കാഴ്ചകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാഴ്ചകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച

ശകുനിപ്പൂച്ച


ശകുനമോ! ന്ത് ശകുനം.. അതൊക്കെ  വെറുത്യാന്നേയ്.. 
അതെ ഞാനും നോക്കാറി ല്ല്യ  ശകുനം... 
പക്ഷെ ഇന്ന് ശകുനം കണ്ടത്   ആര്യാണെന്ന് പറയാതെ വയ്യല്ലോ...

അതിരാവിലെ… ന്നു… വച്ചാൽ  ആറുമണിക്ക് എഴുന്നേറ്റ് പല്ലും മുഖോം കഴുകി ചായ ഉണ്ടാക്കാൻ താഴേക്കിറങ്ങാൻ നില്ക്കുമ്പോ ദാ കോണിപ്പടികളിൽ ഒന്നിൽ ചുരുണ്ടുകൂടി പരുങ്ങി കിടക്കുന്നു എന്നെ നോക്കിക്കൊണ്ടൊരു പൂച്ചകൻ, ഒട്ടും വെടുപ്പല്ലാത്ത ഒരു കാടൻ! 

"അയ്യോ...പൂച്ച ..ദെങ്ങനെ അകത്തു കയറി..?"..
..ന്നു ഞാൻ മുഴുമിക്കും മുൻപ് പൂച്ച എന്ന് കേട്ടാലേ കലിയിളകുന്ന ഫർത്താവ് എവിടെനിന്നോ പറന്നു വന്നു പൂച്ചയെ നോക്കി, 
“ഇനിയെന്ത് ചെയ്യേണ്ടൂ” എന്ന്  അരിശം പൂണ്ട്   ( പേടി കൊണ്ടുള്ള ഒരു തരം അരിശമില്ലേ..അതെന്നെ..)  എന്റടുത്ത് വന്നു നിന്നു.

ശരിക്കും അതിരാവിലെ   ഉണർന്ന ഒരാളുണ്ടായിരുന്നു വീട്ടിൽ..അമ്മ.. 
പൂജക്കുള്ള  തുളസീം ചെത്തീം നന്ദ്യാർ വട്ടവും പറിക്കാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വിശാലമായ വാതിൽ പാളികൾ രണ്ടും മലർക്കെ തുറന്നിട്ടതാണ് അമ്മ...ആ താപ്പിനു  ആരോരുമറിയാതെ ഉള്ളിൽ കയറിക്കൂടി,  ചെയ്തത് അബദ്ധമായെന്ന ബോധോദയം സിദ്ധിച്ചു കിടക്കുന്ന പൂച്ചകനെനെയാണ് ഞാൻ കണി കണ്ടത്.   എന്റെ ഒരു ദിവസത്തിനു തുടക്കമായി.
 "ഷൂ...ഷൂ...ശ്  പ്ഷ്.." ന്നൊക്കെ ഓരോ ശബ്ദമുണ്ടാക്കി ഞാൻ അതിനെ ഓടിച്ചുവിട്ടു. പൂച്ച ചാടിപ്പോയി..കുട്ടി സ്കൂളിൽ പോയി..ഞാൻ കോളേജിലേക്കും പുറപ്പെട്ടു.
കൂട്ടുകാരി തന്ന നാടൻ പാട്ടുകളുടെ ശേഖരം സിഡി പ്ലെയറിൽ   നിന്നും ഉണർന്നൊഴുകി .

എക്സ്പ്രെസ്സ് ഹൈവേ യിലൂടെയാണ് യാത്ര..പാട്ടിൽ മുഴുകാൻ നിവൃത്തിയില്ല..എന്നിട്ടും  കാതുകളിൽ പതിഞ്ഞ സുഖമുള്ള വരികൾ മനസ്സിന് നല്കിയത് എന്തിനെന്നറിയാത്ത  ഒരു സങ്കടക്കടൽ.. 

"കൈതോലാ പായ വിരിച്ച്....
പായേലൊരു പറ നെല്ലു പൊലിച്ച്..
കാതുകുത്താനെപ്പോവരും 
നിന്റമ്മാവൻമ്മാരു  പൊന്ന്വോ
കാതുകുത്താനെപ്പോവരും 
നിന്റമ്മാവൻമ്മാരു പൊന്നേ...."

ഇതെന്റെ ലോകമാണ്..എനിക്കിഷ്ടമുള്ള പാട്ടുകൾ കേട്ട് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഞാൻ മാത്രമുള്ള ലോകം...

പക്ഷെ പെട്ടെന്നാണ്,  ഈ ലോകത്തിൽ ഞാൻ തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് എമെർജെൻസി ലൈറ്റുകൾ മിന്നിച്ച് മുന്പിലുള്ള വാഹനങ്ങൾ നീങ്ങാതെ നിശ്ചലമായത്.  പാട്ടിന്റെ ശബ്ദം കേൾക്കാവുന്നതിലും കുറവിലായി ഞാൻ താഴ്ത്തി വച്ചു. ആകെ ഒരു വിമൂകത! ഒന്നും കാണാനായില്ലെങ്കിലും ഊഹിച്ചു.. എന്റെ തൊട്ടടുത്തായി  ആർക്കോ കാര്യമായ അപകടം സംഭവിച്ചിരിക്കുന്നു..

അതാരായിരിക്കാം....എത്രത്തോളം പറ്റിക്കാണും...തിടുക്കും കൂട്ടുന്നു ചിന്തകൾ. പത്തിരുപതു മിനിട്ടുകളോളം അനങ്ങാത്ത വാഹനങ്ങളിൽ അക്ഷമരായ ജനം.. ഒപ്പം ഞാനും…
പിന്നെ ഒരു അനക്കം വച്ചപ്പോൾ ഞാൻ പുറത്തേക്കു നീട്ടിയ കഴുത്തുമായി ഇരുന്നു.. ഒരു വലിയ ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരിക്കുന്നു.. പോലീസുകാരുടെയും മറ്റു ആളുകളുടെയും നീണ്ട നിര അങ്ങേയറ്റം വരെ....  കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കണ്ടു, രണ്ടു കാറുകൾ തമ്മിൽ ഇടിച്ചു തിരിഞ്ഞു മറിഞ്ഞു കിടക്കുന്നു.. അടക്കിയ ആധിയോടെ കാറിൽ  പതുക്കെ നീങ്ങുമ്പോൾ,  വഴി മുടക്കാതെ എളുപ്പം പോകാനായി പോലീസുകാരൻ കൈവീശി കാണിക്കുന്നു . അല്പം കൂടി മുന്നിലായി വീണ്ടും ഒരു അപകടം കൂടി..രണ്ടു വണ്ടികൾ ഞെളങ്ങി  ഞെരുങ്ങി കാൻസെൽ ആയി പോയ മട്ടുണ്ട്.  അപകടം സംഭവിച്ചവരെയൊക്കെ തത്സമയം മാറ്റിക്കാണണം.. ആ കാഴ്ചകൂടി കാണേണ്ടി വന്നില്ലല്ലോ..!!

ഇവിടെ നമ്മൾ വെറും  കാഴ്ച്ചക്കരാവുന്നു  എന്നതിൽ സങ്കടപ്പെടേണ്ട കാര്യമില്ല..ആരുടേയും ജീവന് അപകടം പറ്റാതിരിക്കാനുള്ള ഒരു പ്രാർത്ഥന..അതേ വേണ്ടു..ബാക്കിയെല്ലാം വേണ്ടപ്പെട്ട അധികാരികൾ നിർവഹിച്ചു കൊള്ളും..
 എനിക്ക് തിരിഞ്ഞു പോകേണ്ടുന്ന വഴി എത്തി..അത് അടച്ചിട്ടിരിക്കുന്നത് കണ്ടു . 
"നോ എന്ട്രി"

ഉടനെ ഭർത്താവിനെ വിളിച്ചു..
“ഞാനിനി എന്ത് ചെയ്യേണ്ടു ..?”

"താൻ നേരെ അങ്ങട് ഓടിച്ചോള്വാ..എക്സ്പ്രെസ്സ് ഹൈവേ അല്ലെ..യാതൊരു രക്ഷയുമില്ല ..എവിടെയെങ്കിലും ചെല്ലുമ്പോ ഏതെങ്കിലും ഒരു ഫ്ലൈഓവറോ  അല്ലെങ്കിൽ തിരിവോ  കാണും..എന്തെങ്കിലും സർക്കസ്സു കാണിച്ചു വേഗം  വരാൻ നോക്കു "

അല്ലെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നെ എയർ ലിഫ്റ്റ് ചെയ്തു കൊണ്ട് പോകാൻ അദ്ദേഹം ഹെലികോപ്ടറിൽ വരുമെന്ന് ! ഏതു വിധേനയും ഞാൻ തിരിച്ചെത്തുമെന്ന് എല്ലായ്പ്പൊഴുമെന്ന പോലെ അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്തു.



മുന്നിൽ കണ്ട, യാതൊരു പരിചയവുമില്ലാത്ത, വഴിയിലൂടെ ഞാൻ ഓടിച്ചു..രക്തം തലയിലേക്ക് അരിച്ചു കയറുന്നതുപോലെ .. 


പാട്ടിന്റെ ശബ്ദം കൂട്ടിയപ്പോൾ കാതിൽ ഇരമ്പിക്കയറി, 

"പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി

നല്ലച്ഛന്ടെ തിരുമുമ്പില് ചെന്നു കാളി കളിതുടങ്ങി


അങ്ങനങ്ങനെ"

കാളിയെ മനസ്സിൽ കുടിയിരുത്തിക്കൊണ്ട് ഞാനറിയാത്ത, എത്താത്ത, ഏതൊക്കെയോ സ്ഥലങ്ങളിലൂടെ പിന്നെയും ഓടി കുറേ ദൂരം.. ..ഇതിനിനി ഒരു അവസാനമില്ലെന്നു ബോധ്യപ്പെട്ടപ്പോൾ വണ്ടി സൈഡിൽ ഒതുക്കി ആദ്യം കണ്ട ഒരു നാട്ടുകാരനോട് വഴി ചോദിച്ചു..ആ മഹാത്മാവ് എനിക്ക് പോകേണ്ടുന്ന വഴി ഒരു ചെറിയ കടലാസ്സിൽ പേനകൊണ്ട് വരച്ചു കാണിച്ചു തന്നു..ഞാനതുമായി യാത്ര തുടർന്നു.. ഒന്നര നാഴികയോളം തുടർന്ന ആ യാത്രക്കൊടുവിൽ, ഞാൻ ഓഫീസിൽ എത്തിപ്പെടുമ്പോൾ സിഡിയിലെ അവസാനത്തെ പാട്ടിന്റെ തുടക്കം കേൾക്കുമാറാ യി .

"തല വേദന ചെന്നിക്കുത്തിന് ലെന്തട ലാടാ ലൌഷധോം 

ഇത്തല വേദന ചെന്നിക്കുത്തിന് ലെന്തട ലാടാ ലൌഷധോം "..

അതും എനിക്കറിയാം...

“ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി പാറുക്കുട്ട്യേ ..

ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി പാറുക്കുട്ട്യേ ..”



അല്ല ഈ ശകുനത്തിലൊന്നും എനിക്കു വല്ല്യ വിശ്വാസമൊന്നും ഇല്ല്യ..ന്നാലും രാവിലെ കണികണ്ട ആ പൂച്ചയെ വെറുതെ ഓർത്തു പോവുകയാണ് വെയിലേറ്റു വാടി തളർന്ന ഈ ഞാൻ!!!!..ന്തേ ..എനിക്ക് ഓർത്തൂടെ?



2014 ജൂലൈ 2, ബുധനാഴ്‌ച

വ്രതശുദ്ധിയില്‍ ഒമാന്‍



നന്ദി, മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികക്ക്..., പിന്നെ എന്‍റെ കൂട്ടുകാരി റെജീനക്കും...
( ജൂലൈ രണ്ടിന് മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലേഖനം..)


 
നാട്ടില്‍ നിന്നേ കൂട്ടു വന്നിരുന്നു, വ്രതകാലം. മുസ്ലിം സമുദായത്തില്‍ പെട്ട സുഹൃത്തുക്കള്‍ ഒരു മാസം വ്രതമനുഷ്ഠിക്കുന്നതും പെരുന്നാളു കൂടുന്നതുമൊക്കെ തൊട്ടരികെ നിന്ന് കാണാറുണ്ടായിരുന്നു. വിശുദ്ധ മാസം അവരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആദരവോടെ അറിഞ്ഞിരുന്നു. അതുവരെ ബഹളം വെച്ച് നടന്നിരുന്നവര്‍ പോലും നോമ്പ് കാലമാവുമ്പോള്‍ ആളാകെ മാറുന്നു. മതം പകരുന്ന ജീവിതബോധത്തിലേക്ക് അവര്‍ തല കുനിക്കുന്നു. അന്നപാനീയങ്ങള്‍ വെടിയുന്നു. ദാനകര്‍മ്മങ്ങളില്‍ മുഴുകുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കുന്നു. നമസ്കാരപ്പള്ളികള്‍ നിറഞ്ഞു കവിഞ്ഞ് പുറത്തേക്കു നീളുന്നതും കാണാറുണ്ടായിരുന്നു.

എന്നാല്‍, 14 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഒമാന്‍ മണ്ണാണ് വ്രതാനുഷ്ഠാനങ്ങളെ ഏറ്റവും അരികെ നിന്ന് കാണാന്‍ പഠിപ്പിച്ചത്. വിശുദ്ധമായ അതിന്‍റെ  വരവുകള്‍ ചുറ്റിലുമുണ്ടാക്കുന്ന പരിണാമങ്ങളെ അടുത്തറിഞ്ഞത്.

ഉച്ചിയില്‍ വെയില്‍ തിളച്ചു നില്ക്കുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ദിവസങ്ങളോളം നീളുന്ന നോമ്പു കാലത്തിലേക്ക് മനുഷ്യര്‍ ഇറങ്ങി നില്‍ക്കുന്നത് ആദരവോടെയാണ് നോക്കി നിന്നു പോയത്. പ്രായഭേദമന്യേ, ഏവരും സ്വയം വിശുദ്ധമാവുന്ന രാപ്പകലുകള്‍. കുഞ്ഞു നാള്‍ മുതല്‍ ശീലിച്ചു പോരുന്ന ഇത്തരം ആചാരാനുഷ്ഠാനങ്ങളായിരിക്കണം ആത്മസംയമനത്തിന്റെഇ വിത്തുകള്‍ പാകി ഇവരെ ശുദ്ധീകരിക്കുന്നത്. മരുഭൂമിയിലെ മനുഷ്യര്‍ക്കു മാത്രം കഴിയുന്ന ശാന്തതയുണ്ടായിരുന്നു ഈ നാളുകളില്‍ ചുറ്റിനും.

എന്‍റെ  ഫ്ളാറ്റില്‍ ഇരുന്നാല്‍ കേള്‍ക്കാം, ബാങ്കൊലി. എല്ലാ പള്ളികളിലും സജ്ജീകരിച്ചിട്ടുള്ള നോമ്പ് തുറകളിലേക്ക് ഒഴുകുന്ന ബംഗാളികളെയും പാക്കിസ്ഥാന്‍ കാരെയും ഇന്ത്യക്കാരെയും മറ്റു രാജ്യക്കാരെയും കാണാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നതിനൊപ്പം തന്നെ കാമ ക്രോധങ്ങള്‍ അടങ്ങുന്ന വികാരങ്ങളുടെ എല്ലാ വേലിയേറ്റങ്ങളും അടക്കേണ്ടതുണ്ട്.ഒരു വാഗ് വാദത്തിലും പെടാതെ 'ഞാന്‍ നോമ്പുകാരന്‍/ നോമ്പുകാരി' ആണ് എന്ന് പറഞ്ഞ് മാറി നില്‍ക്കുമ്പോള്‍ ആ ശീലം ഒരു സാധാരണ മനുഷ്യന്‍റെ ആന്തരീക ശുദ്ധീകരണത്തില്‍ നല്ല പങ്ക് വഹിക്കുന്നു . ആ സ്ഫുടം ചെയ്തെടുക്കല്‍ ആവും ഉപവാസത്തിന്‍റെ  ഏറ്റവും വലിയ മേന്‍മയും .

നോമ്പെന്ന് കേള്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ മനസ്സില്‍ ഈ ദേശം മാത്രമേയുള്ളൂ. ഈ മണ്ണ് എന്നില്‍ തീര്‍ത്ത അനന്ത വിസ്മയങ്ങള്‍ക്കൊപ്പം മഹത്തായ ആ സംസ്കാരം കൊണ്ടു നടക്കുന്ന ഈ ആചാരാനുഷ്ഠാനങ്ങളും ഞാന്‍ കൊണ്ടു നടക്കുന്നു. അതിനോടുള്ള എല്ലാ ആദരവുകളും ഒമാന്‍ എന്ന ഈ മണ്ണിനോടുള്ള എന്‍റെ  പ്രണയത്തെ ജ്വലിപ്പിക്കുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒമാന്‍ എന്ന ഈ മരുഭൂമിയിലേക്കുള്ള എന്‍റെ  കന്നിയാത്ര. അനന്തമായി നീണ്ടു പോകുന്ന മണലാരണ്യം. ഒട്ടകക്കൂട്ടങ്ങള്‍. പച്ചപ്പ് ഒന്നെത്തിനോക്കുക പോലും ചെയ്യാത്ത,തിളച്ച വെയില്‍ വീഴുന്ന പഴുത്ത മണലുള്ള മരുപ്രദേശം. ആടിന്റെ പൂടയും ഒട്ടകപ്പാലിന്റെ കട്ടിപ്പും അടിഞ്ഞു കിടക്കുന്ന, ഉണക്ക ഇലയുടെ നിറമുള്ള, പൂക്കളുടെ സുഗന്ധമില്ലാത്ത ഒരിടം. അതായിരുന്നു അന്ന് മനസ്സിലെ ചിത്രം.

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് ആ ചിത്രത്തിലെ നരച്ചനിറങ്ങളെ ഒരു ചൂടുകാറ്റ് പറത്തിക്കൊണ്ടു പോയത്. പകരം ആരവങ്ങളോടെ വന്നു കയറിയ ചായക്കൂട്ടുകള്‍ക്ക് ഇന്നോളം മങ്ങലേറ്റിട്ടില്ല. പുഷ്പങ്ങള്‍ കൊണ്ടുള്ള പരവതാനികളാണോ പാതയോരങ്ങളില്‍ നിറയുന്ന പൂനിരകള്‍ എന്നാദ്യം സംശയിച്ചു. ഇലകളെ വെളിച്ചം കാണിക്കാതെ, കൊതിപ്പിക്കുന്ന നിറങ്ങളില്‍ തിങ്ങി വിടരുന്ന പൂക്കള്‍,എരിയുന്ന ചൂടിലും മരുവില്‍ വിരിയുന്ന നിത്യവസന്തം.

ഇത് വെറുമൊരു മരുഭൂമിയല്ല, തനതായ സംസ്കാരപൈതൃകമുള്ള ഒരു സുന്ദരഭൂമിയാണ്. ഒരായിരം കോട്ടകളുടെ നാട് എന്നായിരുന്നു ഒമാന്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നതുതന്നെ. നിസ്വ, ബഹല, ജബ്രീന്‍ തുടങ്ങിയ വളരെ കുറച്ച് കോട്ടകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നവയില്‍ ചിലത്.ബഹല കോട്ടയില്‍ പ്രേതാത്മാക്കള്‍ ഉണ്ടെന്നൊരു ശ്രുതി കേട്ടിട്ടുണ്ട്. ഒരിക്കല്‍ കണ്ടുമുട്ടണം അവരെ!

ഒമാന്‍റെ  അന്തരാത്മാവിനെ തൊട്ടറിയണമെങ്കില്‍ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് പോകണം. ഒരു ഫലജിനെ ചുറ്റിപറ്റി പച്ചവിരിക്കുന്ന തണുപ്പിടങ്ങള്‍. അവിടെ കാണാം പരിഷ്കാരങ്ങളൊന്നും തൊട്ടുതീണ്ടാതെ കൃഷി ചെയ്തും മാടുകളെ മേയ്ച്ചും, ഒരുപാട് ജീവിതങ്ങള്‍. അതിനപ്പുറം ഒരു ലോകമുണ്ടെന്ന ഒരു വിദൂര സ്വപ്നം പോലും ഇല്ലാത്ത നിഷ്കളങ്കര്‍. വയസ്സരില്‍ ചിലര്ക്ക് മിക്കവാറും ഒരു കണ്ണ് മാത്രമേ കാണൂ. ഈന്തപ്പനയുടെ മുള്ളുകള്‍ കുത്തികയറി ഉണ്ടാവുന്ന അപകടം പക്ഷേ അവര്‍ക്കൊരു വിഷയമേയല്ല.

ഇവിടത്തെ മനുഷ്യര്‍ക്കുമുണ്ട് പ്രത്യേകത. പെരുമാറ്റത്തിലെ സഹിഷ്ണുത. പഴം തലമുറകള്‍ പകര്‍ന്ന അതിജീവനത്തിന്‍റെ  പാഠങ്ങള്‍ മനസ്സിലേറ്റുന്നതുകൊണ്ടാവാമിത്. അന്യദേശങ്ങളില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് ഇവിടെ എത്തുന്ന ആളുകളെ വരത്തനെന്ന അയിത്തം കല്‍പ്പിച്ച് ദുരവസ്ഥയിലേക്ക് തള്ളിവിടാതെ സ്നേഹാദരങ്ങളോടെ സ്വീകരിക്കുന്ന ഇവരുടെ ആതിഥ്യ മര്യാദ വാക്കുകള്‍ക്കും അപ്പുറം ആദരണീയമാകുന്നു.

ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഒമാന്‍. അവരാണ് ഒമാനില്‍ ആദ്യമായി 'ഫലജ്' എന്ന ജലസേചനസംവിധാനം കൊണ്ടുവന്നത്. ഭൌെമോപരിതലത്തിലൂടെയും ഭൂഗര്‍ഭങ്ങളിലൂടെയും ഒഴുക്കിക്കൊണ്ടു വരുന്ന നീര്‍ച്ചാലുകളുടെ ഒരു ശൃംഖല നൂറ്റാണ്ടുകളുടെ കഥകള്‍ പറഞ്ഞുകൊണ്ട് കൃഷിയിടങ്ങളിലേക്കും ഈന്തപ്പനത്തോട്ടങ്ങളിലേക്കും ഇന്നും ധാരയായി ഒഴുകുമ്പോള്‍ ഫലജ് ഒരു അത്ഭുതമാവുന്നു.

കോടാനുകോടി വര്‍ഷുങ്ങള്‍ക്ക് മുമ്പ്, ഒമാന്‍ കടലിന്റെ അടിത്തട്ടില്‍ ആയിരുന്നുവെന്നതിന് തെളിവാണ്, ഈ മരുഭൂമിയില്‍ ഇന്നും നാം കാണാനിടയാവുന്ന കക്കകളുടെയും പവിഴപുറ്റുകളുടെയും ഫോസിലുകളും പിന്നെ ചില പ്രത്യേകയിനം സസ്യജാലങ്ങളുംസവിശേഷഭൂപ്രകൃതിയും അനന്തതയിലേക്ക് പരക്കുന്ന മരുഭൂമികളും, തീരദേശങ്ങളും, നിമ്നോന്നതമായ മലനിരകളും അവയെ മുറിച്ചൊഴുകിക്കൊണ്ട് വരുന്ന താഴ് വാരങ്ങളിലെ നദീതടങ്ങളും(വാദി) ചേരുമ്പോള്‍ ഒമാന്‍റെ  ഭംഗിയായി.

വഹൈബയിലെ ചുവന്ന പൂഴി മണല്‍ത്തട്ടുകളില്‍ കാറ്റ് ഞൊറിയുന്ന നൈസര്‍ഗിക ചിത്രവേലകള്‍ കണ്ടാല്‍, ഉലയുന്ന ഉടയാട ശരിയാക്കിക്കൊണ്ട് നില്ക്കു ന്ന അക്ഷമയായ ഒരു സുന്ദരിയെയാണ് ഓര്‍ മ്മ വരിക. പനയോല മേഞ്ഞ കൊച്ചു കുടിലില്‍ രണ്ടു പകലുകള്‍, രാത്രികള്‍! ആ രാവുകളിലൊന്നില്‍ ആകാശത്തുനിന്നും നക്ഷത്ര പൂക്കളെ കയ്യെത്തിച്ച് പിടിക്കാന്‍ ശ്രമിച്ചത് ഞാനിന്നും സൂക്ഷിക്കുന്ന കുളിരോര്‍മ.

ഒമാന് സ്വന്തമായൊരു സുഗന്ധം പോലുമുണ്ട്. ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി എത്തിയ മൂന്നു പാരിതോഷികങ്ങളില്‍ ഒന്നായിരുന്നുവത്രേ കുന്തിരിക്കം (ഫ്രാങ്കെന്‍സെന്‍സ്)! ദോഫാറില്‍ വളരുന്ന കുന്തിരിക്കമരങ്ങള്‍ ലോകനിലവാരത്തില്‍ ഒന്നാമതായി വരും. റബ്ബര്‍ മരത്തില്‍ നിന്നു പാലെടുക്കും പോലെയാണ് ഇതില്‍ നിന്നും പശ എടുക്കുന്നത്. അതുണക്കി കത്തിച്ചാല്‍ അവിടമാകെ
പരക്കും മൂക്ക്തുളച്ചുകയറുന്ന ഒരു മാസ്മരഗന്ധം. തിന്മകളെയൊക്കെ എരിച്ച് കളഞ്ഞ് ഓരോ മനുഷ്യന്‍റെ  ഉള്ളിൽ നിന്നും ഉയരട്ടെ അത് പോലെ  നന്മയുടെ സുഗന്ധം . ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും മീതെ ആ നന്മയുടെ സുഗന്ധം പരക്കട്ടെ .

( ഹാബി സുധൻ ,ഒമാനിലെ ഇന്റർ നാഷണൽ കോളേജ് ഓഫ് എൻജിനീയരിംഗ് & മാനേജ്മെന്റിൽ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി ചെയ്യുന്നു )
— with Sapna Anu B. George and 3 others.



2014 ഏപ്രിൽ 4, വെള്ളിയാഴ്‌ച

മലകളില്‍ പെയ്ത മഴ



പെട്ടെന്നാണ് വലിയ ഇടികുടുക്കത്തോടെ മഴ പെയ്തത്...ആ മലയില്‍ നിന്നോ ഈ മലയില്‍ നിന്നോ എന്നറിയാതെ പടപടാന്നു പൊട്ടുന്നു ഇടി. നിമിഷങ്ങള്‍ കഴിഞ്ഞ് ഇടയിലൂടെ ചീറി പായുന്നു ഉലയിലെ തീപ്പാറല്‍ പോലൊരു മിന്നലും! കാറ്റും വീശി, ശക്തിയോടെ! ആലിപ്പഴമാണോ കുഞ്ഞു മഴത്തുള്ളിയാണോ വീഴുന്നതെന്നറിയാന്‍ ഞാന്‍ ജനലിലൂടെ പുറത്തേക്ക് തല നീട്ടി. തുള്ളിക്കൊരു കുടം തന്നെ! മല മുകളില്‍ നിന്ന് പെയ്തു വരുന്ന മഴക്കാഴ്ചയുടെ വിസ്മയാനുഭൂതി നഷ്ടമായില്ലെന്ന സന്തോഷം. മലകള്‍ക്ക് പലനിറം. ഇളം ചുവപ്പൊന്നിനെങ്കില്‍ മറ്റൊന്നിന് കറുകറുപ്പ്, ഇനിയൊന്നിനു ഇടകലര്‍പ്പ് ! അവയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നത് ഒരു ദൂരക്കാഴ്ച! തണുത്തു കാണണം, പേരിനു പോലുമൊരു പച്ചനാമ്പില്ലാതെ തിളച്ചു നിന്ന മലനിരകള്‍...ഇത്തിരി പോന്ന ഒരു കുളിരുകോരി എന്‍റെ നെഞ്ചിലേക്കിട്ടിട്ടു മഴ പോയി, ഇനിയാരുടെ അഗ്നിഹൃദയത്തില്‍ ശൈത്യം പകരാനാണാവോ....ഇടവഴികളിലൂടെ മണ്ണിലേക്കിറങ്ങിയ നനവ്‌ ഇനി എത്ര നേരമെന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ വീണ്ടും മഴ..ശാന്തമായ, നൂല്‍ പെയ്ത്ത്..പെയ്തുകൊണ്ടേയിരിക്കൂ മഴേ...അലയടങ്ങട്ടെ എന്‍റെ മനസ്സിലും...

2014 മാർച്ച് 7, വെള്ളിയാഴ്‌ച

എന്റെ മിഴിയിലെ പൂമ്പാറ്റ















ഒരു ദിവസം രാവിലെ ഉമ്മറത്തെ ചവിട്ടു പടിയില്‍ ഇരിക്കുമ്പോഴാണ് ചെടികള്‍ക്കിടയില്‍ നിന്നും തെറിച്ചു വീണത്‌, ആ ചിത്ര ശലഭം. പാവം, പറക്കമുറ്റിയിട്ടില്ല. കൊക്കൂണീന്ന് ദാ, ഇപ്പോ ഇറങ്ങീട്ടേയുള്ളൂ. അയ്യോടാ..മുറ്റത്ത്‌ ഇഷ്ടികയില്‍ പറ്റി പിടിച്ചിരിക്ക്യാ. ഞാന്‍ അടുത്ത് ചെന്ന് നാല് ക്ലിക്ക്! ഓരോ ക്ലിക്കിലും അത് അറ്റം ചുരുണ്ട ചിറകുകള്‍ മെല്ലെ മെല്ലെ വിടര്‍ത്തി പറക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സ്വപ്നങ്ങളുടെ വര്‍ണ്ണ പൊട്ടുകള്‍ ചിറകുകളില്‍ ഒതുക്കിവച്ച്, ഒരു ജീവന്‍ കൂടി ഈ ഭൂമിയിലേക്ക്‌! എന്തെന്തു ആഗ്രഹങ്ങൾ..എന്തെന്തു പ്രതീക്ഷകൾ.. എല്ലാം സഫലമാകട്ടെ പൂമ്പാറ്റേ ... ഈ ഉല്ലാസപ്പൂങ്കാറ്റിൽ നീ പാറിപ്പറക്കൂ.. ജീവിതം നമുക്കിതൊന്നു മാത്രം! നോക്കിയിരിക്കേ, അതിന്റെ ചിറകുകള്‍ കൂടുതല്‍ വിരിഞ്ഞുവന്നു... അല്പനേരം സംശയിച്ചിരുന്നശേഷം പയ്യേ പറന്നുയര്‍ന്നു, ആദ്യം ഒരു ചെടിയില്‍, പിന്നെ ഒരു പൂവില്‍, വീണ്ടും ഒരു കൂട്ടം പൂക്കളില്‍...പിന്നെയെവിടെയൊക്കെയോ..ഒരു പൂങ്കാവനം തേടിയോ കൂട്ടരോടൊപ്പം ചേരാൻ മോഹിച്ചോ മറഞ്ഞു പോയതാവാം പക്ഷേ ആ മഞ്ഞപ്പൂമ്പാറ്റയെ ഞാനെന്റെ മിഴികളിൽ കെട്ടിയിട്ടു, പറന്നകലാതെ, എന്റെ അരികിലായ്..