2015 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

മഴയിൽ വിരിഞ്ഞ പൂക്കൾ



എനിക്ക് കാണാനാകുന്നുണ്ട് രാത്രിമഴയും നിന്റെ മുറ്റത്തെ മുല്ലച്ചെടിയിൽ വിരിഞ്ഞു നില്ക്കുന്ന പൂക്കളും....

ഇലഞെട്ടുകൾക്കിടയിൽ നിന്നും മുഖം മിനുക്കി സ്മിതം തൂവി ഉണരുന്ന പൂക്കൾ രാമഴത്തുള്ളികൾ നെറുകയിൽ ഏറ്റി നവോഢകളെ പോലെ കുനിയുന്നത് കാണാനാവുന്നുണ്ട്....

ചിലത് പാതി മിഴി കൂമ്പിയും ചിലവ നിറഞ്ഞു ചിരിച്ചും തോരാത്ത മഴയിൽ നനഞ്ഞലിയുന്നപൂക്കൾ..

ഞാൻ കാണുന്നുണ്ട്, ഒരു രാത്രി കൂടി കാത്തിരിയ്ക്കാൻ വയ്യാതെ, സുഗന്ധം ചോരാതിരിക്കാൻ പാടുപെട്ടുകൊണ്ട്
മഴയെ ആശ്ലേഷിച്ചു നില്ക്കുന്ന മൊട്ടുകളെയും....

നിന്റെ പൂക്കളുടെ സുഗന്ധം നിനക്ക് മാത്രമുള്ളതാവണം എന്ന് അന്നൊരിക്കൽ നീ വാശിപിടിച്ചതാണ് ഓർമ്മ വരുന്നത്. നിനക്ക് വേണ്ടി മാത്രം വിരിയേണ്ടുന്ന പൂക്കളത്രേ അവ! ഹോ! എന്തൊരു ദുശ്ശാഠ്യമായിരുന്നു നിനക്ക്!

ഇപ്പോഴെനിക്ക്‌ കാണാനാകുന്നുണ്ട് , മഴവില്ലുപേക്ഷിച്ചുപോയ മഴമോഹങ്ങളുടെ ഭാരം മനസ്സിലേറ്റി ഇരുട്ടിൽ നില്ക്കുന്ന നിന്നെ.. രാമഴയിൽ ഒറ്റപ്പെടുന്ന മുല്ലപ്പൂക്കളെ ...

ഇന്നെന്തേ അവ ആർക്കെന്നില്ലാതെ പരിമളം പരത്താൻ...എന്തേ അവ ആർക്കുമില്ലാതെ കൊഴിഞ്ഞു വീഴാൻ.....

എന്തേ അവ ആരിലെന്നില്ലാതെ അലിഞ്ഞുതിരാൻ...
നിനക്ക് നിന്റെ പൂക്കളേയോ അതോ പൂക്കൾക്ക് നിന്നെയോ നഷ്ടമായത്.....


മഴ എത്ര പെയ്തിട്ടും ഞാൻ മാത്രം നനയാതെ നിൽക്കുന്നു. 
നിലാവൊളിയിൽ മുറ്റം മുഴുവൻ പുഞ്ചിരിക്കുംപോഴും  
ഞാൻ ഇരുട്ടിലാണ് . 
എന്റെ ഇരുട്ട് പുലരുംമ്പോ
ഴും മാഞ്ഞുപോകുന്നില്ല . 
കാറ്റും മഴയും 
വെയിലും നിഴലും 
മാറി മാറി രംഗവേദി കയ്‌യടക്കുംപോഴും 
നിർവ്‍വികാരമായ മുഖത്തോടെ നടനം തുടർന്നു കൊണ്ടേ ഇരിക്കുന്നു.

എനിക്ക് കാണാനാവുന്നുണ്ട് മഴയിൽ ഒളിപ്പിച്ച കണ്ണുനീർമുത്തുകൾ...നിന്റെയും ..പൂക്കളുടെയും...
ഇപ്പോൾ എന്റെയും..

2015 ജൂൺ 18, വ്യാഴാഴ്‌ച

യാത്രകള്‍! യാത്രാമൊഴികള്‍...



ചില യാത്രകള്‍ സങ്കടത്തിന്റെതാണ്..ചിലത് സന്തോഷത്തിന്റെയും...

കുട്ടിക്കാലത്തെ ഒഴിവുകാലയാത്രകൾഅധികവും അമ്മാവന്‍റെ വീട്ടിലേക്കുള്ളതായിരുന്നു. അതിനായി ഒരുക്കം കൂട്ടുമ്പോഴുണ്ടായിരുന്ന ആവേശവും അവിടെ ചെന്നെത്തി കഴിയുമ്പോൾ അമ്മയുടെ അടുത്തേക്ക് തിരിച്ച് ഓടിയെത്താനുള്ള വിങ്ങലും ആയിരുന്നു ആ യാത്രകളിൽ.

മുങ്ങാംകുഴിയിടൽ, കണ്ണുപൊത്തിതൊടൽ , അമ്പതമ്പസ്ഥാനി, പുള്ളി കുത്തി കളി , വളപ്പൊട്ട്‌ വെച്ച് കളി, കള്ളനും പോലീസും, മോതിരം വെച്ചുകളി, ആച്ചിങ്ങ പീച്ചിങ്ങ , നാരങ്ങപ്പാല് ചൂട്ടക്ക് രണ്ട്, വട്ടുകളി, കൊത്തങ്കല്ല് കളി, ഗോലി കളി, കുട്ടീം കോലും , യക്ഷിക്കഥകള്‍ എന്നീ നേരമ്പോക്കുകളില്‍ മുങ്ങിപോകുമായിരുന്ന ദിനരാത്രങ്ങള്‍. കാടോടി, നാടോടി, വീണു മുറിഞ്ഞ്, ചോര പൊടിഞ്ഞ്, വെയില് കൊണ്ട്, വിയർത്തു കുളിച്ച്, കരിവാളിച്ചുപോയ നാളോര്‍മ്മകള്‍  സമ്മാനിച്ച  യാത്രകള്‍!

പിന്നെ ഒരു പെട്ടിയുംതൂക്കി ദുബായിക്ക് പോകുന്നപോലെ പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോഴുള്ള ഹോസ്റ്റൽ യാത്രകള്‍. വീട്ടില്‍നിന്നും സ്വാതന്ത്ര്യം കിട്ടിയത് ആഘോഷമാക്കിയ യാത്രകൾ. ഒരു തുള്ളി കണ്ണീരു പോലും അന്നൊന്നും എന്റെ കണ്ണുകളിൽ പൊടിഞ്ഞിരുന്നില്ലെന്ന് ഇന്നോർക്കുമ്പോൾ അത്ഭുതം. അത്രയധികം ആഗ്രഹിച്ചിരുന്നു ഒരു ഒറ്റപ്പെടലിനു വേണ്ടി..

ഡിഗ്രിക്ക് ശേഷമാണ് ഒറ്റക്കുള്ള യാത്രകള്‍ ജീവിതത്തിലേക്ക് കടന്നു വന്നത്. കാലികറ്റ് സര്‍വ്വകലാശാലാ ക്യാംപസിലെ ഹോസ്റ്റലിലേക്ക് വളഞ്ഞും പുളഞ്ഞുമുള്ള ടാറിട്ട പാതകൾ പിന്നിട്ടു പോയിരുന്ന കെ. എസ്. ആർ. ടി. സി ബസ്സിൽ കൂനിക്കൂടിയിരുന്ന്, തല കറങ്ങിയും ജനലിലൂടെ തല പുറത്തേക്കിട്ടു ശർദ്ദിച്ചും എത്തിയിരുന്നത് ഓർത്താൽ ഇന്നും എനിക്ക് തല കറങ്ങും. ബസ് സ്റ്റാൻഡിൽനിന്നും വാങ്ങി കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് കവറിൽ കരുതിയിരുന്ന കറുത്ത മുന്തിരിങ്ങയായിരുന്നുഏക ആശ്വാസം..

ഹോസ്റ്റലിലേക്ക്ചെല്ലുന്നതേ ഓർമ്മഉണ്ടാവാറുള്ളൂ. ചത്തപോലെ കിടന്നുറങ്ങി ക്ഷീണം തീർക്കാൻ രണ്ടു ദിവസം എടുക്കും. പരീക്ഷക്കുള്ള അവധിയില്‍ വീട്ടിലേക്കു പോകാത്തപ്പോള്‍ എന്നെ കാണാൻ തൃശൂര് നിന്നും എന്റെ അമ്മവരുന്നത് ആ ഹോസ്റ്റലിലെ അന്തേവാസികൾ മുഴുവനും അറിയുമായിരുന്നു. അമ്മയുടെ തല അകലെനിന്ന് കാണുമ്പോഴേ ഞാൻ കൂട്ടിക്കുറുക്കി നിലവിളിച്ചു ഓടിച്ചെന്നു കെട്ടിപിടിക്കുമായിരുന്നു.

അമ്മ പോയിക്കഴിഞ്ഞാൽ കൂട്ടുകാരുടെ ശകാരവർഷമാണ്, അവരെക്കൂടി കരയിപ്പിച്ചതിന്!

പിന്നെയും ഒറ്റക്കുള്ള യാത്രകള്‍ തുടര്‍ന്നു. കാലികറ്റ് ആർഇ സി ( ഇന്നത്തെ എൻ ഐ ടി ) യില്‍ ട്രെയിനി ആയി ജോലി ചെയ്തിരുന്ന കാലം. അപ്പോഴേക്കും ഞാൻ വഴിയിലെ വളവും തിരിവും ചുരവും കയറ്റവും ഇറക്കവുമായി പരിചിതയായിരുന്നു. മലമടക്കുകളും താഴ്വരകളും പിറകോട്ടു ഓടി മറയുന്ന മരങ്ങളും മനുഷ്യരും എന്റെ യാത്രകളുടെ നിത്യഭാവങ്ങളായി. വീട്ടിലേക്കുള്ള മടക്ക യാത്രകളിൽ എന്റെ മടിയിലെ കൊച്ചുകൊച്ചു സമ്മാനപ്പൊതികളിൽ തുളുമ്പിനിന്നിരുന്നു അമ്മയ്ക്കും അന്യേത്തിമാർക്കും പങ്കുവച്ച് കൊടുക്കാന്‍ കാത്തു വച്ചിരുന്ന സ്നേഹം..

നാഴികക്കല്ലുകള്‍ പിന്നിട്ടുകൊണ്ട് പിന്നെയും യാത്ര തുടര്‍ന്നു.ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള വലിയ യാത്ര-- ന്റെകല്ല്യാണം..അതും നാല് വർഷം പ്രണയിച്ച ശേഷമുള്ള കല്ല്യാണം.

താലികെട്ടിന്റെസമയത്ത് ഞാന്‍ കരഞ്ഞത് ഓര്‍ക്കുന്നുണ്ട്. എന്നെന്നേക്കുമായി എന്നെ സ്നേഹിക്കാനും എനിക്ക്സ്നേഹിക്കാനും ഒരാളെ കിട്ടിയതിന്റെ ആനന്ദ കണ്ണീരോ കൈ പിടിച്ചുകൊടുക്കാന്‍ അച്ഛന്‍ ഇല്ലാതെ പോയതിന്‍റെ സങ്കട കണ്ണീരോ...

അറിയില്ല...

പെട്ടെന്നതാ ചില മുറുമുറുപ്പുകൾ എന്റെ കാതുകളില്‍ വന്നെത്തുന്നു....

"ശ്...ന്തേപ്പോണ്ടായേ കരയാൻ...?"

" ഹയ്യ്‌ അറിയില്ലാന്നേയ്..."

" ന്നാ ചിലപ്പോ സ്വർണ്ണം പോരാഞ്ഞിട്ടാവും.."

ശിവനേ!!!!

അത് കേൾക്കേണ്ട താമസം, ജീവിതത്തിൽ ഒരിക്കലും ഇനി കരയില്ലെന്ന് ഞാൻ തീർച്ചപ്പെടുത്തി. ഇങ്ങനെയും മനുഷ്യർ തെറ്റിദ്ധരിക്കപ്പെടുമോ!!! പഹവാനേയ്!

മണ്ഡപത്തിൽ നിന്നും ഇറങ്ങി വരനോടൊപ്പം പോകാനൊരുങ്ങുമ്പോൾ ഒരു കുറ്റവാളിയെ നോക്കും പോലെ എന്നെ നോക്കിക്കൊണ്ട്‌ ചുറ്റും നില്‍ക്കുന്നു ബന്ധുമിത്രാദികള്‍!

വീട്ടുകാരെ വിട്ടുപിരിഞ്ഞു പോകുന്നേരം ഒരൊറ്റ തുള്ളി കണ്ണീർ ഞാൻ വീഴ്ത്ത്തിയില്ലാന്നുള്ളതത്രേ ഞാൻ ചെയ്ത കുറ്റം!!!!!!!

വര്‍ഷങ്ങള്‍ക്കു ശേഷം വരുന്നു ഗള്‍ഫുകാണ്ഡം!!

നാട്ടിൽ നിന്നിട്ടൊന്നുംയാതൊരു പ്രയോജനവും ഇല്ലെന്നു ദൈവത്തിനു തോന്നീട്ട്, അവിടെനിന്നും കെട്ടുകെട്ടിച്ച കദനപര്‍വ്വം !

യാത്രയയപ്പ് നേരത്ത്  കരഞ്ഞില്ല...

ജീവിതത്തിന്റെ തീച്ചൂടിൽ വെന്തുരുകിയുരുകി എന്റെ കണ്ണീരെല്ലാം അപ്പോഴേക്കും വറ്റി പോയിരുന്നു. അതുകൊണ്ട് അന്ന് കരയാനായില്ല. 
ഉറച്ചുപോയ ശിലയില്‍ നിന്നും ഒരു ധാര ഉണ്ടായില്ല. രണ്ടുവര്‍ഷം പ്രായമുള്ള മോനെയും തോളിലിട്ടുള്ള പ്രാരാബ്ധയാത്ര..പിന്നെ വർഷം തോറുമുള്ള വഴിപാടുയാത്രകൾ.. ആര്‍ക്ക് എന്ത് കൊടുത്താൽ സന്തോഷമാവും എന്നാലോചിച്ച്‌ പെട്ടികള്‍ തിരിച്ചുംമറിച്ചുംനോക്കിയിരുന്നെത്തുന്ന മടുപ്പിക്കുന്ന വിമാനയാത്രകൾ..

പൊതുവെ അടഞ്ഞ സ്ഥലങ്ങളും കുടുസ്സുമുറികളും എന്നെ ശ്വാസംമുട്ടിക്കാറുണ്ട്. അതിനാൽ വ്യോമയാത്രകള്‍ നിവൃത്തികേടുകൊണ്ടുള്ള യാത്രകളായി മാറുകയായിരുന്നു.

അമ്മയുണ്ടായിരുന്നപ്പോൾ എയർപോർട്ടിൽ ആകാംക്ഷയോടെ കാത്തു നിന്നിരുന്ന ആ മുഖം കാണാൻ വേണ്ടി മാത്രമായിരുന്ന യാത്രകൾ. അന്യേത്തിമാരും കളീം ചിരീം. മഴയിൽ അലിഞ്ഞു പോവുമായിരുന്ന നാളുകൾ..തിരിച്ചു പോരുമ്പോൾ അവരുടെയും എന്‍റെയും കണ്ണുനീര്‍ മഴയോട് ചേരും.. രക്തബന്ധങ്ങളുടെ മഴമൊഴികള്‍...

ക്രമേണ യാത്രപറച്ചിലുകള്‍ ഞാൻ, ഭര്‍ത്താവ് , മക്കൾ, എന്ന ചെറിയ വലയത്തിനുള്ളിൽ ഒതുങ്ങാൻ തുടങ്ങി..

എനിക്ക് തനിച്ചു പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ എന്റെ കണ്ണുകൾ കലങ്ങി തുടങ്ങുംമുൻപേ വയറു നിറയെ എന്നെ വഴക്ക് പറയുന്ന ഭർത്താവ്‌. അകാരണമായിഎവിടെ നിന്നോ പൊട്ടി വീഴും അപ്പോൾ ശകാരവും താക്കീതുകളും. കരച്ചിലിനെ തിരിച്ചു വിടാനുള്ളതന്ത്രം. എനിക്കറിയാം അത്..

(എത്ര തല്ലു കൂടിയാലും സ്നേഹം സ്നേഹം തന്ന്യല്ലേ..ഒന്നൂല്ല്യെങ്കിൽഎന്നെ ഇത്രയേറെ സഹിക്കുന്ന ആളല്ലേ...)

തിരിച്ചുവരവുകളില്‍, വിരഹം അവസാനിച്ച സന്തോഷത്തില്‍ ഞാന്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചേക്കുമോ,സീനുണ്ടാക്കിയേക്കുമോ എന്ന് തോന്നീട്ടോ എന്തോ.. എന്നെ കാണുമ്പോഴേ വേഗം ലഗേയ്ജു ട്രോളി വാങ്ങി നിറഞ്ഞ ചിരിയോടെ മുന്നില്‍ നടക്കും ഭവാൻ..

ഹൃദയം പറിഞ്ഞുപോകുന്ന പുറപ്പാടുകളും ഉണ്ട്. നമ്മുടെ ചിറകിനടിയില്‍ നിന്നും ഉയരങ്ങളിലേക്ക് മക്കള്‍ പറക്കാന്‍ ഒരുങ്ങുമ്പോള്‍... അറിയാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ക്ക് പോയേ തീരൂ.. നാം സങ്കടം ഒതുക്കിയേ തീരൂ..ന്നാലും...

സ്നേഹത്തിലൂടെ, ചെറിയ ശകാരങ്ങളിലൂടെ, ഒറ്റയ്ക്ക് ജീവിക്കാനുള്ള പ്രാപ്തിയും പക്വതയും അവരെ ശീലിപ്പിച്ചു കഴിഞ്ഞിട്ടും പോകുമ്പോള്‍ ഒരു പിടച്ചിലും നീറ്റലും ആണ്. അടക്കി വയ്ക്കേണ്ടുന്ന പിടച്ചില്‍.

കുട്ട്യോളെ വിഷമിപ്പിക്കരുതല്ലോ. അവരുടെ മനോബലം കെടുത്തരുതല്ലോ...

പിന്നെ ഉറക്കമില്ലാതെ ഓര്‍ത്തോര്‍ത്തു കിടന്ന് നനച്ചു കുതിര്‍ക്കും തലയിണകള്‍...

അങ്ങനെ എത്രയെത്ര യാത്രകള്‍! യാത്രാമൊഴികള്‍!

യാത്രകള്‍ അനിവാര്യമാണ്...ജീവിതം തന്നെ ഒരു യാത്രയാകയാല്‍....

ഒരുനാള്‍ അവസാനിക്കുംവരേയ്ക്കും അവസാനമില്ലാതെ തുടരുന്ന യാത്രകള്‍...

2015 മേയ് 13, ബുധനാഴ്‌ച

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി -വായന



ഓരോ വായനയും വ്യത്യസ്തമായ അനുഭവമാണ്. എങ്കിലും " സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി" എന്ന നോവല്‍ നല്‍കുന്നത് ഒരു പുതിയ വായനാനുഭവം തന്നെയാണ്.. ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത ആഖ്യാനശൈലി, വൈവിധ്യമാര്‍ന്ന പ്രമേയം. ചരിത്രവുംമിത്തും രാഷ്ട്രീയവും വ്യക്തിയും സംഘടനയും ശരീരവും ആതമാവും എല്ലാം കൂടി കലര്‍ന്ന് കഥയും യാഥാർത്ഥ്യവും ആവുന്ന വിശിഷ്ടമായ വായനാനുഭൂതി പകരുന്ന എഴുത്ത്.

സമകാലികമായി പറഞ്ഞാല്‍ എൽ ടി ടി ഇ ഉൾപ്പെടെയുള്ള ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ടത്തിന്‍റെയും അവിടെ നിലനിന്നിരുന്നതോ ഇപ്പോഴും നിലനില്‍ക്കുന്നതോആയ ഫാസിസത്തിന്‍റെ ക്രൂരമായ പശ്ചാത്തലത്തില്‍ തനിക്ക്പ്രിയപ്പെട്ട ആണ്ടാള്‍‍ ദേവനായകിയുടെ കഥ പറയുകയാണ്‌ ടി ഡി രാമകൃഷ്ണന്‍‍.

ഒരു കടലിന്‍റെ അകലത്തിൽ നമ്മുടെ തൊട്ടരികിൽ കിടക്കുന്ന ശ്രീലങ്കയെന്ന കൊച്ചു രാജ്യത്ത് നടക്കുന്ന ആഭ്യന്തരയുദ്ധവും കൂട്ടക്കൊലകളും മാനഭംഗങ്ങളും നാം നിസ്സംഗതയോടെ നോക്കി നിൽക്കുന്നതിൽ നിന്നും ഉളവായ വേദനയാണ് ഈ നോവൽ എഴുതാനുണ്ടായ പ്രേരണ എന്ന് നോവലിസ്റ്റ്‌ പറയുന്നുണ്ട് .

തമിഴ്പുലികളെ കുറിച്ചുള്ള എന്‍റെ അറിവ് ഏറെക്കുറെ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ തനുവിലും ശിവരശനിലും ഒതുങ്ങി നില്‍ക്കുന്നതായിരുന്നു. അതിലുംഎത്രയോ ആഴത്തില്‍ വേരോടിക്കിടക്കുന്ന അടിച്ചമർത്തപ്പെട്ട ഒരു പ്രസ്ഥാനമായിരുന്നുഅതെന്ന് മനസ്സിലാവുന്നത് നോവലില്‍ പരക്കെ പ്രതിപാദിക്കപ്പെട്ടിട്ടുള്ള, തമിഴ് പുലികളും സിംഹളരും തമ്മിലുള്ള രക്തം ചീറി ഒഴുകുന്ന കൂട്ടകുരുതികളിലൂടെയാണ്, എല്ലിനുള്ളിലേക്ക്തുളഞ്ഞു കയറുന്ന ദാരുണമായ ശിക്ഷാനടപടികളിലൂടെയാണ്, ലങ്കയിലെ ആക്ടിവിസ്റ്റുകളായ ഏതാണ്ടെല്ലാ സ്ത്രീകളും ഒരു പ്രാവശ്യമെങ്കിലും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാകും എന്ന ഞെട്ടിപ്പിക്കുന്ന അറിവിലൂടെയാണ്. 

ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു ഈ ദ്വീപു രാജ്യത്തേക്കുള്ള എന്‍റെ യാത്ര. ലോകസാംസ്കാരിക പൈതൃക ആസ്ഥാനങ്ങളുടെ പട്ടികയില്‍‍ ഇടം പിടിച്ചിട്ടുള്ള അതി പുരാതനമായ പട്ടണമായ സിഗിരിയയിലേക്ക് ഞാൻ നടത്തിയ സന്ദര്‍ശനം തികച്ചും ആകസ്മികമായിരുന്നു. ആ അനുഭവം ഉള്ളില്‍ വച്ചുകൊണ്ട് എല്ലാം കണ്മുന്നില്‍ കാണുന്ന പ്രതീതിയായിരുന്നു ഈ നോവല്‍ വായനയില്‍ എനിക്കുണ്ടായത്.

ഒരു ഇന്ത്യന്‍ സിനിമാ നിര്‍‍മാതാവായ പീറ്റര്‍ ‍ ജീവാനന്ദത്തിലൂടെയാണ് കഥ മുന്നേറുന്നത്. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ വെള്ള പൂശി കാണിക്കാനുള്ള ഗവര്‍മെന്റിന്റെ പ്രവര്‍‍ത്തനങ്ങളുടെ ഭാഗമായി " Woman behind the Fall of Tigers" എന്ന ചലച്ചിത്രത്തിലൂടെ, തമിഴ് പുലികൾ കൊലപ്പെടുത്തിയ രജനി തിരണ ഗാമയുടെ ജീവിതം ചിത്രീകരിക്കാനായാണ് പീറ്റര്‍‍ ശ്രീലങ്കയില്‍ എത്തുന്നത്.

രജനിയായി അഭിനയിക്കാൻ, ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുൻപ് ശ്രീലങ്കയിൽ വന്നപ്പോൾ തന്‍റെ ഹൃദയം കവർന്ന, തമിഴ്പുലിയായിരുന്ന സുഗന്ധിയെ തേടുന്നു പീറ്റര്‍. ആ അന്വേഷണത്തില്‍ ‍ പീറ്റര്‍ ചെന്നെത്തുന്നത് പാരീസിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍‍ഥികളുടെ " കറുപ്പ്" എന്ന രഹസ്യ സംഘടനയുടെ വെബ്സയിറ്റില്‍ ആണ്.

ശ്രീലങ്കയിലെ സിഗിരിയയിൽ നിന്നും കണ്ടെടുത്ത, ശ്രീ വല്ലഭ ബുദ്ധനാർ രചിച്ച , ആയിരം വർഷം പഴക്കമുള്ള, " സുസാന സുപിന" ( സ്വപ്നങ്ങളുടെ ശ്മശാനം) എന്ന താളിയോല ഗ്രന്ഥത്തിൽ പറയുന്ന ദേവനായകിയുടെ കഥ മീനാക്ഷി രാജിരത്തിനം "കറുപ്പ്" എന്ന മാസികയിലൂടെ പുനരാഖ്യാനം ചെയ്യുകയാണ്.

ഈയക്കം വിട്ടു പുറത്തുപോയ പെണ്‍പോരാളിയായ സുഗന്ധിയില്‍ ‍നിന്നും ഒരു സഹസ്രാബ്ദം മുന്‍പ് ജീവിച്ചിരുന്ന സുഗന്ധി എന്ന ആണ്ടാള്‍‍ ദേവനായകിയിലേക്കുള്ള യാത്ര ഇവിടെ നിന്നാണ് തുടങ്ങുന്നത്. വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തേക്കും അവിടെനിന്നു തിരിച്ചും പ്രായാണം നടത്തിക്കൊണ്ടിരിക്കുന്ന ഇടവേളകളില്ലാത്ത മുഹൂർത്തങ്ങൾ..

ഈഴത്തച്ചി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന സുഗന്ധിയുടെ, കഥയോ ലേഖനമോ എന്ന് വ്യക്തമാക്കാത്ത “ദേവനായകിതന്‍ കതൈ” യിലൂടെ പീറ്റര്‍ നമ്മെ കൊണ്ടുപോകുന്നത് ആയിരം വര്‍ഷങ്ങള്‍ക്കു പുറകില്‍‍ കുലശേഖര സാമ്രാജ്യത്തിന്‍റെ തെക്കേ അറ്റത്തെ കാന്തള്ളൂര്‍ എന്ന സൈനികവിജ്ഞാനപരിശീലനകേന്ദ്രത്തിലേക്കും അവിടത്തെ രാജവാഴ്ചയിലേക്കും വേറെത്തന്നെ ഒരു കാലഘട്ടത്തിലേക്കും ആണ്.

അഗസ്ത്യകൂടത്തില്‍ മാത്രം കാണപ്പെടുന്ന കാന്തയെന്നു പേരുള്ള ബ്രഹ്മി പോലെയൊരു ചെടിയുടെ നീരും ഇളം നെല്ലും മുളനെല്ലും ചേര്‍‍ത്ത് വാറ്റിയെടുക്കുന്ന വിശിഷ്ട മദ്യമായിരുന്നു കാന്തള്ളൂര്‍ ശാലയുടെ പ്രശസ്തിക്കു കാരണമെന്നും പറയുന്നുണ്ട്. കാന്തള്ളൂര്‍ ശാലയില്‍ ‍ കാന്തയെ പാനം ചെയ്ത് കാന്തയെ മറന്ന് അന്യ കാന്തയെ പുണരുന്ന കാന്തന്മാരായ യോദ്ധാക്കളെ പറ്റി അന്നത്തെ ആസ്ഥാനകവികളില്‍ ഒരാളായ പൊന്മണി പാണനാര്‍ പാടിയിട്ടുണ്ടത്രേ!

സൈനീക കേന്ദ്രത്തിന്റെ തലവനായ കാന്തള്ളൂർ പെരിയ കോയിക്കന്റെ നാലാമത്തെ മകളാണ് ഈ കഥയിലെ നായികയായ ദേവനായകി.

ഒതുങ്ങിയ അരക്കെട്ടും തുളുമ്പുന്ന മാറിടവും നീണ്ട മനോഹരമായ കണ്ണുകളും എണ്ണക്കറുപ്പുള്ള അഴകാർന്നമുടിയും ഇളം ഗോതമ്പിന്റെ നിറവും അപ്സരസ്സുകളെക്കാൾ കരുത്തും ലാവണ്യവും ഉണ്ടായിരുന്ന, വശ്യമായ പുഞ്ചിരിയും നോട്ടവും കൈമുതലായുള്ള ദേവനായകി. നിരവധി യോദ്ധാക്കളുടെയും പ്രഭുക്കന്മാരുടെയും ഉറക്കം കെടുത്തിയ സൗന്ദര്യധാമം. എന്നിട്ടും അവരെയൊന്നും ശ്രദ്ധിക്കാതെ സംഗീതവും നൃത്തവും അർത്ഥശാസ്ത്രവും രാഷ്ട്ര തന്ത്രവും ആയോധനമുറകളും പഠിക്കുന്നതിൽ വ്യാപൃതയായ മിടുമിടുക്കി.ആടാനും പാടാനും മാത്രമല്ല, പുരുഷന്മാരെപ്പോലെ രാജഭരണത്തിലും പ്രധാന പങ്കു വഹിക്കാൻ കഴിയണം എന്ന് ആഗ്രഹിച്ച നിപുണയായ നായകി..

ഒരുദിവസം പദ്മനാഭ സ്വാമിയുടെ മുൻപിൽ രണ്ടുകണ്ണും അടച്ച്, ആണ്ടാളിന്‍റെ തിരുപ്പാവൈ പാടി ഭക്തി നിർഭരയായി നിന്ന ദേവനായകിയുടെ മധുരമായ സ്വരവും ജ്വലിക്കുന്ന സൗന്ദര്യവും, താമരപ്പൊയ്കയിൽ നീരാടി തൊഴാനെത്തിയ കാന്തള്ളൂർ മഹാരാജാവായ മഹേന്ദ്രവർമ്മനെ ഭ്രമിപ്പിക്കുകയും രാജസഭ നിർത്തി വച്ച് അവളോട്‌ കൊട്ടാരത്തിലേക്ക് എത്താൻ ഉത്തരവിടുകയും ചെയ്യുന്നു.. അവൾക്കതിലാദ്യം വലിയ സന്തോഷം തോന്നിയില്ല എന്ന് മാത്രമല്ല..തന്‍റെ അറിവോ കഴിവോ ഒന്നും തിരിച്ചറിയാതെ രാജാവ് തന്റെ വെറും ശാരീരിക സൌന്ദര്യത്തിൽ മാത്രം മയങ്ങിപ്പോയതോർത്ത് ജാള്യത തോന്നുകയും ചെയ്തു.

എതിർത്താൽ ജയിക്കാൻ കഴിയാത്ത യുദ്ധത്തിനു ഇറങ്ങരുതെന്നും നയത്തിൽ നിന്ന് മാന്യമായ സ്ഥാനം ഉറപ്പാക്കുകയുമാണ് വേണ്ടതെന്നു രാഷ്ട്ര തന്ത്രത്തിൽ പഠിച്ചത് ഓർത്തുകൊണ്ട്‌ ഇതൊരു അവസരമായി ഉപയോഗിക്കുന്നതാണ് ബുദ്ധിയെന്നു അവൾക്കു തോന്നി. അവിടെനിന്നും തുടങ്ങുന്നു ദേവനായകിയുടെ പോരാട്ടം..

അർത്ഥശാസ്ത്രത്തിന്‍റെയും കാമസൂത്രത്തിന്‍റെയും സമുന്വയമായിരുന്നു ദേവനായകിയുടെ മനസ്സും ശരീരവും .. സർവ്വരെയും സർവ്വതിനെയും കീഴടക്കാൻ പോന്ന മനസ്സും ശരീരവും തന്നെയായിരുന്നു ദേവനായകിയുടെ കരുത്തും.. പിന്നീട് രാജരാജ ചോളൻ കാന്തള്ളൂർ ശാല ആക്രമിച്ചു കീഴ്പ്പെടുത്തുകയും മഹേന്ദ്രവർമ്മൻ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ദേവനായകിക്കെന്തു സംഭവിച്ചു എന്ന ചോദ്യത്തിന് പല കഥകളും ഉപകഥകളും ലഭ്യമാണ്.

ഭർത്താവിനെ കൊന്ന ,വിജയശ്രീ ലാളിതനായ രാജരാജ ചോളനെ അന്തപ്പുരത്തിലേക്ക് ആനയിക്കുന്ന ദേവനായകിയെ നോക്കി ജനം നെറ്റി ചുളിക്കുമ്പോൾ ശ്രീ വല്ലഭ ബുദ്ധനാർ തന്നെ പറയുന്നുണ്ട് "പെണ്ണൊരു പുഴയാണ് എപ്പോഴും ഒഴുകാൻ കൊതിക്കുന്ന പുഴ."

അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു.കൂവേണി എന്ന പെണ്‍‍കുഞ്ഞ്. കുഞ്ഞിനു മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ, ഒരു ദിവസം ദേവനായകി ത്യാഗരാജ ക്ഷേത്രത്തിൽ നാച്ചിയാർ തിരുമൊഴി പാടി നൃത്തം ചെയ്തുകൊണ്ടിരിക്കെ, കൂവേണിയെ കാണാതാവുന്നു. സിംഹള ചാരന്മാർ മയക്കു മരുന്ന് മണപ്പിച്ചു ബോധം കെടുത്തി കൊണ്ടുപോയ കൂവേണിയെ ക്രൂരമായ ലൈംഗീക പീഡനത്തിന്നിരയാക്കുകയും ചിദംബരം ക്ഷേത്രത്തിനു മുന്നിൽ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഇതോടെ മാനസികമായി തകർന്ന ദേവനായകി ബുദ്ധമതം സ്വീകരിക്കാനായി ബുദ്ധനാരുടെ അടുത്തെത്തി എങ്കിലും കാമക്രോധ ചിന്തകളിൽ നിന്നും മുക്തി നേടിയ ശേഷം വരാൻ പറഞ്ഞ് അവളെ തിരിച്ചയച്ചു..

തിരുവാരൂർ കൊട്ടാരത്തിൽ ദേവനായകി തിരിച്ചെത്തുമ്പോൾ രാജരാജ ചോളന്‍റെ മകനായ രാജേന്ദ്ര ചോളൻ കൃഷ്ണശിലയിൽ ജ്ഞാന സരസ്വതി ശിൽപം നിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുക്കാൽ ഭാഗം പൂർത്തിയായ ശില്പത്തിന്‍റെ നാഭിയിൽ നിന്നും മുകളിലോട്ടു കഴുത്ത് വരെയുള്ള ഭാഗങ്ങൾ എങ്ങനെ ചെയ്യണം എന്നറിയാതെ ആലോചനയിൽ ആണ്ടിരിക്കുമ്പോൾ അങ്ങോട്ട്‌ പ്രവേശിക്കുന്ന ദേവനായകിയിൽ കാമരൂപിണിയായ സരസ്വതിയെ കാണുന്ന രാജേന്ദ്രൻ അവളിലൂടെ തന്‍റെ ശിൽപം പൂർത്തിയാക്കുന്നതും അവർ ഗുരുവും ശിഷ്യനും എന്ന ബന്ധം വിട്ടു വെറും സ്ത്രീയും പുരുഷനും ആവുന്നതും കഥയിൽ പ്രതിപാദിക്കുന്നുണ്ട്.

രാജരാജന്‍റെ കൂടെ തുടർന്ന് ജീവിക്കാൻ ഇഷ്ടപ്പെടാതിരുന്ന ദേവനായകി ഒരു രാത്രി വിശ്വസ്തരായ എഴു പേരോടൊപ്പം അറബിക്കുതിരപ്പുറത്തുയാത്രയാവുന്നു.

തന്‍റെ മകളെ കൊന്ന സിംഹള രാജാവ് മഹീന്ദനോടുള്ള പക വീട്ടലാണ് പിന്നീട് ദേവനായകിയുടെ ജീവിതം. മഹീന്ദന്‍റെ "ആകാശസ്വർഗം" ( ലങ്കയിലെ സിഗിരിയ) എന്ന രഹസ്യ കേന്ദ്രത്തിലേക്ക് എത്തിപെടാനുള്ള ശ്രമത്തിൽ ആ സ്ഥലത്തേക്ക് എപ്പോഴും പ്രവേശനമുണ്ടായിരുന്ന ഒരു രത്നവ്യാപാരിയുടെ വെപ്പാട്ടിയായി കഴിയുന്നു. ഒടുവിൽ അവർ സിഗിരിയ എന്ന ആ പുരാതനമായ പട്ടണത്തിൽ എത്തുകയാണ്..

ഇവിടെ മിത്ത് ചരിത്രത്തിനു വഴിമാറുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്..എന്‍റെ ശ്രീലങ്കൻ പര്യടനത്തിൽ ഞാനീ സ്ഥലം സന്ദർശിക്കാനിടവന്നിട്ടുള്ളതുകൊണ്ടും അന്നേ വഴികാട്ടിയായി കൂടെ വന്ന ഗൈഡ് പറഞ്ഞു തന്ന കഥകൾ കേട്ട് അസ്തപ്രജ്ഞയായി നിന്നുപോവുകയും ചെയ്തിട്ടുള്ളതിനാൽ ഈ നോവലിൽ പരാമർശിച്ചിട്ടുള്ള സിഗിരിയയിലെ ഓരോ നിമിഷവും അതിഭാവുകത്വം കൂടാതെ കണ്മുന്നിൽ കാണുവാൻ എനിക്കായി. 

ലോക സാംസ്കാരിക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള സിഗിരിയ...സ്വപ്നം പോലെ യാഥാർത്ഥ്യമായ ഒരു അത്ഭുത ചരിത്രമാണ്. സിംഹശൈലം, ആകാശത്തിലെ സ്വർഗ്ഗം, എന്നൊക്കെയും ഇതിനു പേരുകൾ ഉണ്ട്. സംഗീതവും നൃത്തവും മദ്യവും മദിരാക്ഷിയും പുഴപോലെ ഒഴുകുന്ന സ്വർഗ്ഗം..പല രാജ്യങ്ങളിൽ നിന്നും നൂറുകണക്കിനു രാജാക്കന്മാരും റാണിമാരും മന്ത്രിമാരും വ്യാപാരികളും സുന്ദരിമാരും ചൂതാട്ടക്കാരും ആഘോഷത്തിനായി വന്നു ചേരുന്ന ഭൂമിയിലെ സ്വർഗ്ഗം. ഏറ്റവും മികച്ച എല്ലാം കിട്ടുന്ന സ്ഥലം. തെറ്റുകൾ ഇല്ലാത്ത, ശരികൾ മാത്രമുള്ള ഇടം. രാജ്യം നഷ്ടപ്പെട്ട മഹീന്ദൻ ഒളിച്ചു കഴിയുന്ന സങ്കേതം. ഇവിടെ പകൽ നടക്കുന്ന ചൂതാട്ടങ്ങളിൽ നിന്നും രാത്രി നടക്കുന്ന സുഖവ്യാപാരങ്ങളിൽ നിന്നും വലിയൊരു ഓഹരി മഹീന്ദനു ലഭിച്ചിരുന്നു.

സ്വപ്നനഗരിയിൽ എത്തുന്ന ഓരോ സുന്ദരിയുടെയും ചിത്രം സിംഹശൈലത്തിന്‍റെ പടിഞ്ഞാറേ മുഖ ഭാഗത്ത് വരപ്പിച്ചു വച്ചിരുന്നു എന്ന് നോവലിൽ പറയുന്നത് ഞാൻ നേരിട്ട് കണ്ടതിന്‍റെ നിർവൃതിയോടെയാണ് വായിച്ചത്. ഒരിക്കലും നിറം മങ്ങാത്ത ഖനിജ ചായങ്ങൾ ഉപയോഗിച്ചാണ് ആ ചിത്രങ്ങൾ വരച്ചിരുന്നത്.

രത്ന വ്യാപാരിയോടൊപ്പം സ്വപ്നനഗരിയിൽ എത്തുന്ന ദേവനായകി അവിടെ , തന്‍റെ പിഞ്ചു കുഞ്ഞിന്‍റെ കൊലപാതകത്തിന്‍റെ സൂത്രധാരനായ മഹീന്ദന്‍റെ കൈകളിലമർന്ന് അയാളുടെ സിംഹഭോഗത്തിനു ഇരയായി കഴിയുന്നു. ക്രമേണ ദേവനായകിയെന്ന ലഹരിയിൽ മഹീന്ദൻ മയങ്ങുന്നു. ദേവനായകി സ്വപ്ന നഗരത്തിന്‍റെ റാണിയും ആവുന്നു. പാമ്പിൻ വിഷം രക്തത്തിൽ കലർത്തി അയാളെ കൊല്ലാനുള്ള ഉപാധികൾ തിരയുമ്പോഴും പുറമേക്ക് ശാന്തഭാവം നടിക്കുന്നു ദേവനായകി.

ഇതിനിടയിൽ നിശാങ്ക വജ്രൻ എന്ന ബുദ്ധ സന്ന്യാസിയെ സ്വപ്നനഗരിയിലേക്ക് വിളിച്ചു വരുത്തി ദേവനായകി അയാളിൽ നിന്നും താന്ത്രികാനുഷ്ടാനങ്ങളുടെ പാഠങ്ങൾ പഠിക്കുന്നു..ആത്മാവും ശരീരവും ഒന്നാണെന്നും ശരീരവും പ്രപഞ്ചവും ഒന്നാണെന്നും ഉള്ള തിരിച്ചറിയലിലൂടെ ആനന്ദത്തിലൂടെ നിർവാണത്തിൽ എത്താനുള്ള വിദ്യകൾ സ്വയവത്താക്കുന്നു.. അവർ പ്രകൃതിയും പുരുഷനുമായി പരമാനന്ദത്തിൽ എത്തുന്ന നിമിഷത്തിൽ ഗുരു തന്റെ എല്ലാ ചൈതന്യവും ശിഷ്യയിലേക്ക് പകർന്നുകൊടുത്തുകൊണ്ട് സിംഹ ശൈലത്തിന്റെ വിഹായസ്സിലേക്ക് കൃഷ്ണപ്പരുന്തായി പറന്നു പോയെന്ന് ഐതിഹ്യം..

ജ്ഞാനോദയം നേടിയ ദേവനായകി പ്രതികാരം മറന്ന് സ്നേഹിക്കാൻ മാത്രമറിയാവുന്ന മറ്റൊരാളായി മാറി.. പക്ഷേ ബുദ്ധനാരെ കൊന്നവൾ എന്ന അപഖ്യാതി സ്വപ്ന നഗരിയിൽ പരന്നു. മഹീന്ദനുൾപ്പെടെ എല്ലാവരും അവൾക്കെതിരായി തിരിഞ്ഞു.. ദേവനായകിയുടെ ആഗമനോദ്ദേശവും ചാരപ്രവൃത്തികളും ഇതിനോടകം മണത്തറിഞ്ഞ മഹീന്ദൻ രോഷാകുലനായി അവളുടെ മാറിടങ്ങൾ അരിഞ്ഞു വീഴ്ത്തുന്നു. പെട്ടെന്ന് അമാനുഷിക സിദ്ധി ലഭിച്ച ദേവനായകി ആകാശത്തോളം വളരുകയും ഒരു കാൽ സിഗിരിയയിലും മറ്റേ കാൽ ശ്രീപാദമലയിലും വച്ചുകൊണ്ട് നടന്നു പോവുകയും ചെയ്യുന്നു. ചോരപ്പുഴയിൽ പാപക്കറ കഴുകി കളഞ്ഞ ദേവനായകി അന്ന് മുതൽ ആണ്ടാൾ ദേവനായകി ആയി അറിയപ്പെടുന്നു..

തുടർന്ന് ചോളപ്പടയുടെ ആക്രമണത്തിൽ തകർന്നു തരിപ്പണമാവുന്ന സിഗിരിയ ആയിരക്കണക്കിന് ശവങ്ങൾ അഴുകുന്ന ഭൂമിയായി മാറുന്നു. സ്വപ്ന നഗരം ശ്മശാന നഗരമായിമാറുന്നു . കഴുകന്മാർ നിറഞ്ഞ ആ സിംഹശൈലത്തെയാണ് ശ്രീ വല്ലഭ ബുദ്ധനാർ "സുസാന സുപിന" (സ്വപ്നങ്ങളുടെ ശ്മശാനം ) എന്ന് വിളിച്ചത്. സ്വപ്നങ്ങളുടെ ശ്മശാനമെന്നാൽ മോക്ഷം .ദുഖത്തിന് ഹേതുവാകുന്ന എല്ലാ ആഗ്രഹങ്ങളും ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാവുന്ന അവസ്ഥ.. ..അതെഴുതി തീർന്നനിമിഷം ബുദ്ധനാർ നിർവ്വാണം പ്രാപിച്ചു എന്നാണു കരുതപ്പെടുന്നത്.

ശ്രീലങ്കയിലെ ഉൾഗ്രാമമായ "എലഹഗല" യിൽ ഇന്നും ദേവനായകിക്കോലം കെട്ടിയാടുന്നു.ഇന്നത്‌ ദൈവക്കോലമെന്നുഅറിയപ്പെടുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ സിംഹള ഭരണാധികാരികൾ അറിയാതെ ഈ ഗ്രാമവാസികൾ ദേവനായകിക്കോലം ആടുകയും ഏറ്റവും സുന്ദരിയായ യുവതിയെ അതിനായി കുരുതി കൊടുക്കുകയും ചെയ്തിരുന്ന ആചാരം നിലവിലുണ്ടായിരുന്നുവത്രേ. ബ്രിട്ടീഷുകാരാണ് പിന്നീടത്‌ പ്രാകൃതമായ ആചാരം എന്നതിന്‍റെ പേരിൽ നിർത്തലാക്കിയത്‌.

"ദേവനായകി തന്‍ കതൈ" വായിച്ചവസാനിക്കുമ്പോള്‍ ഒരു സഹസ്രാബ്ദത്തിനു മുന്‍പ് ജീവിച്ചിരുന്ന ദേവനായകിയുടെ തുടര്‍‍ച്ചയായ സുഗന്ധിയുടെ കഥയിലേക്ക്‌, ആസിഡു ഒഴിച്ച് മുഖം വികൃതമാക്കപ്പെട്ടിട്ടും രണ്ടു കൈകളും വെട്ടി മാറ്റപ്പെട്ടിട്ടും കാനഡയില്‍ ‍ ഇരുന്നുകൊണ്ട് പാട്ടുകളിലൂടെയും കഥകളിലൂടെയും ലങ്കയിലെ എകാധിപത്യത്തിനെതിരെ പോരാട്ടം നടത്തുന്ന സുഗന്ധിയിലേക്ക്, നാം വീണ്ടും തിരിച്ചെത്തുന്നു. പീറ്ററിന്‍റെയും സംഘത്തിന്‍റെയും ചര്‍ച്ചകള്‍ " സുസാന സുപിന" മിത്തുകൂടി ഉപയോഗിച്ച് എങ്ങനെ സിനിമ മെച്ചപ്പെടുത്താമെന്നാവുന്നു.

ഇതേ സമയത്ത് കൊളംബോ നഗരത്തിലെ ചേരിയില്‍‍, ഒരു തകര്‍‍ന്ന കെട്ടിടത്തിന്‍റെ കുടുസ്സുമുറിയില്‍‍ , ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി സിംഹളര്‍ ‍, തമിഴര്‍‍, മുസ്ലീങ്ങള്‍ എന്നിങ്ങനെ വേര്‍‍തിരിവുകളില്ലാതെ കുറെ ചെറുപ്പക്കാര്‍ ഒത്തുചേര്‍‍ന്ന് SSF (Save Sree Lanka from Fascism) എന്ന പ്രസ്ഥാനത്തിന്‍റെ പ്രവര്‍‍ത്തനങ്ങള്‍ക്കായി ചൂടുപിടിച്ച ചര്‍‍ച്ച നടത്തുന്നു. 

ഇത്തരം മുന്നേറ്റങ്ങള്‍ ഇന്ത്യ അടക്കം, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉള്ള രാജ്യങ്ങളില്‍ ‍ രൂപം കൊണ്ടുതുടങ്ങിയിട്ടുണ്ടെന്നും ശ്രീലങ്കയിലെ സാഹചര്യം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നും അവര്‍ വിലയിരുത്തുന്നു. ലോക ചരിത്രത്തിലെ ഏറ്റവും സമര്‍‍ത്ഥനായ ഏകാധിപതിയും ലോകം കണ്ട ഏറ്റവും വലിയ യുദ്ധ കുറ്റവാളി കൂടിയുമായ പ്രസിഡണ്ടിന്‍റെ എല്ലാ പ്രവര്‍‍ത്തികൾക്കും, വെളുത്ത കുപ്പായത്തിനും വെളുക്കെയുള്ള ചിരിക്കും പിന്നില്‍ മറഞ്ഞിരിക്കുന്ന ഫാസിസത്തിന്‍റെ പല്ലും നഖവും കാണാമെന്ന ഭീകരമായ സത്യം അവര്‍ പങ്കു വയ്ക്കുന്നു. ഈഴപ്പോരില്‍ മുക്കാല്‍ ലക്ഷത്തോളം സാധു മനുഷ്യരെ കൊന്നൊടുക്കുകയും മൂന്നു ലക്ഷത്തോളം പേരെ അഭയാര്‍‍ഥികള്‍ ആക്കുകയും ചെയ്തതിന്‍റെ പൂര്‍‍ണ്ണ ഉത്തരവാദിത്തവുംഅദ്ദേഹത്തിനാണെന്ന വസ്തുതക്കൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും അടിച്ചമര്‍‍ത്തപ്പെട്ട ശ്രീ ലങ്കയില്‍ ‍ നിരവധി പത്ര പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്നും അവര്‍ രോഷം കൊള്ളുന്നു. വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലെ ആസൂത്രണത്തെയും ശ്രീലങ്കയുടെ ചരിത്രം പോലും വളച്ചൊടിച്ചു വ്യാജമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും അവർ പഴിക്കുന്നു. രജനി തിരണ ഗാമയുടെ ജീവിതം ഈയക്കത്തെ ആക്ഷേപിക്കാനുള്ള ആയുധമെന്ന നിലയില്‍ സിനിമയാക്കുന്നതിനുള്ള ഗവർമെന്റിന്‍റെ നീക്കമാണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി അവര്‍ പറഞ്ഞത്.

രാജ്യം ഒരു വലിയ ദുരന്തത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും ഈഴപ്പോരു രണ്ടു ഫാസിസ്റ്റുകള്‍ തമ്മിലാണ് നടന്നതെന്നും അവര്‍ ഊന്നിപ്പറയുന്നു.ഇന്നല്ലെങ്കില്‍ നാളെ സര്‍‍ക്കാരിനെതിരെ ഒരു ജനകീയ മുന്നേറ്റത്തിന് തയ്യാറാവേണ്ടതിനെ ക്കുറിച്ച് അവര്‍ ബോധാവാന്മാരാവുകയും നവംബറില്‍ കൊളംബില്‍ ‍ നടക്കാനിരിക്കുന്ന കോമണ്‍ വെല്‍ത്ത് ഉച്ചകോടിയെ പ്രസിഡന്റിന്‍റെ ഫാസിസ്റ്റ് രീതികളോട് പ്രതിഷേധിക്കാനുള്ള അവസരമായി ഉപയോഗിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്യുന്നു.

പിന്നീട് നമുക്ക് കാണാനാവുന്നത് പദ്ധതികള്‍ ദയനീയമായി പരാജയപ്പെടുന്നതാണ് എങ്കിലും നമ്മുടെ മനസ്സിൽ അടയാളങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് തന്നെയാണ് സുഗന്ധി വിടവാങ്ങുന്നത്.

കോമണ്‍ വെല്‍ത്ത് ഉച്ചകോടി നടക്കുന്ന ദിവസം രണ്ടു കയ്യും ഇല്ലാത്ത ഒരു സ്ത്രീ ഒറ്റക്കൊരു ബെന്‍‍സ് കാര്‍ ഓടിച്ചു വന്ന് മനുഷ്യ ബോംബായി പൊട്ടിത്തെറിക്കുകയും ആളിക്കത്തുന്ന തീയില്‍ നിന്നും ആകാശത്തേക്ക് പറന്നുയരുകയും ചെയ്തു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നതെന്നു പറയുന്നിടത്ത് സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകിയുടെ കഥ അവസാനിക്കുന്നു .

പക്ഷേ ചിലപ്പതികാരത്തിലെ കണ്ണകിയായും സുസാന സുപിനയിലെ ആണ്ടാൾ ദേവനായകിയായും രജനി തിരണ ഗാമയായും സുഗന്ധിയായും ഗായത്രിയായും മീനാക്ഷിയായും ഈ ലോകത്തിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നത് ഒരേ സ്ത്രീ ശക്തി തന്നെയാണ്.

കൗടില്യന്‍റെ അർത്ഥശാസ്ത്രത്തിലും രാജതന്ത്രപരമായ മറ്റു ഗ്രന്ഥങ്ങളിലും സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചോ സ്ത്രീകളെയും കുട്ടികളെയും മാനഭംഗ പ്പെടുത്തുന്നതിനെക്കുറിച്ചോ പറയുന്നില്ലെന്നും ദേവനായകി ബുദ്ധനാരോട് പറയുമ്പോൾ അവർ എല്ലാ സ്ത്രീകളിലും ജീവിക്കുന്ന ആണ്ടാൾ ആയി മാറുന്നു. നിർവ്വാണത്തിന്‍റെ എത്ര പരമമായ അവസ്ഥയിലെത്തിയാലും പെണ്ണിന്‍റെ കണ്ണുനീർ വീഴുന്നിടത്തെല്ലാം അവർ ഓടിയെത്തുന്നു..തെറ്റ് ചെയ്യുന്നവരുടെ നഗരങ്ങൾ ചുട്ടെരിക്കുന്നു.

എല്ലാ യുദ്ധങ്ങളും സ്ത്രീകൾക്കെതിരെയാണ് എന്ന് നോവലിൽ എവിടെയോ പറയുന്നത് എത്ര സത്യമാണ്! രാഷ്ട്രീയം എന്നാൽ വിപ്ലവ പ്രസ്ഥാനങ്ങളും വിമോചന സമരങ്ങളും അർത്ഥ ശൂന്യമായ ജനാധിപത്യവും ഹിംസാത്മകതയും സ്ത്രീ- ബാല പീഡനങ്ങളും മാത്രമാണ്.

ശ്രീലങ്കൻ സർക്കാരിന്‍റെ പീഡനാലയമായ ഡിവൈൻ പേളിൽ നടക്കുന്ന പീഡന മുറകളെക്കുറിച്ച് വായിക്കുക മാത്രമല്ല യൂട്യൂബിൽ കാണുക കൂടി ചെയ്തതോടെ ഇനി മരവിക്കാൻ മനസ്സിൽ ഒരിത്തിരിയിടം പോലും ബാക്കിയില്ലാതായി. ടി ഡി രാമകൃഷ്ണൻ ഒരു പാട് ആഴത്തിൽ ഗവേഷണം നടത്തിയിട്ടാണ് ഇതെഴുതിയത് എന്നുള്ളതിന് നോവലിലെ ഓരോ വാക്കും തെളിവാണ്.. ഇത് നിങ്ങൾ വായിച്ചിരിക്കേണ്ട ഒരു അതിമഹത്തരമായ കൃതിയാണ് എന്നതിന് രണ്ടു അഭിപ്രായമില്ല എന്നുതന്നെ പറയട്ടെ.



2015 ഏപ്രിൽ 30, വ്യാഴാഴ്‌ച

സന്തോഷം പകരുന്നവർ...



വീടും ഓഫീസും രണ്ടു വ്യത്യസ്തലോകങ്ങൾ ആണെങ്കിലും ഔപചാരികതയുടെ പരിവേഷം ഒട്ടും കലർത്താത്തതിനാൽ രണ്ടിടങ്ങളും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. അകലെ എന്റെ വണ്ടീടെ ഒരു പൊട്ടുകാണുമ്പോഴേ കയ്യുയർത്തി സ്നേഹാഭിവാദ്യം പറയുന്ന സന്മനസ്സുള്ള സുരക്ഷഉദ്യോഗസ്ഥനിൽ നിന്നും തുടങ്ങും എന്റെ ഒരു പ്രവർത്തിദിനം... 



സ്വീകരണമുറിയിലേക്ക് എത്തിയാൽ, കാണുന്നവരോടൊക്കെ ഞാൻ ഒഴുക്കിവിടും അറബിഭാഷയിൽ എനിക്കറിയാവുന്ന, “ നിനക്കും നിന്റെ കുടുംബത്തിനുംവീടിനും ആടിനുംപൂച്ചക്കും സുഖമല്ലേ..”.എന്നുള്ള സ്നേഹപ്രകടനങ്ങൾ. പിന്നെ എന്റെ മുറി...എന്റെ ജോലികൾ..അതിനിടയിൽവന്നുപോവുന്ന സ്നേഹമുള്ള മനുഷ്യർ..



"മിസ്സ്‌...ഞാനല്പ്പനേരം ഇരിക്കട്ടെ മിസ്സിന്റെ കൂടെ" എന്ന് പറഞ്ഞുകൊണ്ട് ഒരു സുന്ദരികുട്ടി വരും ഇടയ്ക്ക്.....ഫെസിലിറ്റീസ്മാനേജ് മെന്റിലെ അവസാനവർഷ വിദ്യാർത്ഥിനിയാണ് .



അവളുടെ വീട്ടിൽ ചേച്ചിയും ചേട്ടനുമൊക്കെയായി പന്ത്രണ്ടു പേരുണ്ട്. കണ്ണിലും ചുണ്ടിലും കട്ടിയിൽചായം തേച്ചു വരുന്നചെറുപ്പക്കാരി പെണ്‍കുട്ടികളിൽ നിന്നുംതികച്ചും വ്യത്യസ്തയായ കുട്ടി. മിക്കപ്പോഴും വായനയും അസൈൻ മെന്റ്സുമായിലൈബ്രറിയിൽ.. ബാക്കി നേരം കൂട്ടുകാരോടൊത്ത്ക്ലാസ് മുറിയിൽ..ചേച്ചിക്ക് ഉണ്ണിഉണ്ടായതും മിനിസ്റ്റ്രിയിൽ നിന്നും സ്കോളർഷിപ്പ് കിട്ടിയാൽ യൂ.കെ യിൽപോകുന്നതുമായ കാര്യങ്ങൾ പറയുന്നതിനിടയിൽ എന്റെ മക്കളെ കുറിച്ചും ജോലിയെ കുറിച്ചുംചോദിക്കും അവൾ ..



പിന്നെ ഒരു ധാർഷ്ട്ര്യക്കാരി..ആരെയും ഒരു കൂസലുംഇല്ലാത്തവൾ..



അവൾ പറയും,



“മിസ്സ്‌ എന്തിനാണ് ഇങ്ങനെ സ്റ്റ്രിക്റ്റ് ആവുന്നത് ഞങ്ങളോട്? ..ലൈബ്രറിയിൽഇരുന്നു ചിപ്സ് കഴിച്ചാൽ എന്താകുഴപ്പം?..ഞങ്ങൾ അല്പ്പം വർത്തമാനംപറഞ്ഞാൽ എന്താ കുഴപ്പം ?..ഞാൻസമയത്തിനു പുസ്തകങ്ങൾ തിരിച്ചു തന്നില്ലെങ്കിൽഎന്താണ് കുഴപ്പം?..മിസ്സിന് ഈജോലി മടുക്കുന്നില്ലേ?...എനിക്ക്പുസ്‌തകങ്ങൾ കാണുന്നതേ വെറുപ്പാണ്..മിസ്സ്‌ എപ്പോഴും അവക്കിടയിൽ,..ഹോ..ഹൊറിബിൾ..” 



ഒരു കൊമ്പനെമെരുക്കാനുള്ള ബുദ്ധിമുട്ടാണ് എനിക്ക് അവളോട്‌ സംസാരിക്കുമ്പോൾ അനുഭവപ്പെടാറുള്ളത്.. പക്ഷെ എനിക്കവളെ ഇഷ്ടമാണെന്നേ...



മുല്ലാക്കയെപോലെ മീശയില്ലാതെ താടിമാത്രം വച്ച ആളുകളെ എനിക്ക്സ്വതവേ പേടിയാണ്. എന്നാൽ അങ്ങനെ ഒരു പയ്യന്സും വരും ഇടക്കെന്നോട് വിശേഷം പറഞ്ഞിരിക്ക്യാൻ..നീണ്ടുമെലിഞ്ഞ ഒരു പയ്യൻസ്.വെൽഎഞ്ചിനീയറിങ്ങിനു പഠിക്കുന്നമിടുക്കൻ. മിനിസ്റ്റ്രിയിൽ ജോലിക്കാരൻ. രണ്ടുമൂന്നു തവണ സംസാരിച്ചതിന്ശേഷം അവന്റെ കണ്ണുകളിലെ നിരുപദ്രവമായ നോട്ടവും ഇഷ്ടവും കൊണ്ട്ഞാൻ ഭയമില്ലാതെ അവനെസ്വീകരിച്ചിരുത്താൻ തുടങ്ങി. കേരളത്തിലെ ആയുർവേദ പരിചരണത്തെ കുറിച്ചുംഗൾഫു രാജ്യങ്ങളിൽ അവന്റെ മതക്കാർ ദൈവ(മത) ചിന്ത വെടിഞ്ഞ് നാശത്തിലേക്ക് പോകുന്നതിനെകുറിച്ചുമൊക്കെ നിരാശയോടെയാണ് അവന്റെ സംവാദം.. 



ഒരിക്കൽ അവൻഎന്നോട് പറഞ്ഞു



"മിസ്സ്‌.. ഇങ്ങനെ വേഷംധരിക്കരുത്.." 



കഴുത്തോളം കുടുക്കിട്ട അയഞ്ഞ ഷർട്ടുംപാന്റും ധരിച്ച ഞാൻ പെട്ടെന്ന്പതറി...എന്താണ് എന്റെ വേഷത്തിനൊരുകുഴപ്പം എന്നെനിക്കു മനസ്സിലായില്ല.. എന്റെ മുഖത്തെ അത്ഭുതംകണ്ടാവാം അവൻ പറഞ്ഞു..



"മിസ്സ്‌ എനിക്ക് സഹോദരിയെപോലെയാണ്.. തല മറയ്ക്കണം...അബായ ഇട്ടു ശരീരവും.." 



ഞാൻ നെറ്റിചുളിച്ചുകൊണ്ട്പറഞ്ഞു.."നടക്കില്ല കുട്ടീ...ഇതെന്റെ സ്വാതന്ത്ര്യമാണ്.".



അവൻ ചിരിച്ചു.ആഴ്ചയിലോ മാസത്തിലോ ഒക്കെ അവൻവരും ഇങ്ങനെ ഓരോന്നുംപറഞ്ഞു കുറച്ചു നേരമിരിക്കും എന്റെകൂടെ.



മാസങ്ങൾ കൂടുമ്പോൾ വരുന്നചിലരുണ്ട് ഇനി...അതിലൊരാൾ വയസ്സനായ ഒരുവിദ്യാർത്ഥിയാണ്. അപകടത്തിൽ മരിച്ച മകളുടെ മുഖച്ഛായആണെനിക്ക്‌ പോലും...അയാളെ എനിക്ക്ശരിക്കും പേടി തന്നെ..



മകളാണെന്ന് ഓർത്ത് എന്നെ കെട്ടിപ്പിടിച്ചേക്കുമോഎന്നാണെന്റെ പേടി.. അയാൾ വാതോരാതെ പറയും കണ്ണെടുക്കാതെ നോക്കും..ഒഴിവാക്കാനാവാതെ ഞാൻ കുഴയും..ആകെ മൂന്നുപ്രാവശ്യമാണ് എന്നെ കാണാൻ വന്നിട്ടുള്ളത്എങ്കിലും ഇനി അയാൾഎപ്പോഴാ വരിക എന്ന ചിന്തഎന്നെ അലട്ടാറുണ്ട്..



ഇനിയാ മറ്റൊരാൾ . അറുപത്തഞ്ചുവയസ്സ് കഴിഞ്ഞിട്ടുണ്ട്.. പ്രത്യേകിച്ച് ജോലിയൊന്നും എടുക്കാതെ എന്നാൽ എല്ലാകാര്യങ്ങളുടെയും മേധാവിയായി നടക്കുന്ന അഹമ്മദ്..മൊബൈലിലെ ഫോട്ടോസ് തുറന്ന് എന്റെഅടുത്തേക്ക് കസേര വലിച്ചിട്ടു അധികാരത്തോടെഇരിക്കുന്ന അഹമ്മദ്... 



ഡോക്യുമെന്ററി പോലെതുടങ്ങും അയാൾ ഓരോ ഫോട്ടോയെകുറിച്ചുമുള്ള വിവരണങ്ങൾ..



"ഇത്..ഞാൻ ഒമാന്റെനേവിയിൽ ആയിരുന്നപ്പോൾ എടുത്ത പടം.". കട്ടിമീശയും കരുത്തുമുള്ള അഹമ്മദിനെ കാണുമ്പോ ഞാൻഅതിശയി ച്ചേക്കുംഎന്ന് അയാൾ പ്രതീക്ഷിക്കുന്നു എന്ന് ഞാൻഅയാളുടെ മുഖത്ത് നിന്നും വായിക്കും...



പിന്നെ സുന്ദരിയായ ഭാര്യ..പതിനാലു മക്കൾ..ഓരോമക്കളും മരുമക്കളും ഗവർമെന്റിൽ വലിയതലങ്ങളിൽ ഉദ്യോഗമുള്ളവർ..രാജാവിനോപ്പം നിന്നുള്ള പടങ്ങൾ..വിദേശങ്ങളിൽ പലകാലങ്ങളിൽ പലനേരങ്ങളിൽ.. 



പത്തു പതിനഞ്ചു മിനിറ്റിൽകാണിക്കാവുന്ന ഫോട്ടോസ് കാണിച്ചിട്ട് "മാസലാമ ഹേബി...കൂടുതൽ പടങ്ങൾ ഞാൻഇനി വരുമ്പോൾ കാണിക്കാം" എന്നും പറഞ്ഞു പോകും.. 



വെറുതെ നേരമ്പോക്കിനാണ് ഇയാൾ ഇവിടെ ജോലിക്ക് വരുന്നതെന്ന് മറ്റുള്ളവർപറയുന്നത് എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി.. 



ഇന്നലെയും വന്നിരുന്നു...പതിനാറു മുറികളുള്ള വീട്ടിൽ ഇരുപത്തിനാല് ആളുകൾ ജീവിക്കുന്നതെങ്ങനെയെന്നു കാണിക്കാനായി അയാളുടെവീടിന്റെ ഒരു വീഡിയോആയിരുന്നു ഇത്തവണ.. ഇതിൽ ഞാൻശരിക്കും ഞെട്ടി..



ഒരു കൊട്ടാരം. മനോഹരമായ അലങ്കാരങ്ങൾ..ഞാൻപറഞ്ഞു



"അഹമ്മദ് താങ്കൾ ഭാഗ്യവാനാണ്...ഇത്രയും ആളുകൾ ഒരുമിച്ചുജീവിക്കുന്നു ഒരു വീട്ടിൽഅത്രയും സ്നേഹത്തോടെ..എല്ലാ മക്കളെയും പഠിപ്പിച്ചു ഉന്നതങ്ങളിൽ എത്തിച്ച താങ്കള്ക്കും ഭാര്യക്കുംഎന്റെ അഭിവാദ്യങ്ങൾ.."



അഹമ്മദിന്റെ കണ്ണുകൾ സന്തോഷം കൊണ്ട്തിളങ്ങി..ആ സന്തോഷംപങ്കു വയ്ക്കാനാണ് അയാൾ എന്റടുത്തു വല്ലപ്പോഴുംവരുന്നതെന്ന് എനിക്കറിയാം..





ഇഷ്ടമാണെങ്കിലുംഎനിക്കിഷ്ടമല്ലാത്ത ഒരു കാര്യംചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാർഡ് ഉണ്ട് .നിയോണ്‍ബൾബുകത്തിച്ച പോലെ ചിരിച്ചുകൊണ്ട് വരും..ഷേയ്ക് ഹാന്ടിനു കൈനീട്ടിയാണ് വരിക.. 



ഒന്ന് രണ്ടു പ്രാവശ്യം ഞാൻകൈ കൊടുത്തുവെങ്കിലും പിന്നീട്എനിക്ക് അത് ചെയ്യാൻമനസ്സ് വരാത്തതിനാൽ അയാളുടെ തല കാണുമ്പോഴേഞാൻ തിരക്കിട്ട ജോലിയിൽമുഴുകും. 



അപ്പോൾ സ്നേഹ പ്രകടനംമറ്റൊരു വിധത്തിലായി..സലാലയിൽ നിന്ന് കൊണ്ടുവരുന്ന മധുരമുള്ള തേങ്ങായുടെ കൊത്ത്..വിശേഷാൽ വീട്ടിൽ ഉണ്ടാക്കുന്ന ഒമാനിഹൽവ..ഇതൊക്കെ കയ്യിൽചുരുട്ടി പിടിച്ചുകൊണ്ട് വന്ന്‌എനിക്ക് തരും..ഞാൻഅത് വാങ്ങും.. പിന്നീട് സൗകര്യപൂർവ്വം എന്റെ അരികിലുള്ള ബാസ്കറ്റിലേക്ക് കളയും.. അതിനുഒട്ടും വൃത്തിയില്ലെന്ന ഒരു തോന്നൽഎങ്ങനെയോ എന്റെ മനസ്സിനെ ബാധിച്ചിരുന്നു..



ഇവരൊക്കെ എന്നും എപ്പോഴും എന്നെ കാണാൻവരുന്നവരല്ല ..വല്ലപ്പോഴും മാത്രം ..



പക്ഷെ എനിക്ക് ഊര്ജ്ജംപകരുന്നവർ..എന്നിൽ നിന്നും ഊര്ജ്ജംസ്വീകരിക്കുന്നവർ..



നിത്യ ജീവിതത്തിൽ നാം എത്രയോ ആളുകളെ കാണുന്നു..ഇടപഴകുന്നു..സ്നേഹിക്കുന്നു പിണങ്ങുന്നു. വീണ്ടും സ്നേഹിക്കുന്നു. ബന്ധുക്കളായും മിത്രങ്ങളായുംഎത്രയോ പേർ! 



ചിലര്‍ നമ്മളിൽ നെഗറ്റിവിറ്റി നിറയ്ക്കും..അവരെ ഒഴിവാക്കുക.. മറ്റുള്ളവരെ സ്നേഹിക്കുക..നിറഞ്ഞ സ്നേഹത്തിൽ അവരെ പുണരുക.. ജീവിതം സന്തോഷദായകമാക്കുക..



2015 മാർച്ച് 6, വെള്ളിയാഴ്‌ച

മനുഷ്യന് ഒരു ആമുഖം- വായന



മനുഷ്യന് ഒരു ആമുഖം -- സുഭാഷ്‌ ചന്ദ്രന്‍-- എന്റെ വായനാനുഭവം പങ്കു വക്കട്ടെ..

പെരുന്തച്ചന്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ഉളിയന്നൂര്‍ എന്ന സ്ഥലം അക്കരെ എന്നര്‍ത്ഥം വരുന്ന "തച്ചനക്കര" എന്ന സാങ്കല്‍പ്പികഗ്രാമത്തിലെ അയ്യാട്ടുമ്പിള്ളി വീട്ടിലെ കാരണവരായ നാറാപിള്ളയുടെ നാരായ വേരില്‍ നിന്നും പൊട്ടി പടര്‍ന്ന് രണ്ടു തലമുറകളിലൂടെ, ഒരു ഗ്രാമത്തിന്‍റെയും , അതിലൂടെ ഒരു ദേശത്തിന്‍റെ തന്നെയും, ചരിത്രത്തിലേക്ക് വിസ്തൃതിയാര്‍ജ്ജിക്കുന്ന കഥ!.

മനുഷ്യന്റെ നാനാമുഖങ്ങളെക്കുറിച്ചുള്ള പച്ചയായ പൊളിച്ചെഴുത്തിലൂടെ സുഭാഷ്‌ ചന്ദ്രന്‍ ഓരോ വായനക്കാരന്‍റെ ഉള്ളിലും തിരി തെളിയിച്ചു കാണിച്ചു തരുന്നത് അവരുടെ തന്നെ ജീവിതത്തിന്‍റെ ഒരു ആമുഖം ആണ്!! 

ഒരു നൂറ്റാണ്ടിന്റെ കാലപരിധിയിൽ മലയാളി സമൂഹത്തിനുണ്ടായ മാറ്റം എന്തെന്ന് , ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് നെടും തൂണുകളിൽ , നട്ടെല്ലുള്ള ഭാഷയിൽ, കണ്മുന്നില്‍ ജീവിക്കുന്നുവെന്ന് തോന്നുന്ന നൂറിലധികം കഥാപാത്രങ്ങളിലൂടെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു! ! 



കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വ്യവസ്ഥകളെയും ജാതി ചിന്തകളെയും കീറിമുറിച്ചു തുന്നിക്കെട്ടിയുണ്ടാക്കിയ ഒരു പേക്കോലം വികൃതച്ചിരിയോടെ, നോവലില്‍ സജീവമായി നില്പ്പുണ്ട്. 

പുതിയ കാലത്തിന്‍റെ ഒരു വിശേഷമായി ഒരു കത്തില്‍ സൂചിപ്പിക്കുന്ന -- "വ്യക്തിപരമായി ഒരു മേന്മയും അവകാശപ്പെടാനില്ലാതെ വരുമ്പോള്‍ സ്വന്തം ജാതി മിടുക്കുമായി രംഗത്ത് ചാടുന്ന" സവര്‍ണനെ- "ഒരു പുതിയ പരിചയക്കാരനെ കിട്ടിയാല്‍ ആദ്യത്തെ അഞ്ചു വാചകങ്ങള്‍ക്കുള്ളില്‍ തന്റെ ജാതി വ്യംഗ്യമായി വെളിപ്പെടുത്തുന്ന" സവര്‍ണനെ നാം എത്രയോ കാണുന്നു, ചുറ്റിലും!


കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന അനേകം പച്ച മനുഷ്യരിൽ ഒരാളായത് കൊണ്ട് തന്നെ ഈ നോവലിലെ ഒട്ടനവധി കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും എന്റെ തൊട്ടരികിലോ, അല്ലെങ്കിൽ ഉള്ളിൽത്തന്നെയോ ഉണ്ടായിരുന്നു എന്നുള്ളതാണ് തുടക്കം മുതൽ ഒടുക്കം വരെ എന്നെ അതിലേക്ക് വലിച്ചടുപ്പിച്ച ഒരു പ്രധാന ഘടകം . 

"ജനനത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ജനിച്ചു കഴിഞ്ഞിരുന്ന ആ മനുഷ്യന്‍ വാസ്തവത്തില്‍ അയാളുടെ മരണത്തിനും എത്രയോ മുന്‍പ് മരിച്ചു കഴിഞ്ഞിരുന്നു! ജിതേന്ദ്രന്‍ എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു മലയാളിയായിരുന്നു." 

നിലാവും കാറ്റും ചെമ്പക സുഗന്ധവുമുള്ള ഒരു പാതിരാവില്‍ ചിന്നമ്മ കുടിച്ച അര കിണ്ടി നിലാവിന്റെ പോഷണത്തില്‍ നിന്നും ഉയിര്‍കൊണ്ട ജിതേന്ദ്രന്‍! നാറാപിള്ളയുടെയും കുഞ്ഞുവമ്മയുടെയും കൊച്ചുമകന്‍ ജിതന്‍.!


29 മാർച്ച്‌ 1999 മുതൽ ജനുവരി ഒന്ന് 2000, വരെയുള്ള കാലയളവിൽ , ജിതന്‍, താൻ സ്നേഹിക്കുന്ന, കെട്ടാൻ പോകുന്ന, ദൈവത്തിന്റെ മുഖവും ഹൃദയവുമുള്ള ആന്മേരിക്കയച്ച നാല്പ്പതോളം കത്തുകളിലൂടെ ( ഓരോ കത്തും വലിയ ആശയങ്ങളെയും, ചിന്താധാരകളെയും ഗര്‍ഭത്തില്‍ വഹിക്കുന്ന വിത്തുകള്‍ ആണ്!) നോവലിന്റെ ഓരോ അദ്ധ്യായവും ഇതളുകള്‍ അകന്ന് വിടര്‍ന്നു വരുന്നു.

സർഗാത്മകതയുടെ അപാരത! 



എടുത്തു പറയാന്‍ ഒരുപാടുണ്ടെങ്കിലും ചിലതെങ്കിലും പറയാതെ വയ്യ..

" പൂര്‍ണ്ണ വളര്‍ച്ചയെത്തും മുന്‍പേ മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍" 

വർഷങ്ങൾക്കുമുൻപ് അജ്ഞാതനായ ഒരാൾ ആലുവ യൂ സി കോളേജിലെ ഒരു ക്ലാസ്സ് മുറിയിലെ ബോർഡിൽ ചോക്ക് കഷണം കൊണ്ട്, എഴുതിയിട്ട ഈ വാചകമായിരുന്നു ആൻ മേരിയുടെ ദാമ്പത്യത്തിന്റെ തുടക്കവും ഒടുക്കവും. 

ജിതന്‍ ആന്‍ മേരിക്കയച്ച കത്തുകളില്‍ നിന്നും ചിലത്.....


"ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ,ഭീരുവും പരതന്ത്രനുമായിത്തീർന്ന് ,സ്വന്തം സൃഷ്ടിപരത വംശവൃധിക്കുവേണ്ടി മാത്രം ചെലവിട്ട് ,ഒടുവില്‍ ,വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ പ്രിയപ്പെട്ടവളെ, മനുഷ്യനായിപ്പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല ."--- 


ഇനിയൊരു കത്തില്‍ കാണാം , 

"കക്കൂസിലെ കൊതുകുകളെപ്പോലെ ഇടുങ്ങി ചിന്തിക്കുന്ന കുറേപ്പേരെ ഞാന്‍ എന്റെ ചുറ്റിലും കാണുന്നുണ്ട്. മലം മാത്രം വിസര്‍ജ്ജിക്കാനറിയാവുന്ന ഒരു ജീവിയായിട്ടാവും അവര്‍ മനുഷ്യനെ വിലയിരുത്തുന്നത്. ............ എനിക്കറിയാം തീര്‍ച്ചയായും കൊതുകുകള്‍ മാത്രമല്ല, ചിത്രശലഭങ്ങളുമുണ്ട് ഈ ഭൂമിയിലെന്ന്, പക്ഷേ പറയൂ, അടുത്ത കാലത്തെങ്ങാന്‍ നീയൊരു പൂമ്പാറ്റയെ മലയാളികളുടെ ഇടയില്‍ കണ്ടിട്ടുണ്ടോ?" 



ഇല്ലെന്നു പറയാനാവില്ലെങ്കിലും വിരളം എന്നു തന്നെയാണ് ഉത്തരം. 

"പുസ്തക വായനയില്‍ ഒരു പേന്‍ നോട്ടമുണ്ട്. വിടര്‍ത്തി വച്ച പുസ്തകം ഒന്ന് നോക്കൂ, നേരെടുത്ത് പകുത്തു ചീകിയ ഒരു ശിരസ്സു കാണാം അതില്‍. മധ്യത്തില്‍നിന്ന് ഇരുവശത്തേക്കും വരിയിടുന്ന കറുത്ത ഇഴകള്‍. അതിലൂടെ പാഞ്ഞു നടന്നു, പിടി തരാതെ വരികള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ജീവനുള്ള വാഗര്‍ത്ഥങ്ങള്‍, പിടയ്ക്കുന്ന ഒരാശയം, ഭംഗിയുള്ള ഒരു മുഴുത്ത പദം, ആറുകാലുകളില്‍ പായുന്ന ഒരലങ്കാരം, ചോര കുടിക്കുന്ന ഒരു കറുത്ത വികാരം..... അതുകൊണ്ട് എനിക്കുറപ്പുണ്ട് - ടെലിവിഷനും, കമ്പ്യൂട്ടറും കൊണ്ട് ലോകം നിറഞ്ഞാലും, പുസ്തകങ്ങള്‍ നിലനില്‍ക്കും." 


എത്ര വാസ്തവം! അല്ലേ? 


ആ പേന്‍ നോട്ടത്തിനിടയില്‍ പലപ്പോഴും കണ്ണുകള്‍ നിറഞ്ഞും, ഹൃദയം കനത്തും ആണ് ഞാനീ പുസ്തകത്തിന്‍റെ മുന്നൂറ്റി എഴുപത്തി രണ്ടാം പെയ്ജില്‍ എത്തുന്നതും ആശ്വാസമോ, സങ്കടമോ, സന്തോഷമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു മുഖഭാവത്തോടെ തുടര്‍ന്നുള്ള " മനുഷ്യന് ഒരു അനുബന്ധം" കൂടി വായിച്ചു തീര്‍ത്തതും..

തത്വചിന്തയുടെ അപാരതകളിലേക്കുയര്‍ന്ന്‍ ചിന്തിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ടായിരുന്നിട്ടുകൂടി ഒറ്റക്കിരുന്നു ചിരിയടക്കാന്‍ പാടുപെടേണ്ടി വരുന്ന പല സന്ദര്‍ഭങ്ങളും കഥയിലുണ്ട്. വിസ്മയിപ്പിക്കുന്ന രചനാവൈഭവത്തോടെ മുന്നേറുകയാണ് അക്ഷരക്കൂട്ടങ്ങളുടെ അര്‍ത്ഥവ്യാപ്തിയില്‍, സൂക്ഷ്മതയോടെ  ഓരോ താളുകളും! 

ചുരുങ്ങിയ പക്ഷം ,  
കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന മലയാളികളായ മനുഷ്യരെങ്കിലും വായിച്ചിരിക്കേണ്ടാതായിട്ടുള്ള ഒരു ഒരു സര്‍ഗ സൃഷ്ടിയാണ് "മനുഷ്യന് ഒരു ആമുഖം"  എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എഴുത്തുകാരന്, സുഭാഷ്‌ ചന്ദ്രന്, എന്‍റെ ആദരാഞ്ജലികൾ!


(ആദരാഞ്ജലി എന്ന വാക്കിനപ്പുറം എല്ലായ്പ്പോഴും ഒരു ജഡം കിടക്കുന്നത് കാണുന്ന മലയാളിയോട്, " ആദരാഞ്ജലി" എന്നാൽ ആദരവോടെ കൈ കൂപ്പൽ എന്നാണു അർത്ഥമെന്നുള്ള കൌതുകം എഴുത്തുകാരൻ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ.! )