2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ചിതലരിച്ച ജാലകം..


ആ വീട് എനിക്ക് സുപരിചിതമായിരുന്നു. എന്‍റെ ഒളിസങ്കേതത്തിന്‍റെ കിളി വാതിലിനരികെ ഇരുന്നാല്‍, തെക്കേ അറ്റത്തു നില്‍ക്കുന്ന അശോകമരത്തിന്‍റെ മുകളിലൂടെ നീളുന്ന നോട്ടം ചെന്നെത്തുക ഓലകൊണ്ട് ചായ്ച്ചിറക്കിയ ആ മണ്‍കുടിലിലാണ്.

നരിച്ചീറുകളുടെയും ചിലന്തികളുടെയും വിഹാരകേന്ദ്രമായ എന്‍റെ ഒളിസങ്കേതത്തിന്‍റെ അനുസരണയില്ലാത്ത ജനല്‍പാളികള്‍ തള്ളിത്തുറന്ന് പുറത്തേക്കു നോക്കിയിരിക്കുമ്പോള്‍ ആകാശത്തിന് കീഴെ ഞാനും എന്‍റെ ഏകാന്തതയും തമ്മില്‍ ഇഴ പിരിയാത്ത ഒരു ബന്ധം തീര്‍ത്തിരുന്നു. മുകളിലെ നിലയിലെ തട്ടിട്ട ആ മുറിയില്‍ പഴകിയ പൊടിയുടെ അസുഖകരമായ ഗന്ധം മറന്ന്, ഒറ്റപ്പെടലിന്‍റെ രസം നുകര്‍ന്നിരിക്കുമ്പോള്‍ പലപ്പോഴും എന്‍റെ ചിന്തകള്‍ ആ മണ്‍കുടിലിനകത്തും, അതിന്‍റെ ഇത്തിരി മുറ്റത്തുമായി വഴിമുട്ടി നിന്നു.

മുന്‍പ് അവിടെ താമസിച്ചിരുന്ന വല്ല്യമ്മയുടെ മകന്‍ അത് വിറ്റ് അവരെയും കൊണ്ട് ബോംബെക്ക് പോയി.

മഴക്കാരുള്ള ഒരു ദിവസം ഉച്ചയോടെയാണ് പുതിയ താമസക്കാരെത്തിയത്.

പുതച്ചു മൂടി ഏങ്ങി വലിഞ്ഞെത്തിയ ഒരു കാളവണ്ടിയില്‍ നിന്നും അവരിറങ്ങി, കൂടെ കുറച്ച് സാധന സാമഗ്രികളും.

പ്രായം അമ്പതോളം കടന്ന ഒരു അമ്മയും അച്ഛനും- നാണ്യമ്മായിയും കുട്ടമ്മാവനും. അവരുടെ രണ്ട് പെണ്‍കുട്ടികളും. പതിനഞ്ചു കഴിഞ്ഞ ചേച്ചി സരസു, പത്തു വയസുകാരി അനുജത്തി, രജനി. അവര്‍ വന്നതിന്‍റെ പിറ്റേന്ന് ഞാന്‍ ആ വീട്ടില്‍ പോയിരുന്നു.

മണ്ണു കൊണ്ടുണ്ടാക്കിയ ചുമരുകളാല്‍ വേര്‍പെടുത്തിയ ഇടുങ്ങിയ രണ്ടു മുറികളും അടുക്കളയും ചേര്‍ന്ന ആ കൂര ഒരു ആദിവാസി ഗൃഹത്തെ ഓര്‍മിപ്പിച്ചിരുന്നു. ഒരു മുറിയില്‍ നിന്നും മറ്റു മുറിയിലേക്ക് കടക്കാന്‍ കട്ടിളയോ വാതിലോ പിടിപ്പിക്കാത്ത ഒരു തുറന്ന കവാടം മാത്രം! ഒരു കീറപ്പായകൊണ്ട് മറച്ചിട്ടുള്ളതു കൊണ്ട് കിഴക്കു വശത്തുള്ള മുറിക്ക് മാത്രമാണ് അല്പം സ്വകാര്യതയുള്ളത്‌. അടുക്കള ഇരുളടഞ്ഞു കിടന്നു. അടുപ്പ് കത്തിയാല്‍ അരണ്ട വെളിച്ചത്തില്‍ ആള്‍രൂപങ്ങള്‍ പ്രേതാത്മാക്കളെ പോലെ തെന്നിനീങ്ങും. ഒന്നു രണ്ടു പായകള്‍ മാത്രമാണ് അവിടെ ഇരിക്കാനോ കിടക്കാനോ ആയി ഉണ്ടായിരുന്നത്. പിന്നെ കറുത്ത കുത്തുകള്‍ വീണ കുറച്ച് കവിടിപിഞ്ഞാണങ്ങളും വക്ക് പൊട്ടിയ കലങ്ങളും ചിരട്ട കൈയിലുകളും..

മാല കെട്ടലായിരുന്നു അവരുടെ തൊഴില്‍. കറുപ്പും ചുവപ്പും നിറമുള്ള മുത്തുമണികള്‍ കൊണ്ട് രാവും പകലുമില്ലാതെ അവര്‍ മാല കോര്‍ത്തുകൊണ്ടിരുന്നു. നീളമുള്ള മാലകള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് കൂട്ടികെട്ടി അതില്‍ ദൈവങ്ങളുടെ ലോക്കറ്റ് കൊളുത്തിയിടും. അങ്ങനെ കുറെ മാലകള്‍ ജന്മമെടുക്കുമ്പോള്‍ അവ ഒരു സഞ്ചിയിലാക്കി, അതിരാവിലെ നാണ്യമ്മായി പുറപ്പെടും, ഒരു പാട് ദൂരം നടന്ന് വീടുകള്‍ തോറും കയറി ഇറങ്ങി അവ വില്‍ക്കും.

സരസു, മുറ്റത്ത്‌ കൂട്ടിയ കല്ലടുപ്പില്‍ തീ കൂട്ടി, കഞ്ഞിക്കലം കയറ്റി വച്ച് അരിയും വെള്ളവും ഇട്ടു തിളപ്പിക്കും. വല്ല പറമ്പില്‍ നിന്നും വലിച്ചു കൊണ്ട് വരുന്ന ദ്രവിച്ചു തുടങ്ങിയ കശുമാവിന്‍ മുട്ടിയോ, തെങ്ങിന്‍റെ കവളം പട്ടയോ അടുപ്പില്‍ തിരുകും. ആളി പടരുന്ന തീയില്‍ മങ്കലം പൊള്ളി വിയര്‍ക്കും...അതിന്‍റെ വശങ്ങളിലൂടെ പതയും വെള്ളവും ഒലിച്ചിറങ്ങുന്നുണ്ടാവുമെങ്കിലും തീ അണഞ്ഞു പോകാറില്ല.

ഇടയ്ക്കു മുന്നോട്ടാഞ്ഞ്‌ അടുപ്പിലെ വിറകു തള്ളിവക്കുമ്പോള്‍ സരസൂന്‍റെ ആത്മഗതം കേള്‍ക്കാം.. “ഈ ഇരുമ്പനരി ഇന്ന് വേവില്ല, രജനി എഴുന്നേല്‍ക്കുമ്പോഴേക്കും ആയാല്‍മതി., ഇല്ലെങ്കില്‍ അവള്‍ കിടന്നു കാറും.”

മണിക്കൂറുകള്‍ക്കു ശേഷം അരി വേവുമ്പോള്‍ ചിരട്ട തവി കൊണ്ട് ഇളക്കി വെന്തെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി സരസു മങ്കലം ഇറക്കി വെള്ളം ഊറ്റി കളയാതെ മൂടി വയ്ക്കും.

അടുപ്പിലെ കനലിനു മുകളില്‍ വക്ക് പൊട്ടിയ മറ്റൊരു കലത്തില്‍ കുറച്ച് വെള്ളം ഉണ്ടാവും, കുടിക്കാനുള്ളതാണ്.

വല്ലപ്പോഴും ഞാന്‍ ആ വീട്ടില്‍ ചെന്നിരിക്കുക പതിവുണ്ട്. ശബ്ദമുണ്ടാക്കാതെ നടന്ന് ആ വീടിന്‍റെ ഉമ്മറതിണ്ണയിലും, അവിടെ നിന്ന് അകത്തേക്കും ഞാന്‍ പ്രവേശിക്കുന്നത് പലപ്പോഴും അവരറിയാറില്ലെന്നു തോന്നും. കണ്ണടച്ച് കെട്ടിവിട്ടാലും എനിക്ക് ആ വീടിനകത്ത് വീഴാതെ ,വഴി തെറ്റാതെ, അനായാസമായി നടക്കാനാവും. കാഴ്ചയുള്ള കണ്ണുകള്‍ തുറന്നു പിടിച്ച്, ഇരുട്ട് കട്ട കുത്തി നില്‍ക്കുന്ന അകത്താരിലെ അന്ധകാരത്തില്‍ തപ്പി തടഞ്ഞ് മുന്നോട്ടുള്ള കാല്‍ വയ്പ്പുകള്‍ ....അപ്പോള്‍ ഭീതിയോ അരക്ഷിതാവസ്ഥയോ തോന്നുന്നതിന് പകരം ഞാനറിഞ്ഞിരുന്നത് സ്വര്‍ഗ്ഗത്തിന്‍റെ പടിവാതിലില്‍ എത്തുമ്പോഴുള്ള തണുപ്പോ, അമ്മയുടെ ഗര്‍ഭപാത്രത്തിനകത്തെ ഇളം ചൂടോ ആയിരുന്നു.

പകലോന്‍ അസ്തമനത്തിനൊരുങ്ങുമ്പോഴേക്കും അമ്മായി കച്ചവടം കഴിഞ്ഞെത്തും. കോലായിയില്‍ ഇരിക്കുന്ന കുട്ടമ്മാവന്‍ ചാടിയെഴുന്നേറ്റ് മടിക്കുത്തിലെ കാശ് പിടിച്ച്പറിക്കുമ്പോള്‍ അമ്മായി കരഞ്ഞുകൊണ്ട്‌ പറയും,

“പൊന്നുമക്കള്‍ക്ക് കഞ്ഞി കുടിക്കാനുള്ള കാശാ, കൊണ്ടുപോയി കള്ളുമോന്തല്ലേ തന്തേ...”

“പരക്കെഴി പിടിച്ച നിന്‍റെ മോന്തായം കണ്ടതീ പിന്ന്യാടീ ഞാന്‍ കള്ള് മോന്താന്‍ തുടങ്ങീതു... വഴീന്നു മാറ്യാ നിനക്ക് കൊള്ളാം, ഇല്ലെങ്കില്‍ നീയിന്ന് കൊള്ളും....” അമ്മാവന്‍ പിടിച്ചുപറിക്കിടയില്‍ ദുഖകാരണം വെളിപ്പെടുത്തി കൊണ്ട് നാക്കു കടിച്ച് കണ്ണുരുട്ടും..

സരസുവും രജനിയും വന്നു കാലില്‍ കെട്ടിപിടിച്ച് കരയുമ്പോള്‍ അമ്മാവന്‍ ആക്രോശിക്കും.

“തള്ളക്ക് വക്കാലത്തുമായി വന്നാലുണ്ടല്ലോ നായ്ക്കളേ ... എക്കെത്തിനേം ചവിട്ടികൂട്ടി കുഴിച്ചു മൂടും ഞാന്‍... പോടീ അശ്രീകരങ്ങളെ അപ്പുറത്ത്..”

പട്ടവടിയോ അരിവാളോ അമ്മാവന്‍റെ കണ്‍വെട്ടത്തു കിട്ടിയാല്‍, രൗദ്രം പൂണ്ട താണ്ധവത്തിനിടയില്‍ അവിടെനിന്നും ഒരു കൂട്ടക്കരച്ചിലുയര്‍ന്നു കേള്‍ക്കും..

“ഈ 'ഡയമന്‍തന്ത' ഒരു കാലത്തും കൊണം പിടിക്കില്ല്യ മക്കളേ...ആരോ കള്ളില്‍ കൈ വിഷം കൊടുത്തതാ” നാണ്യമ്മായി പ്രാഞ്ചിക്കൊണ്ട് പ്രാകും..

കുറച്ചകലെ, പുല്ലാനിക്കാട്ടിനുള്ളില്‍ രഹസ്യ വില്‍പ്പന നടത്തുന്ന വാറ്റുകാരന്‍ കിട്ടുണ്ണിയുടെ കള്ളച്ചാരായം മൂന്നാല് ഗ്ലാസ്സു വാങ്ങി അടിച്ച്, മൂവന്തി കഴിഞ്ഞേറെ ചെല്ലുംമുന്‍പ് അമ്മാവന്‍ ഒരു നാല്‍ക്കാലിയെ പോലെ ഇഴഞ്ഞു വരും. പിന്നെ ചെവിതല കേള്‍പ്പിക്കില്ല.. അമ്മായീടെ ശകാര വര്‍ഷം, പ്രാകലുകള്‍...രജനീടെ രോദനം, സരസ്സൂന്‍റെ പിറുപിറുക്കല്.... ഒടുവില്‍ അമ്മാവന്‍റെ നാവില്‍ വികട സരസ്വതി വേഷംകെട്ടി വിളയാടാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ചെവിയില്‍ വിരല്‍ തിരുകി കിളിവാതിലിന്‍റെ കൊളുത്തിടും.

എന്‍റെ ഉറക്കത്തെ കെടുത്തുന്ന ഈ കാഴ്ച്ചക്കായി എന്തിനാണ് ഞാന്‍ ദിവസവും സാക്ഷിയാകുന്നതെന്ന് എനിക്കും നിശ്ചയമുണ്ടായിരുന്നില്ല.

ഇന്നും അവിടെ അത്താഴ പട്ടിണി തന്നെ! രാവിലത്തെ കഞ്ഞി വെള്ളത്തില്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ രജനി കുടിച്ചിട്ടുണ്ടാകും....പാവം! വീടിന്‍റെ പിന്നാമ്പുറത്തു കൂടിപോയി ഒരുപിടി അരിയും കുറച്ചുള്ളിയും അവള്‍ക്കായി എത്തിക്കണം.. നാളെയാവട്ടെ...

അല്ലെങ്കിലും അമ്മായി വരും,

“തെല്ലു പൈശാര തര്വോ മോളേ..., ഉണ്ടെങ്കില്‍ രണ്ടു പോറ്റു ഉള്ളീം കല്ലുപ്പും.”. പഞ്ചസാര രജനിക്ക് കട്ടങ്കാപ്പീല്‍ ഇടാനാവും..ഉള്ളി, ചമ്മന്തിക്കും.

ഒരിക്കല്‍ രജനിക്ക് ചൊറി പിടിച്ചു.. ചോരയും ചലവും ഒലിച്ചിറങ്ങുന്ന അഴുകിയ വ്രണങ്ങളുമായി ഇരുന്ന അവളുടെ മുഖത്ത് നിന്നും വേദനയുടെ ആഴം അളക്കാമായിരുന്നു.

ചൂടുവെള്ളം പകര്‍ന്ന് വാഴയുടെ കടക്കലേക്ക്‌ വച്ചു രജനിയെ ബലമായി പിടിച്ച് കൊണ്ട് വരുമ്പോള്‍ തുടങ്ങുന്ന കരച്ചില്‍ വാഴയില കൂട്ടിപിടിച്ച്‌ വ്രണങ്ങളില്‍ ഉരക്കുമ്പോള്‍ അവിടമാകെ അലയടിക്കും.. അതൊന്നും വക വയ്ക്കാതെ സരസു കുളിപ്പിക്കല്‍ തുടരും. ഈരിഴ തോര്‍ത്തുകൊണ്ട് അമര്‍ത്തി തുടച്ച് , ഉണരുകളില്‍ എന്തോ ഒരു പച്ചിലക്കൂട്ടു തേയ്ക്കുമ്പോള്‍ രജനി, വാഴയ്ക്ക് ചുറ്റും ഒരു പുല്‍ച്ചാടിയെ പോലെ കരഞ്ഞുകൊണ്ടോടും. എന്‍റെ കാല്‍ പാദങ്ങള്‍ക്കടിയിലൂടെ ഒരു തരിപ്പ് പടര്‍ന്നു കയറുമ്പോള്‍ ഞാന്‍ നോട്ടം പിന്‍വലിക്കും.

മുറിക്കുള്ളില്‍ തളം കെട്ടിയ മൂകതയില്‍ ചിലന്തികള്‍ വല നെയ്യല്‍ തുടരും. മേല്‍ തട്ടിലും ചുമരുകളിലും അവയുടെ ആധിപത്യമായിരുന്നു. ചെറിയ ചിലന്തികള്‍ നേര്‍ത്ത നൂലുകളില്‍ പശ പോലെ പറ്റിയിരിക്കുന്നുണ്ടാവും. അമ്മച്ചിലന്തിയെ തിരയവേ വടക്കേമൂലയില്‍ വലക്കു പുറത്ത്, രണ്ടു മൂന്നു വലിയ ചിലന്തികള്‍! അവയുടെ വീര്‍ത്ത വയറും കൊച്ചു തലയും, സൂക്ഷ്മമായ കണ്ണുകളും അസുഖകരമായ എന്തോ ഒന്ന് എന്നെ ഓര്‍മ്മപ്പെടുത്തി.

തൊട്ടരികെ, ഇരുണ്ട ഭൂഖണ്ഡത്തിലെന്നോണം കഴിഞ്ഞുകൂടുന്ന രജനിയും സരസ്സുവും, വലയിലകപ്പെട്ട പ്രാണികള്‍ക്കു തുല്യം. അവര്‍ക്ക് ശ്വാസം മുട്ടുന്നുണ്ടാവില്ലേ... ഒരു നീറ്റലായി ഉള്ളില്‍ കിടന്ന ആ ചോദ്യത്തിന് ഉത്തരം കിട്ടിയത്, സരസ്സു, അടുത്ത വീട്ടില്‍ കള്ളു ചെത്താന്‍ ചെന്നിരുന്ന ദിവാകരന്‍റെയൊപ്പം സൈക്കിളില്‍ കയറി ഒളിച്ചോടിയപ്പോഴാണ്. അന്ന് നാണ്യമ്മായീടെ കണ്ണുകളില്‍ കണ്ട തിളക്കം അതിനു മുന്‍പോ പിന്നീടോ ഞാന്‍ കണ്ടിട്ടില്ല. മൂകനും മൂഢനുമായ പവിത്രന് രജനിയുടെ കൈ പിടിച്ച് കൊടുത്ത നാളില്‍ അമ്മായി തിമിരം മൂലം പലതും കണ്ടിട്ടുമുണ്ടാവില്ല.

എനിക്കും ആ കാഴ്ച കാണേണ്ടി വന്നില്ല, അതിനു മുന്‍പേ ആ ചെറിയ ലോകത്തെ പിന്നിലാക്കി ഞാന്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോയിരുന്നു. അന്ന് അടയാന്‍ വിസമ്മതിച്ച ആ കിളി വാതില്‍ എന്‍റെ മനസ്സിന്‍റെ ജാലകമായി തുറന്നു വച്ചാണ് ഞാന്‍ യാത്രയായത്. മായാ ജാലങ്ങളില്‍, കാണാ കാഴ്ച്ചകളില്‍, നിറഞ്ഞും, കവിഞ്ഞും പിന്നെ ഒഴിഞ്ഞും ജീവിതം എന്നെ ഏതൊക്കെയോ തീരങ്ങളില്‍ അടുപ്പിച്ചപ്പോഴൊക്കെ ഞാനാ കിളിവാതിലുകളെ മറക്കാതിരുന്നു. ജീവന്‍ തുടിക്കുന്ന, ജീവിതം തുളുമ്പുന്ന, മനസ്സിനെ പൊള്ളിച്ച, സ്വപ്നങ്ങളല്ലാത്ത യാഥാര്‍ത്ഥ്യം എനിക്ക് കാണിച്ച, വഴികാട്ടിയായ ആ ജാലകങ്ങള്‍ ഒരു തിരിച്ചു വരവില്‍ ഞാന്‍ ഒന്ന് തൊടാനാഞ്ഞപ്പോള്‍, പക്ഷേ ചിതലരിച്ച്‌ പൂതലിച്ചു പോയിരുന്നു. എന്‍റെ ഹൃദയജാലകം ജീര്‍ണ്ണിച്ചുവെന്നോ ....? ഞാന്‍ ചകിതയായി.

ഓര്‍മ്മകള്‍ നിഴല്‍ച്ചിത്രം വരക്കും മുന്‍പേ , അധികം അകലെയല്ലാതെ, ഓട്ടു കമ്പനിയില്‍ നിന്നും സൈറന്‍ മുഴങ്ങി. മനസ്സിനെ മഥിച്ച ഒരു കാഴ്ച കൂടി ജാലകത്തിലൂടെ അപ്പോള്‍ വിരുന്നിനെത്തി. വിയര്‍പ്പില്‍ കുതിര്‍ന്ന മുഷിഞ്ഞ വലിയ ഷര്‍ട്ടും കൈലിയും ധരിച്ച്, അന്നത്തെ പണി നിര്‍ത്തി , തിടുക്കപ്പെട്ട് കുടിയിലേക്ക് വരുന്നു രജനി! വേലിക്കരികെ കാത്തുനിന്നിരുന്ന പവിത്രന്‍റെ കയ്യില്‍ അവളുടെ കുഞ്ഞോമന!. അവരുടെ മിഴികളില്‍ ഓരായിരം ചെണ്ടുമല്ലികളുടെ വസന്തോത്സവം... അതിന്‍റെ പ്രതിഫലനത്തില്‍ എന്‍റെ നയനങ്ങള്‍ കൂമ്പിപ്പോയി. ഒരു കൊച്ചു കൂരയ്ക്കുള്ളില്‍ ദാരിദ്ര്യത്തിനും ദുഖങ്ങള്‍ക്കുമിടയില്‍ കുടികൊള്ളുന്ന വലിയ സന്തോഷത്തിന്‍റെ തുടിപ്പുകള്‍ പുറത്തേക്കൊഴുകി എന്‍റെ ഹൃദയത്തിന്‍റെ ഭിത്തികളില്‍ തട്ടിയപ്പോള്‍, എന്‍റെ ഉള്ളിലിരുന്ന് ആരോ വിളിച്ചു പറഞ്ഞു, ഞാന്‍ കണ്ട വലിയ ലോകം എത്രയോ  സങ്കുചിതം എന്ന്! തുറന്നിട്ട ഏകാന്തജാലകത്തിലൂടെ എന്നിലേ ക്കെത്തിയിരുന്നത് പരിച്ഛെദമില്ലാത്ത നേരിന്‍റെ, നെറിവിന്‍റെ ഉള്‍ക്കാഴ്ചയായിരുന്നു. അകകണ്ണുകള്‍ തുറപ്പിച്ച, അഗാധങ്ങളില്‍ വേരുകള്‍ ഉറപ്പിച്ച ആഴമുള്ള ജീവിതങ്ങള്‍ ഞാന്‍ അടുത്തറിഞ്ഞതും അതിലൂടെത്തന്നെ! .

ജാലകങ്ങള്‍ നഷ്ടമായപ്പോള്‍ മണ്ണും വിണ്ണും മരവും മഴയും പൂവും പറവയും പൂന്തെന്നലും ഒന്നുചേര്‍ന്ന് ആ മുറിക്കുള്ളില്‍ ചേക്കേറാന്‍ എത്തി. അതെ, ഇപ്പോള്‍ ജാലകങ്ങളില്ലാതെ എന്‍റെ മനസ്സും തുറന്നുതന്നെ കിടക്കുന്നു...അനന്തവിശാലമായ ഈ പ്രപഞ്ചത്തിലേക്ക്...

12 അഭിപ്രായങ്ങൾ:

  1. അന്ന് അടയാന്‍ വിസമ്മതിച്ച ആ കിളി വാതില്‍ എന്‍റെ മനസ്സിന്‍റെ ജാലകമായി തുറന്നു വച്ചാണ് ഞാന്‍ യാത്രയായത്. മായാ ജാലങ്ങളില്‍, കാണാ കാഴ്ച്ചകളില്‍, നിറഞ്ഞും, കവിഞ്ഞും പിന്നെ ഒഴിഞ്ഞും ജീവിതം എന്നെ ഏതൊക്കെയോ തീരങ്ങളില്‍ അടുപ്പിച്ചപ്പോഴൊക്കെ ഞാനാ കിളിവാതിലുകളെ മറക്കാതിരുന്നു. ജീവന്‍ തുടിക്കുന്ന, ജീവിതം തുളുമ്പുന്ന, മനസ്സിനെ പൊള്ളിച്ച, സ്വപ്നങ്ങളല്ലാത്ത യാഥാര്‍ത്ഥ്യം എനിക്ക് കാണിച്ച, വഴികാട്ടിയായ ആ ജാലകങ്ങള്‍ ഒരു തിരിച്ചു വരവില്‍ ഞാന്‍ ഒന്ന് തൊടാനാഞ്ഞപ്പോള്‍, പക്ഷേ ചിതലരിച്ച്‌ പൂതലിച്ചു പോയിരുന്നു. എന്‍റെ ഹൃദയജാലകം ജീര്‍ണ്ണിച്ചുവെന്നോ ....? ഞാന്‍ ചകിതയായി.

    മറുപടിഇല്ലാതാക്കൂ
  2. ഒരു കൊച്ചു കൂരയ്ക്കുള്ളില്‍ ദാരിദ്ര്യത്തിനും ദുഖങ്ങള്‍ക്കുമിടയില്‍ കുടികൊള്ളുന്ന വലിയ സന്തോഷത്തിന്‍റെ തുടിപ്പുകള്‍ പുറത്തേക്കൊഴുകി എന്‍റെ ഹൃദയത്തിന്‍റെ ഭിത്തികളില്‍ തട്ടിയപ്പോള്‍, എന്‍റെ ഉള്ളിലിരുന്ന് ആരോ വിളിച്ചു പറഞ്ഞു, ഞാന്‍ കണ്ട വലിയ ലോകം എത്രയോ സങ്കുചിതം എന്ന്! തുറന്നിട്ട ഏകാന്തജാലകത്തിലൂടെ എന്നിലേ ക്കെത്തിയിരുന്നത് പരിച്ഛെദമില്ലാത്ത നേരിന്‍റെ, നെറിവിന്‍റെ ഉള്‍ക്കാഴ്ചയായിരുന്നു. അകകണ്ണുകള്‍ തുറപ്പിച്ച, അഗാധങ്ങളില്‍ വേരുകള്‍ ഉറപ്പിച്ച ആഴമുള്ള ജീവിതങ്ങള്‍ ഞാന്‍ അടുത്തറിഞ്ഞതും അതിലൂടെത്തന്നെ! ‘.

    ഇത്തരം രജനിമാരെയൊക്കെ നോക്കികാണുമ്പോളാണല്ലോ
    നമ്മുടെയൊക്കെ ജീവിതത്തിൽ എത്ര പകിട്ടുണ്ടെങ്കിലും ...
    അവ യാതൊന്നുമില്ല എന്നറിയുന്നത് അല്ലേ...!

    മറുപടിഇല്ലാതാക്കൂ
  3. വല്ല പറമ്പില്‍ നിന്നും വലിച്ചു കൊണ്ട് വരുന്ന ദ്രവിച്ചു തുടങ്ങിയ കശുമാവിന്‍ മുട്ടിയോ, തെങ്ങിന്‍റെ കവളം പട്ടയോ അടുപ്പില്‍ തിരുകും. ആളി പടരുന്ന തീയില്‍ മങ്കലം പൊള്ളി വിയര്‍ക്കും...അതിന്‍റെ വശങ്ങളിലൂടെ പതയും വെള്ളവും ഒലിച്ചിറങ്ങുന്നുണ്ടാവുമെങ്കിലും തീ അണഞ്ഞു പോകാറില്ല.

    ജാലകങ്ങള്‍ ഇല്ലാതായപ്പോള്‍ വീര്‍പ്പുമുട്ടി തിങ്ങിക്കൂടി വീര്‍പ്പുമുട്ടിച്ചെങ്കിലും ജാലകങ്ങള്‍ ഇല്ലാതെ കാണാന്‍ ആകുമ്പോള്‍ തിരിച്ചുകിട്ടുന്നത് മനസ്സിന്റെ തൃപ്തി തന്നെ.
    നല്ലെഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  4. കുറച്ചകലെ, പുല്ലാനിക്കാട്ടിനുള്ളില്‍ രഹസ്യ വില്‍പ്പന നടത്തുന്ന വാറ്റുകാരന്‍ കിട്ടുണ്ണിയുടെ കള്ളച്ചാരായം മൂന്നാല് ഗ്ലാസ്സു വാങ്ങി അടിച്ച്, മൂവന്തി കഴിഞ്ഞേറെ ചെല്ലുംമുന്‍പ് അമ്മാവന്‍ ഒരു നാല്‍ക്കാലിയെ പോലെ ഇഴഞ്ഞു വരും.

    വളരെ വർഷങ്ങൾക്കുമുൻപ് ഇത്തരക്കാരെ പരിചയമുണ്ട്. കുടിയും കഴിഞ്ഞ് വന്നു കയറിയാൽ ആ വീട്ടിൽ നിന്നും ചേച്ചിയുടെയും മക്കളുടേയും ദീനമായി ഉയരുന്ന നിലവിളി ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു.

    കഥ നന്നായിരിക്കുന്നു.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. That’s imagination and creativity packed and without doubt well wrought…
    If we closely observe, I guess, even today we can find such scenarios unfolding in our neighborhood… of course in Kerala :)…

    മറുപടിഇല്ലാതാക്കൂ
  6. മുരള്യേട്ടന്‍, റാംജി, വികെ, deeps ..അഭിപ്രായങ്ങള്‍ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  7. കഥ നന്നായി എഴുതി. ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  8. നർച്ചീറുകളുടെയും ചിലന്തികളുടെയും വിഹാരകേന്ദ്രമായ ഒളിസങ്കേതത്തിലിരുന്നു അനുസരണയില്ലാത്ത കിളിവാതിൽ തുറന്ന് എനിക്ക് കാണിച്ച് തന്നത് പച്ചയായ ഒരു ജീവിതത്തിന്റെ നേർച്ഛേദമായിരുന്നു. കുറച്ച് സമയമെടുത്തു ആ ലോകത്തിൽ നിന്ന് പുറത്തുവരാൻ.

    ആയിരം ചെണ്ടുമല്ലികളുടെ വസന്തോത്സവത്തിൽ എന്റെ മനസ്സും നിറഞ്ഞു പോയി.

    മറുപടിഇല്ലാതാക്കൂ