2014, ജനുവരി 27, തിങ്കളാഴ്‌ച

ലൂപാരയിലെ മോണാലിസ (Paris Part 2)


 നാനൂറ്റി മൂന്നു മുറികളിലായി, മുപ്പത്തി അയ്യായിരത്തിലേറെ(35,000) വരുന്ന കലാവിസ്മയങ്ങളുടെ ഒരു മഹാപ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്ന,എണ്ണൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ലൂവര്‍ ( Paris) നമുക്ക് മുന്നില്‍ തുറക്കുന്നത് 8000BC മുതല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ലോകകലയുടെ തന്നെ ഒരു വലിയ സംസ്കാരം!

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്ന് എന്നതിലുപരി ഒരു ചരിത്രസ്മാരകവും കൂടിയായ ലൂവറിന്‍റെ പുരാവൃത്തത്തിലേക്കൊരു എത്തിനോട്ടം എന്തുകൊണ്ടും നന്നാവുമെന്ന് തോന്നുന്നു.

വിവിധ തലമുറകളിലൂടെ, നിരവധി ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കപ്പെട്ടതാണ് ഇന്ന് നാം കാണുന്ന ലൂവര്‍ മ്യൂസിയം. ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറില്‍ (1190) ഫിലിപ് അഗസ്റ്റസിന്‍റെ നേതൃത്വത്തില്‍, ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിന്‍റെ ഉറച്ച സുരക്ഷയ്ക്ക് വേണ്ടി പണിത കോട്ടയോടു കൂടിയ ഈ സൗധം സ്ഥിതി ചെയ്യുന്നത്, ലൂപാര (“lupara” ) എന്ന സ്ഥലത്തായതിനാല്‍ ആണ് ഇതിനു ലൂവര്‍ (“louvre”)എന്ന പേര് സിദ്ധിച്ചത്‌. മധ്യകാല ശൈലിയിലുള്ള ഈ കോട്ടയ്ക്കു ചുറ്റും ക്രമേണ ഒരു നഗരം ഉയര്‍ന്നു വരികയായിരുന്നു. ഇത് ഫ്രഞ്ച് രാജാക്കന്മാരുടെ രമ്യഹര്‍മ്മ്യമാവുന്നതൊക്കെ പിന്നീട്.

ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി എട്ടില്‍ (1528) ഫ്രാന്‍സിസ് ഒന്നാമന്‍ (King Fransis 1) ഇവിടെ താമസമാക്കിയതോടെയാണ് ലൂവറിന് ശ്രേഷ്ഠമായ ഒരു രാജകൊട്ടാരത്തിന്‍റെ പദവി കൈവരുന്നത്. നല്ലൊരു ശില്‍പിയും കലയെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധാലുവുമായിരുന്ന ഫ്രാന്‍സിസ് ഒന്നാമന്‍റെയും ഫ്രെഞ്ച് ആര്‍ക്കിടെക്റ്റായ പെരി ലെസ്കോയുടെയും (Pierre Lescot ) സംയുക്തമായ വിഭാവനയാണ് ഫ്രാന്‍സിലെ നവോത്ഥാനശൈലിയിലുള്ള കെട്ടിടങ്ങളുടെ ആവിര്‍ഭാവത്തിനു ഹേതുവായത്.

കൊട്ടാരത്തിന്‍റെ താഴത്തെ നിലയില്‍ ആഡംബരപൂര്‍വ്വമായ വലിയ മുറികള്‍ പണികഴിപ്പിച്ച ഹെന്റി രണ്ടാമന്‍റെ (1547- 1559) മരണശേഷം, അദ്ദേഹത്തിന്‍റെ വിധവ ട്യുലെരിസ് (Tuileries)കൊട്ടാരത്തിന്‍റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചുവെങ്കിലും അത് മുഴുവനാക്കാനായില്ല.

ഹെന്രി നാലാമന്‍റെ കാലത്ത്, (1572-1610) മതിയാവോളം വിവാദങ്ങള്‍ക്ക് ശേഷം ലൂവറും ടുലെരിസും ഒരുമിപ്പിക്കുവാനുള്ള തീരുമാനമുണ്ടായി. അനന്തരം, സെയിന്‍ നദിയുടെ ഓരം ചേര്‍ന്ന് പണിത ഒന്നര കിലോമീറ്റര്‍ നീളമേറിയ ചിത്രമണ്ഡപവും ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് അതിബൃഹത്തായ ഒരു സ്മാരകം രൂപം കൊള്ളുകയായിരുന്നു. 1793 ല്‍ ലൂയി പതിനാറാമന്‍റെ കാലത്ത് ഈ കൊട്ടാരം ഒരു പൊതുമ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ടു.

ബാക്കിയുള്ളത് കണ്ടറിയേണ്ടുന്ന ചരിത്രം.

രാവിലെ ഒന്‍പതു മണിയോടെയാണ് മ്യൂസിയത്തിലെത്തിച്ചേര്‍ന്നത്. ടിക്കറ്റ് മുന്‍കൂട്ടി ഉറപ്പാക്കിയിട്ടില്ലാത്തതിനാല്‍ വരിയില്‍ നില്‍ക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. ചില്ലു കൊണ്ടുണ്ടാക്കിയ പിരമിഡിനടുത്ത് കണ്‍കോര്‍ഡ്‌ മൈതാനിയിലായിരുന്നു( place de Concord) ആ നീണ്ട ക്യൂ. ലൂയി പതിനഞ്ചാമന്‍റെ ഭരണകാലത്ത് 1755 ല്‍ രൂപകല്പന ചെയ്ത വിസ്തൃതമായ ഈ മൈതാനം, പിന്നീട് ഫ്രഞ്ച് വിപ്ലവത്തില്‍ പതിനായിരക്കണക്കിനു ആളുകളുടെ ശിരസ്സറ്റ ശരീരങ്ങളില്‍ നിന്നും ഒഴുകിയ രക്തപ്പുഴയില്‍ കുളിച്ച് വിപ്ലവ മൈതാനമായി (place de revolution) പരിണമിക്കുകയായിരുന്നു!.

മധ്യഭാഗത്തായി നിലകൊള്ളുന്ന ഇളം റോസ് നിറത്തിലുള്ള വലിയ ശിലാസ്തംഭം, സൂക്ഷ്മതയോടെ കൊത്തിയിരിക്കുന്ന ഈജിപ്ത്യന്‍ ചിത്രപണികളാല്‍ സമ്പന്നമാണ്. ഏകദേശം എഴുപത്തിയഞ്ച് അടിയോളം ഉയരവും മൂവായിരമാണ്ടുകള്‍ക്കുമപ്പുറം പഴക്കവുമുള്ള ഒറ്റ കല്ലില്‍ തീര്‍ത്ത ആ ചാരുസ്തംഭം ഈജിപ്റ്റില്‍ നിന്നും ലൂയി ഫിലിപ്പിന് അന്നത്തെ വൈസ്രോയി പാരിതോഷികമായി കൊടുത്തയച്ചതാണ്. അങ്ങിങ്ങായി പ്രതിഷ്ഠിച്ചിട്ടുള്ള കല്‍പ്രതിമകളും ഫൌണ്ടനുകളും മൈതാനത്തെ കൂടുതല്‍ അലങ്കൃതമാക്കുന്നുണ്ട്.

ക്യൂവിന്‍റെ അവസാനത്തിലേക്ക് നടക്കുമ്പോള്‍ മഴ ചാറി തുടങ്ങിയിരുന്നു. ഒപ്പം വീശുന്ന മൂര്‍ച്ചയുള്ള തണുത്ത കാറ്റും. തൊട്ടു മുന്നില്‍ ഒരു സായിപ്പും മദാമ്മയും ആലിംഗനത്തില്‍ അലിയുന്നു.

തണുത്തുവിറച്ച് മഴനനഞ്ഞു നില്‍ക്കുമ്പോള്‍ ഒന്ന് പുണരാനുള്ള തോന്നല്‍ മനുഷ്യ സഹജം! പക്ഷേ ചൂടെന്നോ തണുപ്പെന്നോ ഉള്ള വ്യത്യാസമില്ലാതെ കാണുന്ന ഈ യൂറോപ്യന്‍ കാഴ്ച, മലയാളിക്കെന്നും കൗതുകം തന്നെ! പറഞ്ഞുകേട്ടിടത്തോളമൊന്നും കണ്ടില്ലെങ്കിലും, അവരുടെ സ്നേഹപ്രകടനങ്ങള്‍ക്ക് സീമകളില്ല എന്നുള്ളത് വ്യക്തം.

അരികിലൂടെ നടന്നുനീങ്ങിയ മദാമ്മകളുടെ മേല്ക്കുപ്പായത്തിലേക്കും കനത്ത ബൂട്ടിലേക്കും ചിത്രത്തുന്നല്‍ ചെയ്ത ഷോളിലേക്കുമായി എന്‍റെ ശ്രദ്ധ.

“ശൈത്യകാലമായതിനാലാണ് ഇവര്‍ ഇത്രയെങ്കിലും വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത്‌. മറ്റൊരു സീസണിലാണ്  വന്നിരുന്നതെങ്കില്‍ അല്‍പവസ്ത്രം പോലും ഇവര്‍ക്ക് ചതുര്‍ഥിയാവുന്നത് നേരില്‍ കാണാമായിരുന്നു.”.

കൂട്ടത്തില്‍ ഒരാള്‍ തന്‍റെ അനുഭവജ്ഞാനം പങ്കുവച്ചതാണ്.

എന്നിരുന്നാലും, മണിക്കൂറുകളോളം ക്യൂവില്‍ നിന്നു വലയേണ്ടി വരുമ്പോള്‍ പോലും, ഒട്ടും അക്ഷമരാവാതെ, ആത്മസംയമനം പാലിക്കുന്ന വിദേശികളില്‍ നിന്നും മര്യാദയുടെ പാഠങ്ങള്‍ നാം ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.

ക്യൂ അകത്തേക്കെത്തിയതറിഞ്ഞില്ല. ചില്ലു പിരമിഡിനുള്ളിലൂടെ കടന്ന്, താഴോട്ടുള്ള പടികളിറങ്ങി, വേണം മ്യൂസിയത്തിലെത്താന്‍..

ടിക്കറ്റിനു പുറമേ, ഓഡിയോ ഗൈഡും വാങ്ങി കോണിപ്പടിയിലൂടെ മുകളിലേക്ക്. പെയിന്‍റിംഗ് വിഭാഗത്തിലേക്കാണ് ആദ്യം കടന്നത്‌. ഇതിഹാസചിത്രമായ മോണാലിസയായിരുന്നു പ്രഥമ ലക്ഷ്യം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

സുദീര്‍ഘമായ മണ്ഡപം. വശങ്ങളിലേക്ക് പിന്നെയും മുറികള്‍. ചുമരുകളില്‍ ദൃശ്യ വിരുന്ന്. നടുവിലൂടെ ജനപ്രവാഹം. അനാവശ്യമായ ധൃതിയോ, പരിഭ്രാന്തിയോ ഇല്ലാത്ത, സഹൃദയരായ കലാസ്വാദകര്‍. ഉന്തിയും തള്ളിയും കലഹിച്ചും ക്യൂവില്‍ നിന്നിട്ടോ, വട്ടം ചാടിയിട്ടോ, ഒരു പ്രകാരത്തില്‍ അകത്തു പ്രവേശിച്ച്, വഴിപാടെന്നോണം ഒരു ഓട്ട പ്രദക്ഷിണം നടത്തി സ്ഥലം വിടുക എന്ന ചിരപരിചിതമായ കാഴ്ചയില്‍ നിന്നും വേറിട്ടൊരു അനുഭവം. പാരീസിലെ മ്യൂസിയങ്ങളില്‍ ഉടനീളം കാണാനായത് ആസ്വാദനത്തിന്‍റെ പുതിയൊരു മാനവും തലവുമാണ്. ഓരോ സൃഷ്ടിയുടെയും ആന്തരാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആസ്വാദനത്തില്‍ മുഴുകുന്നതിനായുള്ള ഇരിപ്പിടങ്ങളും സജീവം. സന്ദര്‍ശകരില്‍ ഏറിയ പങ്കും യൂറോപ്പുകാര്‍ തന്നെ. കുറഞ്ഞൊരു വിഭാഗം മാത്രം, ഏഷ്യ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും ഉള്ളവര്‍.



എങ്ങോട്ടു നടക്കണം, എവിടെ നോക്കണം എന്നറിയാതെ കുറച്ചു നേരം വിഭ്രാന്തിയിലാണ്ടു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാണുക എന്നതിനേക്കാള്‍, കാണുന്നത് മുഴുവനായും അറിയുക എന്ന രീതിയില്‍ പതുക്കെ നീങ്ങുമ്പോള്‍ മനസ്സിലായി, ഓരോ ചിത്രത്തിനും പറയാനുണ്ട് നിഗൂഢമായ കഥകളും നൂറ്റാണ്ടുകളുടെ ചരിത്രങ്ങളുമെന്ന്. ബൈബിളിലെ മുഹൂര്‍ത്തങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി ചിത്രങ്ങളില്‍ യുറോപ്പിലെ ക്രിസ്തുമതത്തിന്‍റെ വളര്‍ച്ചയുടെ ഒരു രൂപരേഖ അന്തര്‍ല്ലീനമായിക്കണ്ടു.

ആപല്‍ സൂചകമായ ഒരു മണിനാദം ഇടയ്ക്കിടെ ഉയരുമ്പോഴൊക്കെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മിന്നല്‍ പിണര്‍ പോലെ ഓടിയെത്തുന്നുണ്ടായിരുന്നു. നിശ്ചിത അകലത്തില്‍ അദൃശ്യമായി ഘടിപ്പിച്ചിട്ടുള്ള മോഷന്‍ സെന്‍സറിനെ ( motion sensor) ഛേദിക്കുമ്പോഴാണ് ഈ അപായസൂചന നല്‍കിയിരുന്നത്.

സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുന്നില്ലല്ലോ! മോണാലിസയെ കാണാതെ മടങ്ങാനാവില്ല. സുരക്ഷാ പോലീസിനോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഏറ്റവും ആദ്യം, ഹാളിലേക്ക് പ്രവേശിക്കുന്നിടത്താണ് വിശ്വവിഖ്യാതമായ മോണാലിസ എന്നായിരുന്നു. കടന്നുപോന്ന വഴികളത്രയും തിരികെ നടന്നു. എന്തുകൊണ്ടായിരിക്കാം ആ മഹനീയമായ രചന കണ്ണില്‍ പെടാതിരുന്നത്? ഒരു പക്ഷേ വലിയ ആള്‍കൂട്ടം കണ്ടപ്പോള്‍ അറിയാതെ ഒഴിവാക്കിയതാവാം.

എത്രയോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, പക്ഷേ മോണാലിസ കാണുവാനുള്ളത്ര  തിരക്ക് മറ്റെവിടെയും കണ്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്കര്‍ഷതയോടെ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഒരു മണിക്കൂറോളം നിന്നാലും ആ ഛായാചിത്രത്തിനു മുന്‍പിലേക്ക് എത്തിപ്പെടാനാവുമെന്ന പ്രതീക്ഷ വേണ്ട, അത്ര തിരക്ക്. സമയം ഒട്ടും കളയാനില്ലാത്തതിനാല്‍ നൂഴ്ന്നു കയറി ഏകദേശം അടുത്തെത്തി. അഞ്ചു മിനിട്ടോളം തിക്കിലും തിരക്കിലും പിടിച്ച് നിന്നു. ഔല്‍സുക്യത്തോടെ വീണ്ടും നോക്കി. ലോകത്തില്‍ ഏറ്റവും അധികം അറിയപ്പെട്ട , സന്ദര്‍ശിക്കപ്പെട്ട, എഴുതപ്പെട്ട, പാടി പുകഴ്ത്തപ്പെട്ട അനുകരിക്കപ്പെട്ട, അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കലാസൃഷ്ടിയാണ് കണ്മുന്നില്‍ !



എതിര്‍ ദിശയിലെ വലിയ ചുമരില്‍ ഉറപ്പിച്ച കാനായിലെ കല്ല്യാണം (“The Wedding Feast of Cana”) എന്ന അതിവിപുലമായ, വര്‍ണ്ണാഭമായ ചിത്രം പ്രശസ്തമായ മോണാലിസ ചിത്രത്തിന്‍റെ പ്രാമുഖ്യം കുറക്കുന്നില്ലേ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്ന് വേണം പറയാന്‍. അവിടെ കണ്ട മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നേ വലുപ്പം കുറഞ്ഞ, അതിസാധാരണവും, അനാകര്‍ഷകവുമായ ഒരു ചിത്രമാണല്ലോ മോണാലിസ എന്ന് തോന്നിപ്പോകുന്നത് സ്വാഭാവികം!. സൂക്ഷ്മമായ ഒരു വീക്ഷണം സാധ്യമായില്ല എന്നതും മറ്റൊരു വസ്തുതയാണ്.

പല തവണകളായി, ചുറ്റിക കൊണ്ടടിച്ചും, പാറ കഷണം കൊണ്ടെറിഞ്ഞും ആസിഡ് വീഴ്ത്തിയും, ചുവന്ന പെയിന്‍റ് കോരിയൊഴിച്ചും , മാനസിക വൈകല്യമുള്ളവരും അല്ലാത്തവരുമായ പലരും ലിസചിത്രത്തിനു ക്ഷതമേല്‍പ്പിച്ചതിനുശേഷം ബുള്ളറ്റ്പ്രൂഫ്‌ ഗ്ലാസ്സിനാല്‍ ചിത്രം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സര്‍വോപരി, നാലഞ്ചു അടിയോളം അകലത്തില്‍ നിന്നുകൊണ്ടു മാത്രമേ ചിത്രം കാണുവാന്‍ അനുവദിച്ചിരുന്നുള്ളൂ. കനത്ത സുരക്ഷാ സംവിധാനം മൂലം നമുക്ക് നഷ്ടമാവുന്നത് നല്ലൊരു ആസ്വാദനത്തിനുള്ള അപൂര്‍വ്വമായ ഒരു അവസരം!

മോണാലിസയുടെ മഹത്വം എന്തായിരിക്കാം എന്ന് മനസിലാക്കാനുള്ള നിപുണത എനിക്കില്ലാതെ പോയതോ, എന്തോ അറിയില്ല. ഒന്ന് മാത്രം ഓര്‍ത്തു, ഡാവിഞ്ചിയുടേതടക്കം എണ്ണമറ്റ എത്രയോ ദൃഷ്ടികള്‍ പതിഞ്ഞ ആ അത്ഭുത സൃഷ്ടിയില്‍ മിഴിയൂന്നി ഇതാ ഒരു നിമിഷം ഞാനും! ചിത്രത്തിനു മുന്‍പില്‍ വിനയാന്വിതയായി നില്‍ക്കുമ്പോഴും വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി.! ഓരോ വരയും ഓരോ നിറവും ഒപ്പിയെടുക്കാനൊരു തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കെ മുന്നോട്ടു നീങ്ങാനുള്ള ആജ്ഞ അനുസരിക്കേണ്ടി വന്നു. ഗൂഢസ്മിതത്തിലൊളിപ്പിച്ച ആ രഹസ്യം എന്തെന്നറിയാന്‍ കഴിയാഞ്ഞതിലുള്ള ദുഖത്തിന്‍റെ ലാഞ്ചനയോടെ, ചിത്രത്തില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് , തിരിഞ്ഞു നോക്കിക്കൊണ്ട്, ഞാന്‍ നടന്നു നീങ്ങി.

നിഗൂഢതയുടെ മൂടുപടം അണിഞ്ഞ, മോണാലിസയെന്ന ഛായാചിത്രത്തെ പറ്റി ലൂവറിന്‍റെ വിവരണക്കുറിപ്പില്‍ പറയുന്നത് സംഭവിക്കാന്‍ സാധ്യതയുള്ള, നിഷ്പക്ഷമായ ചില കാര്യങ്ങളാണ്. ഫ്ലോറന്‍സിലെ ഒരു വസ്ത്രവ്യാപാരി തന്‍റെ ഭാര്യ ലിസയുടെ ( Lisa Gherardini) ഛായാചിത്രം വരയ്ക്കുവാന്‍ ഡാവിഞ്ചിയെ നിയോഗപ്പെടുത്തുകയായിരുന്നു. 1503-1506 കാലയളവില്‍ വരച്ച ആ ചിത്രം പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഉടമസ്ഥര്‍ക്ക് കൊടുക്കാതെ ഡാവിഞ്ചി ഫ്രാന്‍സിലേക്ക് കൊണ്ട് പോകുകയും പിന്നീട് ഡാവിഞ്ചിയുടെ മരണശേഷം അദ്ദേഹത്തിന്‍റെ ശിഷ്യന്‍ സാലി ( Salai) ചിത്രം ഇറ്റലിയിലേക്ക് തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. പക്ഷേ പില്‍ക്കാലത്ത്‌ ആ ചിത്രം ഫ്രാന്‍സിസ് ഒന്നാമന്‍റെ ശേഖരണത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നുള്ളത് മോണാലിസയുടെ ചിരി പോലെതന്നെ നിഗൂഢവും അവ്യക്തവുമാണ്.

ചിത്രത്തിനു വേണ്ടി മാതൃകയായത്‌ ആര് എന്ന ചോദ്യം ഇപ്പോഴും ഒരു തര്‍ക്കവിഷയമായി തുടരുന്നു. ചിലര്‍ ഇതിന് ഒരു ഉഭയലിംഗഭാവം കല്പിക്കുന്നു. മറ്റു ചിലര്‍ ഡാവിഞ്ചിയുടെ തന്നെ ഛായാചിത്രമാണതെന്നു വാദിക്കുന്നു. പക്ഷേ സ്ത്രൈണതയുടെ മൂര്‍ത്തിമദ്ഭാവമാണ് മോണാലിസ എന്നുള്ളതില്‍ തര്‍ക്കമില്ല.

മോണാലിസയോട് വിടപറഞ്ഞ ശേഷം വീണ്ടും ശ്രദ്ധേയമായ മറ്റു പല ചിത്രങ്ങളും കണ്ടു. അധികവും മധ്യകാലഘട്ടത്തിലെ രചനകളായിരുന്നു. വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളുടെ ആഴവും ഭംഗിയും ആസ്വദിച്ചുകൊണ്ട്‌ വര്‍ണ്ണ ചുമരുകളിലൂടെയുള്ള ആ യാത്ര ഒരു സ്വപ്നാടനമാണോ എന്ന് തോന്നി. 




മനസ്സില്‍ തട്ടിയ ഒന്നായിരുന്നു ഡെലിരോഷിന്‍റെ ദി മാര്‍ടയര്‍ (“ the martyr” ). രക്തസാക്ഷിത്വം വരിച്ച സുന്ദരിയായ യുവതി ജീവനുണ്ടെന്നു തോന്നിപ്പിക്കും പോലെ ജലോപരിതലത്തില്‍ പൊങ്ങി കിടക്കുന്ന ആ ചിത്രം മനസ്സില്‍ കൊളുത്തിവലിച്ചു.

ഒടുവിലായി കണ്ടത് പ്രശസ്ത പോപ്പ് ഗായികയായ ലേഡി ഗാഗയുടെ ഡിജിറ്റല്‍ ഛായാചിത്രമാണ്(Digital portrait). നോക്കി നില്‍ക്കെ, ഒരേ ചിത്രത്തില്‍ തന്നെ പലഭാവങ്ങള്‍ പ്രകടമാക്കുന്ന ഗായിക. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ കലയുടെ സ്രഷ്ടാവ് ബോബ് വിത്സണ്‍ (U.S. artist Bob Wilson) എന്ന അമേരിക്കന്‍ കലാകാരനാണ്.



ഒന്‍പതു വിഭാഗങ്ങളിലായി ഇനിയും എണ്ണമറ്റ പ്രദര്‍ശനങ്ങള്‍ കണ്ടുതീരാന്‍ കിടക്കുമ്പോള്‍ എനിക്ക് ബാക്കിയുള്ളത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. ഉള്ള സമയം വിനിയോഗിച്ച്, ചുരുക്കം ചില സൃഷ്ടികള്‍ കൂടി കണ്ടു.


“ Near Eastern Antiquities “ വിഭാഗത്തില്‍ മെസപോട്ടാമിയന്‍ യുഗത്തിലെ “ കോഡ് ഓഫ് ഹാമുറാബി” ബാബിലോണിയന്‍ സംസ്കാരത്തിന്‍റെ സ്മാരകമായി നിലകൊള്ളുന്നുണ്ട്.

തൊട്ടടുത്ത സെക്ഷനായ ഈജിപ്ഷ്യന്‍ ആന്‍റിക്വിറ്റിയില്‍ ( “ Egyptian Antiquity”) തരക്കേടില്ലാത്ത ജനപ്രവാഹം ഉണ്ടായിരുന്നു. സ്ഫിങ്ങ്സ് (“Sphinx “)എന്ന് കേള്‍ക്കുമ്പോള്‍ ഈജിപ്തിലെ “ദ ഗ്രേറ്റ്‌ പിരമിഡ്” ന്‍റെ അടുത്തുള്ള, ഒരു ബഹുനില കെട്ടിടത്തിന്‍റെ വലുപ്പമുള്ള പ്രതിമയായിരുന്നു ഓര്‍മ്മയില്‍ തെളിഞ്ഞിരുന്നത്. അതല്ലാതെ, സ്ഫിങ്ങ്സിന്‍റെ തനതായ ചെറിയ പതിപ്പുകളും നിലനില്‍ക്കുന്നുണ്ടെന്നതായിരുന്നു അവിടെ കണ്ട കൊച്ചു പ്രതിമകളുടെ സാക്ഷ്യപ്പെടുത്തല്‍.മമ്മികള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന,ചിത്രവേലകള്‍ ചെയ്ത ശവപ്പെട്ടികളും കാണാനിടയായി.

ദൈര്‍ഘ്യമുള്ള തലയോട്ടികളോടുകൂടിയ ശില്പങ്ങളായിരുന്നു സവിശേഷത തോന്നിയ മറ്റൊരു കലാരൂപം. ഈജിപ്ഷ്യന്‍ സംസ്കാരത്തിന് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന രീതിയില്‍, അടുത്തയിടെ ഡിസ്കവറി ചാനലില്‍ പ്രക്ഷേപണംചെയ്ത ഒരു പരിപാടിയാണ് (ancient aliens ) അപ്പോള്‍ ഓര്‍മ്മവന്നത്. അവിടെ കണ്ട, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള, നീണ്ട കഴുത്തും, നീളമേറിയ തലയോട്ടികളും ഉള്ള ശില്പങ്ങള്‍ ആ കാഴ്ചപ്പാടിനെ പിന്താങ്ങുന്നില്ലേ എന്നും സംശയിച്ചുപോയി.



കാലഘട്ടംപോലും കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കാത്ത അതിപുരാതനമായ ശില്പങ്ങളിലൂടെ മനുഷ്യ ശരീരത്തിന്‍റെ സൗന്ദര്യം ഒരു ആഘോഷമാക്കി മാറ്റിയിരിക്കുന്നു, ഗ്രീക്കോ റോമന്‍ (Greek and Roman Antiquities) വിഭാഗത്തില്‍!. കാനായി കുഞ്ഞിരാമനെന്ന പ്രഗല്‍ഭനായ ശില്പിയുടെ മലമ്പുഴയക്ഷിയും, കന്യാകുമാരിയിലെ സാഗരകന്യകയും, കേരളത്തില്‍ ഉയര്‍ത്തിയ പ്രതിഷേധമോര്‍ത്ത് ലജ്ജിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ശില്പങ്ങളില്‍, വെറും ശരീര വടിവ് മാത്രമല്ല, മറിച്ച്, ഭാവഭേദങ്ങളും ലക്ഷണങ്ങളും ആണ് ആലേഖ്യം ചെയ്തിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് വിസ്തരിച്ചുള്ള വസ്ത്രാവരണമോ, പരുഷമായ മേനിയോ ഈ ശില്പങ്ങളില്‍ കാണാന്‍ കഴിയാത്തതും. ഒരു കാവ്യരചന പോലെ അതി മനോഹരമായ നഗ്നശരീരങ്ങളിലൂടെ പ്രകടമാവുന്ന ചിന്താധാരയും അതിശയിപ്പിക്കുന്ന കാഴ്ചകളില്‍ ഒന്നാണ്.

സമാനമായ ഭാവനയാണ് സ്കള്‍പ്ച്ചേഴ്സ് (“ sculptures”) എന്ന വിഭാഗത്തിലും പ്രതിഫലിക്കുന്നത്. ഫ്രഞ്ച് ശില്പങ്ങളെന്നും ഫോറിന്‍ ശില്പങ്ങളെന്നും തരം തിരിച്ചിട്ടുണ്ട്. ഇവയില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണ് മൈക്കല്‍ ആഞ്ചലോയുടെ അടിമ (“slave” also called “dying slave” )എന്ന ശില്‍പം. പോപ്പ് ജൂലിയസ് രണ്ടാമന്‍റെ ശവകുടീരം അലങ്കരിക്കാനായി 1513-1515 കാലയളവില്‍ കൊത്തിയതാണ് ഈ ശില്‍പം. മാനുഷികവികാരങ്ങളുടെ തടവറയിലാക്കപ്പെട്ട ആത്മാവിനെ പ്രതിനിധീകരിക്കുന്നു, പണി പൂര്‍ത്തിയായിട്ടില്ലാത്ത ഈ അടിമ ശില്‍പം.

ശേഷിച്ച നാല് വിഭാഗങ്ങളും (graphic Arts, Decorative Arts, Islamic Arts, Arts of Africa, Asia , Oceania and the Americans) കാണാക്കാഴ്ചകളുടെ ഉള്ളറയില്‍ ഒതുക്കി വച്ചു.

മൂന്നു ദിവസമല്ല, മൂന്നു ആഴ്ചയല്ല, മൂന്നു മാസങ്ങള്‍ പോലും മതിയാകില്ല, ലൂവറിനകത്തെ കുതൂഹലമുണര്‍ത്തുന്ന ചരിത്ര സ്മൃതികള്‍ ഒന്ന് കണ്ട് ആസ്വദിച്ചുതീരണമെങ്കിലെന്നു തികച്ചും ബോധ്യമായി.

ഗതകാല സ്മരണകളില്‍ നമ്മെ മുക്കി താഴ്ത്തുന്ന, നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ആ അമൂല്യ ശേഖരം അടുത്തറിയണമെങ്കില്‍ ഒരു ജന്മം തന്നെ മതിയാകുമോ എന്ന സന്ദേഹത്തോടെയാണ് ഞാന്‍ ലൂവറിന്‍റെ പടികളിറങ്ങിയത്.











22 അഭിപ്രായങ്ങൾ:


  1. മനസ്സില്‍ തട്ടിയ ഒന്നായിരുന്നു ഡെലിരോഷിന്‍റെ ദി മാര്‍ടയര്‍ (“ the martyr” ). രക്തസാക്ഷിത്വം വരിച്ച സുന്ദരിയായ യുവതി ജീവനുണ്ടെന്നു തോന്നിപ്പിക്കും പോലെ ജലോപരിതലത്തില്‍ പൊങ്ങി കിടക്കുന്ന ആ ചിത്രം മനസ്സില്‍ കൊളുത്തിവലിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. ലൂവര്‍ മ്യൂസിയത്തിനെപ്പറ്റി ആദ്യം അറിഞ്ഞത് പാരിസില്‍ ഉള്‍ല ബ്ലോഗര്‍ ശ്രീജയുടെ ബ്ലോഗിലൂടെ ആണെന്ന് തോന്നുന്നു. പിന്നെ വേറെ ചില ബ്ലോഗുകളിലും വിശേഷങ്ങള്‍ വായിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും ചിത്രചിത്രങ്ങള്‍ കാണുന്നത് ഈ ബ്ലോഗിലാണ്. നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. vayichappol nerittu kanda pole thonni...great!! iniyum baki anubhavangal koodi ezhuthu..

    മറുപടിഇല്ലാതാക്കൂ
  4. You must have been a student of history :D….. your keen sense of observation and the skill to reproduce them in words is well reflected here…in a very detailed manner :P
    Some of these images I m seeing for the first time.. thanks…I didn’t know photography isn’t prohibited inside there!

    മറുപടിഇല്ലാതാക്കൂ
  5. ചില ചിത്രങ്ങള്‍ മാസികളില്‍ കണ്ടിരുന്നു എന്നതൊഴിച്ചാല്‍ വിശദമായ കാണല്‍ ഒന്നും ഉണ്ടായിട്ടില്ല. ഡാവിഞ്ചിയുടെ ഓരോ ചിത്രങ്ങള്‍ ഉണ്ടാകാനും അതിനുപിന്നില്‍ ഓരോ കഥകള്‍ ഉണ്ടായിരുന്നെന്നും അദേഹം വരയ്ക്കുന്ന ചിത്രങ്ങളില്‍ ഇന്നത്തെ ഡോക്ടേഴ്സ് കണ്ടെത്തുന്ന പലതും അന്നദേഹം ചിത്രത്തിലൂടെ നല്‍കിയിരുന്നു എന്നും വായിച്ചിരുന്നു.
    നല്ല വിവരണവും ചിത്രങ്ങളും.

    മറുപടിഇല്ലാതാക്കൂ
  6. ദിസ് പോസ്റ്റ് ഈസ് ടൂ ബിഗ്ഗ്. നന്നായിട്ടുണ്ട്. വിശദമായി വായിക്കാൻ സമയം കണ്ടെത്താം. നാളെ പാറുകുട്ടി വായിച്ച് തരാം എന്ന് പറഞ്ഞിട്ടുണ്ട് ഉച്ചയൂണുകഴിഞ്ഞിട്ട്. നാളെ എനിക്ക് ഉച്ചക്ക് ശാപ്പാട് അവിടെയാ...

    മറുപടിഇല്ലാതാക്കൂ
  7. നല്ലൊരു പരിചയപ്പെടുത്തലായി..സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  8. നല്ലൊരു പരിചയപ്പെടുത്തലായി..സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  9. nalla yathra vivranam . sradhyode bhangiyayi lalithamayi ezhuthiyirikkunu. aaswathichu vayichu. Keep writing

    Habby novelum cherukatha samaharavum ellam pratheekshikknnu :)
    G

    മറുപടിഇല്ലാതാക്കൂ
  10. nalla yathra vivranam . sradhyode bhangiyayi lalithamayi ezhuthiyirikkunu. aaswathichu vayichu. Keep writing

    Habby novelum cherukatha samaharavum ellam pratheekshikknnu :)
    G

    മറുപടിഇല്ലാതാക്കൂ
  11. എച്ചുമ്മു കുട്ടിക്കും ഗീതമ്മക്കും നന്ദി...

    മറുപടിഇല്ലാതാക്കൂ
  12. ഈ മോണാലിസയെ അന്ന് തന്നെ മൊബൈലിൽ കൂടി കണ്ടിരുന്നൂ
    ലൂവർ മ്യൂസിയത്തിൽ ഞങ്ങളന്ന് പോയിരുന്നില്ലാത്തതിന്റെ കോട്ടം ഇതോടെ തീർന്ന് കിട്ടിയിപ്പോൾ...!

    മറുപടിഇല്ലാതാക്കൂ
  13. ലൂവർ മ്യൂസിയത്തിന്റെ ഇടനാഴികളിലൂടെയുള്ള യാത്രയിൽ ചുമരിൽ ഒരു പാട് ചിത്ര വിസ്മയങ്ങൾ കണ്ടു.. മൊണാലിസയുടെ മന്ദസ്മിതത്തിന്റെ രഹസ്യം വെളിവാകാതെ...

    മറുപടിഇല്ലാതാക്കൂ
  14. തീര്‍ന്നോ?! നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ