2015, ജൂൺ 18, വ്യാഴാഴ്‌ച

യാത്രകള്‍! യാത്രാമൊഴികള്‍...ചില യാത്രകള്‍ സങ്കടത്തിന്റെതാണ്..ചിലത് സന്തോഷത്തിന്റെയും...

കുട്ടിക്കാലത്തെ ഒഴിവുകാലയാത്രകൾഅധികവും അമ്മാവന്‍റെ വീട്ടിലേക്കുള്ളതായിരുന്നു. അതിനായി ഒരുക്കം കൂട്ടുമ്പോഴുണ്ടായിരുന്ന ആവേശവും അവിടെ ചെന്നെത്തി കഴിയുമ്പോൾ അമ്മയുടെ അടുത്തേക്ക് തിരിച്ച് ഓടിയെത്താനുള്ള വിങ്ങലും ആയിരുന്നു ആ യാത്രകളിൽ.

മുങ്ങാംകുഴിയിടൽ, കണ്ണുപൊത്തിതൊടൽ , അമ്പതമ്പസ്ഥാനി, പുള്ളി കുത്തി കളി , വളപ്പൊട്ട്‌ വെച്ച് കളി, കള്ളനും പോലീസും, മോതിരം വെച്ചുകളി, ആച്ചിങ്ങ പീച്ചിങ്ങ , നാരങ്ങപ്പാല് ചൂട്ടക്ക് രണ്ട്, വട്ടുകളി, കൊത്തങ്കല്ല് കളി, ഗോലി കളി, കുട്ടീം കോലും , യക്ഷിക്കഥകള്‍ എന്നീ നേരമ്പോക്കുകളില്‍ മുങ്ങിപോകുമായിരുന്ന ദിനരാത്രങ്ങള്‍. കാടോടി, നാടോടി, വീണു മുറിഞ്ഞ്, ചോര പൊടിഞ്ഞ്, വെയില് കൊണ്ട്, വിയർത്തു കുളിച്ച്, കരിവാളിച്ചുപോയ നാളോര്‍മ്മകള്‍  സമ്മാനിച്ച  യാത്രകള്‍!

പിന്നെ ഒരു പെട്ടിയുംതൂക്കി ദുബായിക്ക് പോകുന്നപോലെ പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോഴുള്ള ഹോസ്റ്റൽ യാത്രകള്‍. വീട്ടില്‍നിന്നും സ്വാതന്ത്ര്യം കിട്ടിയത് ആഘോഷമാക്കിയ യാത്രകൾ. ഒരു തുള്ളി കണ്ണീരു പോലും അന്നൊന്നും എന്റെ കണ്ണുകളിൽ പൊടിഞ്ഞിരുന്നില്ലെന്ന് ഇന്നോർക്കുമ്പോൾ അത്ഭുതം. അത്രയധികം ആഗ്രഹിച്ചിരുന്നു ഒരു ഒറ്റപ്പെടലിനു വേണ്ടി..

ഡിഗ്രിക്ക് ശേഷമാണ് ഒറ്റക്കുള്ള യാത്രകള്‍ ജീവിതത്തിലേക്ക് കടന്നു വന്നത്. കാലികറ്റ് സര്‍വ്വകലാശാലാ ക്യാംപസിലെ ഹോസ്റ്റലിലേക്ക് വളഞ്ഞും പുളഞ്ഞുമുള്ള ടാറിട്ട പാതകൾ പിന്നിട്ടു പോയിരുന്ന കെ. എസ്. ആർ. ടി. സി ബസ്സിൽ കൂനിക്കൂടിയിരുന്ന്, തല കറങ്ങിയും ജനലിലൂടെ തല പുറത്തേക്കിട്ടു ശർദ്ദിച്ചും എത്തിയിരുന്നത് ഓർത്താൽ ഇന്നും എനിക്ക് തല കറങ്ങും. ബസ് സ്റ്റാൻഡിൽനിന്നും വാങ്ങി കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് കവറിൽ കരുതിയിരുന്ന കറുത്ത മുന്തിരിങ്ങയായിരുന്നുഏക ആശ്വാസം..

ഹോസ്റ്റലിലേക്ക്ചെല്ലുന്നതേ ഓർമ്മഉണ്ടാവാറുള്ളൂ. ചത്തപോലെ കിടന്നുറങ്ങി ക്ഷീണം തീർക്കാൻ രണ്ടു ദിവസം എടുക്കും. പരീക്ഷക്കുള്ള അവധിയില്‍ വീട്ടിലേക്കു പോകാത്തപ്പോള്‍ എന്നെ കാണാൻ തൃശൂര് നിന്നും എന്റെ അമ്മവരുന്നത് ആ ഹോസ്റ്റലിലെ അന്തേവാസികൾ മുഴുവനും അറിയുമായിരുന്നു. അമ്മയുടെ തല അകലെനിന്ന് കാണുമ്പോഴേ ഞാൻ കൂട്ടിക്കുറുക്കി നിലവിളിച്ചു ഓടിച്ചെന്നു കെട്ടിപിടിക്കുമായിരുന്നു.

അമ്മ പോയിക്കഴിഞ്ഞാൽ കൂട്ടുകാരുടെ ശകാരവർഷമാണ്, അവരെക്കൂടി കരയിപ്പിച്ചതിന്!

പിന്നെയും ഒറ്റക്കുള്ള യാത്രകള്‍ തുടര്‍ന്നു. കാലികറ്റ് ആർഇ സി ( ഇന്നത്തെ എൻ ഐ ടി ) യില്‍ ട്രെയിനി ആയി ജോലി ചെയ്തിരുന്ന കാലം. അപ്പോഴേക്കും ഞാൻ വഴിയിലെ വളവും തിരിവും ചുരവും കയറ്റവും ഇറക്കവുമായി പരിചിതയായിരുന്നു. മലമടക്കുകളും താഴ്വരകളും പിറകോട്ടു ഓടി മറയുന്ന മരങ്ങളും മനുഷ്യരും എന്റെ യാത്രകളുടെ നിത്യഭാവങ്ങളായി. വീട്ടിലേക്കുള്ള മടക്ക യാത്രകളിൽ എന്റെ മടിയിലെ കൊച്ചുകൊച്ചു സമ്മാനപ്പൊതികളിൽ തുളുമ്പിനിന്നിരുന്നു അമ്മയ്ക്കും അന്യേത്തിമാർക്കും പങ്കുവച്ച് കൊടുക്കാന്‍ കാത്തു വച്ചിരുന്ന സ്നേഹം..

നാഴികക്കല്ലുകള്‍ പിന്നിട്ടുകൊണ്ട് പിന്നെയും യാത്ര തുടര്‍ന്നു.ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള വലിയ യാത്ര-- ന്റെകല്ല്യാണം..അതും നാല് വർഷം പ്രണയിച്ച ശേഷമുള്ള കല്ല്യാണം.

താലികെട്ടിന്റെസമയത്ത് ഞാന്‍ കരഞ്ഞത് ഓര്‍ക്കുന്നുണ്ട്. എന്നെന്നേക്കുമായി എന്നെ സ്നേഹിക്കാനും എനിക്ക്സ്നേഹിക്കാനും ഒരാളെ കിട്ടിയതിന്റെ ആനന്ദ കണ്ണീരോ കൈ പിടിച്ചുകൊടുക്കാന്‍ അച്ഛന്‍ ഇല്ലാതെ പോയതിന്‍റെ സങ്കട കണ്ണീരോ...

അറിയില്ല...

പെട്ടെന്നതാ ചില മുറുമുറുപ്പുകൾ എന്റെ കാതുകളില്‍ വന്നെത്തുന്നു....

"ശ്...ന്തേപ്പോണ്ടായേ കരയാൻ...?"

" ഹയ്യ്‌ അറിയില്ലാന്നേയ്..."

" ന്നാ ചിലപ്പോ സ്വർണ്ണം പോരാഞ്ഞിട്ടാവും.."

ശിവനേ!!!!

അത് കേൾക്കേണ്ട താമസം, ജീവിതത്തിൽ ഒരിക്കലും ഇനി കരയില്ലെന്ന് ഞാൻ തീർച്ചപ്പെടുത്തി. ഇങ്ങനെയും മനുഷ്യർ തെറ്റിദ്ധരിക്കപ്പെടുമോ!!! പഹവാനേയ്!

മണ്ഡപത്തിൽ നിന്നും ഇറങ്ങി വരനോടൊപ്പം പോകാനൊരുങ്ങുമ്പോൾ ഒരു കുറ്റവാളിയെ നോക്കും പോലെ എന്നെ നോക്കിക്കൊണ്ട്‌ ചുറ്റും നില്‍ക്കുന്നു ബന്ധുമിത്രാദികള്‍!

വീട്ടുകാരെ വിട്ടുപിരിഞ്ഞു പോകുന്നേരം ഒരൊറ്റ തുള്ളി കണ്ണീർ ഞാൻ വീഴ്ത്ത്തിയില്ലാന്നുള്ളതത്രേ ഞാൻ ചെയ്ത കുറ്റം!!!!!!!

വര്‍ഷങ്ങള്‍ക്കു ശേഷം വരുന്നു ഗള്‍ഫുകാണ്ഡം!!

നാട്ടിൽ നിന്നിട്ടൊന്നുംയാതൊരു പ്രയോജനവും ഇല്ലെന്നു ദൈവത്തിനു തോന്നീട്ട്, അവിടെനിന്നും കെട്ടുകെട്ടിച്ച കദനപര്‍വ്വം !

യാത്രയയപ്പ് നേരത്ത്  കരഞ്ഞില്ല...

ജീവിതത്തിന്റെ തീച്ചൂടിൽ വെന്തുരുകിയുരുകി എന്റെ കണ്ണീരെല്ലാം അപ്പോഴേക്കും വറ്റി പോയിരുന്നു. അതുകൊണ്ട് അന്ന് കരയാനായില്ല. 
ഉറച്ചുപോയ ശിലയില്‍ നിന്നും ഒരു ധാര ഉണ്ടായില്ല. രണ്ടുവര്‍ഷം പ്രായമുള്ള മോനെയും തോളിലിട്ടുള്ള പ്രാരാബ്ധയാത്ര..പിന്നെ വർഷം തോറുമുള്ള വഴിപാടുയാത്രകൾ.. ആര്‍ക്ക് എന്ത് കൊടുത്താൽ സന്തോഷമാവും എന്നാലോചിച്ച്‌ പെട്ടികള്‍ തിരിച്ചുംമറിച്ചുംനോക്കിയിരുന്നെത്തുന്ന മടുപ്പിക്കുന്ന വിമാനയാത്രകൾ..

പൊതുവെ അടഞ്ഞ സ്ഥലങ്ങളും കുടുസ്സുമുറികളും എന്നെ ശ്വാസംമുട്ടിക്കാറുണ്ട്. അതിനാൽ വ്യോമയാത്രകള്‍ നിവൃത്തികേടുകൊണ്ടുള്ള യാത്രകളായി മാറുകയായിരുന്നു.

അമ്മയുണ്ടായിരുന്നപ്പോൾ എയർപോർട്ടിൽ ആകാംക്ഷയോടെ കാത്തു നിന്നിരുന്ന ആ മുഖം കാണാൻ വേണ്ടി മാത്രമായിരുന്ന യാത്രകൾ. അന്യേത്തിമാരും കളീം ചിരീം. മഴയിൽ അലിഞ്ഞു പോവുമായിരുന്ന നാളുകൾ..തിരിച്ചു പോരുമ്പോൾ അവരുടെയും എന്‍റെയും കണ്ണുനീര്‍ മഴയോട് ചേരും.. രക്തബന്ധങ്ങളുടെ മഴമൊഴികള്‍...

ക്രമേണ യാത്രപറച്ചിലുകള്‍ ഞാൻ, ഭര്‍ത്താവ് , മക്കൾ, എന്ന ചെറിയ വലയത്തിനുള്ളിൽ ഒതുങ്ങാൻ തുടങ്ങി..

എനിക്ക് തനിച്ചു പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ എന്റെ കണ്ണുകൾ കലങ്ങി തുടങ്ങുംമുൻപേ വയറു നിറയെ എന്നെ വഴക്ക് പറയുന്ന ഭർത്താവ്‌. അകാരണമായിഎവിടെ നിന്നോ പൊട്ടി വീഴും അപ്പോൾ ശകാരവും താക്കീതുകളും. കരച്ചിലിനെ തിരിച്ചു വിടാനുള്ളതന്ത്രം. എനിക്കറിയാം അത്..

(എത്ര തല്ലു കൂടിയാലും സ്നേഹം സ്നേഹം തന്ന്യല്ലേ..ഒന്നൂല്ല്യെങ്കിൽഎന്നെ ഇത്രയേറെ സഹിക്കുന്ന ആളല്ലേ...)

തിരിച്ചുവരവുകളില്‍, വിരഹം അവസാനിച്ച സന്തോഷത്തില്‍ ഞാന്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചേക്കുമോ,സീനുണ്ടാക്കിയേക്കുമോ എന്ന് തോന്നീട്ടോ എന്തോ.. എന്നെ കാണുമ്പോഴേ വേഗം ലഗേയ്ജു ട്രോളി വാങ്ങി നിറഞ്ഞ ചിരിയോടെ മുന്നില്‍ നടക്കും ഭവാൻ..

ഹൃദയം പറിഞ്ഞുപോകുന്ന പുറപ്പാടുകളും ഉണ്ട്. നമ്മുടെ ചിറകിനടിയില്‍ നിന്നും ഉയരങ്ങളിലേക്ക് മക്കള്‍ പറക്കാന്‍ ഒരുങ്ങുമ്പോള്‍... അറിയാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ക്ക് പോയേ തീരൂ.. നാം സങ്കടം ഒതുക്കിയേ തീരൂ..ന്നാലും...

സ്നേഹത്തിലൂടെ, ചെറിയ ശകാരങ്ങളിലൂടെ, ഒറ്റയ്ക്ക് ജീവിക്കാനുള്ള പ്രാപ്തിയും പക്വതയും അവരെ ശീലിപ്പിച്ചു കഴിഞ്ഞിട്ടും പോകുമ്പോള്‍ ഒരു പിടച്ചിലും നീറ്റലും ആണ്. അടക്കി വയ്ക്കേണ്ടുന്ന പിടച്ചില്‍.

കുട്ട്യോളെ വിഷമിപ്പിക്കരുതല്ലോ. അവരുടെ മനോബലം കെടുത്തരുതല്ലോ...

പിന്നെ ഉറക്കമില്ലാതെ ഓര്‍ത്തോര്‍ത്തു കിടന്ന് നനച്ചു കുതിര്‍ക്കും തലയിണകള്‍...

അങ്ങനെ എത്രയെത്ര യാത്രകള്‍! യാത്രാമൊഴികള്‍!

യാത്രകള്‍ അനിവാര്യമാണ്...ജീവിതം തന്നെ ഒരു യാത്രയാകയാല്‍....

ഒരുനാള്‍ അവസാനിക്കുംവരേയ്ക്കും അവസാനമില്ലാതെ തുടരുന്ന യാത്രകള്‍...

22 അഭിപ്രായങ്ങൾ:

 1. അനിവാര്യമായ യാത്രകളും യാത്രാമൊഴികളും... അനുഭവിക്കുകയും അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് കൊണ്ടാവും ഇത്രമേല്‍ ഹൃദ്യമായി തോന്നീത്... :) :)

  മറുപടിഇല്ലാതാക്കൂ
 2. ചേർത്ത്‌ വെച്ച അക്ഷരങ്ങളുടെ നൈർമ്മല്യം വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചു..വളരെ ആസ്വദിച്ചു വായിച്ചു.
  വഴിത്താരകൾ എന്ന പേരു വളരെ നന്നായി.
  ഇനിയും വരാം.

  മറുപടിഇല്ലാതാക്കൂ
 3. സന്തോഷം മുബീ...സന്തോഷം സുധീ ...

  മറുപടിഇല്ലാതാക്കൂ
 4. വളരെ നന്നായി എഴുതിയിരിക്കുന്നു..ഓർമ്മകളും യാത്രകളും ഒരേ തൂവൽ പക്ഷികളാണു. രണ്ടും തരുന്നത് ഒരേ വികാരമാണു..എഴുത്ത് നന്നായി ആസ്വദിച്ചു!!

  മറുപടിഇല്ലാതാക്കൂ
 5. സന്തോഷത്തിന്റേയും , സന്താപത്തിന്റെയുമൊക്കെ
  കണ്ണുനീരിൽ മുക്കിയും , ഒപ്പിയും , വറ്റിച്ചും , ഒരു വലിയ
  ജീവിത യാത്രക്കിടയിലുണ്ടായ , അനേകം കൊച്ചുകൊച്ച് യാത്രകളെ
  കുറിച്ച് എത്ര ഹൃദ്യമായാണ് ഹാബി ഇവിടെ പറഞ്ഞ് വെച്ചിരിക്കുന്നത്...
  അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 6. ഓരോ യാത്രയും ഓരോ കഥകളാണ്. എല്ലാ യാത്രകളും ചേര്‍ന്നൊരു വലിയ യാത്ര ഈ ജീവിതവും

  മറുപടിഇല്ലാതാക്കൂ
 7. ദേ ഞാന്‍ ഒക്കെ തുടങ്ങിയിട്ടേ ഒള്ളൂ , വെറുതെ പേടിപ്പിക്കരുത് , ആര്‍മാദിച്ചു നടക്കേണ്ട പ്രായമാ , പിന്നെ എഴുത്ത് അത് താങ്കള്‍ക്കു നന്നായി വഴങ്ങുന്നുണ്ട് , ഇടയ്ക്കു ഇതിലെയും വരാം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. ഹൃദ്യമായിരിക്കുന്നു എഴുത്ത്................
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. യാത്രകളെ കുറിച്ച് ഇത്രയേറെ പറയുമ്പോഴും
  പറയാൻ ബാക്കി വെയ്ക്കുന്ന യാത്രാമൊഴികൾ അതിനെകുറിച്ചാണ്
  ഈ ഏറ്റു പറച്ചിൽ
  അത് പറയാതെ പറയുന്നതാണ് ഹേബ്ബി എന്ന എഴുത്തുകാരിയുടെ
  ഒരു പക്ഷെ ഒറ്റയ്ക്ക് കരയാനാവും ഒരു നറുചിരിയിൽ പൊതിഞ്ഞെടുക്കുന്ന
  എഴുത്ത് ശൈലി

  മറുപടിഇല്ലാതാക്കൂ
 10. കുറെക്കാലമായി ഈ വഴിത്താരകളിലൂടെ യാത്ര ചെയ്തിട്ട്. വഴിയൊക്കെ സുപരിചിതം. ഒരിക്കലെങ്കിലും എല്ലാവരും ഒന്ന് പോയി നോക്കണം. നിറമുള്ളതും ഇല്ലാത്തതുമായ ഒരു പാട് ജീവിതക്കാഴ്ച്ചകൾ കാണാം.
  ഞാൻ കണ്ടിട്ടുള്ളതാണ്. എന്നാലും ഇടക്കിടക്ക് പോയി
  നോക്കാം. കാണാതെ ഒളിപ്പിച്ച് വെച്ച കാഴ്ചകളുമുണ്ടാവും. അതിൽ യാത്രകളും, ചെറുസങ്കടങ്ങളും, സന്തോഷങ്ങളും ചെറുസമ്മാനപ്പൊതികളും നിറയെ സ്നേഹവുമൊക്കെയുണ്ടാവും.

  മറുപടിഇല്ലാതാക്കൂ
 11. ജീവിതമെന്ന യാത്ര! ജീവിതം തന്നെ യാത്ര.

  മറുപടിഇല്ലാതാക്കൂ
 12. എന്‍റെ അനുഭവങ്ങളില്‍ ജീവിതത്തില്‍ സന്തോശങ്ങളെക്കാള്‍ കൂടുതല്‍ ദുഃഖങ്ങളാണ് .എത്ര വലിയ സന്തോഷങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നമുക്ക് ലഭ്യമായാലും .നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ നമുക്ക് നല്കുന്ന ദുഃഖം ഏതു സന്തോഷങ്ങള്‍ക്കാണ് നികത്തുവാനാവുക .പിന്നെ നമ്മുടെ പ്രിയങ്കരമായ കാലം അത് നമ്മുടെ ബാല്യകാലങ്ങള്‍ തന്നെയാണ്

  മറുപടിഇല്ലാതാക്കൂ