2014, ജനുവരി 4, ശനിയാഴ്‌ച

ചാരപ്പടത്തി


കടലോളം ആഴത്തില്‍ സ്നേഹമുണ്ട്, എന്നോടെന്ന് ഒരിക്കല്‍ മണല്‍ തിട്ടയില്‍ ചാരിയിരുന്നുകൊണ്ട് നീ പറഞ്ഞു. സമുദ്രാന്തര്‍ഭാഗം വരെ എന്നെ മുക്കി താഴ്ത്തി, എന്‍റെ ശ്വാസം നിന്റേതു മാത്രമായി മാറുമ്പോഴാണ് ആ സ്നേഹത്തിന്‍റെ ഒടുക്കം എന്ന വസ്ത്രമില്ലാത്ത സത്യം നിന്‍റെ വാക്കുകള്‍ക്കിടയില്‍ അണലി വിഷം പോലെ ഒളിഞ്ഞുകിടന്നത് ഞാന്‍ അറിയാന്‍ വൈകി.


“ചാരപ്പടത്തിപ്പൂവന്‍റെ നിറമാണാ പെണ്ണിനെന്നു ഭാസി പറഞ്ഞു”വെന്നു പറഞ്ഞ് ഐസാവുമ്മ ചിരിച്ചു.

“ക്രീ ക്രീ”.


“അല്ലെങ്കിലും കമലൂ നിനക്കിങ്ങനെയൊരു മുതുക്കിപ്പെണ്ണല്ലല്ലോ മരുമകളായി വരേണ്ടിയിരുന്നത്..” അവര്‍ പിന്നെയും കാറിച്ചിരിച്ചു.



പൊളിഞ്ഞുവീണ മതിലിലെ ഇഷ്ടിക വീണ്ടും അടുക്കി വച്ചപോലെ അകന്നും ഉന്തിയും കണ്ട പെണ്ണിന്‍റെ പല്ലുകള്‍ കമലുവിനു നീര്‍ദോഷം വരുത്തി. അവര്‍ ആഞ്ഞാഞ്ഞു തുമ്മിക്കൊണ്ടിരുന്നു, എന്നാലെങ്കിലും ആ പല്ലൊന്നു തെറിച്ചു വീണെങ്കില്‍!

എന്‍റെ പേര് കേള്‍ക്കുമ്പോള്‍ പോലും അവരുടെ കരുത്തുള്ള പൊടിമീശ വിറച്ചു. നിന്നെ തട്ടിയെടുക്കാന്‍ പോന്ന കരാള ഹസ്തങ്ങള്‍ എനിക്കുണ്ടെന്ന് അവര്‍ വിശ്വസിച്ചു.



അരപ്പട്ട കെട്ടിയ മരുമകളെ വരവേല്‍ക്കാനിരുന്നവരെയല്ലേ നീ നിരാശരാക്കിയത്...നിന്നെ അവര്‍ പ്രാകിക്കൊല്ലുമെന്നു ഞാന്‍  പറഞ്ഞു. അപ്പോഴും അണലിയുടെ സീല്‍ക്കാരം നീയെന്‍റെ ചുണ്ടുകള്‍ക്കിടയില്‍ അടക്കിയമര്‍ത്തി. ഞാനതില്‍ പുളകം കൊണ്ടു.

എന്‍റെ പച്ച ഞരമ്പുകളിലെ ചോര കക്കിയ പാടുകളില്‍ വിരലമര്‍ത്തി നീ ചോദിച്ചു, “വേദനിപ്പിച്ചുവോ പ്രിയേ”? ഞാനപ്പോള്‍ ആകാശ തേരിലേറി ചിറകുകള്‍ തിരഞ്ഞ് പറന്നുകൊണ്ടിരുന്നു.


കുന്നിന്‍ ചെരിവിലെ അസ്തമനം കണ്ടുകൊണ്ടു എന്‍റെ മടിയില്‍ തലയമര്‍ത്തി നീ പറഞ്ഞു സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ കൂകിക്കുറുകി ഉരുമ്മുന്ന ശബ്ദം കേട്ടെന്ന്. ഞാന്‍ ബന്ധിതയായെന്നു മാത്രമേ ആ വെള്ള ചിറകുകള്‍ എന്നോട് പറഞ്ഞുള്ളൂ. എന്‍റെ കണ്ണുകളിലെ നീലിമ, ചിറകുകളില്‍ പടര്‍ന്ന്, അവ നീലപ്രാവുകളായി. വിഷത്തിനും നീല നിറമാണല്ലോ എന്ന് അപ്പോഴും ഞാനോര്‍ത്തില്ല.



എന്‍റെ മടിത്തട്ടില്‍ നിന്നും പ്രാവുകള്‍ സഹതാപത്തോടെ പറന്നകന്നപ്പോള്‍ കാലുകളിലെ സ്വര്‍ണ്ണ വളയം ഒന്ന് വലിഞ്ഞമര്‍ന്നത് ഞാനറിഞ്ഞു. പ്രാവുകള്‍ പാറിയ വഴികളിലൂടെ നീയൊരു കാറ്റായി ഉയര്‍ന്നു. അതൊരു പേമാരിയുടെ തുടക്കമായി. വെള്ളി മേഘങ്ങളില്‍ വീണ രക്ത രേണുക്കള്‍ മഴത്തുള്ളികളായി എന്‍റെ സിന്ദൂരരേഖയിലൂടെ ഒലിച്ചിറങ്ങി.. മണ്ണില്‍നിന്നും ഉതിര്‍ന്ന രോദനം മഴയില്‍ അലിഞ്ഞത് ആരും കേട്ടില്ല. അന്നെന്‍റെ കണ്ണുകള്‍ കലങ്ങി ചുവന്നു.


നിന്‍റെ ചോദ്യം.. “സ്നേഹത്തിനൊടുവില്‍, എന്തേ പ്രിയേ നിന്‍റെ കണ്ണുകള്‍ എപ്പോഴും ചുവക്കുന്നു”? നിനക്കുകൂടി മനസ്സിലാവാത്ത ആ ചുവപ്പിനെപ്പറ്റി എനിക്കെങ്ങനെ പറയാന്‍ കഴിയും? എന്‍റെ മൗനത്തിന്‍റെ ശാന്തിതീരങ്ങളില്‍ നീ ഋഷിയെ പോലെ വിളങ്ങി.

ത്രസിച്ച പച്ച ഞെരമ്പുകളും കലങ്ങിച്ചുവന്ന കണ്ണുകളും നീല ചിറകുകളും ക്രമേണ നിന്‍റെ ഉറക്കത്തിന്‍റെ സുഖം കവര്‍ന്നു.



ഇടിവെട്ടും മിന്നല്‍പിണറും ആകാശം കീഴടക്കിയ രാത്രി നീ പറഞ്ഞു,

“ഞാന്‍ നിന്നോട് കാണിച്ചത് അര്‍ഹിക്കാത്ത ദയവ്”.


കാതുകളടച്ച് നിന്ന ഞാന്‍ ചാരനിറം വിട്ട് കറുത്തിരുണ്ട ഒരു രുദ്രാക്ഷമായി.



കമലു വായിലെ കൊന്ത്രന്‍പല്ലുകള്‍ നീട്ടി തുപ്പി. “ഹാവൂ ആശ്വാസമായി”. മകന്‍ വരുതിയില്‍.



പണിയായുധമായ തലകൂര്‍ത്ത കത്തി ചെരിച്ച് വീശി ഭാസി ചാടി വീണു.അരിഞ്ഞു വീഴ്ത്തപ്പെട്ട എന്‍റെ മിനുസമുള്ള കറുത്ത മുടിയില്‍ അയാള്‍ പുളിച്ച നോട്ടം അര്‍പ്പിച്ചുകൊണ്ട് നിന്നപ്പോള്‍ നിന്‍റെ നാക്കും ആരോ അരിഞ്ഞു വീഴ്ത്തിയതായി എനിക്ക് സങ്കല്പ്പിക്കേണ്ടി വന്നു. ശേഷിച്ച മുടിയില്‍ നിന്‍റെ മുഷ്ടി മുറുകിയപ്പോള്‍ മാത്രമാണ് ഞാന്‍ അറപ്പോടെ മനസ്സിലാക്കിയത്, നിന്‍റെ നാക്കിനു എന്‍റെ മുടിയോളം നീളവും കറുപ്പും ഉണ്ടെന്ന്.അതാ ആ കാണുന്ന ജനല്‍പടിവരെ ഞാന്‍ വലിഞ്ഞിഴഞ്ഞു, അല്ല, നീ തീ തുപ്പുന്ന ഭൂതത്താനെപ്പോലെ എന്നെ വലിക്കുകയായിരുന്നു.



ഭാസിയും കമലുവും പിന്നെ അവരുടെ ഉരുക്കുപുത്രി ജടജയും നിന്നെ വലയം ചെയ്തു, നീ പ്രഭയില്‍ കുളിച്ചു നിന്നു. ഞാന്‍ അവരെ സ്നേഹിക്കാന്‍ തയ്യാറായിരുന്നു, കുരിശു കണ്ട പിശാചിനെ പോലെ അവര്‍ വിളറുമ്പോള്‍ എന്‍റെ നെറ്റിയില്‍ നീ ആണിയടിച്ചിറക്കുന്നതെന്തിന്? ചിന്തിയ ചോരപ്പാടുകളുള്ള മണ്ണില്‍ മാന്തി നീ കുഴിച്ചു മൂടുന്നതെന്താണ്?


ഒറ്റത്തുരുത്തിലെ കൊറ്റിയെപ്പോലെ വിഷാദം നിറഞ്ഞ ദിനരാത്രങ്ങളില്‍ പറക്കാനിഷ്ടമില്ലാതെ ഞാന്‍ നില്‍ക്കുമ്പോഴും ഹൃദയം തുളുമ്പിയത്‌ നിന്നോടുള്ള സ്നേഹത്തിന്‍റെ നിറവുകൊണ്ട് മാത്രം..



എന്നോടുണ്ടെന്നു നീ അവകാശപ്പെട്ട ആ സ്നേഹത്തിനു എന്തിന്‍റെ ആകൃതിയായിരുന്നു? എന്തിന്‍റെ സുഗന്ധമായിരുന്നു? ഏതു നിറമായിരുന്നു? എനിക്കത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എപ്പോഴെങ്കിലും അത് എന്നെ സ്പര്‍ശിച്ചിരുന്നുവോ..അതുപോലും എനിക്കിപ്പോള്‍ സംശയമാണ്.



വെള്ളം വറ്റിയ കുളത്തിലെ ചണ്ടിപോലെ ചളിയില്‍ പുതഞ്ഞു പോയ സ്നേഹം! കൊച്ചു നീരുറവകള്‍ ചുരത്തിയ പാലരുവികളില്‍ ഞാന്‍ വരണ്ടുണങ്ങിയ ചുണ്ടുകള്‍ നനച്ചു. ഒരിക്കലും കൈകുടന്ന നീട്ടി ഞാന്‍ തല താഴ്ത്തി നിന്നില്ല. ദാഹവും മറവിയില്‍ പൂണ്ടു കിടന്നു.



പഴുത്ത മണലില്‍ പാദങ്ങള്‍ ഇഴുകിയമരുന്നു. കറുത്ത തൊലിപ്പുറത്ത് പരുപരുപ്പുള്ള വ്രണങ്ങള്‍. ഒരു ഒട്ടക പക്ഷി അള്ളിപ്പിടിച്ച നഖങ്ങളാല്‍ ആഴത്തില്‍ കോറിയപ്പോള്‍ രുദ്രാക്ഷത്തിന്‍റെ നിറമുള്ള, ചന്ദനത്തിന്‍റെ മണമുള്ള നിണം പൊട്ടിയൊഴുകി. ഒഴുക്കിന്‍റെ ശക്തി കുറഞ്ഞു വന്ന്, ഹൃദയാകൃതിയില്‍ കറുത്ത രക്തം നിശ്ചലമായത് ആരുടെ കാല്‍പ്പാദങ്ങള്‍ക്കരികിലെന്നു ഞാന്‍ തലയുയര്‍ത്തിനോക്കി....ഒരു തീ നോട്ടമെറിഞ്ഞു കൊണ്ട് നില്‍ക്കുന്നതാരാണ്‌..?നിനക്ക് കാണാമോ..?ഉത്തരത്തിനായി ഞാന്‍ കാക്കുന്നില്ല, യാത്രാമൊഴിയും ഇല്ല.
...........................................................................................................................................

ചന്ദനമരങ്ങളുടെ കാവല്‍ക്കാരാ ..ഞാന്‍ ഇതാ നിന്നിലേക്ക്‌ അണയുന്നു. ബന്ധനത്തിന്‍റെ ചോരപ്പാടുകളില്‍ വിരല്‍ ചേര്‍ത്ത് നീ പാടിയ ഈണങ്ങള്‍ ഞാന്‍ മറന്നിട്ടില്ല.



ഇന്ന് ഞാന്‍ ഉപേക്ഷിക്കപ്പെട്ടവള്‍.., ചവിട്ടി കയറാന്‍ ഉപയോഗിക്കപ്പെട്ട ഏണിപ്പടിയായ എന്‍റെ മുതുകില്‍ ഇനിയാ വാമന പാദങ്ങള്‍ ഒതുങ്ങുകയില്ല..


രക്തചന്ദനത്തിന്‍റെ ചീളുകള്‍ വലിഞ്ഞു മുറുകിയ നിന്‍റെ പേശികള്‍ക്ക് ഇനി വിജയഭേരി മുഴക്കാം. വിരിഞ്ഞ നെഞ്ചിലേക്ക്, കൂനിക്കൂടിയ എന്‍റെ ശിരസ്സ്‌ ചേര്‍ത്തുവക്കാം. വാര്‍ന്നുപോയ രക്തം ചുണ്ടുകളിലൂടെ നിനക്കെന്‍റെ സിരകളിലേക്ക് തിരിച്ചെത്തിക്കാം. ഒരു ദിവസം മാത്രമെങ്കില്‍ക്കൂടി , അത്രയും...നിന്‍റെ കൂടെ ഞാന്‍ ജീവിച്ചു മരിക്കാം..നിന്‍റെ സ്നേഹം എന്നെ ഉയിര്‍ത്തെഴുന്നേല്പ്പിക്കും എന്ന നിന്‍റെ വാദം പ്രത്യാശ പകരുന്നതാണ്, എങ്കിലും ഇനിയൊരു പുനര്‍ജന്മത്തിനായി കൈകള്‍ കൂപ്പണോ?? അതോ എന്നെന്നേക്കുമായി നിന്നില്‍ വീണു മരിക്കണോ ..?

ഒരു തീക്കനലായി ഞാന്‍ എരിഞ്ഞു തീരും വരെ, ഒരു പിടി ചാരം മാത്രം ബാക്കിയാവും വരെ..... അത്രയേ ഉള്ളൂ നിനക്കൊപ്പം...



ചാരപ്പടത്തിപ്പൂവന്‍റെ നിറമുള്ള എന്‍റെ ഉടല്‍ ഇനി ആര്‍ക്കും സ്വന്തമല്ല.


ഗ്വാക്ക്..ഗ്വാക്ക്... കമലു ചര്‍ദ്ദിച്ചു.


ഐസാവുമ്മക്ക് പാടി നടക്കാന്‍ പുതിയൊരു കഥയുണ്ടായി.



11 അഭിപ്രായങ്ങൾ:

  1. എന്‍റെ കണ്ണുകളിലെ നീലിമ, ചിറകുകളില്‍ പടര്‍ന്ന്, അവ നീലപ്രാവുകളായി. നിന്‍റെ വിഷത്തിനും ആ പ്രാവുകള്‍ക്കും ഒരേ നിറം. അതാണ്‌ എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. “വെള്ളം വറ്റിയ കുളത്തിലെ ചണ്ടിപോലെ ചളിയില്‍ പുതഞ്ഞു പോയ സ്നേഹം! കൊച്ചു നീരുറവകള്‍ ചുരത്തിയ പാലരുവികളില്‍ ഞാന്‍ വരണ്ടുണങ്ങിയ ചുണ്ടുകള്‍ നനച്ചു. “ ++++ +



    + കൊള്ളാം സുന്ദരീ‍...+

    മറുപടിഇല്ലാതാക്കൂ
  3. പാണത്ത്യാര് ഐസാവുമ്മക്ക്
    പാടി നടക്കുവാൻ ഒട്ടും ചടപ്പരത്തിയല്ലാത്ത
    പാട്ടു കൂടിയായി ഈ ചാരപ്പടത്തി കഥ...അല്ലേ

    മറുപടിഇല്ലാതാക്കൂ
  4. ഇത് എഴുതി പഠിക്കേണ്ട കഥയാണല്ലോ ഒരു പാട് ഉയരത്തിൽ എന്നാലും അടുക്കും ചിട്ടയും ഇല്ലാത്ത കട്ട വച്ചടുക്കിയ ചുമരു ഉണ്ടായിരുന്നത് കൊണ്ട് പിടിച്ചു കയറി സാഹസ്സപ്പെട്ടു വായിച്ചിട്ട് ഇറങ്ങുമ്പോൾ നഷ്ടമായില്ല എന്നല്ല ഇഷ്ടമായി എന്നൊരു തോന്നൽ ഇത്തിരി മുറിഞ്ഞു ന്നാലും സാരല്ല

    മറുപടിഇല്ലാതാക്കൂ
  5. ഒരു വായനയില്‍ ഈ മരമണ്ടയില്‍ ഒന്നും കാര്യായിട്ടങ്ങട് വിളങ്ങീട്ടില്ല. ഒന്നൂടെ വായിച്ചുനോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  6. എന്‍റെ ഭാഗ്യം...വീണ്ടും വായിക്കാന്‍ സമയം കണ്ടെത്തുന്നുണ്ടല്ലോ...

    മറുപടിഇല്ലാതാക്കൂ
  7. A lot of keralam, a lot of memories are reflected in your posts…glad to see you flying high clinging to magic of words...
    by the way what does "ചാരപ്പടത്തി" mean?

    മറുപടിഇല്ലാതാക്കൂ
  8. "സമുദ്രാന്തര്‍ഭാഗം വരെ എന്നെ മുക്കി താഴ്ത്തി, എന്‍റെ ശ്വാസം നിന്റേതു മാത്രമായി മാറുമ്പോഴാണ് ആ സ്നേഹത്തിന്‍റെ ഒടുക്കം എന്ന വസ്ത്രമില്ലാത്ത സത്യം നിന്‍റെ വാക്കുകള്‍ക്കിടയില്‍ അണലി വിഷം പോലെ ഒളിഞ്ഞുകിടന്നത് ഞാന്‍ അറിയാന്‍ വൈകി."

    കഥ തുടര്‍ന്നു വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്മരികത ഒളിപ്പിച്ച വരിയില്‍ തന്നെ കഥയുടെ ബീജം, കഥ വായിച്ചു തീരുമ്പോള്‍ വ്യക്തമായി തെളിഞ്ഞു.
    അറിയാന്‍ വൈകി അനുഭവത്തിലൂടെ അറിഞ്ഞപ്പോള്‍ നേടിയ തിരിച്ചറിവ് സ്വയം എരിഞ്ഞുതീരാനായി ചുരുക്കണ്ടായിരുന്നു എന്ന് തോന്നി.
    നല്ല കഥ. സുന്ദരമായ നിരീക്ഷണങ്ങളും ഭാവനയും.

    മറുപടിഇല്ലാതാക്കൂ
  9. പ്രോത്സാഹന ജനകമായ അഭിപ്രായങ്ങള്‍ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ