2013, നവംബർ 8, വെള്ളിയാഴ്‌ച

ഭാഗ്യം

ഭാഗ്യം! ഇരുപത്തിയേഴു വയസ്സുവരെ ഒരു ചെറ്റക്കുടിലിന്‍റെ ഓലമറക്കുള്ളിലെ നിശ്വാസങ്ങളില്‍ ഉരുകിയവള്‍!

മുറ്റമടിച്ചും പാത്രം കഴുകിയും തുണിയലക്കിയും അടുപ്പൂതിയും യൗവ്വനം ക്ലാവു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണില്‍, ആശയുടെ ഒരു പൊന്‍തിരി കെടാതെ കത്തിച്ചു വച്ചവള്‍.!

ചത്ത മീനിന്‍റെ കണ്ണുകള്‍ പോലെ നിര്‍ജ്ജീവമായിരുന്നു, ഞാന്‍ കാണുമ്പോള്‍ ആ മിഴികള്‍. നൊമ്പരത്തിന്‍റെ നീര്‍മുത്തുകള്‍ അവയില്‍ ഉറഞ്ഞു കിടന്നിരുന്നു. അവളുടെ ഉള്ളില്‍ ബാക്കിയായ ജീവനില്‍നിന്നും ഒരു കഥയുടെ നാമ്പ് തല നീട്ടി.

വയസ്സനായ ഒരു ദല്ലാളാണ് അന്നവള്‍ക്ക് ആ ആലോചന കൊണ്ട് ചെന്നത്.

പേര് പുരുഷന്‍. നാള് പൂരോരുട്ടാതി. പൂരോരുട്ടാതി പിറന്ന പുരുഷന്‍ ഉത്തമത്തില്‍ ഉത്തമനെന്നു ദല്ലാള്‍. പക്ഷേ ആ ഉത്തമനൊരു വാലുണ്ട്, രണ്ടാംകെട്ടെന്ന ചെറിയ വാലല്ല, കുടിയനെന്ന വലിയ വാല്!

കവടി കോപ്പയില്‍ കട്ടന്‍ കാപ്പിയുമായി അയാളുടെ മുന്നില്‍ ചെന്ന് നിന്നപ്പോള്‍, മെടഞ്ഞെടുത്തു മേഞ്ഞ ഓലമറയുടെ വിടവിലൂടെ വന്ന ഇത്തിരി വെളിച്ചത്തില്‍, അവള്‍ ഇടം കണ്ണിട്ടു നോക്കിക്കണ്ടു, ചരങ്ങു വന്ന് പൊറുത്തപോലെ കുഴികളും കലകളുമുള്ള പരുപരുത്ത മുഖം..ചുവന്നു കലങ്ങിയ വട്ട കണ്ണുകള്‍.

ഉദിച്ചുയരും മുന്‍പേ തന്‍റെ മോഹങ്ങള്‍ അസ്തമിക്കുന്നുവോ?

താന്‍ എന്തിനെ വെറുത്തുവോ അതുതന്നെ തന്നെത്തേടി വന്നിരിക്കുന്നു!

“ഇച്ചിരി കള്ളു കുടിച്ചാലെന്താ..? നാല് കാശു സമ്പാദിച്ചിട്ടല്ലേ!”

ദല്ലാള്‍ പിന്നാമ്പുറത്ത് വന്ന് ന്യായം പറഞ്ഞു.

“വന്ന സൗഭാഗ്യം തട്ടി കളയാതെ പെണ്ണേ...” അന്യായമായ വേവലാതി അമ്മക്ക്!

പുരുഷന്‍ എന്ന ആ മനുഷ്യനു മുന്നില്‍ അങ്ങിനെയാണ് ഭാഗ്യം താലികെട്ടാനായി കഴുത്ത് നീട്ടി നിന്നത്.

കല്യാണ പെട്ടിയിലെ പുടവകളും മറ്റും കണ്ട് അവള്‍ അന്ധാളിച്ചിരുന്നു.

ഗള്‍ഫീന്നു കൊണ്ട് വന്ന സാരികളായിരുന്നു അധികവും. ഒരു പിടിയില്‍ ഒതുങ്ങുന്ന കനം കുറഞ്ഞ സാരികള്‍.

മൂന്ന് പട്ടുസാരികളും.!. കല്ല്യാണപ്പുടവക്ക് കടും നിറമായതിനാല്‍ തന്‍റെ ഇരുണ്ടമേനിക്കത് ചേരുന്നില്ലെന്നവള്‍ക്ക് തോന്നി. എന്നാലും ഇത്രയും വില പിടിച്ച കല്ല്യാണപ്പുടവ ഒന്ന് തൊടാന്‍ പോലും സാധിക്കുമെന്ന് വിചാരിച്ചിരുന്നതല്ലല്ലോ.

അതുവരെ ചീട്ടിതുണി കൊണ്ടുള്ള രണ്ടു ജോഡി പാവാടയും ബ്ലൗസും നനച്ചും ഉണക്കിയുമാണ് ഭാഗ്യം ധരിച്ചിരുന്നത്. യാതൊരു മെരുക്കവുമില്ലാത്ത ആ തുണിയിലുരസി ദേഹത്തെ തൊലി പൊട്ടാറുണ്ട്.

മിനുസമുള്ള സാരികള്‍ ഉടുക്കാന്‍ എന്ത് സുഖമായിരിക്കും! സാരിയില്‍ വിരലോടിച്ചുകൊണ്ട് അവളോര്‍ത്തു.

എല്ലാം ആ പാവം ഭ്രാന്തിപ്പെണ്ണ് വച്ചു നീട്ടിയതാണ്.

പെട്ടിയിലെ പുടവകളെല്ലാം ഭ്രാന്തിപെണ്ണിനായി വാങ്ങിയതായിരുന്നു. അതിലെ കല്ല്യാണപ്പുടവ, അന്നൊരിക്കല്‍ അവള്‍ അണിഞ്ഞതുമാണ്.

ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന പുരുഷന്‍ തിടുക്കപ്പെട്ട് ഒരു കല്ല്യാണം കഴിച്ചു, നല്ലൊരു തറവാട്ടിലെ, കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്ണിനെ.

താലികെട്ടും കഴിഞ്ഞു പെണ്ണിനെ വീട്ടില്‍ കൊണ്ടുവന്നു. കയറിച്ചെന്നപാടെ മധുരമായി നല്‍കിയ പായസം രുചിച്ചു നോക്കി വധു തീര്‍പ്പു കല്‍പ്പിച്ചു ,

“പായസത്തില്‍ ഉപ്പില്ല.”

പോരേ പൂരം!

പുരുഷുവിന്‍റെ വീട്ടില്‍ ഒരു പുരുഷാരം അന്തംവിട്ടു നിന്നു.

രാവിലെ മുതല്‍ വധുവിന്‍റെ പെരുമാറ്റ വൈകല്യങ്ങള്‍ ചര്‍ച്ചാ വിഷയമായിരുന്നു.

പായസത്തിലെ ഉപ്പോടുകൂടി പെണ്ണിനെന്തോ ഗുലുമാല് ഉണ്ടെന്ന കാര്യം അരക്കിട്ടുറപ്പിക്കാറായി.

എന്നിട്ടും വൈകുന്നേരമായപ്പോള്‍ പുരുഷന്‍ വധുവിന്‍റെ കൂടെ വധൂഗൃഹത്തിലേക്ക് പോകാനൊരുങ്ങി. പുരുഷന്‍റെ അമ്മയും പെങ്ങന്മാരും, ബന്ധു മിത്രാദികളും നിറകണ്ണുകളോടെ, മനസ്സില്ലാമനസ്സോടെ പുരുഷനെ യാത്രയാക്കി.

പിറ്റേന്നു രാവിലെ പുരുഷന്‍ വീങ്ങിയ മുഖവുമായി ഒറ്റയ്ക്ക് തിരിച്ചെത്തി. പാകത്തിന് കിട്ടികാണണം.

“പെണ്ണിന് മുഴുത്ത വട്ടാണ്, പെട്ടുപോയി.!. അവരെന്‍റെ തലയില്‍ കെട്ടി വച്ചതാണ്!” പൗരുഷം ചോര്‍ന്നുപോയതു പോലെ, പുരുഷന്‍ വിഷാദത്തില്‍ തല താഴ്ത്തി.

“പുരുഷു... കരയാതെടാ മോനേ...നമുക്ക് വഴിയുണ്ടാക്കാം... .” പുരുഷുവിന്‍റെ അമ്മ കരയാതെ പറഞ്ഞു.

അങ്ങനെ കാരണവന്‍മാര്‍ ചേര്‍ന്നു നിശ്ചയിച്ച് ആ ബന്ധം ഒഴിവാക്കി.

അതേ പന്തലില്‍, ഒരാഴ്ച്ചക്കുശേഷം പുരുഷന്‍റെ രണ്ടാം കല്ല്യാണം നടന്നു, ഭാഗ്യമെന്ന ഈ ഹതഭാഗ്യ അങ്ങനെ പുരുഷനില്‍ അഭയം പ്രാപിച്ചു.!

കള്ളുകുടിയനാണെങ്കിലും പുരുഷേട്ടന്‍ തന്നെ സ്നേഹിക്കുമെന്നു ഭാഗ്യം പ്രത്യാശിച്ചു..

കല്യാണ രാത്രിയില്‍ മെത്ത വിരിപ്പിലെ പുള്ളികളില്‍ ദൃഷ്ടിയൂന്നി നാണിച്ചിരുന്ന തന്നെ പുരുഷേട്ടന്‍ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിക്കുമെന്നും ചേര്‍ത്തണക്കുമെന്നുമുള്ള സ്വപ്നങ്ങളില്‍ മുഴുകി പാരവശ്യത്തോടെ ഭാഗ്യം കാത്തിരുന്നു...

പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് വേച്ചുവേച്ചു മുറിയിലേക്ക് വന്നു കയറിയ പുരുഷന്‍, മുണ്ടിന്‍റെ കുത്തില്‍ തിരുകിയ മദ്യകുപ്പി എടുത്തു പെട്ടിക്കു മുകളില്‍ ശബ്ദത്തോടെ വച്ചപ്പോള്‍ അവളുടെ നാണം ഒരു ഞെട്ടലായി മാറി. അവള്‍ എഴുന്നേറ്റ് മുറിയുടെ മൂലയില്‍ വിറയലോടെ നിന്നു.

“അങ്ങട് മാറി നിക്കാതെ ഇബടെ വന്നിരിയെടി മൂദേവീ” എന്ന് അയാള്‍ അലറിയപ്പോള്‍ തന്‍റെ കണ്ണുകള്‍ തുറിച്ചു താഴേക്കു തൂങ്ങി കിടക്കുന്നതു പോലെ അവള്‍ക്കു തോന്നി.

കുപ്പിക്കുള്ളിലുള്ളതെല്ലാം ഒറ്റ വലിക്കകത്താക്കി ചിറി തുടച്ച് അയാള്‍ അവളെ അവഞ്ജയോടെ നോക്കിയത് തന്‍റെ വക്രിച്ച കണ്ണിലൂടെ അവള്‍ കണ്ടു. അത് മാത്രമേ അവള്‍ക്കോര്‍മ്മയുള്ളൂ. അന്ന് മുതല്‍ ഭാഗ്യം പുരുഷന്‍റെ അടിമയായി.


അയാള്‍ ജോലിക്കായി തിരിച്ചു പോയില്ല. കണ്ണീര്‍ ചാലിലൂടെ ദിശതെറ്റി ഒഴുകാന്‍ തുടങ്ങിയ ദിനങ്ങളെ നോക്കി ഭാഗ്യം പകച്ചിരുന്നു.

മദ്യമേ ജീവിതമെന്ന് ഊട്ടിയുറപ്പിച്ച് അയാളും, മദ്യമില്ലാതൊരു ജീവിതം കൊതിച്ച് ഭാഗ്യവും!!

മദ്യത്തിന്‍റെ മടുപ്പുളവാക്കുന്ന ഗന്ധമില്ലാത്ത ഒരു രാത്രിക്കു വേണ്ടി കൊതിച്ച് അവള്‍ ഉറങ്ങാതെ കിടന്നെങ്കിലും ഒരിക്കല്‍ പോലും ആ രാത്രി പിറവിയെടുത്തില്ല. ചവിട്ടും തൊഴിയും പുലഭ്യം പറച്ചിലും കൊണ്ടും കേട്ടും അവള്‍ കരഞ്ഞു തളര്‍ന്നു. വെറുപ്പ്‌ കൂടിക്കൂടി, ക്രമേണ അവള്‍ക്ക് കരയാനും കഴിയാതെയായി.

ചേക്കേറാനിടമില്ലാതെ അവളുടെ മോഹങ്ങള്‍ എങ്ങോ പറന്നു പോയി. പേടി സ്വപ്നങ്ങളുമായി ഒളിക്കാനൊരിടം തേടി, അവള്‍ അലഞ്ഞു.എട്ടു മാസം ഗര്‍ഭിണിയായ അവളെ കടവയറ്റില്‍ ചവിട്ടിയ ആ രാത്രി അവള്‍ അയാളെ മനസ്സാ ശപിച്ചു.

ചില രാത്രികളില്‍ മുറ്റത്ത്‌ നില്‍ക്കുന്ന ചീനി മുളക് പൊട്ടിച്ചെടുത്ത് അയാള്‍ അവളുടെ കണ്ണിലും ദേഹമാകെയും വച്ചു തേച്ചു. അലറി കരഞ്ഞുകൊണ്ട്‌ അവള്‍ വീടിനു ചുറ്റും ഓടി. പിന്നെ പ്രാണരക്ഷാര്‍ത്ഥം അടുത്ത വീടിന്‍റെ കമ്പി വേലിക്കിടയിലൂടെ നൂഴ്ന്നുകടന്ന് അവരുടെ കയ്യാലയുടെ പിന്നാമ്പുറത്ത് ഒളിച്ചിരുന്നു നേരം വെളുപ്പിക്കാന്‍ തുടങ്ങി.

പുലരുമ്പോള്‍ അയാളുടെ കണ്ണില്‍ പെടാതെ പമ്മിപ്പമ്മി വീട്ടിലേക്കു തിരിച്ചു ചെല്ലുമ്പോള്‍ അയാള്‍ എവിടെനിന്നെന്നില്ലാതെ ചാടി വീണ് അവളുടെ മുടിക്കുത്തിനു ചുറ്റി പിടിച്ച് വട്ടം കറക്കി അസഭ്യം വര്‍ഷിച്ചു. ഇതൊരു പതിവായതോടെ ഭാഗ്യത്തിന്‍റെ നിലവിളി കേട്ടാല്‍പോലും നാട്ടുകാരും തിരിഞ്ഞു നോക്കാതായി.

മണ്ണുകൊണ്ടുണ്ടാക്കിയ, ഓലമേഞ്ഞ, തന്‍റെ വീട്ടില്‍ താന്‍ എത്ര സന്തോഷവതിയായിരുന്നു!!! അവള്‍ പരിതപിച്ചു.

തിരിച്ചറിവുകള്‍ എപ്പോഴും വൈകിയാണല്ലോ സംഭവിക്കുക!

ഭാഗ്യം കരയുകയോ ചിരിക്കുകയോ ചെയ്തില്ല.

വിട വാങ്ങി, പടിയിറങ്ങി നടക്കുമ്പോള്‍ എന്‍റെ കണ്‍കോണുകളില്‍ നനവ്‌ പടര്‍ന്നിരുന്നു. അലട്ടുന്ന ചിന്തകളുമായി ചില നാളുകള്‍....അതിനു ശേഷം,

വരഞ്ഞു പൊള്ളിച്ചപോലെ ചേതനയറ്റ ഭാഗ്യത്തെ ഒരു പ്രഭാതത്തില്‍, ഒരു ഓലക്കീറില്‍ കണ്ടു. ഒരിക്കല്‍ക്കൂടി നോക്കാന്‍ എനിക്കു കഴിഞ്ഞില്ല...

പിന്നീട് അവള്‍ ചിന്തിച്ചുകാണണം,

“ഭ്രാന്തിനേക്കാള്‍ ഒട്ടും ഭയാനകമല്ല മരണം!

താന്‍ നില്‍ക്കുന്നത് ചിത്തഭ്രമത്തിനും മരണത്തിനും ഇടയിലുള്ള നേര്‍ത്ത നൂലില്‍!!

കാലിടറി വീഴും മുന്‍പേ , സമനില തെറ്റും മുന്‍പേ ,

മരിക്കാനായെങ്കില്‍ !

ചാരമായ് പാറുന്ന എന്‍റെ മോഹശകലങ്ങളുടെ വിലാപാഗ്നിയില്‍ ഞാന്‍ നീറിയമരട്ടെ!

മോഹങ്ങളേ വിട! മരണമേ സ്വാഗതം!

ഓര്‍മ്മകളുടെ ഒരു തരിമ്പും അവശേഷിപ്പിക്കാത്ത, അവസാനമില്ലാത്ത ഒരു ഗാഢനിദ്രയില്‍ ഇനി ഞാന്‍ ലയിക്കട്ടെ..!”

നിര്‍ഭാഗ്യയായ ഭാഗ്യം, തീര്‍ച്ചയായും, അത്രയും പറഞ്ഞിരിക്കണം...

ഇപ്പോഴെല്ലാം ശൂന്യം! പുരുഷനോ പ്രപഞ്ചമോ കാലമോ സമയമോ ഇല്ലാത്ത ശൂന്യതയില്‍ ,ഞാനും,   ഒരു വേള,  പ്രജ്ഞയറ്റിരുന്നുപോകുന്നുവോ?!

10 അഭിപ്രായങ്ങൾ:

  1. കല്യാണ രാത്രിയില്‍ മെത്ത വിരിപ്പിലെ പുള്ളികളില്‍ ദൃഷ്ടിയൂന്നി നാണിച്ചിരുന്ന തന്നെ പുരുഷേട്ടന്‍ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിക്കുമെന്നും ചേര്‍ത്തണക്കുമെന്നുമുള്ള സ്വപ്നങ്ങളില്‍ മുഴുകി പാരവശ്യത്തോടെ ഭാഗ്യം കാത്തിരുന്നു...

    മറുപടിഇല്ലാതാക്കൂ
  2. jeevidathilekku vannu kyarunna purushanaanu oru streeyude jeevidathinte bhagyavum nirbagyavum theerumanikkunnadhu...choice is important...

    മറുപടിഇല്ലാതാക്കൂ
  3. അതുകൊണ്ടാവാം..പേരിലെങ്കിലും ഭാഗ്യം ഇരിക്കട്ടെ എന്ന് വച്ചത്...

    മറുപടിഇല്ലാതാക്കൂ
  4. ഭാഗ്യത്തിന്റെ ഈ
    നിർഭാഗ്യ കഥ നല്ല ഒറിജിനാലിറ്റിയുണ്ട്
    കേട്ടൊ ഹാബി

    മറുപടിഇല്ലാതാക്കൂ
  5. ജീവിതമെന്ന ഉരുക്കം. അതിജീവനത്തിന് പഴുതു നൽകാതെ പലപ്പോളും വിധി ക്രൂരനാവുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ജീവിതമെന്ന ഉരുക്കം. അതിജീവനത്തിന് പഴുതു നൽകാതെ പലപ്പോളും വിധി ക്രൂരനാവുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ജീവിതമെന്ന ഉരുക്കം. അതിജീവനത്തിന് പഴുതു നൽകാതെ പലപ്പോളും വിധി ക്രൂരനാവുന്നു.

    മറുപടിഇല്ലാതാക്കൂ