2015, മാർച്ച് 6, വെള്ളിയാഴ്‌ച

മനുഷ്യന് ഒരു ആമുഖം- വായന



മനുഷ്യന് ഒരു ആമുഖം -- സുഭാഷ്‌ ചന്ദ്രന്‍-- എന്റെ വായനാനുഭവം പങ്കു വക്കട്ടെ..

പെരുന്തച്ചന്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ഉളിയന്നൂര്‍ എന്ന സ്ഥലം അക്കരെ എന്നര്‍ത്ഥം വരുന്ന "തച്ചനക്കര" എന്ന സാങ്കല്‍പ്പികഗ്രാമത്തിലെ അയ്യാട്ടുമ്പിള്ളി വീട്ടിലെ കാരണവരായ നാറാപിള്ളയുടെ നാരായ വേരില്‍ നിന്നും പൊട്ടി പടര്‍ന്ന് രണ്ടു തലമുറകളിലൂടെ, ഒരു ഗ്രാമത്തിന്‍റെയും , അതിലൂടെ ഒരു ദേശത്തിന്‍റെ തന്നെയും, ചരിത്രത്തിലേക്ക് വിസ്തൃതിയാര്‍ജ്ജിക്കുന്ന കഥ!.

മനുഷ്യന്റെ നാനാമുഖങ്ങളെക്കുറിച്ചുള്ള പച്ചയായ പൊളിച്ചെഴുത്തിലൂടെ സുഭാഷ്‌ ചന്ദ്രന്‍ ഓരോ വായനക്കാരന്‍റെ ഉള്ളിലും തിരി തെളിയിച്ചു കാണിച്ചു തരുന്നത് അവരുടെ തന്നെ ജീവിതത്തിന്‍റെ ഒരു ആമുഖം ആണ്!! 

ഒരു നൂറ്റാണ്ടിന്റെ കാലപരിധിയിൽ മലയാളി സമൂഹത്തിനുണ്ടായ മാറ്റം എന്തെന്ന് , ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് നെടും തൂണുകളിൽ , നട്ടെല്ലുള്ള ഭാഷയിൽ, കണ്മുന്നില്‍ ജീവിക്കുന്നുവെന്ന് തോന്നുന്ന നൂറിലധികം കഥാപാത്രങ്ങളിലൂടെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു! ! 



കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വ്യവസ്ഥകളെയും ജാതി ചിന്തകളെയും കീറിമുറിച്ചു തുന്നിക്കെട്ടിയുണ്ടാക്കിയ ഒരു പേക്കോലം വികൃതച്ചിരിയോടെ, നോവലില്‍ സജീവമായി നില്പ്പുണ്ട്. 

പുതിയ കാലത്തിന്‍റെ ഒരു വിശേഷമായി ഒരു കത്തില്‍ സൂചിപ്പിക്കുന്ന -- "വ്യക്തിപരമായി ഒരു മേന്മയും അവകാശപ്പെടാനില്ലാതെ വരുമ്പോള്‍ സ്വന്തം ജാതി മിടുക്കുമായി രംഗത്ത് ചാടുന്ന" സവര്‍ണനെ- "ഒരു പുതിയ പരിചയക്കാരനെ കിട്ടിയാല്‍ ആദ്യത്തെ അഞ്ചു വാചകങ്ങള്‍ക്കുള്ളില്‍ തന്റെ ജാതി വ്യംഗ്യമായി വെളിപ്പെടുത്തുന്ന" സവര്‍ണനെ നാം എത്രയോ കാണുന്നു, ചുറ്റിലും!


കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന അനേകം പച്ച മനുഷ്യരിൽ ഒരാളായത് കൊണ്ട് തന്നെ ഈ നോവലിലെ ഒട്ടനവധി കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും എന്റെ തൊട്ടരികിലോ, അല്ലെങ്കിൽ ഉള്ളിൽത്തന്നെയോ ഉണ്ടായിരുന്നു എന്നുള്ളതാണ് തുടക്കം മുതൽ ഒടുക്കം വരെ എന്നെ അതിലേക്ക് വലിച്ചടുപ്പിച്ച ഒരു പ്രധാന ഘടകം . 

"ജനനത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ജനിച്ചു കഴിഞ്ഞിരുന്ന ആ മനുഷ്യന്‍ വാസ്തവത്തില്‍ അയാളുടെ മരണത്തിനും എത്രയോ മുന്‍പ് മരിച്ചു കഴിഞ്ഞിരുന്നു! ജിതേന്ദ്രന്‍ എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു മലയാളിയായിരുന്നു." 

നിലാവും കാറ്റും ചെമ്പക സുഗന്ധവുമുള്ള ഒരു പാതിരാവില്‍ ചിന്നമ്മ കുടിച്ച അര കിണ്ടി നിലാവിന്റെ പോഷണത്തില്‍ നിന്നും ഉയിര്‍കൊണ്ട ജിതേന്ദ്രന്‍! നാറാപിള്ളയുടെയും കുഞ്ഞുവമ്മയുടെയും കൊച്ചുമകന്‍ ജിതന്‍.!


29 മാർച്ച്‌ 1999 മുതൽ ജനുവരി ഒന്ന് 2000, വരെയുള്ള കാലയളവിൽ , ജിതന്‍, താൻ സ്നേഹിക്കുന്ന, കെട്ടാൻ പോകുന്ന, ദൈവത്തിന്റെ മുഖവും ഹൃദയവുമുള്ള ആന്മേരിക്കയച്ച നാല്പ്പതോളം കത്തുകളിലൂടെ ( ഓരോ കത്തും വലിയ ആശയങ്ങളെയും, ചിന്താധാരകളെയും ഗര്‍ഭത്തില്‍ വഹിക്കുന്ന വിത്തുകള്‍ ആണ്!) നോവലിന്റെ ഓരോ അദ്ധ്യായവും ഇതളുകള്‍ അകന്ന് വിടര്‍ന്നു വരുന്നു.

സർഗാത്മകതയുടെ അപാരത! 



എടുത്തു പറയാന്‍ ഒരുപാടുണ്ടെങ്കിലും ചിലതെങ്കിലും പറയാതെ വയ്യ..

" പൂര്‍ണ്ണ വളര്‍ച്ചയെത്തും മുന്‍പേ മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍" 

വർഷങ്ങൾക്കുമുൻപ് അജ്ഞാതനായ ഒരാൾ ആലുവ യൂ സി കോളേജിലെ ഒരു ക്ലാസ്സ് മുറിയിലെ ബോർഡിൽ ചോക്ക് കഷണം കൊണ്ട്, എഴുതിയിട്ട ഈ വാചകമായിരുന്നു ആൻ മേരിയുടെ ദാമ്പത്യത്തിന്റെ തുടക്കവും ഒടുക്കവും. 

ജിതന്‍ ആന്‍ മേരിക്കയച്ച കത്തുകളില്‍ നിന്നും ചിലത്.....


"ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ,ഭീരുവും പരതന്ത്രനുമായിത്തീർന്ന് ,സ്വന്തം സൃഷ്ടിപരത വംശവൃധിക്കുവേണ്ടി മാത്രം ചെലവിട്ട് ,ഒടുവില്‍ ,വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ പ്രിയപ്പെട്ടവളെ, മനുഷ്യനായിപ്പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല ."--- 


ഇനിയൊരു കത്തില്‍ കാണാം , 

"കക്കൂസിലെ കൊതുകുകളെപ്പോലെ ഇടുങ്ങി ചിന്തിക്കുന്ന കുറേപ്പേരെ ഞാന്‍ എന്റെ ചുറ്റിലും കാണുന്നുണ്ട്. മലം മാത്രം വിസര്‍ജ്ജിക്കാനറിയാവുന്ന ഒരു ജീവിയായിട്ടാവും അവര്‍ മനുഷ്യനെ വിലയിരുത്തുന്നത്. ............ എനിക്കറിയാം തീര്‍ച്ചയായും കൊതുകുകള്‍ മാത്രമല്ല, ചിത്രശലഭങ്ങളുമുണ്ട് ഈ ഭൂമിയിലെന്ന്, പക്ഷേ പറയൂ, അടുത്ത കാലത്തെങ്ങാന്‍ നീയൊരു പൂമ്പാറ്റയെ മലയാളികളുടെ ഇടയില്‍ കണ്ടിട്ടുണ്ടോ?" 



ഇല്ലെന്നു പറയാനാവില്ലെങ്കിലും വിരളം എന്നു തന്നെയാണ് ഉത്തരം. 

"പുസ്തക വായനയില്‍ ഒരു പേന്‍ നോട്ടമുണ്ട്. വിടര്‍ത്തി വച്ച പുസ്തകം ഒന്ന് നോക്കൂ, നേരെടുത്ത് പകുത്തു ചീകിയ ഒരു ശിരസ്സു കാണാം അതില്‍. മധ്യത്തില്‍നിന്ന് ഇരുവശത്തേക്കും വരിയിടുന്ന കറുത്ത ഇഴകള്‍. അതിലൂടെ പാഞ്ഞു നടന്നു, പിടി തരാതെ വരികള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ജീവനുള്ള വാഗര്‍ത്ഥങ്ങള്‍, പിടയ്ക്കുന്ന ഒരാശയം, ഭംഗിയുള്ള ഒരു മുഴുത്ത പദം, ആറുകാലുകളില്‍ പായുന്ന ഒരലങ്കാരം, ചോര കുടിക്കുന്ന ഒരു കറുത്ത വികാരം..... അതുകൊണ്ട് എനിക്കുറപ്പുണ്ട് - ടെലിവിഷനും, കമ്പ്യൂട്ടറും കൊണ്ട് ലോകം നിറഞ്ഞാലും, പുസ്തകങ്ങള്‍ നിലനില്‍ക്കും." 


എത്ര വാസ്തവം! അല്ലേ? 


ആ പേന്‍ നോട്ടത്തിനിടയില്‍ പലപ്പോഴും കണ്ണുകള്‍ നിറഞ്ഞും, ഹൃദയം കനത്തും ആണ് ഞാനീ പുസ്തകത്തിന്‍റെ മുന്നൂറ്റി എഴുപത്തി രണ്ടാം പെയ്ജില്‍ എത്തുന്നതും ആശ്വാസമോ, സങ്കടമോ, സന്തോഷമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു മുഖഭാവത്തോടെ തുടര്‍ന്നുള്ള " മനുഷ്യന് ഒരു അനുബന്ധം" കൂടി വായിച്ചു തീര്‍ത്തതും..

തത്വചിന്തയുടെ അപാരതകളിലേക്കുയര്‍ന്ന്‍ ചിന്തിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ടായിരുന്നിട്ടുകൂടി ഒറ്റക്കിരുന്നു ചിരിയടക്കാന്‍ പാടുപെടേണ്ടി വരുന്ന പല സന്ദര്‍ഭങ്ങളും കഥയിലുണ്ട്. വിസ്മയിപ്പിക്കുന്ന രചനാവൈഭവത്തോടെ മുന്നേറുകയാണ് അക്ഷരക്കൂട്ടങ്ങളുടെ അര്‍ത്ഥവ്യാപ്തിയില്‍, സൂക്ഷ്മതയോടെ  ഓരോ താളുകളും! 

ചുരുങ്ങിയ പക്ഷം ,  
കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന മലയാളികളായ മനുഷ്യരെങ്കിലും വായിച്ചിരിക്കേണ്ടാതായിട്ടുള്ള ഒരു ഒരു സര്‍ഗ സൃഷ്ടിയാണ് "മനുഷ്യന് ഒരു ആമുഖം"  എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എഴുത്തുകാരന്, സുഭാഷ്‌ ചന്ദ്രന്, എന്‍റെ ആദരാഞ്ജലികൾ!


(ആദരാഞ്ജലി എന്ന വാക്കിനപ്പുറം എല്ലായ്പ്പോഴും ഒരു ജഡം കിടക്കുന്നത് കാണുന്ന മലയാളിയോട്, " ആദരാഞ്ജലി" എന്നാൽ ആദരവോടെ കൈ കൂപ്പൽ എന്നാണു അർത്ഥമെന്നുള്ള കൌതുകം എഴുത്തുകാരൻ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ.! )

20 അഭിപ്രായങ്ങൾ:

  1. ദാ.. ഇപ്പോ വായിച്ചു തീർത്തു, കനപ്പെട്ട ഒരു പുസ്തകാസ്വാദനം.. കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുകയും ചെയ്യുന്ന എനിക്ക് ഇത് വരെ "മനുഷ്യന് ഒരാമുഖം വായിക്കാനുള്ള അവസരമുണ്ടായില്ല... ഇനി പുസ്തകം വായിച്ച് കഴിഞ്ഞ് ഈ ആസ്വാദനം കൂടി വായിച്ചാലേ വായന പൂർണമാവൂ എന്ന് എനിക്ക് തോന്നുന്നു.. വഴിത്താരകളിലുണ്ടല്ലോ വഴിത്താരകളിലൂടെയുള്ള എന്റെ യാത്രകൾ എന്നും മനോ രഞ്ജകമായിട്ടേയുള്ളൂ, അതു കൊണ്ട് ഇനിയും ആ വഴിക്ക് പോകുവാൻ കൗതുകവുമുണ്ട്,..

    മറുപടിഇല്ലാതാക്കൂ
  2. എന്നും പ്രോത്സാഹനത്തിലൂടെ എനിക്ക് ഊര്‍ജ്ജം നല്‍കുന്ന രാജ്ഗോപാല്‍ സാറിന് നന്ദി!

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചില്ല. നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വായിക്കും. ആദ്യം ആസ്വാദനം വായിച്ച് പിന്നെ പുസ്തകം വായിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വായനയില്‍ ഉണ്ടാകും.
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  4. വായിക്കാന്‍ കുറിച്ചുവച്ചിരിക്കുന്ന ഒരു പുസ്തകമാണിത്.

    മറുപടിഇല്ലാതാക്കൂ
  5. ‘കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന അനേകം പച്ച മനുഷ്യരിൽ ഒരാളായത് കൊണ്ട് തന്നെ ഈ നോവലിലെ ഒട്ടനവധി കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും എന്റെ തൊട്ടരികിലോ, അല്ലെങ്കിൽ ഉള്ളിൽത്തന്നെയോ ഉണ്ടായിരുന്നു എന്നുള്ളതാണ് തുടക്കം മുതൽ ഒടുക്കം വരെ എന്നെ അതിലേക്ക് വലിച്ചടുപ്പിച്ച ഒരു പ്രധാന ഘടകം‘
    സെയിം പിച്ച്
    ഓരൊ അദ്ധ്യായലത്തിലെ തുടക്കത്തിലും അന്നത്തെ ഒരു പ്രത്യ്യേക വാർത്തയെ ആമുഖമാക്കി പാവയുണ്ടാക്കുന്ന കമ്പനിയിലെ വെറും പാവയായ ജിതേന്ദ്രനിലൂടെ ഇന്നത്തെ മനുഷ്യനെ കുറിച്ചുള്ള ആമുഖമാണ് ഈ പുസ്തകം ...
    നല്ല പരിചയപ്പെടുത്തലായിട്ടുണ്ട് കേട്ടൊ ഹാബി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യം.... എന്റെ ചുറ്റിലും എന്റെ ഉള്ളിലും ഉണ്ടായിരുന്നു.. പല സന്ദർഭങ്ങളും കഥാപാത്രങ്ങളും

      ഇല്ലാതാക്കൂ
  6. പുസ്തകം വായിച്ചാലല്ലേ ഈ വായന എങ്ങിനെ എന്ന് പറയാൻ പറ്റൂ . :)
    എന്റെ വായന ആണേൽ കാശിക്ക് ടൂർ പോയിട്ട് കുറേ നാളായി . എന്ന് തിരിച്ചു വരുമോ ആവോ . വന്നാൽ വായനക്ക് മാറ്റി വെച്ച പുസ്തകത്തിൽ സുഭാഷ് ചന്ദ്രനുമുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. പുസ്തകാസ്വാദനം നന്നായിട്ടുണ്ട്.
    രണ്ടുകൊല്ലം മുമ്പേ ഞാന്‍ താല്പര്യത്തോടെ വായിച്ച കൃതിയായിരുന്നു സുഭാഷ്ചന്ദ്രന്‍റെ 'മനുഷ്യന് ഒരു ആമുഖം'
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ഈ വായനയും, അതിലൂടെയുള്ള പുസ്തക പരിചയപ്പെടുത്തലും നന്നായി. മറ്റുള്ളവർക്കും വായിക്കാൻ പ്രചോദനം നല്കുന്ന എഴുത്ത്. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. പലതരത്തിൽ പഠനം നടത്താൻ സാധ്യമാക്കുന്ന നോവൽ

    മറുപടിഇല്ലാതാക്കൂ
  10. Rekha (rekhacg916@gmail.com)2016, ഓഗസ്റ്റ് 5 1:22 PM

    പുസ്തകം വായിച്ചതിനു ശേഷമാണ് എനിക്ക് ഈ ആസ്വാദനം വായിക്കാന്‍ കഴിഞ്ഞത്. സോഫിയയോട് പറഞ്ഞ പോലേ എനിക്കും ഒരു നോവല്‍ എഴുതാനുള്ള ഒരു പ്രചോദനം ഉണ്ടായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. തച്ചനക്കര എന്ന ഗ്രാമത്തിലെ ഒരു കുടുബത്തിന്റെ കഥ പറയുന്ന നോവല്‍ ..തലമുറകളുടെ കഥ പറയുന്ന പുസ്തകം വായിച്ചു പോവാന്‍ നല്ല രസമുണ്ട് എങ്കിലും ഉദ്വേഗജനകമായ ഒരു കഥയായി എന്റെ വായനയില്‍ തോന്നിയില്ല.എന്നാല്‍ ആന്മേരിക്ക് എഴുതിയ കത്തുകള്‍ ഒരു വേറിട്ട വായന നല്‍കുന്നു ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓരോ വായനയും ഓരോ അനുഭൂതിയാണ്..ഓരോരുത്തർക്കും ..ഫൈസലിന്റെ അഭിപ്രായത്തിനെമാനിക്കുന്നു.

      ഇല്ലാതാക്കൂ
  12. രണ്ട് ദിവസം മുമ്പാണ് പുസ്തകം വായിച്ചു കഴിഞ്ഞത്...
    എന്റെ ജീവിതത്തിൽ തന്നെ ഞാൻ വായിച്ച ഏറ്റവും ഇഷ്ടമായ ഒരു കൃതി...
    ഒരു പേജിലോ രണ്ടു പേജിലോ ഈ പുസ്തകത്തെ കുറിച്ച് എഴുതി തീർക്കാനാവില്ല..
    ഈ ആസ്വാദനം പോലും അപൂർണ്ണമായേ തോന്നൂ... അല്ലേ ചേച്ചീ...
    അനുബന്ധം പോലും എത്ര ഹൃദയ സ്പർശിയാണ്...
    നാറാപ്പിള്ള മുതൽ ജിതേന്ദ്രൻ വരെ എത്ര ജന്മങ്ങൾ..
    ഈ പുസ്തകം വായിക്കുന്നതിനിടയിൽ ഞാൻ കുറിച്ചിരുന്നു ഫേസ്ബുക്കിൽ...
    "ഒരിക്കലും വായിച്ചു തീരല്ലേ എന്നാഗ്രഹിച്ച പുസ്തകം എന്ന്' ...

    മറുപടിഇല്ലാതാക്കൂ