2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

നിറവ്

നിറവ്ഈ പൂക്കളിൽ നീ ദർശിച്ചത്

എന്റെ ചിരിയായിരുന്നു ഇലകളിൽ എന്റെ ശ്വാസവും 

കാറ്റിൽ എന്റെ സംഗീതവും നക്ഷത്രങ്ങളിൽ എന്റെ സ്വപ്നവും 

നിലാവിൽ എന്റെ സ്നേഹവും 

നീ ദരിദ്രനായിരുന്നുവെന്നും 
നിന്റെ പാനപാത്രം തികച്ചും 

ശൂന്യമായിരുന്നുവെന്നും 
ഞാൻ അറിഞ്ഞിരുന്നു

നിന്നിലേക്ക് ഞാൻ പകർന്നത് 
അളവില്ലാത്ത നിറവായിരുന്നു

എന്നിട്ടും നിഗൂഡമായ ശൂന്യതയുടെ 
നിഴലായി വർത്തിച്ചു നീ 

വെറുപ്പെന്ന വാക്കിന്റെ അർത്ഥം 
എനിക്ക് അജ്ഞാതമാകയാൽ 

അഭയം തേടുകയാണ് ഞാനിനി
ആഴങ്ങളിൽ എന്റെ വേരുകളിൽ
ആരും..


ആരും ചൂടാനില്ലാതെ


ഇരുട്ടിലേക്ക് അടരുന്നു 

ചില പൂക്കള്‍ 


ആരും തലോടാനില്ലാതെ


മറവിയിലേക്ക് കൊഴിയുന്നു 

ചില ഇലകള്‍

ആരും കേള്‍ക്കാനില്ലാതെ 

നിശബ്ദതയിലേക്ക് വീഴുന്നു 

ചില സ്വരങ്ങള്‍ 

ആരും വായിക്കാനില്ലാതെ 

താളുകളിലേക്ക് ചായുന്നു 

ചില വരികള്‍ 

ചിത്രം

ഒരിക്കൽ 
ജലമായി ഒഴുകിയത് 
ഇന്ന് മഞ്ഞായി 
ഉറയുമ്പോൾ 

തണുപ്പിന്റെ 
പുതപ്പിൽ 
അക്ഷരങ്ങൾ
വീണുറങ്ങുന്നു 

ഇനിയൊരു 
മഞ്ഞുരുക്കത്തിന്റെ
വേനലിനായി 
കാത്തിരിക്കുന്നില്ല 

പകരം കോടമഞ്ഞിൽ 
പൊഴിയുന്ന ഇലകളിൽ 
വരഞ്ഞിടാം ഞാൻ 
നിന്റെ ചിത്രംതടവറ

ഇപ്പോൾ വാക്കുകൾ 
തടവറക്കുള്ളിലാണ് 
സാക്ഷ അനങ്ങാത്ത
ഒരു വാതിലുണ്ട് 
തുറക്കാനാവുന്നതല്ല 
തുറക്കപ്പെടുകയുമില്ല
ഈർപ്പം കെട്ടിയ അറയിൽ 
വാക്കുകൾക്ക് 
ശ്വാസം മുട്ടിയേക്കാം
ദ്രവിച്ചു മണ്ണോടു 
ചേർന്നേക്കാം 
കാഴ്ച മങ്ങിയ ഇരുളിൽ 
അവയെ ശ്രവിക്കാനായി 
നീയിനിയൊരു 
പാഴ്ശ്രമവും നടത്തേണ്ട
മയിൽ‌പ്പീലി

ഒന്ന് രണ്ട് മൂന്ന്...
പതിനായിരത്തിനുമൊടുവിൽ 
എണ്ണി തളരുമ്പോൾ 
പെറുക്കിക്കൂട്ടിയ 
സ്വന്തം ഹൃദയത്തുണ്ടുകളിൽ 
ഉരുണ്ടു വീഴുന്ന കണ്ണീരിൽ 
ഒരു കൃഷ്ണമണി 
ചിരിക്കുന്നു 
ഒരു മയിൽ‌പ്പീലി
നനയുന്നു 
വെണ്ണ പോലെ 
ഉരുകിയൊലിക്കുന്ന
ഹൃദയ തുണ്ടുകൾ 
ചെന്നെത്തുന്നിടം
നടനമാടുന്നു 
കാളിയ മർദ്ദനം
കടൽ 


ആര്‍ത്തലച്ചുവരുന്ന തിരകള്‍ 
അടുക്കിപ്പെറുക്കുന്നൊരു
പുറം കടലാകുന്നു ഞാന്‍ 

ഒരു തിരപോലുമലതല്ലാത്ത 
വിക്ഷോഭം അടിച്ചമര്‍ത്തുന്ന 
ഉള്‍ക്കടലാകുന്നു നീ 

എന്നില്‍ നിന്നും നിന്നിലേക്കുള്ള 
ദൂരത്തില്‍ തിളച്ചു മറിയുന്നൊരു 
പ്രണയക്കടലാകുന്നു നാം

വേണ്ടായ്മകൾ 


എനിക്കിനി കാണേണ്ട 
എന്‍റെ കണ്മുന്നില്‍
നീ എപ്പോഴും ഉണ്ടെങ്കിലും.

എനിക്കിനി കേള്‍ക്കേണ്ട
ഒരിക്കല്‍ അമൃത് പെയ്യിച്ച
നിന്‍റെ വാക്കുകളുടെ മാറ്റൊലി.

എനിക്കിനി നുണയേണ്ട
നിന്‍റെ ചുണ്ടില്‍ ഞാന്‍
മറന്നു വച്ച മുന്തിരിച്ചാറ്.


എനിക്കിനി മരിക്കേണ്ട 
നിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന
കല്ലറയിൽ അടക്കം ചെയ്യപ്പെടാന്‍.


മറവിയിലെ ഓർമ്മ

തൊടിയിൽ നിശാഗന്ധികൾ വിടർന്ന രാവുകളിൽ 
വഴിമരങ്ങളിൽ രാപ്പാടി കേണ രാവുകളിൽ
ഇലത്തുമ്പുകളിൽ മഴ തുള്ളിയിട്ട രാവുകളിൽ

ഓര്‍നിലങ്ങളിൽ മഞ്ഞു വീണ രാവുകളിൽ 
വള്ളിക്കാവിൽ കൂമൻ മൂളിയ രാവുകളിൽ 
സർപ്പങ്ങൾ ശല്ക്കം പൊഴിച്ച രാവുകളിൽ 
ഓർത്തു വച്ചിരുന്നു നിനക്കായ്
മറന്നു പോയൊരാ വാക്കുകൾ..
11 അഭിപ്രായങ്ങൾ:

 1. ഇനിയൊരു
  മഞ്ഞുരുക്കത്തിന്റെ
  വേനലിനായി
  കാത്തിരിക്കുന്നില്ല

  എല്ലാ കവിതകളും നല്ല രസായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. എല്ലാം വായിച്ചു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം എഫ് ബീല് വായിച്ചതാന്ന് തോന്നുന്നു .
  ഇതിൽ ഏത് കൂടുതൽ നല്ലതാണ് ന്നു ചോദിച്ചാൽ എല്ലാം നല്ലത് .

  മറുപടിഇല്ലാതാക്കൂ
 4. വായിച്ചു. ലളിതം, മനോഹരം. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. Prose to poetry.. what a turn around!! but it s been long break

  മറുപടിഇല്ലാതാക്കൂ
 6. ആരും തലോടാനില്ലാതെ മറവിയിലേക്ക് കൊഴിയുന്നു

  ചില ഇലകള്‍ ആരും കേള്‍ക്കാനില്ലാതെ നിശബ്ദതയിലേക്ക് വീഴുന്നു

  ചില സ്വരങ്ങള്‍ ആരും വായിക്കാനില്ലാതെ

  താളുകളിലേക്ക് ചായുന്നു ചില വരികള്‍ ‘  ഞങ്ങ വായനക്കാർ ഈ ആരിലും പെട്ട ചില ആരുകളാണ് കേട്ടൊ ഹാബി

  മറുപടിഇല്ലാതാക്കൂ
 7. വായിച്ചു വരികള്‍.ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ