2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

പ്രബോധനം..ഞാൻ ജോലി ചെയ്യുന്ന കോളെയ്ജിലെ വിദ്യാർഥിയാണ് അബ്ദുള്ള. മിനിസ്റ്റ്രിയിൽ ജോലിയുള്ള അബ്ദുള്ള. എന്നെ കണ്ടാൽ അബ്ദുള്ള തുടങ്ങുകയായി ഇസ്ലാമിനെ കുറിച്ചുള്ള പ്രബോധന ക്ലാസ് .


"മിസ്സ്‌ തല മറയ്ക്കണം ഇത് ഇസ്ലാമിനു എതിരാണ്..ഇസ്ലാമിൽ പലതും പറയുന്നുണ്ട് മിസ്സിന് അറിയാത്തത് പലതും..."


പറഞ്ഞു പറഞ്ഞ് അവൻ ദൈവ ചിന്തകളിൽ കാട് കയറും. 


അവനെ പിണക്കാതെ ഞാൻ എല്ലാം ചിരിച്ചുകൊണ്ട് കേട്ടിരിക്കും.


ഇടയിൽ എന്നോട് ചോദ്യങ്ങൾ ചോദിക്കും..ഞാൻ ഉത്തരം പറയും. 


ചിലപ്പോൾ എനിക്ക് കിട്ടുന്ന അവസരങ്ങളിൽ ഞാൻ അവനോടു പറയും, "നീ കൂടുതൽ പഠിക്കണം..പഠിച്ചവർ, പ്രായോഗിക ബുദ്ധിയുള്ളവർ, ഇവിടെ നിന്റെ രാജ്യത്ത് കുറവാണ്.. നീ പരിശ്രമിച്ചാൽ നിനക്ക് വലിയ ഉദ്യോഗസ്ഥനാവാം, ഉയരങ്ങളിൽ എത്താം.."


കോഴ്സ് കഴിഞ്ഞു പോകുമ്പോൾ ഞാൻ അവനോടു പറഞ്ഞിരുന്നു,


" നീ എന്റെ പ്രിയപ്പെട്ട വിദ്യാർഥിയാണ് ഇടക്കൊക്കെ എന്നെ കാണാൻ വരിക..നിന്നോട് സംസാരിച്ചിരിക്ക്യാൻ എനിക്കിഷ്ടമാണ്..."


അന്ന് ഒരു പാക്കറ്റ് കാപ്പിപ്പൊടി എനിക്ക് സമ്മാനമായി നല്കി അവൻ പോയി.

നീണ്ട അവധിക്കു ശേഷം ഇന്നലെയാണ് അബ്ദുള്ള വീണ്ടും വന്നത്. 


എന്റെ മുൻപിൽ കിടന്നിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് സംസാരത്തിന്റെ പാരാവാരം തുറന്നിട്ടു. 

അല്പം ജോലികൾക്കിടയിലായിരുന്ന ഞാൻ അത് നിർത്തി അവനെ നോക്കി ചോദിച്ചു . 


"നീ എവിടെയായിരുന്നു കുട്ടീ.. "?


" മിസ്സ്‌ എന്റെ ഇവിടത്തെ കോഴ്സ് കഴിഞ്ഞത് ഞാൻ പറഞ്ഞിരുന്നില്ലേ...മിനിസ്ട്രിയിലെ ജോലി തുടരുന്നു.. " 


"ഗുഡ്. ന്നാൽ പറയു..എന്തൊക്കെയുണ്ട് നിന്റെ വിശേഷങ്ങൾ?"


" സുഖം ( ആ വാക്ക് ഞാൻ അവനെ പഠിപ്പിച്ചിരുന്നു..).ഞാൻ മിസ്സിനെ കാണാൻ വേണ്ടി മാത്രം വന്നതാണ്".


"ഉവ്വോ.. നന്നായി.."


"മിസ്സിനറിയാമോ എനിക്ക് കുറ്റബോധം കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല അതാണ്‌ ഞാൻ വന്നത്.."


"അതിനു നീ എന്ത് തെറ്റ് ചെയ്തു കുട്ടീ..? "


"മിസ്സിന് എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം...ഞാൻ അത് അർഹിക്കുന്നു."


എന്റെ പുരികം ഉയർന്നു.


അവൻ തുടർന്നു..


"പുസ്‌തകങ്ങൾ..ഒന്നല്ല...ഒൻപതു പുസ്‌തകങ്ങൾ, ഈ ലൈബ്രറിയിൽ നിന്നും ഞാൻ മോഷ്ടിച്ചിരുന്നു . രണ്ടു വർഷം മുൻപ്.."


"ഓ ഗോഡ്"


ഞാൻ അറിയാതെ പറഞ്ഞുപോയി..


അവൻ കയ്യിലിരുന്ന വലിയ സഞ്ചിയിലെപുസ്‌തകങ്ങൾ ഓരോന്നായി മേശപ്പുറത്തു വച്ചു..


"ഹും.. ഗോഡ് ഈസ് ഗ്രേയ്റ്റ് മിസ്സ്‌.. മിസ്സിനോട് ഈ ചതി ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല . പിഴയായി ഞാൻ എന്ത് തരണം..? "

"നീ ഒന്നും തരണ്ട.."

"അപ്പൊ മേലധികാരികൾ..?"

"ഇത് തല്ക്കാലം എന്റെ അധികാര പരിധിയിൽ പെടുന്നതാണ് .ഞാൻ അവരെ അറിയിക്കില്ല.."

"എങ്കിൽ പിഴ.?"

"ഇല്ല..നിന്റെ സത്യസന്ധതക്കു പിഴയില്ല.."

"അല്ല മിസ്സ്‌ ഞാൻ മോഷ്ടിച്ചതാണ് ..."

"സാരമില്ല ക്ഷമിക്കാവുന്ന കുറ്റം മാത്രം.."


"നിനക്ക് വേണമെങ്കിൽ ഈ പുസ്‌തകങ്ങൾ മടക്കാതിരിക്കാമായിരുന്നു . എന്നോടുള്ള ഇഷ്ടം കൊണ്ടോ..നിന്റെ തിരിച്ചറിവുകൊണ്ടോ നീ ഇവ മടക്കിതന്നല്ലോ... സന്തോഷം കുട്ടീ...നിനക്കെന്താണ് ഞാൻ പാരിതോഷികമായി തരേണ്ടതെന്നുആലോചിക്കുകയാണ്"

അവന്റെ മുഖത്ത് പ്രകാശം പരന്നു..


"മിസ്സ്‌..ഇസ്ലാമിൽ പറയുന്നുണ്ട്..."


അവൻ തുടർന്നു..

"സംശയത്തോടെ എന്നെ നോക്കി, ബോറടിക്കുന്നുണ്ടോ..ഞാൻ മിസ്സിനെ ശല്ല്യപ്പെടുത്തുന്നുണ്ടോ.."?


ഞാൻ പറഞ്ഞു, 


"ഇല്ല...ഒരിക്കലും ഇല്ല..ഒന്ന് ചോദിക്കട്ടെ?"

"ഉം.."

"നീ എന്നാണു കല്ല്യാണം കഴിക്കുന്നത്‌ ?"

"കല്ല്യാണം കഴിക്കണം..പെണ്‍കുട്ടിയെ തിരയുകയാണ് പക്ഷെ മിസ്സിനറിയാമല്ലോ.. ഞങ്ങൾക്ക് കല്ല്യാണം കഴിക്കണമെങ്കിൽ ഒരുപാട് പൈസ വേണം..വലിയ ബാധ്യതയാണ് ..ഏതായാലും കുറച്ചുകൂടി കഴിയട്ടെ.."

ഞാൻ പറഞ്ഞു, 

"ഒരു പെണ്‍കുട്ടി നിന്റെ ജീവിതത്തിലേക്ക് വന്നാൽ നീയവളെ ബോറടിപ്പിക്കരുത്...ലോകം വളരെ വലുതാണ്‌ കുറച്ചുകൂടെ വിശാലമായി ചിന്തിക്കാൻ നീ പഠിക്കണം..അവളെയും പഠിപ്പിക്കണം.. നിനക്ക് സൌകര്യപ്പെടുമ്പോൾ എന്നെ കാണാൻ വരിക...ഖുറാനിൽപറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെ പഠിപ്പിക്കുക..പക്ഷെ ഞാൻ എന്റെ തല മറയ്ക്കില്ല..."


അവൻ കൊച്ചു കുട്ടിയെ പോലെ ചിരിച്ചു...ഞാനും അവനോടൊപ്പം പൊട്ടിപൊട്ടി ചിരിച്ചു...


മതത്തിന്റെയോ ജാതിയുടെയോ വിദ്വേഷത്തിന്റെയോ കെട്ടുകളില്ലാത്ത തുറന്ന ചിരി..

30 അഭിപ്രായങ്ങൾ:

 1. അനുഭവമോ കഥയോ..എന്തായാലും ഇഷ്ടപ്പെട്ടു..!! നന്നായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 2. അതിരുകളില്ലാത്ത സൌഹൃദലോകം

  മറുപടിഇല്ലാതാക്കൂ
 3. മതത്തിനപ്പുറം നിഷ്കളങ്കരാണ്
  മനുഷ്യർ
  അത്രയും നിഷ്കളങ്കര മനുഷ്യർ ഉള്ളത് കൊണ്ട്
  മതങ്ങളും നിഷ്കളങ്കമാണ്
  ഉള്ളിൽ തട്ടുന്ന ചിരി പോലെ
  അവനവന്റെ സത്യസന്ധമായ നിലപാടുകൾ പോലെ
  എഴുത്ത് ലാളിത്യം കൊണ്ട് അവസാനിപ്പിച്ച രീതികൊണ്ടും
  അതിൽ അടങ്ങിയിരിക്കുന്ന സ്നേഹ സന്ദേശം കൊണ്ടും അതിസുന്ദരം

  മറുപടിഇല്ലാതാക്കൂ
 4. ഇസ്ലാമിനെ കുറിച്ച് ഉദ്ബോധിപ്പിക്കുവാന്‍ അബ്ദുള്ളയ്ക്ക് യാതൊരു അവകാശവുമില്ല .രണ്ടുമുഖങ്ങളാണ് അബ്ദുള്ളയ്ക്ക് ഒന്ന് മോഷ്ടാവിന്റെയും രണ്ട് ഉദ്ബോധകന്റെയും .ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നത് ഇതുപോലുള്ള അബ്ദുള്ളമാരില്‍ നിന്നുമാണ് അയാളൊരു യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസിയായിരുന്നെങ്കില്‍ ഒരിക്കലും അയാള്‍ അന്യന്‍റെ മുതല്‍ മോഷ്ടിക്കില്ലായിരുന്നു.കാരണം മോഷണം ഇസ്ലാമില്‍ ഏറ്റവുംവലിയ പാപങ്ങളില്‍ പെട്ടതാണ് .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉപദേശികൾ നരകത്തിലെത്തുന്നത് പറയുന്നത് പ്രവർത്തിക്കാത്തതിനാലാണെന്ന് തിരുവചനം

   ഇല്ലാതാക്കൂ
 5. തെറ്റുകള്‍ മനുഷ്യ സഹജം ,,അത് തിരുത്താനുള്ള മനസ് പലര്‍ക്കും ഉണ്ടാവില്ല ,,ഈ ഗുരുശിഷ്യ ബന്ധം എന്നും നിലനില്‍ക്കട്ടെ !!.

  മറുപടിഇല്ലാതാക്കൂ
 6. ഹൃദ്യമായ ഒരു അനുഭവം ഉള്ളില്‍ത്തട്ടുമ് വിധം പറഞ്ഞിരിക്കുന്നു ,വരികള്‍ക്കിടയില്‍ ആണ് ഇങ്ങോട്ട് നയിച്ചത്

  മറുപടിഇല്ലാതാക്കൂ
 7. വരികള്‍ക്കിടയിലൂടെ ഈ ഗുരു ശിഷ്യ ബന്ധത്തില്‍ എത്തിച്ചേര്‍ന്നു.....ഒരു സംഭവകഥ പോലെ പറഞ്ഞു.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 8. മനുഷ്യർ തമ്മിലുള്ള അകലം സ്നേഹമുള്ള ഹൃദയം കൊണ്ട്‌ ഇല്ലാതാവുന്നു.

  മറുപടിഇല്ലാതാക്കൂ
 9. കണ്ടു..സന്തോഷമായി..നന്ദി..സ്നേഹം..

  മറുപടിഇല്ലാതാക്കൂ
 10. വരികൾക്കിടയിലൂടെ ഇവിടെ വന്നു. പോസ്റ്റ് ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 11. വായന രേഖപ്പെടുത്തുന്നു - നന്ദി

  മറുപടിഇല്ലാതാക്കൂ
 12. ബോർ അടിപ്പിക്കാതെ ഇരിക്കുന്നവരുടെ , പൊട്ടി ചിരിക്കാൻ കഴിയുന്നവരുടെ , തുറന്ന ചിരിയുള്ളവരുടെ ഒരു നല്ല ലോകം .... എന്റെ ആശംസകൾ :)

  മറുപടിഇല്ലാതാക്കൂ
 13. ഗുരുശിശ്യാ ബന്ധമെത്ര സുന്ദരം...
  നല്ല എഴുത്ത്..

  മറുപടിഇല്ലാതാക്കൂ
 14. നന്മയുടെ ലോകം വലുതാണ്.......
  നന്മ നിറഞ്ഞ ചിരികള്‍ വിടരട്ടെ ലോകത്തില്‍
  നല്ലെഴുത്തിന് ആശംസകൾ.....

  മറുപടിഇല്ലാതാക്കൂ