "ഇനി കുട്ട്യോളുണ്ടായി അവര് വലുതാവുംവരെ അവളിങ്ങന്യാ " 

"എന്നാ കുട്ട്യോള് വര്വാ.."?

"മൂന്നാഴ്ച കഴിയും." 

മൂന്നാഴ്ചകൾ! 

കിയോം കിയോം കിയോം…
മുട്ടത്തോട് പൊട്ടിച്ച് വന്ന് വെളുപ്പും കറുപ്പും മഞ്ഞയുമായി നിറയെ കുഞ്ഞുങ്ങൾ ചീരൂനെ മുട്ടിയുരുമ്മുന്നു. അവൾ ചിറകുവിടർത്തി അവയ്ക്ക് ചൂട് പകർന്നു. വെള്ളോം വറ്റും അരീം ഒക്കെ അടുത്തുണ്ട്. കൊക്കിയും കൊത്തിയും കോതിയും ചീരുവിന്റെ അമ്മമനസ്സ് നിറഞ്ഞൊഴുകി... രണ്ടാഴ്ച കഴിഞ്ഞപ്പോ ചീരൂനേം കുട്ട്യോളേം മുറ്റത്തേയ്ക്ക് ഇറക്കി വിട്ടു.

ചിക്കി ചികഞ്ഞു കൊത്തിപ്പെറുക്കി ചീരൂം കുട്ട്യോളും ഒരുമയോടെ തൊടിയിലാകെ ഓടി നടന്നു. നനവുള്ള മണ്ണിലെ തീറ്റികൾ കൊത്തിയെടുത്തു അവൾ കുഞ്ഞുങ്ങൾക്കിട്ടു കൊടുക്കുമ്പോ അവ ബഹളം വച്ചു. 

ഒരുച്ചയ്ക്ക് ചീരൂന്റെം കുട്ട്യോൾടേം ശബ്ദകോലാഹലം കേട്ട് മുറ്റത്തെത്തുമ്പോൾ മാവിൻ കൊമ്പിൽ തക്കംപാർത്തിരിക്കുന്നു പരുന്ത്. കണ്ടാലൊരു ചെറിയ പക്ഷി.. മുഖത്ത് എന്തൊരു ക്രൂരത! കണ്ണുകളിൽ അസാധ്യമായ സൂക്ഷ്മത! 

തെങ്ങോലയിൽ കാക്കകളും വന്നിരിപ്പുണ്ട്. തക്കുടു തലചെരിച്ചും വെട്ടിച്ചുംചുറ്റിനും നോക്കുന്നു. പേടിച്ചരണ്ട ചീരു കുഞ്ഞുങ്ങളെ ചിറകിന്നടിയിൽ ഒളിപ്പിച്ചു. ഞാൻ കല്ലെടുത്തെറിഞ്ഞ് പരുന്തിനെ ഓടിച്ചു. കുറച്ചു നേരത്തിനു ശേഷം എല്ലാം ശാന്തമായെന്നു തോന്നിയപ്പോൾ അവൾ കുഞ്ഞുങ്ങളെയും കൊണ്ട്നടന്നു. ഞാൻ അകത്തേയ്ക്കും പോയി.

പെട്ടെന്നാണ് പരുന്ത് ഒരു കോഴിക്കുഞ്ഞിനെയും റാഞ്ചി പറന്നുപൊന്തിയത്. ചീരു പകുതിയോളം ദൂരം അതിനെ പിന്തുടർന്നെങ്കിലും കാലിൽ ഇറുക്കിപ്പിടിച്ചകുഞ്ഞിനേയുംകൊണ്ട് പരുന്ത്പറന്നകന്നു. ചീരുവിനെ ഇത്ര കോപത്തോടെയും സങ്കടത്തോടെയും ഞാൻ കണ്ടിട്ടില്ലായിരുന്നു. അവൾ "കൊക്കൊക്കോ കൊക്കൊക്കോ" എന്ന് വലിയ ശബ്ദത്തിൽ കരഞ്ഞു. തക്കുടു ചെറുതായൊന്നു ചാടി കൊക്കിവിളിച്ചു..
ചികഞ്ഞു മാന്തിയെടുത്ത പ്രാണികളെ കൊത്തിത്തുപ്പി ചീരു അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളത്തോടെ നടന്നു. കോഴികുഞ്ഞുങ്ങൾ കുഞ്ഞിക്കാലുകളിൽ സ്തംഭിച്ചു നിന്നു. 

പകപ്പ് മാറും മുൻപേ ഒരു കാക്ക വന്നെന്റെ തലയിൽതോണ്ടി. 

"ഔവ്വ്"...ഞാൻ അന്ധാളിച്ചുപോയി.. 

തലമുടിയും കടന്നു കാക്കയുടെ നഖങ്ങൾ തലയോട് വരെ എത്തിയെന്ന് തോന്നി.. മാന്തിയിടത്ത് ചോര പൊടിഞ്ഞു.. 

മാമ്വേട്ടനോട് പറഞ്ഞിട്ട് കാക്കയെ കവണവച്ച് കല്ലെറിഞ്ഞു വീഴ്ത്തണംഎന്ന് ആ നിമിഷം തന്നെ ഞാൻ തീരുമാനിച്ചു. കോങ്കണ്ണൻ കരിങ്കാക്ക!!.

"ഇവറ്റ വലുതായിക്കിട്ടണവരേയ്ക്കും പാടാണെന്റെകുട്ട്യേ.." "ബ ബ ബ" .. കാഞ്ചനേച്ചി കൂട്ടിൽ അരിയിട്ടു കൊടുത്ത് അവരെ വിളിച്ചു കൂട്ടിൽ കയറ്റി ചാണകം വാരി വൃത്തിയാക്കാനായി തൊഴുത്തിലേയ്ക്ക് നടന്നു.

"അമ്മിണിപ്പശൂന്റെ അകിട് വീർത്തിട്ടുണ്ട് അടുത്ത് തന്നെ നിനക്കൊരു പൈക്കിടാവും വരും കൂട്ടിന് "

"അകിടെന്തിനാ വീർത്തത്"?

"അതോ... പൈക്കിടാവിനും പിന്നെ വാവക്കിടാവിനും കുടിയ്ക്കാൻ പാല് നിറഞ്ഞിട്ടാ" . മാമ്വേട്ടൻ വൈക്കോൽ തുറുവിൽ നിന്നും വൈക്കോലു വലിച്ചു പുല്ലൂട്ടിൽ ഇട്ടു കൊടുക്കുമ്പോ പറഞ്ഞു.

ചീരൂന്റെ പിന്നാലെനടന്നുമത്യാവുമ്പോ അമ്മിണീടെ പുൽക്കൂട്ടിൽ കയറി ഇരിയ്ക്കലായി പിന്നെ. 

"അമ്മിണിക്കുട്ട്യേ.." 

“ഹ് മ്മ ..ഹ് മ്മ”

അവൾ പതുക്കെ അമറി .

"എന്നാ ന്റെ കിങ്ങിണിക്കുട്ടി പുറത്തു വര്വാ.."

അവൾ തലയിളക്കി നീട്ടിപിടിച്ച എന്റെ കയ്യിലെ വൈക്കോലു കടിച്ചെടുത്ത് കൈയ്യിൽ നക്കി . 

നാൾ തോറും അവശതകൂടിവരുന്ന അമ്മിണീടെ വാലിനടിയിലൂടെ കാലുകൾക്കിടയിലൂടെ വെളുത്ത ഒരു തരം ദ്രാവകം ഒഴുകുന്നത് കണ്ടിട്ട് അമ്മ പറഞ്ഞു,
"ആവാറായിട്ടുണ്ട് "

കൂടെക്കൂടെ ഇരുന്നും കിടന്നും എണീറ്റും പിന്ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയും അമ്മിണി അസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങി. ശ്വാസതടസ്സം ഉള്ളപോലെ വിമ്മിഷ്ടം കാണിച്ചു.

"ചേടത്ത്യേ .. "

രാവിലെ വൈക്കോൽ ഇട്ടു കൊടുക്കാൻ പോയ മാമ്വേട്ടൻ വിളിച്ചു..

ഞാൻ ഓടിച്ചെന്നു.

"കുട്ടി അപ്രത്ത് പൊയ്ക്കോ ളൂ".

"ന്താ.."?

"അമ്മിണി പ്രസവിയ്ക്കാൻപോവ്വാ കുട്ട്യോളൊന്നും കാണാൻ പാടില്ല്യ" .

"ഇല്ല്യ ഞാംബൂവൂല്ല്യ" നിയ്ക്ക് കാണണം കിങ്ങിണിണ്ടാവണത് "

അപ്പോഴേയ്ക്കും അമ്മ വന്നു. 

"പോടീ അപ്രത്ത് ".

അമ്മയ്ക്കെന്തിനാ ഇത്ര ദേഷ്യം...?!!!!

ചീരൂന്റെ പിന്നാലെ വെറുതെ നടക്കുമ്പോഴും ശ്രദ്ധ തൊഴുത്തിലായിരുന്നു.. അമ്മിണി എണീറ്റുനിന്ന് നാലുപാടും വേച്ചുവേച്ചു തിരിയുന്നുണ്ട്. മാമ്വേട്ടനും അമ്മയും അവളെ തലോടിക്കൊണ്ട് ആശ്വസിപ്പിക്കുന്നുണ്ട് .

" വരണ് ണ്ട് ചേടത്ത്യേ ."

ഞാൻ വാഴയുടെ മറവിൽ നിന്നും എത്തിനോക്കി..
രണ്ടു കുളംബുകളും ഒരു തലയും പുറത്തേയ്ക്ക് വരുന്നു!!!!

എന്റെ ശ്വാസം നിലച്ചുപോയി.

പശപോലുള്ള ഒരു കൊഴുപ്പിൽ പൊതിഞ്ഞ് കിങ്ങിണി കണ്ണ് തുറന്നുനോക്കുന്നത് എന്നെതന്ന്യാണ്..എനിയ്ക്ക് കാണാം..

മാമ്വേട്ടൻ അതിന്റെ കാലു രണ്ടും പിടിച്ചു പതുക്കെ പതുക്കെ വലിച്ചു . അമ്മിണി ഞെരങ്ങി വട്ടം തിരിഞ്ഞു.

മണിക്കൂറുകൾ കഴിഞ്ഞാണ് കിങ്ങിണി പുറത്ത് വന്നത്..താഴെ വിരിച്ചിട്ട പുല്ലിലേയ്ക്ക് ഒറ്റ വീഴ്ചയാണ് .

"യ്യോ.". ഞാൻ അറിയാതെ കൈ നീട്ടി പ്പോയി.

വേദനിച്ച്വോ ആവോ..പാവം..!

മാമ്വേട്ടൻ അതിനെ എടുത്തു അമ്മിണീടെഅടുത്തേയ്ക്ക് നീക്കി കിടത്താൻ നോക്കീപ്പോ അത് വഴുതി വീണു. ആർത്തിയോടെ കുഞ്ഞിനെ നക്കിത്തോർത്തിക്കൊണ്ട് അമ്മിണി സ്നേഹം ചുരത്തുന്നത് അത്ഭുതം അടക്കാനാവാതെ ഞാൻ നോക്കി നിന്നു. 

"മറൂട്ടി ( മറുകുട്ടി ) വീഴണതു നോക്കണം മാമ്വോ.. ല്ലെങ്കി പശു അത് വിഴുങ്ങും ..അറിയാല്ലോ.."

അമ്മ അമ്മിണിയ്ക്കുള്ള മരുന്നുകഞ്ഞി എടുക്കാൻ പോയി. ആ തക്കത്തിൽ ഞാൻ അടുത്ത് ചെന്ന് ചുറ്റിപ്പറ്റി നിന്നു. പകുതി പുറത്തേയ്ക്കായ മറൂട്ടി നോക്കി മമ്വേട്ടനും.

സന്ധ്യക്ക് മമ്വേട്ടൻ കൈക്കോട്ടെടുത്ത് തെങ്ങിന്റെ തടത്തിൽ കുഴിയെടുത്ത് "മറൂട്ടി" കുഴിച്ചിട്ടു.

"ന്തിനാ അത് കുഴിച്ചിട്ടത് മാമ്വേട്ടാ"

"ഇല്ലെങ്കി അത് നായ്ക്കൾ വിഴുങ്ങും വാവേ" 

കിങ്ങിണി അപ്പോഴേയ്ക്കും ചെരിഞ്ഞും ഞൊണ്ടിയും വീണും പതുക്കെ എണീറ്റു നില്ക്കാൻ തുടങ്ങിയിരുന്നു.

അമ്മിണീടെ അകിട് നിറയെ പാലായിരുന്നു.എനിയ്ക്കും ന്റെ കിങ്ങിണിയ്ക്കും ഉള്ള പാല്..

എനിയ്ക്ക് ഇഷ്ടല്ല പാല്!. ഒരു പാടയെങ്ങാനും വായിൽ തടഞ്ഞാൽ പിന്നെ ശർദ്ദിച്ചു ചാവും . മണ്‍കലത്തിൽ ഉറകൂട്ടിയുണ്ടാക്ക്യ തൈരും തൈരുടച്ച മോരും മോര് കടഞ്ഞ വെണ്ണയും വെണ്ണയുരുക്കീണ്ടാക്ക്യ നെയ്യും നെയ്യിൽ പൊരിച്ച കായയും കാച്ചിലും കപ്പയും കൂർക്കയും കടലയും പാവയ്ക്കയും വെണ്ടയ്ക്കയും ഒക്കെയായിരുന്നു എനിയ്ക്ക് പ്രിയപ്പെട്ടവ .

മടങ്ങിവരാത്ത ആ സ്വാദുകൾ നാവിൽ ഒളിച്ചിരിപ്പുണ്ട്.മിണ്ടാപ്രാണികളോട് മിണ്ടീം പറഞ്ഞും ഉള്ള ചങ്ങാത്തങ്ങളും.ഒരിക്കലും വരികയില്ലരികിൽ എന്നറിഞ്ഞിട്ടും മാഞ്ഞുപോ യൊരു കുട്ടിക്കാലം എത്തിപിടിയ്ക്കാൻ കൊതിച്ചു കൊണ്ട് ഒരു കുട്ടി നില്പ്പുണ്ട് അകലെയെവിടെയോ അരികിലെന്ന പോലെ......

8 അഭിപ്രായങ്ങൾ:

  1. വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍മിച്ചു കൊണ്ട് ഞാനും ഈ കഥയുടെ ഓരം ചേര്‍ന്ന് നില്‍ക്കുന്നു.... ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും..... ആശംസകള്‍....... ഹാബി ബഹന്‍

    മറുപടിഇല്ലാതാക്കൂ
  2. എനിയ്ക്കിപ്പം നാട്ടീ പോണം... അത്രയ്ക്കും ഗൃഹാതുരത്വം പകര്‍ന്നു ഈ ഓര്‍മ്മക്കുറിപ്പ്...

    “ഏകാന്തം” എന്ന ചിത്രത്തിലെ

    “കൈയെത്തും ദൂരെ... ഒരു കുട്ടിക്കാലം...
    മഴവെള്ളം പോലെ... ഒരു കുട്ടിക്കാലം....
    ആടിക്കാറ്റായോ... പായും പ്രായം...
    ആടിക്കാറ്റായോ... പായും പ്രായം...
    അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം...
    അരയാലിലയായ് നാമം ചൊല്ല്ലും പ്രായം...

    എന്ന മനോഹര ഗാനം കൂടെ ഇത് വായിച്ചിട്ട് ഒന്ന് കേട്ടു നോക്കിക്കേ... ഇങ്ങിനിയെത്താതെ പോയ ആ നല്ല നാളുകള്‍ ...

    മറുപടിഇല്ലാതാക്കൂ
  3. പൂച്ച,പൂച്ചക്കുഞ്ഞുങ്ങളെ 'ഇല്ലം'കടത്തുമ്പോള്‍ പൊട്ടിക്കരഞ്ഞിരുന്ന കുട്ടിക്കാലം!
    അന്വേഷണത്വരയുള്ള കുട്ടിക്കാലവിശേഷം ഹൃദ്യമായി!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. കാക്കയും പരുന്തും കൊണ്ടോവാണ്ട് ന്റെ കുട്ടി ത്രടെ എത്തീലോ :) ഭാഗ്യം !!!

    മറുപടിഇല്ലാതാക്കൂ
  5. ഒരിക്കലും ഒളിമങ്ങാത്ത കുട്ടിക്കാല സ്മരണകൾ

    മറുപടിഇല്ലാതാക്കൂ