2013, നവംബർ 8, വെള്ളിയാഴ്‌ച

സര്‍പ്പഗന്ധികള്‍ ഉണരുമ്പോള്‍


ഇരുട്ട് കട്ടപിടിച്ചു നില്ക്കുകയാണ് പുറത്ത് . അവളയാളെ തിരഞ്ഞു. മുറിയിലോ, വീടിനകത്ത് പോലുമോ ഇല്ല. പിന്നെ എവിടെ?...മുറ്റത്തേക്കിറങ്ങിയപ്പോള്‍,കൂരിരുട്ടില്‍ മാവിൻതറയിൽ ഒറ്റക്കിരിക്കുന്നു അയാള്‍ !

ഓറഞ്ചു നിറത്തില്‍ പച്ചക്കരയോടുകൂടി കസവു പൂക്കൾ നെയ്തുചേര്‍ത്ത കല്ല്യാണപ്പുടവയുടെ, സ്വര്‍ണ്ണനൂലുകൊണ്ടുള്ള കെട്ടുകള്‍ തൂങ്ങിക്കിടന്ന തലപ്പെടുത്ത് ഇടതുവശത്തേക്ക് കുത്തി അവള്‍ അടുത്തേക്ക് ചെന്നു! 

അയാൾ നോക്കി.. ഇരുട്ടിലൊരു തിരിനാളം പോലെ തന്റെ പ്രിയതമ..!

ഒന്നും കാണുന്നുണ്ടായിരുന്നില്ലെങ്കിലും പ്രണയം തിരതല്ലുന്ന കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി.
അയാള്‍ ഇക്കിളിപ്പെടുത്താനാഞ്ഞപ്പോള്‍ അവള്‍ സ്നേഹത്തോടെ തടഞ്ഞു.

“എന്തേ ഇവിടെ തനിച്ച്?” കാലിനടിയിലെ മണ്‍തരികളിൽ വിരൽ ഞെരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഇല്ല, വെറുതേ...”

"പരിചയക്കേടാവും ല്ലേ "

"ഏയ് അങ്ങനെയൊന്നുമില്ല.."

"ഇരുട്ടിനും നിലാവിനുമൊക്കെ ഇത്ര സൌന്ദര്യം ഉണ്ടെന്നറിയുന്നത്‌ ആദ്യായിട്ടാണ്‌. അവിടെ നഗരത്തിൽ എപ്പോഴും തെരുവ് വിളക്കുകൾ കത്തും. നിലാവ് ഉദിക്കുന്നത് അറിയുകപോലുമില്ല. നിന്റെ ഗ്രാമം നിന്നെ പോലെ സുന്ദരം.."

അവൾ നാണത്താൽ കൂമ്പി നിന്നു.

"വരൂ അടുത്തിരിയ്ക്കൂ" അയാൾ അവളുടെ വിരലുകളിൽ തൊട്ടുകൊണ്ട്‌ പറഞ്ഞു..

ചെമ്പകം പൂത്ത മണം പേറി ഒരു കാറ്റ്..!

"മൂന്നു നിറങ്ങളിലുള്ള ചെമ്പകപ്പൂക്കൾ ഉണ്ടാവും ഇവിടെ . നോക്കു ഇതാ 
ഇവിടെ ഒന്നുണ്ടായിരുന്നതാണ് മുൻപ്. പുരയോളം ഉയർന്നാൽ ഗൃഹനാഥന് ദോഷമെന്ന് പണിയ്ക്കര് പറഞ്ഞിട്ട് അമ്മ അത് വെട്ടി മാറ്റിച്ചു. അത് വെളുത്ത ചെമ്പകമായിരുന്നു."


"ആണോ.. പിന്നെ എവിടുന്നാ ഈ സുഗന്ധം.."?

"അതവിടെ.. അങ്ങേപ്പുറത്തുന്നാ അവിടെ വെള്ള, മഞ്ഞ ഇളം ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള ചെമ്പകങ്ങൾ ഉണ്ട്. മൂന്നിനും മൂന്നു തരം സുഗന്ധമാണ്."

"ആണോ നിനക്കേത് നിറത്തിലുള്ള ചെമ്പകമാണ് ഇഷ്ടം ?"

"എനിക്കോ.. എനിയ്ക്ക് ഇളം ചുവപ്പ് നിറമുള്ള ചെമ്പകപ്പൂക്കളാണിഷ്ടം.."

"അതെന്താ ? "

"അതിനു ഒരു വശ്യഗന്ധമാണ് ." അവൾ തല കുനിച്ചു. ചുവന്ന ചെമ്പകപ്പൂ പോലെ അവളുടെ അധരങ്ങൾ തുടുത്തു നിന്നു.

"വരൂ ..നമുക്ക് ഇപ്പോൾ വിരിഞ്ഞുതുടങ്ങുന്ന ആ പൂക്കൾ പറിച്ചെടുത്തിട്ടു വരാം. "

" വേണ്ട.. പാമ്പുണ്ടാവും.. മത്തുപിടിപ്പിക്കുന്ന മണത്തിൽ മയങ്ങിക്കിടപ്പുണ്ടാവും ആ പരിസരത്തെവിടെയെങ്കിലും. നമുക്കവ നാളെ പറിച്ചെടുക്കാം "

"ഇത്ര പേടിയാണോ..എന്നാ പോകണ്ട "

അയാള്‍ എഴുന്നേറ്റു. അവര്‍ മുറിയിലേക്ക് പോയി. ജാലകത്തിലൂടെ എത്തി നോക്കുന്ന ഇരുട്ട്! 

"നമുക്കുറങ്ങാം.. "


അയാൾ ക്ഷീണിതനായിരുന്നു, അയാള്‍ ഉറങ്ങുന്നതും നോക്കി അവളിരുന്നു.


ഇത് സത്യമോ? അതോ സ്വപ്നമോ? അവിശ്വാസത്തില്‍ അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോള്‍ ഉറക്കം പോലും അവളെ ആശ്ലേഷിക്കാന്‍ മറന്നുപോയിരുന്നു.

വിരിയാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകൾ കൈക്കുടന്നയിലെടുത്ത്, അതിലവള്‍ മുഖമമര്‍ത്തുമ്പോള്‍ അയാള്‍ ഗാഢനിദ്രയിലേക്ക് വീണിരുന്നു. ഒരു പൈതലിനോടെന്നപോലെ വാത്സല്യം ചുരത്തി അവള്‍ അയാളെ തഴുകിക്കൊണ്ടിരുന്നു. 

ഉറക്കത്തില്‍ പുഞ്ചിരി തൂകുന്ന മുഖം... അവള്‍ അരുമയോടെ നോക്കി .

അതിരാവിലെ ഗുരുവായൂര്‍ക്ക് പോകേണ്ടതാണ്, ഒന്ന് മയങ്ങാന്‍ ശ്രമിക്കാം. അവളും കിടന്നു.

അമ്പലക്കുളക്കടവില്‍ തിരക്കുണ്ടായിരുന്നു. കസവു സാരിയില്‍ വെള്ളം തട്ടാതെ കാലുകള്‍ നനക്കാന്‍ നോക്കിയതാണ്. അതാ കിടക്കുന്നു വെള്ളത്തില്‍! കാലൊന്നു തെന്നി. പുതുമോടിയില്‍ വീണതിന്റെ ചമ്മല്‍ മറയ്ക്കാനുള്ള വിഫലശ്രമം ഉപേക്ഷിച്ച്, അയാള്‍ നീട്ടിയ കൈ മുറുകെ പിടിച്ചുകൊണ്ട് കരക്ക്‌ കയറിയപ്പോഴും അവളുടെ അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല.

ആള്‍രൂപങ്ങള്‍ എടുത്ത് നടയ്ക്കല്‍ വച്ചു പ്രാര്‍ത്ഥിച്ചാല്‍ ദോഷം മാറുമത്രേ! അതിനായിരുന്നു ഈ വരവുതന്നെ! നടയിലെത്തും മുന്‍പേ തട്ടിയിട്ടതെന്തേ കൃഷ്ണാ...കൃഷ്ണനും പിണങ്ങിയോ? എന്തിനാണാവോ?

നനഞ്ഞൊട്ടിയ ചേലയോടെ അയാളെ അനുഗമിച്ചു.
തൊഴുതു മടങ്ങുമ്പോള്‍ മനസ്സാകെ ശൂന്യത!!

അവധി തീര്‍ന്നപ്പോൾ അവളെ ജോലിസ്ഥലത്തേക്കയക്കാന്‍ അയാള്‍ കൂടെ ചെന്നു.
അവര്‍ ബസ്സിലെ ജനലിനരികിലുള്ള ഇരിപ്പിടം തിരഞ്ഞെടുത്തു. വോക്ക് മാന്‍ അയാളുടെ മടിയിലായിരുന്നു. ഇയര്‍ ഫോണിന്‍റെ ഒരറ്റം അവളും മറ്റേ അറ്റം അയാളും ചെവിയില്‍ വച്ചു.
"ഏക് ലട്ക്കീ കൊ ദേഖാ തൊ ഏസാ ലഗാ ....." ഹൃദയം തൊട്ടു തലോടുന്ന സംഗീതത്തിന്‍റെ അലകള്‍ ... അവര്‍ പരസ്പരം നോക്കി.. പുറമേ മൂടിക്കെട്ടിയ ആകാശം...ചാറ്റല്‍ മഴക്കുള്ള വട്ടമുണ്ട്.

ബസ്സ്‌ ഹെയര്‍ പിന്‍ വളവുകള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അയാളോടു കൂടുതല്‍ ചേര്‍ന്നിരുന്നു.

കിളികള്‍ കൂടുതേടി പറന്നകന്നു. അവര്‍ക്കും പറക്കാന്‍ തോന്നി.

എന്തേ ചിറകുകള്‍ക്ക് ഇത്ര കനം?

അനന്തമായ വിഹായസ്സില്‍ എവിടേക്കെന്നില്ലാതെ ചിറകുകള്‍ തല്ലി ഉയരാനുള്ള ആഗ്രഹത്തിന്‍റെ പുറത്തൊരു ശ്രമം!...

സ്വപ്നങ്ങളുടെ മായാലോകത്തെത്തിയപ്പോള്‍ അവരൊരുമിച്ചു മിഴികള്‍ കൂമ്പി..
പിന്നെ ഒട്ടക പക്ഷിയുടെ കരുത്തോടെ ഓടി.വിശക്കുമ്പോള്‍ പ്രതീക്ഷകളും, ദാഹിക്കുമ്പോള്‍ മോഹങ്ങളും അവര്‍ ആവോളം കോരിക്കുടിച്ചു.


ഒരു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കമില്ലാത്ത കടപ്പാടുകള്‍ കെട്ടുപിണഞ്ഞ് സര്‍പ്പരൂപിയായി ഫണമുയര്‍ത്തി തലയ്ക്കു മുകളില്‍!

ആത്മവീര്യം മാത്രം ഒടുങ്ങരുതേയെന്ന കരുതലോടെ ഓരോ കാല്‍വെപ്പും.. അത്താണികള്‍ പോലും വിഷവാഹികളായി  രൂ
പാന്തരപ്പെട്ടു.ഗത്യന്തരമില്ലാതെ അവയെ സ്പര്‍ശിച്ച നിമിഷങ്ങളിലെല്ലാം അവരെ വിഷം തീണ്ടി. സര്‍പ്പങ്ങളും പരസ്പരം വിഷദംശമേറ്റു പിടഞ്ഞു. അവര്‍ കാവുകളില്‍ അഭയം തേടി. 


സര്‍പ്പങ്ങളൊഴിഞ്ഞ കാവുകളില്‍ രാപ്പാര്‍ത്തത് ആരായിരുന്നു?അവരറിയാത്ത, അവരെ അറിഞ്ഞ ആരൊക്കെയോ! 

നീലാകാശം അവര്‍ക്ക് എത്രയോ അടുത്തായി! അപ്പോള്‍ ആകാശത്തിന് സപ്തവര്‍ണ്ണമാണെന്ന അറിവ് അവര്‍ക്കുണ്ടായി. തീപന്തമേന്തിയ കൊള്ളിയാനുകളുടെ താഴേക്കു ഊളിയിട്ടുകൊണ്ടുള്ള പതനം അവർ നോക്കി നിന്നു. നക്ഷത്രങ്ങളെ കയ്യെത്തിച്ചു പിടിക്കാനായി പിന്നെ അവരുടെ ആവേശം!. 

ഒരു താരോദായത്തിന്റെ പ്രഭ അവരെ അനുസ്യൂതം വലയം ചെയ്തു.

ജീവിതത്തിനു അര്‍ത്ഥങ്ങളേറെ , അതിനായി അറിവിന്‍റെ, നിറവിന്‍റെ വഴികളും ഏറെ!!

ആള്‍ക്കൂട്ടത്തില്‍ പെടാതെ അവര്‍ ഒഴിഞ്ഞുമാറി. നാടോടിയ വഴിയെ, അവര്‍ നടുവേ ഓടിയില്ല. അവര്‍ക്ക് അവരുടേതായ വഴികളുണ്ടായിരുന്നു. !
പരിഷ്ക്കാരി എന്നോ കാട്ടുമാക്കാന്‍ എന്നോ ആരെങ്കിലും അവരെ പേരുചൊല്ലി വിളിച്ചത് അവര്‍ കേട്ടില്ല.

അത് കേള്‍ക്കാനുള്ളതായിരുന്നില്ല. 

അപരിഷ്കൃതരെന്നോ അധകൃതരെന്നോ അജ്ഞാനിയെന്നോ ദരിദ്രനെന്നോ തരം തിരിവുകളുണ്ടെന്നു അവര്‍ പറഞ്ഞില്ല.

അത് പറയാനുള്ളതായിരുന്നില്ല.

തോല്‍വിയുടെ വിജയം, ശത്രുവിന്‍റെ ആഹ്ലാദം.. അവരറിഞ്ഞില്ല..

അതറിയാനുള്ളതും ആയിരുന്നില്ല.
ഭാരപ്പെട്ട ചിറകുകള്‍ ആയത്തില്‍ വീശി ഒന്നിച്ചു പറക്കുമ്പോള്‍ അവരുടെ നെടുവീര്‍പ്പില്‍ അലിഞ്ഞ മന്ത്രവും ഒന്നായിരുന്നു.

“ജീവിതം എത്ര മധുരതരം... ജീവിക്കാന്‍ അറിയാമെങ്കില്‍” !

ജീവിതം ജീവിച്ചുതന്നെ തീര്‍ക്കണം, ഓരോ തുള്ളിയും സ്വാദോടെ....

ഒരു പാട്ടിന്‍റെ ഈരടികള്‍ അവര്‍ക്ക് മാത്രമായി പിറന്നു.

അവര്‍ ഇപ്പോഴും കാതങ്ങള്‍ താണ്ടി യാത്ര തുടരുകയാണ്.

അങ്ങകലെ അവരുടെ കാല്‍പ്പാടുകള്‍ തറഞ്ഞ വഴികളിലൂടെ ആരണ്യകത്തിലേക്ക്, ഉള്‍ക്കാടുകളില്‍ സര്‍പ്പഗന്ധികള്‍ കൂട്ടംകൂട്ടമായി ഉണര്‍ന്നുനിന്ന കാവുകളിലേക്ക്.

അവിടെ വച്ച് അവളൊരു സര്‍പ്പമായി പരിണാമം പ്രാപിച്ചു. മാണിക്യപ്രഭയില്‍ ഒരു കാവല്‍ സര്‍പ്പം!...
സുതാര്യമല്ലാത്ത ഒരു പടത്താല്‍ രക്ഷാകവചം തീര്‍ത്തുകൊണ്ട് അയാളെ ശിരസ്സിലേറ്റി ജ്വലിച്ചു നിന്ന സര്‍പ്പം! കാവുകള്‍ അവര്‍ക്ക് സ്വന്തമായി. മാണിക്യം അവളുടെ മകുടത്തിലിരുന്നു വിളങ്ങി.

വര്‍ഷങ്ങള്‍ക്കിപ്പുറം,
ഇലകള്‍ കൊഴിഞ്ഞു വീണ തണുത്ത രാത്രികളിലൊന്നില്‍ അവള്‍ ആവര്‍ത്തിക്കുന്നു, അതേ ചോദ്യം...
“എന്തേ ഇവിടെ തനിച്ച്...?”
ചുവന്നനിറമുള്ള മധുചഷകം അയാള്‍ അവള്‍ക്കുനേരെ നീട്ടുന്നു. ലഹരി നുകര്‍ന്ന് അവള്‍ കാറ്റിനൊപ്പം ഒഴുകുന്നു..കൂടെ അയാളും.
അയാള്‍ മന്ത്രിച്ചു ,
“ഞാന്‍ തനിച്ചല്ല..., നിന്നെ.... നിന്നെ മാത്രം കാത്തിരുന്നതാണ്.
പ്രിയമുള്ളവളേ, ഇനി നമുക്ക്, ഉണര്‍ന്നിരിക്കാം... നഷ്ടപ്പെട്ട  
പരിമളരാത്രികളെ ഒന്നിച്ച് വരവേല്‍ക്കാം..”


ഒഴിഞ്ഞ ചഷകങ്ങളില്‍ സര്‍പ്പഗന്ധിയുടെ മണം വന്നു നിറഞ്ഞു.

ആ നിമിഷത്തില്‍,
അവളുടെ നനുത്ത വിരലുകള്‍ അയാളുടെ നരച്ച താടിരോമങ്ങളെ ലാളിക്കുകയായിരുന്നു. 
വിരിയാന്‍ വെമ്പുന്ന കുടമുല്ലപൂക്കളുടെ മൊട്ടുകൾ വിദൂര സ്മൃതികളില്‍നിന്നും, കൈക്കുടന്നയില്‍ കോരിയെടുത്ത് അയാളുടെ മേലാകെ വര്‍ഷിക്കുകയായിരുന്നു....


ഒരു കാമിനിയെപ്പോലെ....

9 അഭിപ്രായങ്ങൾ:

 1. ഇലകള്‍ കൊഴിഞ്ഞു വീണ തണുത്ത രാത്രികളിലൊന്നില്‍ അവള്‍ ആവര്‍ത്തിക്കുന്നു, അതേ ചോദ്യം...


  “എന്തേ ഇവിടെ തനിച്ച്...?”


  ചുവന്നനിറമുള്ള മധുചഷകം അയാള്‍ അവള്‍ക്കുനേരെ നീട്ടുന്നു. ലഹരി നുകര്‍ന്ന് അവള്‍ കാറ്റിനൊപ്പം ഒഴുകുന്നു..

  മറുപടിഇല്ലാതാക്കൂ
 2. ഈ പോസ്റ്റ്‌ അറിയാതെ ഡിലീറ്റ് ആയിപ്പോയി.അതിനാല്‍ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു...

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2013, നവംബർ 8 12:53 PM

  style marithudangunnu...ormakurippukalil thudangi sahityathilethiyirikkunnu...congrats....iniyum orupadu ezhuthan kazhiyatte....

  മറുപടിഇല്ലാതാക്കൂ
 4. ഇതാരാണ് ഈ അജ്ഞാതന്‍ എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു...

  മറുപടിഇല്ലാതാക്കൂ
 5. ajnjathan alla njananu ajnjatha...peru vakan nokumpolekum post aayippoyi...

  മറുപടിഇല്ലാതാക്കൂ
 6. വായിച്ചിട്ടുള്ളതായിരുന്നൂ‍ൂ‍...

  ‘ഒരു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കമില്ലാത്ത കടപ്പാടുകള്‍ കെട്ടുപിണഞ്ഞ് സര്‍പ്പരൂപിയായി ഫണമുയര്‍ത്തി തലയ്ക്കു മുകളില്‍! ‘

  മറുപടിഇല്ലാതാക്കൂ
 7. ഏക്ക് ലഡ്കി തോ ദേഖ തോ ഐസാ ലഗാ.. ജൈസേ...ചാന്ദ്... നല്ല് കഥ തെളിമയാർന്ന ഒഴുക്കോടെ...

  മറുപടിഇല്ലാതാക്കൂ
 8. സർപ്പങ്ങൾ ജീവിതത്തെ കൊത്തി കെടുത്തുകയല്ല. അത് ഭൂമിയുടെ പൊക്കിൾ കൊടിയായി ഭൂമിയെ രക്ഷിക്കുകയാണ്. ആ അർത്ഥത്തിൽ ജീവിതത്തിൽ ഈ ഉപമക്ക് അർത്ഥങ്ങൾ ഏറെയുണ്ട്.

  മറുപടിഇല്ലാതാക്കൂ