2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ശകുനിപ്പൂച്ച


ശകുനമോ! ന്ത് ശകുനം.. അതൊക്കെ  വെറുത്യാന്നേയ്.. 
അതെ ഞാനും നോക്കാറി ല്ല്യ  ശകുനം... 
പക്ഷെ ഇന്ന് ശകുനം കണ്ടത്   ആര്യാണെന്ന് പറയാതെ വയ്യല്ലോ...

അതിരാവിലെ… ന്നു… വച്ചാൽ  ആറുമണിക്ക് എഴുന്നേറ്റ് പല്ലും മുഖോം കഴുകി ചായ ഉണ്ടാക്കാൻ താഴേക്കിറങ്ങാൻ നില്ക്കുമ്പോ ദാ കോണിപ്പടികളിൽ ഒന്നിൽ ചുരുണ്ടുകൂടി പരുങ്ങി കിടക്കുന്നു എന്നെ നോക്കിക്കൊണ്ടൊരു പൂച്ചകൻ, ഒട്ടും വെടുപ്പല്ലാത്ത ഒരു കാടൻ! 

"അയ്യോ...പൂച്ച ..ദെങ്ങനെ അകത്തു കയറി..?"..
..ന്നു ഞാൻ മുഴുമിക്കും മുൻപ് പൂച്ച എന്ന് കേട്ടാലേ കലിയിളകുന്ന ഫർത്താവ് എവിടെനിന്നോ പറന്നു വന്നു പൂച്ചയെ നോക്കി, 
“ഇനിയെന്ത് ചെയ്യേണ്ടൂ” എന്ന്  അരിശം പൂണ്ട്   ( പേടി കൊണ്ടുള്ള ഒരു തരം അരിശമില്ലേ..അതെന്നെ..)  എന്റടുത്ത് വന്നു നിന്നു.

ശരിക്കും അതിരാവിലെ   ഉണർന്ന ഒരാളുണ്ടായിരുന്നു വീട്ടിൽ..അമ്മ.. 
പൂജക്കുള്ള  തുളസീം ചെത്തീം നന്ദ്യാർ വട്ടവും പറിക്കാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വിശാലമായ വാതിൽ പാളികൾ രണ്ടും മലർക്കെ തുറന്നിട്ടതാണ് അമ്മ...ആ താപ്പിനു  ആരോരുമറിയാതെ ഉള്ളിൽ കയറിക്കൂടി,  ചെയ്തത് അബദ്ധമായെന്ന ബോധോദയം സിദ്ധിച്ചു കിടക്കുന്ന പൂച്ചകനെനെയാണ് ഞാൻ കണി കണ്ടത്.   എന്റെ ഒരു ദിവസത്തിനു തുടക്കമായി.
 "ഷൂ...ഷൂ...ശ്  പ്ഷ്.." ന്നൊക്കെ ഓരോ ശബ്ദമുണ്ടാക്കി ഞാൻ അതിനെ ഓടിച്ചുവിട്ടു. പൂച്ച ചാടിപ്പോയി..കുട്ടി സ്കൂളിൽ പോയി..ഞാൻ കോളേജിലേക്കും പുറപ്പെട്ടു.
കൂട്ടുകാരി തന്ന നാടൻ പാട്ടുകളുടെ ശേഖരം സിഡി പ്ലെയറിൽ   നിന്നും ഉണർന്നൊഴുകി .

എക്സ്പ്രെസ്സ് ഹൈവേ യിലൂടെയാണ് യാത്ര..പാട്ടിൽ മുഴുകാൻ നിവൃത്തിയില്ല..എന്നിട്ടും  കാതുകളിൽ പതിഞ്ഞ സുഖമുള്ള വരികൾ മനസ്സിന് നല്കിയത് എന്തിനെന്നറിയാത്ത  ഒരു സങ്കടക്കടൽ.. 

"കൈതോലാ പായ വിരിച്ച്....
പായേലൊരു പറ നെല്ലു പൊലിച്ച്..
കാതുകുത്താനെപ്പോവരും 
നിന്റമ്മാവൻമ്മാരു  പൊന്ന്വോ
കാതുകുത്താനെപ്പോവരും 
നിന്റമ്മാവൻമ്മാരു പൊന്നേ...."

ഇതെന്റെ ലോകമാണ്..എനിക്കിഷ്ടമുള്ള പാട്ടുകൾ കേട്ട് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഞാൻ മാത്രമുള്ള ലോകം...

പക്ഷെ പെട്ടെന്നാണ്,  ഈ ലോകത്തിൽ ഞാൻ തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് എമെർജെൻസി ലൈറ്റുകൾ മിന്നിച്ച് മുന്പിലുള്ള വാഹനങ്ങൾ നീങ്ങാതെ നിശ്ചലമായത്.  പാട്ടിന്റെ ശബ്ദം കേൾക്കാവുന്നതിലും കുറവിലായി ഞാൻ താഴ്ത്തി വച്ചു. ആകെ ഒരു വിമൂകത! ഒന്നും കാണാനായില്ലെങ്കിലും ഊഹിച്ചു.. എന്റെ തൊട്ടടുത്തായി  ആർക്കോ കാര്യമായ അപകടം സംഭവിച്ചിരിക്കുന്നു..

അതാരായിരിക്കാം....എത്രത്തോളം പറ്റിക്കാണും...തിടുക്കും കൂട്ടുന്നു ചിന്തകൾ. പത്തിരുപതു മിനിട്ടുകളോളം അനങ്ങാത്ത വാഹനങ്ങളിൽ അക്ഷമരായ ജനം.. ഒപ്പം ഞാനും…
പിന്നെ ഒരു അനക്കം വച്ചപ്പോൾ ഞാൻ പുറത്തേക്കു നീട്ടിയ കഴുത്തുമായി ഇരുന്നു.. ഒരു വലിയ ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരിക്കുന്നു.. പോലീസുകാരുടെയും മറ്റു ആളുകളുടെയും നീണ്ട നിര അങ്ങേയറ്റം വരെ....  കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കണ്ടു, രണ്ടു കാറുകൾ തമ്മിൽ ഇടിച്ചു തിരിഞ്ഞു മറിഞ്ഞു കിടക്കുന്നു.. അടക്കിയ ആധിയോടെ കാറിൽ  പതുക്കെ നീങ്ങുമ്പോൾ,  വഴി മുടക്കാതെ എളുപ്പം പോകാനായി പോലീസുകാരൻ കൈവീശി കാണിക്കുന്നു . അല്പം കൂടി മുന്നിലായി വീണ്ടും ഒരു അപകടം കൂടി..രണ്ടു വണ്ടികൾ ഞെളങ്ങി  ഞെരുങ്ങി കാൻസെൽ ആയി പോയ മട്ടുണ്ട്.  അപകടം സംഭവിച്ചവരെയൊക്കെ തത്സമയം മാറ്റിക്കാണണം.. ആ കാഴ്ചകൂടി കാണേണ്ടി വന്നില്ലല്ലോ..!!

ഇവിടെ നമ്മൾ വെറും  കാഴ്ച്ചക്കരാവുന്നു  എന്നതിൽ സങ്കടപ്പെടേണ്ട കാര്യമില്ല..ആരുടേയും ജീവന് അപകടം പറ്റാതിരിക്കാനുള്ള ഒരു പ്രാർത്ഥന..അതേ വേണ്ടു..ബാക്കിയെല്ലാം വേണ്ടപ്പെട്ട അധികാരികൾ നിർവഹിച്ചു കൊള്ളും..
 എനിക്ക് തിരിഞ്ഞു പോകേണ്ടുന്ന വഴി എത്തി..അത് അടച്ചിട്ടിരിക്കുന്നത് കണ്ടു . 
"നോ എന്ട്രി"

ഉടനെ ഭർത്താവിനെ വിളിച്ചു..
“ഞാനിനി എന്ത് ചെയ്യേണ്ടു ..?”

"താൻ നേരെ അങ്ങട് ഓടിച്ചോള്വാ..എക്സ്പ്രെസ്സ് ഹൈവേ അല്ലെ..യാതൊരു രക്ഷയുമില്ല ..എവിടെയെങ്കിലും ചെല്ലുമ്പോ ഏതെങ്കിലും ഒരു ഫ്ലൈഓവറോ  അല്ലെങ്കിൽ തിരിവോ  കാണും..എന്തെങ്കിലും സർക്കസ്സു കാണിച്ചു വേഗം  വരാൻ നോക്കു "

അല്ലെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നെ എയർ ലിഫ്റ്റ് ചെയ്തു കൊണ്ട് പോകാൻ അദ്ദേഹം ഹെലികോപ്ടറിൽ വരുമെന്ന് ! ഏതു വിധേനയും ഞാൻ തിരിച്ചെത്തുമെന്ന് എല്ലായ്പ്പൊഴുമെന്ന പോലെ അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്തു.



മുന്നിൽ കണ്ട, യാതൊരു പരിചയവുമില്ലാത്ത, വഴിയിലൂടെ ഞാൻ ഓടിച്ചു..രക്തം തലയിലേക്ക് അരിച്ചു കയറുന്നതുപോലെ .. 


പാട്ടിന്റെ ശബ്ദം കൂട്ടിയപ്പോൾ കാതിൽ ഇരമ്പിക്കയറി, 

"പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി

നല്ലച്ഛന്ടെ തിരുമുമ്പില് ചെന്നു കാളി കളിതുടങ്ങി


അങ്ങനങ്ങനെ"

കാളിയെ മനസ്സിൽ കുടിയിരുത്തിക്കൊണ്ട് ഞാനറിയാത്ത, എത്താത്ത, ഏതൊക്കെയോ സ്ഥലങ്ങളിലൂടെ പിന്നെയും ഓടി കുറേ ദൂരം.. ..ഇതിനിനി ഒരു അവസാനമില്ലെന്നു ബോധ്യപ്പെട്ടപ്പോൾ വണ്ടി സൈഡിൽ ഒതുക്കി ആദ്യം കണ്ട ഒരു നാട്ടുകാരനോട് വഴി ചോദിച്ചു..ആ മഹാത്മാവ് എനിക്ക് പോകേണ്ടുന്ന വഴി ഒരു ചെറിയ കടലാസ്സിൽ പേനകൊണ്ട് വരച്ചു കാണിച്ചു തന്നു..ഞാനതുമായി യാത്ര തുടർന്നു.. ഒന്നര നാഴികയോളം തുടർന്ന ആ യാത്രക്കൊടുവിൽ, ഞാൻ ഓഫീസിൽ എത്തിപ്പെടുമ്പോൾ സിഡിയിലെ അവസാനത്തെ പാട്ടിന്റെ തുടക്കം കേൾക്കുമാറാ യി .

"തല വേദന ചെന്നിക്കുത്തിന് ലെന്തട ലാടാ ലൌഷധോം 

ഇത്തല വേദന ചെന്നിക്കുത്തിന് ലെന്തട ലാടാ ലൌഷധോം "..

അതും എനിക്കറിയാം...

“ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി പാറുക്കുട്ട്യേ ..

ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി പാറുക്കുട്ട്യേ ..”



അല്ല ഈ ശകുനത്തിലൊന്നും എനിക്കു വല്ല്യ വിശ്വാസമൊന്നും ഇല്ല്യ..ന്നാലും രാവിലെ കണികണ്ട ആ പൂച്ചയെ വെറുതെ ഓർത്തു പോവുകയാണ് വെയിലേറ്റു വാടി തളർന്ന ഈ ഞാൻ!!!!..ന്തേ ..എനിക്ക് ഓർത്തൂടെ?



15 അഭിപ്രായങ്ങൾ:

  1. ഐശ്വര്യമായി ഒരു തേങ്ങ ഉടച്ച് ഞാൻ അഭിപ്രായം ഉൽഘാടനം ചെയ്ത് കൊള്ളുന്നു..ബൗൺസ് ചെയ്ത് എന്റെ തലയിൽ തന്നെ കൊള്ളാതിരുന്നാൽ മതിയായിരുന്നു.. തേങ്ങയുടച്ച് പരിചയമില്ല.

    ഈ വഴിത്താരയിൽ വീണ്ടും വരുമ്പോൾ വഴി തെറ്റിയോ എന്ന തോന്നൽ.. നാട്ടിടവഴികൾക്ക് പകരം എക്സ്പ്രസ് വേ. നിര നിരയായി വാഹനങ്ങൾ. എന്നാലും കേട്ട പാട്ടുകൾ ഹൃദ്യം.. തുടരുക ഈ വഴിത്താരകളിലൂടെയുള്ള യാത്രകൾ.

    മറുപടിഇല്ലാതാക്കൂ
  2. അപ്പൊ ശരിക്കും ഈ ശകുനോക്കെ ണ്ട് ല്ലേ ? രസമുള്ള എഴുത്ത് ഹാബ്സ്...

    മറുപടിഇല്ലാതാക്കൂ
  3. എഴുത്തിന്റെ ശൈലി ഉഷാറായി ചില വിവരണങ്ങൾ കൊണ്ട് കൂടുതൽ ആകരഷകമായി നാടൻ പാട്ടുകളുടെ ശേഖരം സിഡി പ്ലെയറിൽ നിന്നും ഉണർന്നൊഴുകി .ഏതു വിധേനയും ഞാൻ തിരിച്ചെത്തുമെന്ന് എല്ലായ്പ്പൊഴുമെന്ന പോലെ അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്തു. ഇതൊരു സത്യമാണ് പാട്ട് പോലെ സത്യം

    മറുപടിഇല്ലാതാക്കൂ
  4. പൂച്ച കുറുകെച്ചാടിയാലെ ദുശ്ശകുനമാകൂ എന്നാ ചൊല്ല്.
    നന്നായി....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഹാബി, എഴുത്ത് നന്നായിട്ടോ.... ഇനി പൂച്ചക്ക് വല്ല പ്രശ്നമുണ്ടായോ ആവോ??? :)

    മറുപടിഇല്ലാതാക്കൂ
  6. ഒരു പാവം പൂച്ചകനെ
    മിന്നം വെളുത്തപ്പോൾ തന്നെ
    കെട്ട്യോനും കെട്ട്യോളും കൂടി , പുഛിച്ച് ഓടിച്ച് വിട്ടില്ലേ...
    അതിന്റെ ശാപാട്ടാ..!
    സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഹാബി

    മറുപടിഇല്ലാതാക്കൂ
  7. “ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി ഹബ്ബിക്കുട്ട്യേ ..
    ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി ഹബ്ബിക്കുട്ട്യേ ..” ഒപ്പം ആശംസകളും

    മറുപടിഇല്ലാതാക്കൂ
  8. പാവം പൂച്ച. പഴിയെല്ലാം അതിന്!

    മറുപടിഇല്ലാതാക്കൂ
  9. പൂച്ച പൂച്ചന്ന്യാന്നു തെളീച്ച്ചില്ലേ :)

    മറുപടിഇല്ലാതാക്കൂ