2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

നുറുങ്ങുകൾ





 
വളപ്പൊട്ടുകൾ

ഇത്തവണ നാട്ടിൽ പോയപ്പോൾ അടഞ്ഞു കിടന്നിരുന്ന എന്റെ വീടിന്റെ..( ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം വീടിന്റെ ) മുറ്റത്തെ മാവിൻ ചോട്ടിൽ ഒരു കൂന മണ്ണിൽ വെറുതെ കാൽ വിരലുകൾ കൊണ്ട് കഥയെഴുതാൻ ശ്രമിക്കവേ...കാലിൽ തടഞ്ഞു, ഒന്നു രണ്ടു കുപ്പി വളപ്പൊട്ടുകൾ...ഒന്നു സ്കൈലാബ് ..മറ്റേത് കരിവളപ്പൊട്ട് ...

എന്നോ എന്റെ കൈകളിൽ അഴകു വിരിച്ച് ചേർന്ന് കിടന്നിരുന്ന വളകൾ ഇന്നലെയുടെ അവശേഷിപ്പുകളായി മണ്ണിൽ പുതഞ്ഞു പോയിരിക്കുന്നു..ഒരു നിമിഷത്തേക്കെങ്കിലും കാലം നിശ്ചലമാവുന്നുവെന്ന തോന്നലിൽ അലിഞ്ഞു നില്ക്കുമ്പോൾ പിന്നിൽ നിന്നാരുടെയോ വിളി കേട്ടു.

."വാവേ...വാ.. കുപ്പി വളേം ചാന്തും ഉണ്ട്..അമ്മയെ വിളിക്ക്..വാങ്ങിത്തരാൻ പറയ്..."

തിരിഞ്ഞു നോക്കുമ്പോൾ, ഭാണ്ഡം താഴെ ഇറക്കി ചെട്ടിച്ചി മുറ്റത്തിരുന്നു മുറുക്കി തുപ്പുന്നു..

വളപ്പൊട്ടുകളിൽ കറ പുരളാതിരിക്കാൻ ഞാൻ അവയെ വീണ്ടും മണ്ണി നടിയിലേക്ക് ഒളിപ്പിച്ചുവച്ച്, തിരിഞ്ഞ് ചെട്ടിച്ചിയെ നോക്കുമ്പോൾ ആരുമില്ല..ആരും..

എന്റെ ഹൃദയത്തുണ്ടുകളെ അവിടെ ഉപേക്ഷിച്ചു ഞാൻ നടന്നു..പടി കടന്ന് എങ്ങോട്ടെന്നില്ലാതെ... 


............................................................................................................


ഇരുപത്തിയഞ്ച് പൈസ


ചെമ്മണ്‍ പാതയുടെ അറ്റത്തെ വളവിൽ, പുന്നമരത്തിന്റെ ചുവട്ടിൽ വച്ച് കുട്ടി വലിയച്ഛനോട് ചോദിച്ചു ..

"വലിയച്ഛാ ..നിക്കൊരു ഇരുപത്തിയഞ്ച് പൈസ തരാമോ ..നാരങ്ങാ മുട്ടായി മേടിക്കാൻ?

വെള്ള മുണ്ട് മാത്രം ധരിച്ചു പീടികയിലേക്ക് ഇറങ്ങിയതാണ് വലിയച്ഛൻ.. കുട്ടി ആ വരവും കാത്തു ഇരുന്നതാണ് മരച്ചുവട്ടിൽ . 

വലിയച്ഛന്റെ ദേഹത്തോട്ടു വലിഞ്ഞു കയറി, തോളിൽ ഉമ്മ വച്ചിട്ട് കുട്ടി വീണ്ടും ചോദിച്ചു ..

"ഇരുപത്തിയഞ്ച് പൈസ തരുമോ വലിയച്ഛാ ..അമ്മ അറിയണ്ട ..ന്നെ തല്ലും.. തര്വോ .."?

വലിയച്ഛന്റെ കണ്ണിലെ സ്നേഹം മായുന്നത് കണ്ടുകൊണ്ടു കുട്ടി ഊർന്നിറങ്ങി..

വിഷാദത്തോടെ പുന്നമരച്ചുവട്ടിൽ പോയി തനിച്ചിരിക്കുമ്പോൾ കുട്ടി മാമ്വേട്ടൻ പറയാറുള്ളത് ഓർത്തു..

"അറു പിശുക്കനാണ് ..മുറിഞ്ഞോടത്ത് ഉപ്പു തേക്കൂലാ..."

കുട്ടീടെ മനസ്സ് മുറിഞ്ഞു .. വേദനിച്ചു..ഇരുപത്തിയഞ്ച് പൈസയുടെ വട്ടത്തിൽ അത് ചോരച്ചു കിടന്നു പിന്നെയും കുറേക്കാലം..



അതോണ്ടാ കുട്ടി വലുതായപ്പോ ആരുടേം സങ്കടം കാണാൻ വയ്യാണ്ടായതും എല്ലാരേം സ്നേഹിക്കാൻ മാത്രം പഠിച്ചതും..
............................................................................................................



ഏട്ടച്ഛൻ

"ഏട്ടൻ‍ ഇമ്മിണി വലുതായമ്മേ..നിക്ക് കളിക്കാന്‍ കൂട്ടിനു വേറൊരു ഉണ്ണിയെ തന്നൂടെ അമ്മേ..."

എന്റെ മോൾടെ സ്ഥിരം പരിഭവമാണ് ഇത്. പത്തു വയസ്സിന്‍റെ വ്യത്യാസത്തിൽ അവൾക്കു ഏട്ടൻ‍ "എട്ടച്ഛ"നായി... കളിക്കാനെന്നുംപ റഞ്ഞു കൂടിയാൽ‍ ഏട്ടൻ‍ ഒന്നുകിൽ‍ അതിനെ പഠിപ്പിക്കും..അല്ലെങ്കിൽ‍ ഗുസ്തികൂടും..

അതുകൊണ്ട് എവിടെ പോയാലും ഞാൻ എന്റെ മോൾക്കൊരു കളിപ്പാട്ടം വാങ്ങുക പതിവാണ്..ഒറ്റക്കാണെങ്കിലും കളിക്കാനൊരു കൂട്ട് കളിപ്പാട്ടം...

അങ്ങനെ നാട്ടില്‍ അമ്പലത്തിലെ ഉത്സവത്തിന്‌ പോയപ്പോ മോൾക്കൊരു "ബബിൾ മേയ്ക്കർ ‍" വാങ്ങിക്കൊണ്ട് വന്നുട്ടോ. ഇന്നാണ് അത് മോള്‍ക്ക്‌ കൊടുത്തത്. അവളതു ഊതി പറപ്പിച്ചു രസിച്ചു നടക്കുകയായിരുന്നു.. ഒന്ന് .. രണ്ട് ..മൂന്ന്.. നാല്..ബബിളുകള്‍ കൂട്ടി മുട്ടി...പൊട്ടി ചിതറി..ചിലത് തമ്മില്‍ ഒട്ടി പിടിച്ചു... അപ്പോഴതാ വരുന്നു ഏട്ടച്ഛൻ‍ ..

" two or more bubbles coalesce to form a single bubble. How to find the distance between the centres of the final bubble baby?"

എന്റെ മോള് ബബിൾ‍ മേയ്ക്കറും കൊണ്ടോടി.. അകലെ പോയി നിന്നു വീണ്ടും ഊതി..ഒരു ബബിൾ‍ ഒരായിരം ബബിളായി മാറി..

ഏട്ടച്ഛൻ‍ അങ്ങോട്ടും എത്തി..

" one bubble splits into several bubbles. how to find out out the radius of the baby bubbles Baby?!"

മോള് ബബിൾ ‍ എടുത്തു വച്ചു വന്നു കിടന്നുറങ്ങു...അമ്മ ഓമനത്തിങ്കള്‍ പാടിത്തരാം....ഞാനെന്‍റെ കുട്ട്യേ ചേർത്തുപിടിച്ച് ഉറങ്ങാൻ‍ കിടന്നു.... എന്താ കഥ!



7 അഭിപ്രായങ്ങൾ:

  1. എല്ലാം നിഷ്കളങ്കത കൊണ്ട് ഹൃദയത്തിൽ തൊടുന്നു
    സുന്ദരം ആദ്യത്തെ അവസാന വരികൾ കൊണ്ട് ഏറെ ഹൃദ്യം
    അവസാനത്തെ കഥ അത് ഒരു കുമിള കൊണ്ട് മോഹം അളക്കേണ്ടി വരുമ്പോഴേ മനസ്സിലാവൂ അത് കൊണ്ട് തന്നെ വല്ലാതെ നൊന്തു ഒന്നുമില്ലെങ്കിലും

    മറുപടിഇല്ലാതാക്കൂ
  2. വ്യത്യസ്ത രീതിയില്‍ ഹൃദ്യമായിരിക്കുന്നു മൂന്നു രചനകളും...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഹൃദ്യം....
    അതോണ്ടാ കുട്ടി വലുതായപ്പോ
    ആരുടേം സങ്കടം കാണാൻ വയ്യാണ്ടായതും
    എല്ലാരേം സ്നേഹിക്കാൻ മാത്രം പഠിച്ചതും..

    മറുപടിഇല്ലാതാക്കൂ