2020, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

തണുത്ത രാത്രിയിലെ സൂഫിനൃത്തം

കപ്പഡോഷ്യയിലെ യാത്രകൾക്ക് അവസാനമാകാറായി. ചൂടുവാതകം നിറച്ച ബലൂണുകളിൽ ആളുകൾ പൊങ്ങിപ്പറക്കുന്നത് ഹോട്ടൽ മുറിയിലിരിയ്ക്കുമ്പോള്‍ ജനലിലൂടെ കാണാമായിരുന്നു.അതിനുള്ള ടിക്കറ്റ് എടുക്കട്ടെ എന്ന് അലി പലപ്രാവശ്യം ചോദിച്ചിരുന്നു. ഞങ്ങള്‍ ഭയക്കും പോലെയുള്ളത്ര അപകടസാധ്യത ഇല്ലെന്നും അയാള്‍ ഉറപ്പുനല്‍കി. എന്നിട്ടും ധൈര്യക്കുറവ് മൂലം ഭാഗ്യപരീക്ഷണം വേണ്ടെന്ന് വച്ചു. കൊച്ചുകൂടാരങ്ങള്‍ പോലെ മന്ദംമന്ദം നീങ്ങുന്ന നിറക്കൂട്ടുകളില്‍ ആകാശത്തിന് ചാരുതയേറുന്നതും നോക്കിയിരുന്നതേയുള്ളൂ.

ഒരാഴ്ച എത്ര പെട്ടെന്നാണ് ഓടിമറഞ്ഞത്‌! കണ്ടുതീരാനിനിയും    കാഴ്ചകളെത്രയോ ബാക്കി!. തണുപ്പിലൂടെ നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം ഓർഹൻ പാമുക്കിന്റെ മഞ്ഞു വന്ന് വിചാരങ്ങളെ മൂടിയിരുന്നു.

ടർക്കിയിൽ വരുന്ന സഞ്ചാരികൾ കാണാതെ പോകരുതെന്ന് ഉറപ്പിച്ചുപറയാവുന്ന സ്ഥലമാണ് വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുരാതന ട്രോയ് നഗരം. ഹോമര്‍ അനശ്വരമാക്കിയ, ഇതിഹാസവും ചരിത്രവും കൈകോർക്കുന്ന ട്രോയ് നഗരം പണ്ട് റോമക്കാരുടെ അധീനതയിലായിരുന്നു. കഴിഞ്ഞ അയ്യായിരം വര്‍ഷങ്ങളില്‍ ഒന്നല്ല ഒന്‍പതുപ്രാവശ്യം വൻതോതില്‍ നാശത്തിനിരയാവുകയും പുനർനിർമ്മാണം ചെയ്യപ്പെടുകയും ചെയ്ത പ്രാക്തനഭൂമി!. ഇന്നവിടെ കാണാൻ കഴിയുന്നത് പൗരാണിക ട്രോയുടെ നാമമാത്രമായ അവശിഷ്ടങ്ങളാണ്. മരക്കുതിരയെ കാണാനാണെങ്കില്‍ ഒരു ഇംഗ്ലീഷ് സിനിമയ്ക്കായി പണിതീര്‍ത്ത ഭീമാകാരൻ മരക്കുതിരയുടെ അരികിലെത്തി ആശ്വസിക്കാം. 

ടര്‍ക്കിയില്‍ ഇനി ഒരുരാത്രികൂടിയാണ് ബാക്കിയുള്ളത്. സൂഫിനൃത്തം കാണുന്നതിനുള്ള ടിക്കറ്റെടുത്ത് അധികം ഇരുട്ടുംമുൻപേ അലിയോടൊപ്പം പുറപ്പെട്ടു. 

പന്ത്രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള, മുസ്ലീംമതാധിഷ്ഠിതമായ ഒരു ചടങ്ങായ സൂഫിനൃത്തം മനുഷ്യന്‍റെ ആത്മീയാരോഹണത്തിലേയ്ക്കുള്ള അജ്ഞേയമായ യാത്രയാണെന്നാണ് കേട്ടുകേള്‍വി. സ്നേഹത്തിലടിയുറപ്പിച്ച് പരമാര്‍ത്ഥത്തേയും പരിപൂര്‍ണ്ണതതേയും തേടുകയാണ് ഇവര്‍ ചെയ്യുന്നത്. ആത്മീയയാത്രയില്‍നിന്നും തിരിച്ചുവരുന്ന മനുഷ്യന് എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനും അവര്‍ക്കായി സേവനമനുഷ്ഠിക്കാനും കഴിയും എന്നാണ് സൂഫിവിശ്വാസം. 

വലിയൊരു കെട്ടിടത്തിന്റെ ഏതോ ഒരു നിലയിൽ പ്രത്യേക ഇരിപ്പിടസംവിധാനങ്ങളുള്ള മുറിയിലായിരുന്നു നൃത്തം അവതരിക്കപ്പെട്ടത്. പ്രവേശിക്കുന്നതിന് മുൻപായി, അകത്ത് കർക്കശമായും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റി ഉത്തരവാദിത്തപ്പെട്ട പ്രതിനിധികൾ ചെറിയൊരു വിശദീകരണം നൽകിയിരുന്നു. 
ഹാളിനുള്ളില്‍ പേടിപ്പെടുത്തുന്ന നിശബ്ദാന്തരീക്ഷമായിരുന്നു . അജ്ഞാതമായ എന്തോ ഒന്നിന്‍റെ സാന്നിധ്യം അവിടമാകെ നിറഞ്ഞുനിന്നിരുന്നപോലെ!. 


ഒരുവശത്ത് തട്ടുകളായി വിന്യസിച്ചിരുന്ന ഇരിപ്പിടങ്ങളിലായി ഞങ്ങളിരുന്നു.കറുത്തവേഷവും ത്രികോണാകൃതിയിലുള്ള വെളുത്ത നീളൻതൊപ്പിയും ധരിച്ച പത്തുപേർ രംഗപീഠത്തിൽ വന്ന് വൃത്തത്തില്‍ നിലയുറപ്പിച്ചു. ഓരോ നീക്കങ്ങള്‍ക്കും പ്രത്യേകം അര്‍ത്ഥങ്ങളുണ്ടെന്ന് അലി പറഞ്ഞുതന്നു. 

ഭൂമിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നു എന്ന് സൂചിപ്പിക്കുംവിധം പുറമേ ധരിച്ചിരുന്ന കറുത്തവസ്ത്രം അവര്‍ അഴിച്ചുമാറ്റി.

ഇപ്പോള്‍ വെളുത്തതൊപ്പിയും ജാക്കറ്റും നീളന്‍ പാവാടയുമാണ് അവരുടെ വേഷം. ആകെ ധവളമയം!തൊപ്പി ശ്മശാനസ്തംഭത്തെയും ജാക്കറ്റ് ശവകുടീരത്തെയും പാവാട ശവക്കച്ചയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

ദൈവത്തില്‍ വിലയം പ്രാപിക്കുന്നുവെന്നതിന്റെ സൂചകമായി ഓരോരുത്തരും കൈകള്‍ രണ്ടും നെഞ്ചില്‍ പിണച്ചുവച്ചുനിന്നു.

നേരിയ സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ വലതുകൈ ആകാശത്തേയ്ക്കുയര്‍ത്തിയും (ദൈവത്തിൽ നിന്നും ശ്രേഷ്ഠത വരിയ്ക്കാൻ ) , ഇടതുകൈ ഭൂമിയിലേയ്ക്ക് ചൂണ്ടിക്കൊണ്ടും (ഭൂമിയിൽ ദൈവനന്മയിലേക്കുള്ള മാർഗ്ഗം), വലത്തുനിന്നും ഇടത്തോട്ടായി അവർ നിന്നിടത്തു നിന്ന് തിരിഞ്ഞുതുടങ്ങി. ചിലര്‍ കഴുത്ത് പിന്നിലേക്ക്‌ ഒടിച്ചിട്ടപോലെയും ചിലര്‍ ഒരു വശത്തേയ്ക്ക് അല്പം ചെരിച്ചും ആണ് വച്ചിരുന്നത്. 

സംഗീതത്തിന്‍റെ തീവ്രത കൂടിക്കൊണ്ടിരുന്നു. അതിനനുസരിച്ച് ശുഭ്രവസ്ത്രധാരികൾ, പ്രത്യേക നിര്‍വൃതിയില്‍ യോഗാത്മകതയിലേക്ക് ലയിക്കുംപോലെ വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു. ഒഴുകിക്കിടന്ന പാവാടകള്‍ വലിയ വട്ടങ്ങള്‍ തീര്‍ത്തുകൊണ്ട് നിര്‍ത്താതെ തിരിഞ്ഞു. കാണികളായ ഞങ്ങള്‍ സത്യത്തില്‍ അല്പം അന്ധാളിപ്പോടെ കൂടിയ ഹൃദയമിടിപ്പോടെ രംഗം വീക്ഷിച്ചിരുന്നു. 

രണ്ടുമൂന്ന് വ്യത്യസ്തസംഘങ്ങള്‍ മാറിമാറി വന്ന് നൃത്തംചെയ്തു. ഒരുമണിക്കൂറിനു ശേഷം നൃത്തം അവസാനിച്ചപ്പോള്‍ സംഘം സാവധാനത്തില്‍ കറുത്ത മേലങ്കിയെടുത്തണിഞ്ഞു. ഭൗതികലോകത്തേയ്ക്ക് തിരിച്ചെത്തിയെന്നതിന്‍റെ സൂചന! ആദ്യമായി കാണുന്നതിനാലോ അതോ നൃത്തത്തിന്റെ ആത്മീയപരിവേഷം മൂലമോ എന്നറിയില്ല, ആദ്യാവസാനം വരെ വളരെയധികം ജിജ്ഞാസയോടെയാണ് ഇരുന്നത്. 

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ലയനം ,പലമതങ്ങൾ പലതരത്തിൽ പറയുന്നെങ്കിലും എല്ലാ മനുഷ്യരും ഒടുവിലെത്തുന്നത് ഒന്നിലേയ്ക്കുതന്നെ!. രാത്രിയേറെ ചെന്നിട്ടും മനസ്സില്‍നിന്നും ഇറങ്ങിപ്പോകാതെ ഉറക്കംകെടുത്തിയ സൂഫിനൃത്തം ഇപ്പോഴും ഇടയ്ക്കൊക്കെ വെളുത്ത പാവാടച്ചിറകുമായി കണ്മുന്നില്‍ ചുവടുകള്‍ വച്ച് തിരിയാറുണ്ട്. അപ്പോഴെല്ലാം നിശബ്ദതയെ മുറിച്ച് ഒഴുകിവരുന്നൊരു സംഗീതം അന്തരാത്മാവിനെ തൊടുന്നതിന്റെ നിഗൂഢമായ അനുഭൂതിയോടൊപ്പം അകാരണമായ ഭയവും എന്നെ വന്നു പൊതിയാറുണ്ട്.

മാസ്മരികതയുടെ നഗരത്തില്‍ ഇനിയും ബാക്കിയാവുന്നു  കണ്ടുതീരാതെ  അത്ഭുതങ്ങള്‍ !.ഒരു സ്ഥലത്തെ പ്രണയിക്കുക സാധ്യമാണെന്ന് ആ നഗരം എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.

രാവിലെ അലിയോടും കപ്പഡോഷ്യയോടും വിടപറയുമ്പോൾ അലി വാചാലനായി. "കൂട്ടുകാരോടെല്ലാം പറയണം തുർക്കിയുടെ രമണീയതയെ പറ്റി, അതൊളിപ്പിച്ചിട്ടുള്ള അത്ഭുതങ്ങളെപ്പറ്റി, വ്യത്യസ്തമായ സംസ്ക്കാരത്തെ പറ്റി.. പിന്നെ ഈ അലിയെ പറ്റിയും." 
നിറഞ്ഞ സംതൃപ്തിയോടെ ഒരു ചിരിയിലൊതുക്കി ഉത്തരം.

വിമാനത്തിന്റെ കൊച്ചുജനലിലൂടെ, മഞ്ഞുപാളികള്‍ക്കിടയിലൂടെ താഴെ പരന്നുകിടന്ന പച്ചപ്പിലേയ്ക്കും മലനിരകളിലേയ്ക്കും നോക്കി, വെറുതേ ചോദിച്ചു, " ഇവിടെയ്ക്ക് ഇനിയൊരു യാത്രയുണ്ടാകുമോ"?..

നഗരം കട്ടിയുള്ള മഞ്ഞുപുതപ്പും കാത്തുകിടന്നു. നശ്വരമായ ജീവിതത്തിന്‍റെ ആക്സ്മിതകളെപ്പറ്റി കൌതുകപ്പെട്ടുകൊണ്ട് വിമാനത്തിന്റെ ഇരമ്പലില്‍ ഞാനും ഉയരങ്ങളിലേക്ക് ചിറകുകളില്ലാതെ പറന്നു.

2020, ജനുവരി 31, വെള്ളിയാഴ്‌ച

യക്ഷിക്കഥകളിലെ മൺകൂനകള്‍

പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിച്ചിരുന്ന "പട്ടുപാത"യിലൂടെ (silk route) ശതാബ്ദങ്ങള്‍ക്കു മുന്‍പ് സാഹസികയാത്ര നടത്തിയിട്ടുള്ള വ്യാപാരികളെയത്രയും അമ്പരപ്പിച്ചിട്ടുള്ളതാണ് കപ്പഡോഷ്യയിലെ വിചിത്രസൗന്ദര്യമുള്ള ഫെയറി ചിമ്മിനികള്‍.


കോടാനുകോടിവര്‍ഷങ്ങള്‍ക്കുമുന്‍പ്, മനുഷ്യരുണ്ടാവുന്നതിനും എത്രയോ മുന്‍പുതന്നെ, സ്ഫോടനാത്മകമായ അഗ്നിപര്‍വ്വതങ്ങളുടെ വിസ്തൃതമേഖലയായിരുന്നു കപ്പഡോഷ്യ. വിസ്ഫോടനങ്ങളിലൂടെ പുറംതള്ളപ്പെട്ട ചാരവും ലാവയും അടുക്കുകളായി ആ പ്രദേശത്തെ ഒന്നായി മൂടുകയായിരുന്നു. സഹസ്രാബ്ദങ്ങളോളം ഋതുചക്രങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യപ്പെട്ട് തേയ്മാനം സംഭവിച്ച പര്‍വ്വതശിഖരങ്ങളാണ് ഇന്ന് നാം കാണുന്ന ഫെയറിചിമ്മിനികള്‍ എന്നാണ് ഭൂമിശാസ്ത്രവിദഗ്ദരുടെ വിശദീകരണം.

എന്തുതന്നെയായിരുന്നാലും പ്രകൃതിയുടെ രഹസ്യങ്ങളും കരവിരുതും കൈകോര്‍ക്കുമ്പോള്‍ കാലാന്തരങ്ങളില്‍ ഉടലെടുക്കുന്ന അത്യത്ഭുതങ്ങള്‍ ചിലപ്പോള്‍ വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും  അതീതമായി നില്‍ക്കുമെന്ന് തീര്‍ത്തു പറയാനാവുമെന്നതില്‍ സംശയമില്ല. അത്രയും വശ്യസൗന്ദര്യമാണ് UNESCO പൈതൃകപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള യക്ഷിക്കൂനകളുള്ള  ഗിരിശൃംഗങ്ങള്‍ക്ക്.

മലനിരകള്‍ക്കുമുന്നിലായി സമതലത്തില്‍  ഒരു ഒട്ടകത്തെ കെട്ടിയിട്ടിരുന്നിടത്താണ് വണ്ടി നിന്നത്. "മലകളിലും ഒട്ടകമോ " എന്ന് കളിയായി ചോദിച്ചപ്പോള്‍ അലി പറഞ്ഞത് തുര്‍ക്കിയുടെ ഒട്ടക ചരിത്രമാണ്. ഒട്ടകങ്ങള്‍ ഇല്ലാത്ത തുർക്കിയില്‍ ഒട്ടകങ്ങള്‍ തമ്മിലുള്ള ഗുസ്തിയുത്സവം നടക്കാറുണ്ടെത്രേ! രണ്ടായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ആഘോഷമാണിത്. ഇതിനായി ഇറാന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും ഒട്ടകങ്ങളെ കൊണ്ട് വരാറുണ്ട് പോലും!. ഗുസ്തിയറിയുന്ന ഒട്ടകമാണെന്നു ബോധ്യപ്പെടാന്‍ താമസമുണ്ടായില്ല. അടുത്തേയ്ക്ക് ചെന്നതും ആ ജീവി തലയിളക്കി പേടിപ്പിച്ചു.

അലി ഞങ്ങളെയും കൂട്ടി മലകൾക്കിടയിലുള്ള വീതി കുറഞ്ഞ വഴികളിലൂടെ കുറച്ചു ദൂരം നടന്നു. 

മായക്കാഴ്ചയോ യാഥാർത്ഥ്യമോ എന്ന് ഒരു വേള ചിന്തിച്ചുപോകുന്നവിധം അത്ഭുതപ്പെടുത്തുന്നതാണ് ഉന്നതസമതലങ്ങളില്‍ കാണാനാവുന്ന കുഴലുകള്‍ പോലെ മേലോട്ടുനോക്കിനില്ക്കുന്ന ഫെയറി ചിമ്നികള്‍. ഋതുഭേദങ്ങള്‍ ശോഷിപ്പിച്ച പാറമൺകൂനകള്‍ പലതരം മഴക്കൂണുകളുടെ രൂപത്തില്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്നു. ഇന്ദ്രജാലം കൊണ്ടുണ്ടായതാണോ ഇവയെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല .


"അമ്പരപ്പിക്കുന്ന സൗന്ദര്യം" എന്നാണ് ആ കാഴ്ചയെ ഞാനെന്‍റെ മനസ്സില്‍ ചുരുക്കിയെഴുതിയിട്ടത്. മറ്റൊരു ലോകത്ത്, മറ്റൊരു കാലത്തില്‍, മറ്റൊരു  അനുഭൂതിയില്‍ ആ ദൃശ്യം എന്നെ തളച്ചിട്ടു.! 
ഭൌമാന്തര്‍ഗുഹകള്‍ക്കെന്ന പോലെ യക്ഷിക്കൂനകള്‍ക്കും പറയാനുണ്ടാകും ഒരുപാട് പഴങ്കഥകള്‍ .നൂറ്റാണ്ടുകള്‍ക്കപ്പുറം മനുഷ്യര്‍ക്ക്‌ യുദ്ധങ്ങളില്‍നിന്നും ശത്രുക്കളില്‍നിന്നും രക്ഷപ്പെട്ടോടിയൊളിയ്ക്കാനുള്ള അഭയകേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്നു ഈ അത്ഭുത സൃഷ്ടികള്‍  .

കുറേക്കാലം തദ്ദേശവാസികള്‍ ഈ ചിമ്മിനികള്‍ കൊട്ടാരങ്ങളായും പള്ളികളായും മറ്റു താമസസ്ഥലങ്ങളായും ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ ഇന്നും ശേഷിക്കുന്നുണ്ടെന്നും ചില ചിമ്മിനികള്‍ ഇന്നും വാസയോഗ്യമാണെന്നും അലി പറഞ്ഞു. ടൂറിസത്തിന്റെ ഭാഗമായി ഇതിനോട് ചേർന്ന് കൂടുതല്‍ താമസ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 




ഫെയറി ചിമ്നികള്‍ക്കിടയിലൂടെ കുറച്ചു ദൂരം ചെന്നപ്പോഴാണ് അലി മുസ്തഫയെ പരിചയപ്പെടുത്തി തന്നത്. 
ഒരു കലത്തില്‍ കുറേ പഴങ്ങളും മറ്റെന്തൊക്കെയോ കൂട്ടുകളും ഇട്ട് അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ചുകത്തിച്ച് തിളപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു മുസ്തഫ. പ്രാദേശികമായി വീഞ്ഞുണ്ടാക്കലാണ് മുസ്തഫയുടെ തൊഴില്‍. കണ്ടാലും ഒരു മാന്ത്രികന്റെ മുഖച്ഛായ തോന്നും. മാന്ത്രികതാഴ്വാരത്തിലൊരു മാന്ത്രികനെയല്ലേ കണ്ടെത്താനാകൂ, മറിച്ച് വരില്ലല്ലോ.!

അയാള്‍ ഒരു ഗ്ലാസ്സില്‍ നീട്ടിയ വീഞ്ഞ് വാങ്ങി കുടിച്ചുനോക്കി. ചൂടുള്ള വീഞ്ഞ്! ചവർപ്പും മധുരവും കലർന്ന വ്യത്യസ്തമായ രുചിയായിരുന്നു അതിന്. 

ഫെയറിലാന്റിനെ പിന്നിലാക്കി, പ്രാവുകളുടെ താഴ്വാരം ലക്ഷ്യമാക്കി വണ്ടി നീങ്ങി. മേല്‍ത്തട്ടില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ കാണുന്നത്  വിശാലമായ താഴ്വരയാണ്. 

മലയുടെ ചെരിവുകളില്‍ നിറയെ കൊച്ചുകൊച്ച് പ്രാവിൻകൂടുകള്‍ ! കാലങ്ങള്‍ക്ക് മുന്‍പ് മനുഷ്യരുണ്ടാക്കിയതാണ്. പണ്ട് തുർക്കികള്‍ പ്രാവുകളെ ഭക്ഷണത്തിനായി വളര്‍ത്തിയിരുന്നു. അവയുടെ കാഷ്ഠം വളമായും ഉപയോഗിച്ചിരുന്നു. ഇതിനായി അഗ്നിപർവ്വതസ്ഫോടനം നടന്ന മലകളുടെ പഞ്ഞിത്തുണ്ട് പോലെ മൃദുലമായ ചെരിവുകളില്‍ അവര്‍ പ്രാവുകൾക്ക് പാർക്കാനായി കൊച്ചു കൂടുകള്‍ കൊത്തിയുണ്ടാക്കി. ആയിരക്കണക്കിന് പ്രാവുകളെ അവര്‍ ഉപയോഗത്തിനായി ഇങ്ങനെ വളർത്തിയിരുന്നു. അകലെനിന്ന് നോക്കുമ്പോള്‍ പോലും മലഞ്ചെരുവുകളില്‍ പടർന്ന നീല, പച്ച, പിങ്ക്, ഓറഞ്ച് എന്നിവയുടെ നിറഭേദങ്ങള്‍ കാണാനാകും. പ്രാവിന്റെ കാഷ്ഠം പാറമണ്ണില്‍ കിടന്ന് രാസപ്രവർത്തനം നടന്നാണ് മലകൾക്ക് അത്രയും നിറഭേദങ്ങള്‍ ഉണ്ടായതെന്നാണ് ശാസ്ത്രം.



പീജിയൻ വാലിയിൽ വന്നിറങ്ങിയപ്പോഴേ വണ്ടി നിർത്തിയിടത്ത് ഒരു മരത്തില്‍ തൂക്കിയിട്ടിരുന്ന വെള്ളയും ആകാശനീലയും കരിനീലയും നിറങ്ങളുപയോഗിച്ചുണ്ടാക്കിയ കണ്ണിന്റെ ആകൃതിയിലുള്ള മുത്തുകളില്‍ തീര്‍ത്ത അലങ്കാരങ്ങള്‍ ശ്രദ്ധിച്ചിരുന്നു. 

മരത്തില്‍നിന്നും ഏതാനും മാലകള്‍ ഊരിയെടുത്ത്‌ കഥകളുടെ രാജകുമാരനായ അലി തുടങ്ങുകയായി,

“നിങ്ങൾക്കറിയാമോ ദൃഷ്ടിദോഷം വരാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ഈ മുത്തുമണികള്‍ ലോകം മുഴുവനും വ്യാപിച്ചത് തുർക്കിയിലെ ഒരു പട്ടണത്തില്‍ നിന്നാണെന്ന്?”

തുർക്കിയില്‍ എവിടെ തിരിഞ്ഞാലും ഈ മുത്തുകള്‍കൊണ്ട് അലങ്കരിച്ച വസ്തുക്കളാണല്ലോ എന്ന കാര്യം ആദ്യമേ ശ്രദ്ധിച്ചതാണ്. മാല , വള, കമ്മല്‍, തുടങ്ങി, കാറിലും താക്കോലിലും ഇടാനുമുള്ള തൂങ്ങലുകള്‍ വരെ പലരൂപങ്ങളില്‍ ഇവ എവിടെയും നിറഞ്ഞുകിടപ്പുണ്ട്. ഇവയുടെ സാന്നിധ്യം ദൃഷ്ടിദോഷത്തെ അകറ്റുമെന്നാണ് വിശ്വാസം. മുത്തുകളില്‍ വിള്ളലുകള്‍ വീഴാനിടയായാല്‍ അത് ദോഷത്തെ ക്ഷണിച്ചു വരുത്തുമെന്നും തുര്‍ക്കികള്‍ ഭയപ്പെടുന്നു. പ്രത്യേക താപനിലയില്‍ മുത്തുകള്‍ പഴുപ്പിച്ച് പരമ്പരാഗത രഹസ്യക്കൂട്ടുകള്‍ ചേർത്ത് നിറം നല്‍കി ആകൃതിവരുത്തിയെടുക്കുന്ന കര കൌശല വിദ്യയുടെ ആയിരക്കണക്കിന് വർഷങ്ങള്‍ പഴക്കമുള്ള നിർമ്മാണ സൂത്രം അവര്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. 

മടക്കയാത്രയില്‍ ഒരിടത്ത് നിർത്തി രുചികരമായ ടർക്കിഷ് ഭക്ഷണം കഴിക്കാനുള്ള ഏർപ്പാട് അലി ചെയ്തിരുന്നു. വഴുതനങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ തുർക്കികളുടെ വിശിഷ്ടഭക്ഷണമാണെന്ന് അലി പറഞ്ഞാണ് അറിഞ്ഞത്‌. കെന്റ കെബാബ് (Kenda kebab) ഉൾപ്പെടെ പരമ്പരാഗതമായ വിഭവങ്ങളും പല രുചിയിലും നിറത്തിലുമുള്ള വീഞ്ഞും മേശപ്പുറത്ത് നിരന്നു. 

ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അലി തുര്‍ക്കിയിലെ നീലക്കല്ലുകളെക്കുറിച്ച് പറഞ്ഞത്. ടർക്കോയിസിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍ അലിയില്‍ നിന്ന് ശേഖരിയ്ക്കാനായി.

തുർക്കിയിലാണ് ടർക്കോയിസ്സിന്റെ ഉത്ഭവം. ഇവിടത്തെ പ്രശസ്തമായ ടർക്കോയിസ് തീരം അഥവാ നീലതീരം കാണേണ്ടതുതന്നെയാണ്. ഒറിജിനല്‍ ടർക്കോയിസ് കിട്ടുന്നിടത്തേയ്ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് അലി ഞങ്ങളെ കൊണ്ടുപോയത് കേരളത്തിലെ ഖാദി പോലുള്ള ഒരു സ്ഥാപനത്തിലേക്കായിരുന്നു. നീലക്കല്ലുകളുടെ ഒരു ലോകത്തേയ്ക്ക്! നല്ല വിലയുണ്ടെങ്കിലും ഒരിഷ്ടത്തിന് മഴത്തുള്ളിയുടെ ആകൃതിയിലുള്ള നാല് വലിയ കല്ലുകള്‍ വാങ്ങി. തൊട്ടടുത്തുണ്ടായിരുന്ന ലെതര്‍ ഫാക്ടറിയുടെ ഷോറൂമില്‍ നിന്നും വാങ്ങിയ ജാക്കെറ്റിന്റെ കൂടെ കല്ലുകളും സൂക്ഷിച്ചു വച്ചു. തുർക്കിയാത്രയുടെ ഓർമ്മയ്ക്കായിരിയ്ക്കട്ടെ കുറച്ചു നീലക്കല്ലുകള്‍..



2020, ജനുവരി 24, വെള്ളിയാഴ്‌ച

അത്ഭുതനഗരമായ കപ്പഡോഷ്യ

കേയ്സേരിയില്‍നിന്നും വിമാനമാർഗ്ഗം ചെന്നിറങ്ങി വീണ്ടും ഒരു മണിക്കൂറോളം ടാക്സിയില്‍ യാത്രചെയ്താണ് അതിപ്രാചീനമെന്ന് തോന്നിപ്പിക്കുന്ന കപ്പഡോഷ്യ എന്ന സ്ഥലത്തെത്തുന്നത്‌. ഇസ്താംബൂളിന്റേതില്‍നിന്നും  വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കപ്പഡോഷ്യയ്ക്ക്. 

ചെറുപ്പക്കാരനായൊരു ഗൈഡാണ് വിമാനത്താവളത്തിലിറങ്ങിയ ഞങ്ങളെ താമസിക്കാന്‍ ഏര്‍പ്പാടാക്കിയ ഹോട്ടലിലേക്ക് കൊണ്ടുപോയത്. തന്നെ "അലി " എന്ന് വിളിച്ചാല്‍ മതിയെന്ന്‍  ആ ചെറുപ്പക്കാരന്‍ എല്ലാവരോടുമായി പറഞ്ഞു. മൂന്നു ദിവസങ്ങള്‍കൊണ്ട് കപ്പഡോഷ്യയില്‍ പരമാവധി പര്യവേക്ഷണം ചെയ്യാനായിരുന്നു പദ്ധതി.


രാവിലെ ഞങ്ങളെ ഹോട്ടലില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ അലി വന്നു. “ഇനിയുള്ള മൂന്നുദിവസങ്ങള്‍ നിങ്ങൾക്ക് മറ്റെല്ലാം മറന്ന്ആസ്വദിക്കാനുള്ളതാണ്” എന്നുപറഞ്ഞാണ് അലി ഞങ്ങളെ സ്വാഗതം ചെയ്തത്. ഊര്‍ജ്ജ്വസ്വലമായ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും ആളുകളെ ആകർഷിക്കുന്ന വ്യക്തിത്വമാണ് അലിയുടേതെന്ന് പെട്ടെന്ന് മനസ്സിലാക്കാനായി. യാത്രയില്‍ അയാള്‍ പറഞ്ഞതെല്ലാം വിസ്മയങ്ങള്‍ ഒരുപാട് ഒളിപ്പിച്ചുവയ്ക്കുന്ന കപ്പഡോഷ്യയെപ്പറ്റിയായിരുന്നു. 


ഭൂഗർഭഗുഹകള്‍ , അഗ്നിപർവ്വതങ്ങള്‍, പ്രാവുകളുടെ താഴ്വാരം, പ്രകൃതിദത്തമായ നീലക്കല്ലുകള്‍, തുകല്‍വ്യവസായം, വീഞ്ഞുണ്ടാക്കാനായി വളർത്തുന്ന പഴത്തോപ്പുകള്‍, സൂഫിനൃത്തം,എന്നിങ്ങനെ ജിജ്ഞാസയുണര്‍ത്തുന്ന വിഷയങ്ങള്‍ പലതും മാറിമാറി വന്നു.

ആദ്യം ഞങ്ങളെ കൊണ്ടുപോകുന്നത് ഭൂഗർഭഗുഹകളിലേക്കാണെന്ന്  അറിഞ്ഞപ്പോള്‍ നാട്ടില്‍ വീടിനടുത്ത്‌ ആറേശ്വരം അമ്പലത്തിനോടു ചേർന്നുള്ള ആ ചെറിയ പുനര്‍ജ്ജനിഗുഹയാണ് ഓർമ്മയിൽ തെളിഞ്ഞത്. തൊഴാന്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ ഉള്ളില്‍ കയറിയിട്ടില്ല. പാപമോക്ഷം ആഗ്രഹിച്ച് അതിലൂടെ കടക്കാന്‍ ശ്രമിച്ചവരില്‍ ചിലര്‍ അകത്തു കുടുങ്ങുകയും വെളിച്ചപ്പാട് വന്ന് വടിയിട്ടുകുത്തി പുറത്തേയ്ക്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന തരത്തിലുള്ള  ഭീകരകഥകള്‍ പലതും ശ്രവിച്ചശേഷം ഗുഹയെന്നു കേൾക്കുമ്പോഴേ ശ്വാസം നിലയ്ക്കുന്ന അവസ്ഥയിലെത്തുന്ന ആളായ ഞാൻ ഭൂമിയ്ക്കടിയിലെ ഗുഹ എങ്ങിനെയാവും എന്നോര്‍ത്ത് നടുങ്ങി. 

വണ്ടി ചെന്നുനിന്നത് വലിയൊരു ഭൂഗർഭഗുഹയുടെ പുറത്താണ്. ഒരു വശത്തായി വള, മാല, ബാഗ്‌, പഴ്സ്, കമ്പിളിവസ്ത്രങ്ങള്‍ തുടങ്ങിയവയുടെ ചെറിയ വില്‍പ്പനശാലകള്‍   ഉണ്ടായിരുന്നു.



ഗുഹയിലേക്ക് പ്രവേശിക്കുംമുൻപ് അലി ചോദിച്ചു, നിങ്ങളിലാർക്കെങ്കിലും ക്ലസ്ട്രോഫോബിയ ( ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയം) ഉണ്ടോ..?” ഉള്ളതുപറഞ്ഞാല്‍  പരിപാടി റദ്ദായാലോ എന്ന് കരുതി ചെറുതായൊരു ബുദ്ധിമുട്ടുണ്ടെന്ന് മാത്രം മറുപടി പറഞ്ഞ് മറ്റുള്ളവരോടൊപ്പം ഞാനും ഉത്സാഹവതിയായി. 

മങ്ങിയ വെളിച്ചത്തില്‍ ഇടനാഴികളും പടികളും വളവുകളും തിരിവുകളും കടന്നു പോകവേ കയ്യിലെ ടോർച്ച് കാണിച്ച് അലി ചോദിച്ചു, “വെളിച്ചമണച്ച് ഇരുട്ടിലൂടെ നടക്കാന്‍ ആർക്കെങ്കിലും താല്പര്യമുണ്ടോ? അന്നേരം  നമുക്കീ ടോർച്ച് തെളിയിക്കാം.” 
“അയ്യോ വേണ്ട” എന്ന എന്റെ മറുപടി പെട്ടെന്നായിരുന്നു. അല്ലെങ്കില്‍ത്തന്നെ കുറേശ്ശെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ എന്ന സംശയം തലപൊക്കിത്തുടങ്ങിയിരുന്നു. തോന്നലാണല്ലോ പല  പ്രശ്നങ്ങള്‍ക്കും നിദാനം.


അലി പറഞ്ഞ അത്ഭുതകഥകള്‍ ...

“ഇരുന്നൂറിലധികം ഭൂഗർഭഗുഹകളാണ് ഈ പ്രദേശത്താകെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശൈത്യത്തിൽ നിന്നും ശത്രുക്കളിൽനിന്നും രക്ഷ നേടാനായി പുരാതനമനുഷ്യര്‍  ഉപയോഗിച്ചിരുന്ന താമസയിടങ്ങളായിരുന്നു ഇവ.

ജെറുസലേമില്‍ നിന്നും പുറത്താക്കപ്പെട്ട ക്രിസ്തുമതവിശ്വാസികള്‍ തങ്ങൾക്ക് ഒളിച്ചു കഴിയാനുള്ള സുരക്ഷിതമായ രഹസ്യസ്ഥലങ്ങള്‍ നോക്കി നടക്കുന്നതിനിടെയാണ് ഇവിടെ കണ്ട ഭൂഗർഭഗുഹകളില്‍ അഭയം തേടുന്നത്.
റോമാക്കാരില്‍ നിന്നും ഒളിച്ചുകഴിഞ്ഞ ഇവര്‍ ക്രമേണ ഈ പരിസരങ്ങളില്‍ ക്രിസ്തീയ കോളനികള്‍ സ്ഥാപിക്കുകയായിരുന്നു.

"ഡെറിങ്കുയു" ആണ് കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രദ്ധേയമായത്. 1963ല്‍ വളരെ ആകസ്മികമായാണ് ഈ ഗുഹ കണ്ടെത്തുന്നത്. പ്രദേശവാസികളായ ഒരു കുടുംബം തങ്ങളുടെ ഭവനപുനരുദ്ധാരണവേളയില്‍ ഭൂഗർഭഅറകളിലേക്ക് തുറക്കുന്ന ഒരു ചുമര് കാണാനിടയാവുകയായിരുന്നു. പാർപ്പിടങ്ങള്‍, പ്രാർത്ഥനാലയങ്ങള്‍, ശവകുടീരങ്ങള്‍,കടകള്‍, ശുദ്ധജലസംഭരണശാലകള്‍ ,വളർത്തുമൃഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക അറകളടങ്ങുന്ന രൂപരചനയാണ് അതിന്റെ ഉള്ളിലുള്ളത്. ഹിമയുഗത്തില്‍ അതിശൈത്യത്തില്‍നിന്നും രക്ഷപ്പെടാനായിരിയ്ക്കാം പുരാതനമനുഷ്യര്‍ ഇത്തരം ഗുഹകളുണ്ടാക്കിയിരുന്നതെന്ന് ന്യായമായും  ചിന്തിക്കാവുന്നതാണ്. എങ്കിലും ഇരുപതിനായിരത്തോളം ആളുകൾക്ക് പാർക്കാവുന്നത്രയും വലുപ്പത്തില്‍ പതിനൊന്നുനിലകളിലായി ഒരുക്കിയെടുത്തിട്ടുള്ള ഗുഹയിലെ  സുദൃഢവും സങ്കീർണ്ണവുമായ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന എന്തില്‍നിന്നോ ഒളിച്ചിരിക്കാനുള്ള വ്യഗ്രതയും അന്തേവാസികള്‍ക്കുണ്ടായിരുന്നില്ലേ എന്ന സംശയത്തിന്‍റെ നിഴലുകള്‍ കൂടി  ബാക്കിയാവുന്നുണ്ട്.   

പ്രവേശനകവാടങ്ങള്‍ അടയ്ക്കാനായി ഉപയോഗിച്ചിരുന്നത് പടുകൂറ്റന്‍ പാറകളാണ്. ഇതേ രീതിയിൽത്തന്നെയാണ് ഓരോ നിലകളും മറ്റുള്ള നിലകളില്‍ നിന്നും അടച്ച് ഭദ്രമാക്കിയിട്ടുള്ളതും. തച്ചുശാസ്ത്രത്തിലും പ്രാദേശിക ഭൂമിശാസ്ത്രത്തിലും അന്നത്തെ മനുഷ്യർക്കുണ്ടായിരുന്ന അസാമാന്യമായ നിപുണത ഗുഹക്കുള്ളില്‍ നിന്നും വ്യക്തമാണ്. ആ ഗുഹ എപ്പോള്‍, ആര്, നിർമ്മിച്ചു , ഉപയോഗിച്ചു എന്നതിനുള്ള തെളിവുകളൊന്നും നിലനില്ക്കു്ന്നില്ല. നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്കാരങ്ങളിലൂടെ കടന്നുപോയ ഗുഹകളില്‍ പലയിടത്തും ദ്രവീകരണത്തിന്റെ ലക്ഷണങ്ങളുണ്ട്‌.”

ഞങ്ങള്‍ കയറിയ ഗുഹയിലെ ഓരോ ഭാഗങ്ങളെക്കുറിച്ചും മങ്ങിയ വെട്ടത്തില്‍ നിന്നുകൊണ്ട്  അലി  വിശദീകരിക്കുമ്പോഴെല്ലാം അതിനകത്ത്  ജീവിച്ചിരുന്ന മനുഷ്യരെപ്പറ്റിയും ആ പ്രാക്തനയുഗത്തെപ്പറ്റിയുമായിരുന്നു എന്‍റെ  ചിന്ത. കേട്ട കഥകളില്‍ നിന്നും കേള്‍ക്കാത്ത കഥകളിലേയ്ക്കുള്ള  ഏണിപ്പടികള്‍ പരതിപ്പോകാനുമുണ്ടല്ലോ ഒരു കൗതുകം !

“ടർക്കിയിലെ ഗ്രാമപ്രദേശമായ "ഗോപെക്ലി തെപ്പേ"യിലും സമാനപഴക്കമുള്ള ഭൌമാന്തർഗതമായ മറ്റൊരു ഗുഹയുണ്ട്. പക്ഷെ അത് രഹസ്യമായി മൂടപ്പെട്ട രീതിയിലാണ് ഉള്ളതെന്ന് മാത്രമല്ല, കൃഷിയുടെയോ കൃഷിയായുധങ്ങളുടേതോ ആയ യാതൊരു തെളിവുകളും അവിടെനിന്നും കണ്ടെത്താനായിട്ടില്ല. ആടിനെ മേയ്ക്കാന്‍ വന്ന ഒരു ഇടയ ബാലനാണ് 1994ല്‍  നീളന്‍ കല്ലില്‍ കൊത്തിയ ഒരു പ്രത്യേക ജീവിയുടെ ചിത്രം ആകസ്മികമായി കാണാനിടയായത്‌. അതിലൂടെ ചുരുളഴിഞ്ഞുകൊണ്ടിരിയ്ക്കുന്നത്  ഒളിപ്പിച്ചുവച്ചൊരു ഭൌമാന്തര്‍ഗുഹയുടെ നിഗൂഢമായ  കഥയും. മെസപ്പൊട്ടോമിയന്‍ സംസ്കാരത്തെക്കാള്‍ ഏറെ പഴക്കമുണ്ടെന്ന് ഊഹിക്കപ്പെടുന്ന ഇതിന്റെ് പശ്ചാത്തല ചരിത്രത്തെക്കുറിച്ച് പതിമൂന്ന് വർഷങ്ങളായി ജർമ്മന്‍ പുരാവസ്തുശാസ്ത്രവിഭാഗം പഠനം തുടരുന്നുണ്ടെങ്കിലും ഗുഹയുടെ വെറും അഞ്ചുശതമാനം മാത്രമാണ് ഇതുവരെ അനാവരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളത് എന്നാണ് പറയുന്നത്.”

ഒന്നര മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അലി  ഞങ്ങളെ  ജിജ്ഞാസയോടെ കഥ കേള്‍ക്കുന്ന ഒരു കൂട്ടം ആളുകളാക്കി മാറ്റിയിരുന്നു.  . ഇതിനിടയില്‍ ഗുഹക്കകത്ത്‌ അങ്ങുമിങ്ങും ഇരുന്ന് ചിത്രങ്ങള്‍ പകര്‍ത്തിത്തരാനും അലി മറന്നില്ല. 


പുറത്തെ തണുപ്പിലേക്ക് ഇറങ്ങി നടന്നപ്പോഴാണ് ഓർത്തത്, ഗുഹയ്ക്കുള്ളില്‍ സുഖകരമായ താപനിലയായിരുന്നു. കഥകളില്‍ മുഴുകിയുള്ള നടപ്പില്‍  ക്ലസ്ട്രോഫോബിയയും ശ്വാസംമുട്ടലും  എവിടെയോപോയൊളിച്ചിരുന്നു. 


എന്തിനായിരിക്കാം അവസാനം സൂചിപ്പിച്ച ആ ഗുഹ മൂടപ്പെട്ടിരുന്നത്? ആരിൽ നിന്നൊളിക്കാനും ഒളിപ്പിക്കാനുമായിരിയ്ക്കാം? ആരായിരുന്നിരിക്കാം അവിടെ താമസിച്ചിരുന്നത് ? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പിടിതരാതെ ഭൗമാന്തര്‍ഗുഹകള്‍ ഒരു വിസ്മയമായി മനസ്സിൽ കിടന്നു.

2020, ജനുവരി 21, ചൊവ്വാഴ്ച

ഇസ്താംബൂള്‍ രാവുകള്‍

പ്രഭാതത്തിന്റെ തിരക്കിലേക്ക് വീഴുന്ന ശബ്ദമുഖരിതമായ നഗരത്തിന്റെ് പ്രസരിപ്പിലേക്കാണ് കണ്ണുതുറന്നത്. വേഗത്തില്‍ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ നടത്തി.തലേന്ന് ഗൈഡ് പറഞ്ഞതനുസരിച്ച് , പകല്‍, നഗരത്തിനകത്തുള്ള പ്രധാനപ്പെട്ട ചില സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി രാത്രിയാവുമ്പോള്‍ ബെല്ലി ഡാന്സ് കാണാൻ പോകാനായിരുന്നു അന്നത്തെ പദ്ധതി. പലയിനം പഴങ്ങളാല്‍ ഉണ്ടാക്കിയ  സ്വാദിഷ്ടമായ ജാമും റൊട്ടിയും നീളത്തില്‍ മുറിച്ച തക്കാളി കഷണങ്ങളും പാത്രത്തില്‍ എടുത്ത് സുഗന്ധമുള്ള ആവി പറത്തുന്ന  കട്ടൻ ചായയോടൊപ്പം ധൃതിയില്‍ പ്രാതല്‍ കഴിച്ച് പുറപ്പെടുകയായിരുന്നു. ഹോട്ടലില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ഹഗിയ സോഫിയയിലേയ്ക്ക്.


ടർക്കിയില്‍ കാണുന്ന പല പുരാതന കെട്ടിടങ്ങളും റോമാക്കാരുടെ അധീനതയിലായിരുന്ന ക്രിസ്ത്യൻ പള്ളികളായിരുന്നെന്നും ഓട്ടോമന്‍സാമ്രാജ്യം , ടർക്കി പിടിച്ചടക്കിയശേഷം അവയിൽ പലതും മുസ്ലീം പള്ളികളായും പിൽക്കാലങ്ങളിൽ മതനിരപേക്ഷത മാതൃകയാക്കിയ ആധുനിക ടർക്കിയിലെ മ്യൂസിയങ്ങളായും മാറ്റപ്പെടുകയായിരുന്നുവെന്നും ഞങ്ങളുടെ അറിവിലേക്കായി ഗൈഡ്  പറഞ്ഞു.

പുരാതന കാലത്ത് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയായും പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മുസ്ലീം പള്ളിയായും പ്രവർത്തിച്ചിരുന്ന ഹഗിയ സോഫിയ ഇന്ന് ഒരു മ്യൂസിയമാണ്. സെറാമിക് തരികളും മണലും ചേര്‍ത്തുണ്ടാക്കുന്ന കോണ്ക്രീറ്റിനു സമാനമായ ഒരു മിശ്രിതം ഉപയോഗിച്ചാണ് AD 537ല്‍ പള്ളി നിർമ്മിച്ചിട്ടുള്ളത്‌. ആയിരക്കണക്കിന് സന്ദർശകര്‍ വന്നുപോകുന്ന മ്യൂസിയത്തിനകത്ത് നല്ല തിരക്കുണ്ടായിരുന്നു. ഇവിടത്തെ ചുമര്‍ ചിത്രങ്ങള്ക്കും സ്തൂപങ്ങള്ക്കും 1400ല്‍ പരം വർഷങ്ങളിലെ ചരിത്രം പറയാനുണ്ട്. 

വിശുദ്ധരൂപങ്ങളുടെ ഉപാസന നിഷിദ്ധമായിരുന്ന എട്ടാം നൂറ്റാണ്ടില്‍ ആ നിരോധനം അവസാനിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെനയും കന്യാമറിയത്തിന്റെയും വിശുദ്ധമാലാഖകളുടെയും രൂപങ്ങള്‍ ആദ്യമായി വച്ചാരാധിക്കാന്‍ തുടങ്ങിയത് പ്രശസ്തമായ ഹഗിയ സോഫിയ പള്ളിയിലായിരുന്നു. ഇക്കാര്യം കൊണ്ടു തന്നെ, ഇനി മുതൽ ഏതൊരു ക്രിസ്ത്യന്‍ പള്ളി സന്ദര്ശിയക്കുമ്പോഴും നിങ്ങള്‍ ടർക്കിയിലെ ഹഗിയ സോഫിയ ഓർക്കണമെന്നും ഗൈഡ് കൂട്ടി ചേർത്തു. 



അകത്തു കണ്ട ഒരു തൂണിനരികെ ആളുകള്‍ തിരക്ക് കൂട്ടുന്നത്‌ കണ്ടപ്പോഴാണ് കാര്യം അന്വേഷിച്ചത്. അതൊരു wishing column ആണെന്നും തൂണിലുള്ള ഒരു പ്രത്യേക സ്ഥാനത്ത് വിരല്‍ വച്ച് വൃത്താകൃതിയില്‍ തിരിയ്ക്കുമ്പോള്‍ വിരലില്‍ നനവ്‌ തട്ടുന്നുണ്ടെങ്കില്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും എന്നുമാണ് വിശ്വാസമെന്ന് ഗൈഡ് പറഞ്ഞു. അതിന് അന്ധവിശ്വാസത്തിന്റെ ബലം കൊടുത്താല്‍ മതിയെന്ന് തോന്നിയെങ്കിലും, ആഗ്രഹങ്ങള്‍ ആർക്കാണില്ലാത്തത്! ഒരു കുഞ്ഞു മോഹം മനസ്സിലെത്തി. തിരിച്ചെടുക്കുമ്പോള്‍  വിരലില്‍ നനവ്‌ പറ്റിയിരുന്നോ? ആവോ! 
ഹഗിയ സോഫിയയില്‍ നിന്നും നേരെ പോയത് ബ്ലൂമോസ്കിലേക്കാണ്. (1609-1616). മോസ്കിന്റെ ചുവരുകളില്‍ നീല ടൈല്‍ പതിപ്പിച്ചിട്ടുള്ളതിനാലാണ് അതിന് ആ പേര് വന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ ചക്രവർത്തിമാര്‍ക്ക് ചീനക്കളിമണ്ണില്‍ തീർത്ത പാത്രങ്ങളോടും അലങ്കാരങ്ങളോടും വിശേഷാല്‍ മമതയുണ്ടായിരുന്നതിനാല്‍ അക്കാലത്തെ നിര്മ്മിതികളില്‍ ഇസ്ലാമിക മുദ്രകളായും അല്ലാതെയും അത് തെളിഞ്ഞു നിന്നിരുന്നു. പ്രവർത്തനപരമായ പള്ളിയാണെന്നത് കൊണ്ട്  ബ്ലൂമോസ്കിന്റെ  അകത്തേയ്ക്ക് പ്രവേശിയ്ക്കുക അത്ര എളുപ്പമായിരുന്നില്ല. ഇവിടെ നിയമങ്ങള്‍ കുറച്ചു കർക്കശവുമാണ്. പള്ളിയുടെ പരിസരങ്ങളില്‍ നിന്നുകൊണ്ട് ഏതാനും ചിത്രങ്ങള്‍ പകര്‍ത്തി സമയം കളയാതെ  അടുത്ത ലക്ഷ്യത്തിലേയ്ക്ക് നടക്കുകയായിരുന്നു.

ഇസ്താംബൂളിലെ ഈജിപ്ഷ്യന്‍ സുഗന്ധവ്യഞ്ജനത്തെരുവും (Spice Market) മുഖ്യ വാണിഭകേന്ദ്രവും (Grand bazaar) ആയിരുന്നു പട്ടികയില്‍ അടുത്തത്. 

വർണ്ണാഭമാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാണിഭ കേന്ദ്രമായ ഗ്രാന്ഡ്‍‌ ബസാര്‍. നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന മേല്ക്കൂരയുള്ളതിനാല്‍ ഗ്രാന്റ് ബസാറിന് ഏറ്റവും വലുതും പുരാതനവുമായ covered mall എന്ന അലങ്കാരത്തിനു പുറമേ 2014ല്‍ ഏറ്റവുമധികം ആളുകള്‍ (ഒന്പ‍തു കോടി പന്ത്രണ്ടു ലക്ഷത്തി അന്പതിനായിരം) സന്ദർശിച്ചിട്ടുള്ള തെരുവെന്ന ഖ്യാതിയുമുണ്ട്. 

അറുപതോളം തെരുവുകളും ഇടവഴികളും നാലായിരം കടകളുമായി വലിയ തിരക്കനുഭവപ്പെടുന്ന സ്ഥലമാണിത്.സ്വന്തം കൈവശമുള്ള മുതലുകളോ നമ്മളെത്തന്നെയോ ഇതിനുള്ളില്‍ വച്ച് നഷ്ടപ്പെട്ടുപോകാന്‍ സാധ്യത ഏറെയാണ്‌. 
പൗരാണികതയുടെ ഗന്ധവും രുചിയും കാഴ്ചയും നിറഞ്ഞുനിന്ന ബസാറിനകത്ത് നില്ക്കുമ്പോള്‍ ഓട്ടോമന്‍ യുഗത്തിലെത്തിയപോലെയാണ് അനുഭവപ്പെട്ടത്. എല്ലാവിധ സാധന സാമഗ്രികളും ഇതിനകത്തുണ്ടെങ്കിലും വിലപേശി കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്ന മോഹവുമായി പോകുന്നവർക്ക് അത്ര തൃപ്തികരമായ സ്ഥലമല്ല ഗ്രാന്ഡ് ബസാര്‍ എന്നാണ് തോന്നിയത്.
ഇത് തെളിയിക്കാനാവണം കൂടെയുള്ള ഒരാളുടെ ചെരുപ്പ് കൃത്യം ഈ ബസാറില്‍ വച്ചുതന്നെ വള്ളികള്‍ പൊട്ടിയതും മറ്റൊന്ന് വാങ്ങേണ്ടിവന്നതും.
നാട്ടില്‍ ഒരു ചെരുപ്പ് വാങ്ങുന്നതിന്റെ മൂന്നിരട്ടി പൈസയാണ് ഒരു സാധാരണ ചെരുപ്പിന് കച്ചവടക്കാരന്‍ ഈടാക്കിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തായി കണ്ടുപരിചയം ഉള്ളതിനാല്‍ ഗ്രാന്‍റ് ബസാറിനോട്  അത്ര വലിയ ആകര്‍ഷണം തോന്നിയില്ല. രാത്രിയില്‍ കാണാനിരുന്ന ബെല്ലിഡാന്‍സിലായിരുന്നു പിന്നത്തെ പ്രതീക്ഷ.

നിരത്തുകളില്‍ കണ്ട  കടകളില്‍ കയറി അതുമിതുമായി കൊച്ചുകൊച്ചു സാധങ്ങള്‍ വാങ്ങി. വീട്ടില്‍ ചെന്നാല്‍ ഷോകേയ്സില്‍ വയ്ക്കാമല്ലോ.


ഇസ്താംബൂളില്‍ വന്നാല്‍ ഇവിടത്തെ ഐസ്ക്രീം രുചിയ്ക്കാതെ പോകരുതെന്നാണ്. ഒരു നീണ്ട ദണ്‌ഡ്‌ കൊണ്ട് വിവിധനിറങ്ങളിലുള്ള  ഐസ്ക്രീമിനെ ഇടിച്ചും കുത്തിയും എറിഞ്ഞും കോണിനകത്താക്കി ആളുകളെ കൊതിപ്പിച്ചുകൊണ്ട് മാന്ത്രികരെ പോലെ നില്‍ക്കുന്നു വഴിയോരത്തെ കടകളില്‍ വില്‍പ്പനക്കാര്‍.   





ഉന്തുവണ്ടിയുമായി മുന്നില്‍ വന്നുനിന്ന കച്ചവടക്കാരനില്‍ നിന്നും  ചൂടുള്ള മൊരിഞ്ഞ ചെസ്റ്റ്നട്ടിന്റെ  മൂന്നാല് പൊതികള്‍  വാങ്ങി. തണുപ്പില്‍ അത് നല്‍കുന്ന ആശ്വാസം ചെറുതല്ല.
മൂന്നുമണിക്കൂറുകള്‍ നീണ്ടുനില്ക്കുന്ന  നൃത്തപ്രകടനങ്ങള്‍ക്കുള്ള പ്രവേശന ഫീസ്‌ നിസ്സാരമായിരുന്നില്ല. 

ലഹരിപിടിച്ച രാത്രിയുടെ നെഞ്ചിലേക്ക്  ചുവടുകള്‍ വച്ച് പലപ്രായത്തിലുള്ള  നര്‍ത്തകികള്‍ അതിശയിപ്പിച്ചുകൊണ്ടിരുന്നു.  അസാമാന്യമായ മെയ് വഴക്കവും മിന്നിമായുന്ന  ഭാവഭേദങ്ങളുമായി മന്ദംമന്ദം നൃത്തം ചെയ്തുതുടങ്ങിയ സുന്ദരികള്‍ ക്രമേണ  ധ്രുതതാളങ്ങളിലേയ്ക്ക് സ്വയം മറന്നാടിയുലയുന്നത് കാണുമ്പോള്‍ അറിയാതെ ശ്വാസം അടക്കിപ്പിടിച്ചു പോകും. വിശാലമായ ഹാളില്‍ നിറഞ്ഞിരിക്കുന്ന കാണികള്‍ വീഞ്ഞുനുകര്‍ന്നുകൊണ്ട് ആഹ്ലാദാരവങ്ങളിലേയ്ക്ക് വീണു. ഇടയ്ക്കെല്ലാം  ആ അപ്സരസ്സുകള്‍ കാണികള്‍ക്കിടയിലേയ്ക്കുവന്ന് ഓരോരുത്തരെയും രസിപ്പിക്കുന്നുണ്ടായിരുന്നു.

കണ്ണുകള്‍ കനംതൂങ്ങി തുടങ്ങി. 
പിറ്റേന്ന് അതിരാവിലെ ഇസ്താംബൂള്‍ വിടണം. കപ്പഡോഷ്യയിലാണ് ഇനിയുള്ള മൂന്നുദിവസങ്ങള്‍. പെട്ടികളെല്ലാം ഒരുക്കിവച്ചശേഷം കിടക്കുമ്പോള്‍  സുഖനിദ്രയിലേയ്ക്കുള്ള നാഴികക്കല്ലുകളിലെല്ലാം സ്വപ്നസുന്ദരികള്‍ ചിറകുകള്‍  വിരിച്ച് കാത്തിരിപ്പുണ്ടായിരുന്നു.

2020, ജനുവരി 18, ശനിയാഴ്‌ച

ബോസ്ഫറസിലൂടെ ഒരു ക്രൂയിസ് യാത്ര - ഭാഗം 2

തീരങ്ങള്‍ തഴുകിയൊഴുകി...

ബോസ്ഫറസ് ക്രൂയിസ് നീങ്ങുന്നതിനനുസരിച്ച് ഓരോ കെട്ടിടങ്ങളെപ്പറ്റിയും ഗൈഡ് വിശദീകരിച്ചുകൊണ്ടിരുന്നു. പത്തൊന്പതാം നൂറ്റാണ്ടില്‍ ജൂതസമൂഹം വാസസ്ഥലമായി ഉപയോഗിച്ചിരുന്ന, യൂറോപ്യന്‍ഭാഗത്തുള്ള ഗലാറ്റാഗോപുരം അദ്ദേഹം സന്ദർശകരുടെ ശ്രദ്ധയില്‍പ്പെടുത്തി.


1856 മുതല്‍ 1887 വരെ ഭരണകാര്യനിർവ്വഹണങ്ങളുടെ കേന്ദ്രസ്ഥാനമായി ഉപയോഗിച്ചിരുന്ന ഡോൾബാച്ചെ കൊട്ടാരത്തേയും ( Dolmabahce palace),ഇന്ന് ഒരു പഞ്ചനക്ഷത്രഹോട്ടലായി മാറിയ പുരാതന ഓട്ടോമന്‍ കൊട്ടാരമായിരുന്ന സിറഗനേയും (Ciragan) പുറകിലാക്കി കപ്പല്‍ മുന്നോട്ടു നീങ്ങി.


ബോസ്ഫറസ് പാലത്തിനുസമീപം, ഇസ്താംബൂളിന്റെ മധ്യയൂറോപ്യന്‍ ഭാഗത്തായാണ് middle village എന്നർത്ഥം വരുന്ന ഓർട്ടക്കോയ് (Ortakoy).ഇവിടെ ചിത്രശാലകള്‍, നിശാക്ലബ്ബുകള്‍, ഭോജനശാലകള്‍, മദ്യശാലകള്‍, എന്നിവയുടെ ഒരു സമുച്ചയമാണ്‌. കപ്പല്‍  ബോസ്ഫറസ് പാലത്തിനടിയിലൂടെ പോകുന്നതിനു മുന്‍പ്  മുകളിലേക്ക് ചൂണ്ടി ഗൈഡ് പറഞ്ഞു, "ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത കാഴ്ചയാണത്, ജനങ്ങള്‍ ഒരു വൻകരയിൽ നിന്നും മറ്റൊരു വന്കരയിലേക്ക് ഒരു പാലത്തിലൂടെ യാത്ര ചെയ്യുന്നു. തുർക്കികള്‍ ജോലിയ്ക്കും
 മറ്റാവശ്യങ്ങൾക്കുമായി രാവിലെ യൂറോപ്പില്‍ നിന്ന്‍ ഏഷ്യയിലേക്ക് (മറിച്ചും )പുറപ്പെടുകയും വൈകീട്ട് തിരിച്ചു വീട്ടിലെത്തുകയും ചെയ്യുന്നു  എന്ന വസ്തുത ഒട്ടൊരു കൌതുകത്തോടെയാണ് മനസ്സിലാക്കിയത്. 

കാറ്റിനൊപ്പം വെയിലിനും ശക്തികൂടിവരുന്നുണ്ടായിരുന്നെങ്കിലും തണുപ്പിന് കുറവുണ്ടായിരുന്നില്ല.

അതുവരെ എന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലായിരുന്ന തുർക്കി യുവാവും യുവതിയും കപ്പലിനകത്തെ മുറിയില്‍ നിന്ന് ക്യാമറയുമായി പ്രത്യക്ഷപ്പെട്ടു. യുവതി കുശലാന്വേഷണങ്ങളുമായി നിറഞ്ഞ ചിരിയോടെ നിന്നു. യുവാവ് ഓരോരുത്തരുടെ അരികിലേക്കും വന്നു, പങ്കാളികളുടെ നെഞ്ചിലേക്ക് ചാരിയും പരസ്പരം കണ്ണിലേക്ക് നോക്കിയും കൈകോർത്തും തല ചെരിച്ചും ചായ്ച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള നിർദ്ദേശങ്ങള്‍ നല്കിയപ്പോള്‍ ചിലര്‍ ഒട്ടും സങ്കോചമില്ലാതെയും ചിലര്‍ അല്പം ജാള്യതയോടെയും അനുസരിച്ചു. പ്രത്യേക ശ്രദ്ധയോടെ കുട്ടികളുടെ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പകർത്തിയ ശേഷം യുവാവ് അകത്തേയ്ക്ക് പോയി. നേവല്‍ അക്കാദമിയുടെ കെട്ടിടവും, മറ്റുപല ഓട്ടോമന്‍സൗധങ്ങളും ഇതിനിടയില്‍ പുറകോട്ടു മറഞ്ഞുപോയിരുന്നു. 




ചരിത്രഭാണ്ഡത്തിന്റെ കെട്ടഴിച്ചുകൊണ്ട് മൈക്ക് വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി.

കോൺസ്റ്റാന്റിനെന്ന രാജാവിന്റെ അധീനതയിലായിരുന്ന ഈ രാജ്യം തുർക്കികൾ ഉന്നം വയ്ക്കാനുണ്ടായ പല കാരണങ്ങളിലൊന്ന് അറബികളുടെ കുത്തകയായിരുന്ന വാണിജ്യസാമ്രാജ്യത്തില്‍ യൂറോപ്പുകാർ കൈകടത്താൻ തുടങ്ങിയെന്നതായിരുന്നു. ഏതുവിധേനയും അത് തടയുക എന്നത് അറബികളുടെയും  റോമിലേക്കുള്ള പേർഷ്യക്കാരുടെ കടന്നുകയറ്റത്തിന് അറുതി വരുത്തണം എന്നത് റോമാക്കാരുടെയും ലക്ഷ്യമായി മാറി. ഇതിനുള്ള ആദ്യത്തെ പോംവഴി, മർമറ കടലില്‍ നിന്നും കരിങ്കടലിലേയ്ക്കുള്ള ഏക ജലമാർഗ്ഗമായ ബോസ്ഫറസിലൂടെയുള്ള യാത്രാനിരോധനമായിരുന്നു. ഇതിനായി അവര്‍ ഗോൾഡന്‍ ഹോണ്‍ കടലിടുക്കിനു കുറുകെ വെള്ളത്തിനടിയിലൂടെ കനത്തില്‍ ഒരു ചങ്ങല കെട്ടി അക്കരെയും ഇക്കരെയുമായി അറ്റങ്ങളുറപ്പിച്ചു. 

തുർക്കികള്‍ കോൺസ്റ്റാന്റിനോപ്പിള്‍ കീഴടക്കി:

ആയിരത്തി നാനൂറ്റി അമ്പത്തി മൂന്ന് (1453) മേയ് (May 29) ഇരുപത്തി ഒന്പതിന് തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി എന്ന് പാഠപുസ്തകത്തിൽ പഠിയ്ക്കുന്ന കാലത്ത് അതിന്റെ ചരിത്രവേരുകൾ ഇത്ര ആഴത്തില്‍ ആണ്ടുപോയിട്ടുണ്ടാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. നിർവികാരതയോടെമാത്രം പഠിച്ചിരുന്ന ചരിത്രപാഠങ്ങളോട് പ്രത്യേകിച്ചൊരിഷ്ടവും അക്കാലത്ത് തോന്നിയിരുന്നില്ല. 

ലോകചരിത്രത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള റുമേലികോട്ടയിലേക്കാണ് നാമിനി പോകുന്നതെന്ന അറിയിപ്പോടെ ടർക്കിയുടെ യൂറോപ്യന്‍ഭാഗത്തുള്ള റുമേലിക്ക് മുന്നില്‍ ക്രൂയിസ് പതുക്കെ നങ്കൂരമിട്ടു. 


ഗോൾഡന്‍ഹോണിനു കുറുകെ കെട്ടിയ ചങ്ങലയെ മറികടന്ന് കോണ്സ്റ്റാന്റിനോപ്പിളില്‍ എത്തിയ ഓട്ടോമന്‍ ചക്രവര്‍ത്തിയായ ഇരുപത്തിയൊന്നു വയസുകാരന്‍ സുല്‍ത്താന്‍ മെഹ്മെദിന്റെ നേതൃത്വത്തിലുള്ള മൂവായിരത്തോളം വരുന്ന സൈന്യം നാലരമാസങ്ങള്‍ കൊണ്ട് പണികഴിപ്പിച്ചതാണ് “റോമാക്കാരുടെ മണ്ണിലെ കോട്ട” എന്ന അർത്ഥം വരുന്ന റുമേലികോട്ട. കട്ടിയുള്ള ചുമരുകളോടുകൂടിയ മൂന്നു വലിയ ഗോപുരങ്ങളും പതിമൂന്ന് കാവൽഗോപുരങ്ങളും അടങ്ങുന്നതായിരുന്നു കോട്ട. തൂണുകളിലും ചുമരുകളിലുമുള്ള കണ്ണീര്‍ചിത്രങ്ങള്‍,കോട്ടയുടെ നിര്‍മ്മാണവേളയില്‍ ചോരയും വിയര്‍പ്പും അര്‍പ്പിച്ചവരുടെയും പൊലിഞ്ഞുപോയവരുടെയും സ്മരണകള്‍ ഉണര്‍ത്തുന്നവയാണ്. 

കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത ഓട്ടോമന്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ജലമാര്‍ഗ്ഗം കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയിരുന്ന സര്‍വ്വതിനെയും തടഞ്ഞുനിര്‍‍ത്തി. റോമാക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.

ഓട്ടോമന്‍പട യുദ്ധകാഹളം മുഴക്കി അരികിലെത്തിയപ്പോള്‍ റോമക്കാര്‍ യൂറോപ്യന്‍ സഖ്യത്തിനോട് സഹായം അഭ്യർത്ഥിച്ചുവെങ്കിലും ആർക്കും കാര്യമായൊന്നും ചെയ്യാനായില്ല എന്ന് മാത്രമല്ല ലഭിച്ച സഹായങ്ങള്‍ അരികില്‍  എത്തുമ്പോഴേക്കും വൈകിപ്പോയിരുന്നു. 

ഒട്ടോമന്റെ ഒരു ലക്ഷം പോരാളികൾക്കും അറുപത്തിയൊന്പത് പീരങ്കികള്‍ക്കും നൂറ്റിയിരുപത്തിയാറ് പടക്കപ്പലുകള്‍ക്കും മുന്നില്‍ ബസന്റയിന്‍ പട്ടാളത്തിന്റെ പന്ത്രണ്ട് പീരങ്കികളും ഇരുപത്തിയാറ് കപ്പലുകളും ഏഴായിരം പോരാളികളും നിഷ്പ്രയാസം തകർന്നു വീഴുകയായിരുന്നു. 

“അതെ, തുർക്കികള്‍ കോണ്സ്റ്റാന്റിനോപ്പിള്‍ കീഴടക്കി”.
ഗൈഡ് പറഞ്ഞു നിർത്തി .

സാവധാനത്തില്‍ ചെറിയ പടികള്‍ കയറി ഞങ്ങള്‍ കോട്ടയ്ക്കകത്തെത്തി. 

അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വശത്ത് കാണുന്നത് കരിങ്കല്ലിൽ തീർത്ത പ്രാക്തനവും ഭീമാകാരവുമായ പീരങ്കിയും വെടിയുണ്ടകളുമാണ്. ഈ പീരങ്കിയില്‍ ഉണ്ട നിക്ഷേപിക്കാന്‍ മൂന്നു മണിക്കൂറാണ് പോലും വേണ്ടി വന്നിരുന്നത്. തൊട്ടടുത്ത്‌ ചെറുതും വലുതുമായ മറ്റു പീരങ്കികളും ഉണ്ടകളും കിടപ്പുണ്ട്. ഇടതുവശത്തുള്ള കുടുസുമുറികളിൽ പ്രാചീനശേഷിപ്പുകള്‍ പലതും സൂക്ഷിച്ചിട്ടുണ്ട്. ഗോൾഡൻ ഹോണിനടിയിലൂടെ വിലങ്ങനെ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റന്‍ ചങ്ങലയുടെ കഷണങ്ങള്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. രണ്ടടിയോളം വരുന്ന ഓരോ കണ്ണികള്‍, ഏഴു കണ്ണികള്‍ ചേരുന്നിടത്ത് കുറുകെ ഒരു കൊളുത്ത്. അങ്ങനെയാണ് ചങ്ങലയുടെ ഘടന. വെള്ളത്തില്‍ ഒഴുകിക്കിടക്കാനാണ് അത്തരം സംവിധാനം എന്നാണ് ഗൈഡ് പറഞ്ഞത്. തന്ത്രപൂർവ്വമായ പ്രതിരോധത്തിന്റെയും കീഴടങ്ങലിന്റെയും ചരിത്രയാഥാർത്ഥ്യങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ചങ്ങലക്കണ്ണികള്‍ അധികാരം വിച്ഛേദിക്കപ്പെട്ട് ഭദ്രമായ ചരിത്രയോർമ്മയായി.


റുമേലികോട്ടയുടെ നല്ലൊരുഭാഗം പിന്നീടുണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചു പോയെങ്കിലും അവശേഷിച്ച ഭാഗങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്. പത്തോളം പടികള്‍ കയറുമ്പോള്‍ കാണുന്നത് ചെറിയൊരു കൊത്തളത്തിനുള്ളിലെ വിദഗ്ദമായ പുരാതനജലസംഭരണസംവിധാനമാണ്(cistern).



പുറത്തിറങ്ങി മുകളിലേക്കുള്ള പടികള്‍ കയറിപ്പോകുമ്പോള്‍ വലതുവശത്ത് തട്ടുകളായി പണിതിട്ടുള്ള തുറന്നനാടകശാലയാണ്. അതിനുചുറ്റും മനോഹരമായ ഉദ്യാനങ്ങള്‍. 

ഫോർട്ടിനുൾഭാഗവും പരിസരങ്ങളും നടന്നുകാണുന്നതിനിടയില്‍ കുറേ കോളേജ് കുട്ടികള്‍ അദ്ധ്യാപകരോടൊപ്പം ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന് ഞങ്ങള്‍ എവിടെ നിന്ന് വരുന്നെന്നും ഇസ്താംബൂള്‍ ഇഷ്ടമായോ എന്നും കൂടെനിന്ന് ഫോട്ടോ എടുക്കട്ടെ എന്നും ചോദിച്ചു. നല്ല പ്രസരിപ്പുള്ള, പരിഷ്ക്കാരി കുട്ടികളും അദ്ധ്യാപകരും. അവരുടെ സൗഹാർദ്ദത്തോടെയുള്ള ഇടപെടലില്‍ വളരെ സന്തോഷം തോന്നി. 

ടര്‍ക്കിയില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനം ജനങ്ങളും മുസ്ലീങ്ങളായിരുന്നിട്ടും മൊത്തം സ്ത്രീകളില്‍ ഏകദേശം അറുപത് ശതമാനത്തോളമാണ് തട്ടം ധരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രമണിഞ്ഞ്‌ പ്രത്യക്ഷപ്പെടുന്നത് ഗവര്‍മെന്റ് നിരുല്‍സാഹപ്പെടുത്തിയതിനാലാണോ പാശ്ചാത്യസ്വാധീനം മൂലമാണോ ഈ മാറ്റം ? എന്തായാലും ഏഷ്യയേക്കാള്‍ യൂറോപ്പിന്റെ സ്വാധീനമാണ് തുർക്കികളുടെ സംസ്കാരത്തിലും പെരുമാറ്റത്തിലും കൂടുതലായി പ്രതിഫലിക്കുന്നതെന്ന് ആളുകളുമായി അതുവരെയുണ്ടായ ഇടപെടലുകളില്‍ നിന്നും പൊതുസ്ഥലങ്ങളിലൂടെയുള്ള നടത്തങ്ങളില്‍ നിന്നും സംശയലേശമെന്യേ മനസ്സിലായി. അധികം വൈകാതെ ഈ രാജ്യത്തിന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള അംഗത്വം കിട്ടാനിടയുണ്ടെന്നൊരു പരാമര്‍ശവും  ഗൈഡ് ഇടയ്ക്കെപ്പോഴോ  നടത്തിയിരുന്നു. 

തുർക്കിയുടെ വഴിയോരങ്ങളിലും പാർക്കുകളിലും ധാരാളമായി കാണുന്ന, കമ്പിളി പുതച്ചപോലെ രോമങ്ങളുള്ള വലിയ പൂച്ചകളും അവയ്ക്കായി പലയിടങ്ങളിലായി കരുതി വയ്ക്കുന്ന ഭക്ഷണവും യാത്രയിൽ കൗതുകത്തോടെ ശ്രദ്ധിച്ച മറ്റൊരു കാര്യമാണ്. നബിയെ സർപ്പത്തിൽ നിന്നും രക്ഷിച്ച ഒരു പൂച്ചയിലേക്കെത്തുന്ന നീണ്ടകഥയുണ്ട് അതിനു പിന്നില്‍. പൂച്ചയെ തുർക്കികൾ വിശുദ്ധ മൃഗമായി കരുതിപ്പോരുന്നു. 




കോട്ടയ്ക്ക് പുറത്തെത്തിയപ്പോള്‍ എതിർവശത്തായുള്ള, ഏഷ്യന്‍ഭാഗത്ത് ഓട്ടോമന്‍ സുല്ത്താന്‍ മെഹ്മൂദിന്റെ മുത്തച്ഛന്‍ പണികഴിപ്പിച്ച അനഡോലു കോട്ടയെ (Anadolu Hisari Fortress Pier), കുറിച്ചായി ഗൈഡിന്റെ വിവരണം. ഞങ്ങള്‍ ക്രൂയിസിന്റെ തുറന്ന മേല്ത്തട്ടിലേക്ക് തിരിച്ചെത്തി, യാത്ര തുടർന്നു .

ഒരിടവേള നല്കിക്കൊണ്ട് ചൂടുള്ള ആപ്പിള്‍ ടീ കപ്പുകളില്‍ ആവിപറത്തി.വീശിയടിക്കുന്ന ശീതക്കാറ്റില്‍നിന്നും താല്ക്കാലികാശ്വാസം ലഭിച്ചു. 

വെയിലിന് ശക്തി കൂടിവന്നു. ഫോട്ടോഗ്രാഫർ ചിത്രങ്ങൾ ആൽബത്തിലാക്കി ഓരോരുത്തരെയായി സമീപിച്ചു. പാക്കേജിന്റെ ഭാഗമായാണ് ഫോട്ടോ എടുത്തതെന്ന് കരുതിയവർക്ക് നിരാശയായി. നൂറ് ലിറ കൊടുത്താലേ ഒരു ആൽബം കിട്ടുകയുള്ളു. വില കൂടുതലാണ് എങ്കിലും യാത്രയുടെ ഓർമയ്ക്കിരിയ്ക്കട്ടെ എന്നു കരുതി പറഞ്ഞ പൈസ കൊടുത്ത് ആൽബം വാങ്ങി. കൂടെ മോളുടെ ആല്ബം സൗജന്യമായി നല്കി.

തിരിച്ചും മറിച്ചും നോക്കി ചിത്രങ്ങള്‍ ആസ്വദിച്ചിരിയ്ക്കുമ്പോള്‍ തൊട്ടരികിലിരുന്നിരുന്ന അമ്മയും മകനും യുവാവിനോട് ആൽബത്തിനു വിലപേശുന്നുണ്ടായിരുന്നു. ഒരു ഫോട്ടോ മാത്രമായി കുറഞ്ഞ പൈസയ്ക്ക് തരാമോ എന്ന് ചോദിച്ചതോടെ യുവാവ് അനുരഞ്ജനത്തിന് തയ്യാറാവാതെ ആൽബവുമായി തിരികെപ്പോയി. യുഎസ്സിൽ കോളേജ് അധ്യാപികയായ അമ്മയും ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മകനും സ്വദേശമായ പാക്കിസ്ഥാനിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഇസ്താംബൂളിൽ മൂന്നുദിവസം തങ്ങിയതാണ്. ഏതാനും ഫോട്ടോകൾക്കായി ഇത്രയധികം പൈസ ചെലവാക്കേണ്ട കാര്യമില്ലെന്ന് ചിന്തിച്ചത് അവരുടെ യുക്തി. സ്വന്തം കീശയിലെ കാശ് എങ്ങനെ ചിലവാക്കണം എന്ന് തീരുമാനിക്കേണ്ടതും അവനവനാണല്ലോ !

മറ്റു പലരും ആല്‍ബം വാങ്ങാന്‍ വിസമ്മതിച്ചു. അയാള്‍ക്ക്‌ അവരുടെ ചിത്രങ്ങള്‍ ഉപകരിക്കാന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് ആല്‍ബം അവർക്ക് കൊടുക്കാതിരുന്നത് എന്നതിന്റെ പൊരുള്‍ പിടി കിട്ടാതെ ഞാനിരുന്നു. 

ബോട്ട് ഇതിനകം മൂന്നു പാലങ്ങളുടേയും അടിയിലൂടെ കടന്നു പോയിക്കഴിഞ്ഞിരുന്നു.പാലങ്ങൾ കൂടാതെ രണ്ടു ടണലുകളും ഇരുവൻകരകളേയും ബന്ധിപ്പിച്ചു കൊണ്ട് പണി കഴിപ്പിച്ചിട്ടുണ്ട്. 


1865 ഇല്‍ നിർമ്മിച്ച (Beylerbeyi Summer palace) ബെയ്ലെര്ബെയി സമ്മര്‍ പാലസ്, കാന്ലിക്കസ്തംഭം (Kanlica Pier), കുകുക്സു കൊട്ടാരം, Kukuksu palace 1856, എന്നിങ്ങനെ നിരവധി മണിഹർമ്യങ്ങളുടെ ചരിത്രകഥകളിലൂടെ കപ്പലും ഞങ്ങളും മുന്നോട്ടു നീങ്ങി. 

കുറേക്കൂടി പോരുമ്പോള്‍ ജലമദ്ധ്യത്തില്‍ ഒറ്റയ്ക്ക് നില്ക്കുന്ന ഒരു കെട്ടിടം ആരുടേയും ദൃഷ്ടിയില്‍ പെടും.അതാണ് മെയ്‌ഡന്‍സ് ടവര്‍.

ഒരുകാലത്ത് നാവികരില്‍ നിന്നും നികുതി ശേഖരിക്കാനുള്ള സെന്റര്‍ ആയും പ്രതിരോധകേന്ദ്രമായും ലൈറ്റ് ഹൗസായും ഉപയോഗിച്ചിരുന്ന ടവര്‍ ആയിരത്തി എണ്ണൂറ്റിമുപ്പതില്‍ (1830) കോളറ പടർന്നുപിടിച്ചപ്പോള്‍ രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാനുള്ള ഇടമാക്കി പരിവർത്തനം ചെയ്യപ്പെട്ടു. വിളക്കേന്തിയ വനിതയ്ക്കൊപ്പം നഴ്സുമാരുടെ ഒരു സംഘം കോളറക്കാലത്ത് രോഗബാധിതരെ ചികിത്സിക്കാനായി അവിടേയ്ക്ക് ചെന്നിരുന്നതായും അറിയാന്‍ കഴിഞ്ഞു. 

1964 ല്‍ പ്രതിരോധമന്ത്രാലയത്തിനു കൈമാറ്റം ചെയ്യപ്പെട്ട കെട്ടിടം വർഷങ്ങൾക്കുശേഷം പുനരുദ്ധാരണം ചെയ്യപ്പെടുകയും സമീപകാലത്തായി സന്ദർശകർക്കു വേണ്ടി തുറക്കുകയും ചെയ്തു. ഇതിനകത്ത് ഒരു റെസ്റ്റോറന്‍ടും മ്യൂസിയവും പ്രവർത്തിക്കുന്നുണ്ടെന്ന് കേട്ടെങ്കിലും, ഭീകരമായ വേദനയുടെ മരവിച്ചകുടീരം പോലെ ഒറ്റപ്പെട്ടുനിന്ന ആ കെട്ടിടത്തിനോടൊപ്പം കരയിലെ ഫ്ലോറന്സ് നൈറ്റിംഗേല്‍ മ്യൂസിയവും( Florence Nightingale museum) മനസിൽ വിഷാദം പരത്തി . 

ക്രൂയിസ് കരയോട് അടുത്തപ്പോള്‍ ഒരാള്‍ ഗൈഡിനോട് ചോദിച്ചു, “ഇന്ന് ഈ ബോസ്ഫറസ് കടലിടുക്ക് ആരുടെ നിയന്ത്രണത്തിലാണ്”?

താടിയുഴിഞ്ഞുകൊണ്ട്, പ്രൌഡിയോടെ അയാള്‍ പറഞ്ഞു, “ ടർക്കിക്കാണ് അതിന്റെ ഉടമസ്ഥാവകാശമെങ്കിലും ഏതൊരു സാധാരണ പൗരനും ഈ ജലമാർഗ്ഗത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. എന്നാല്‍ സൈനിക –യുദ്ധക്കപ്പലുകള്‍ക്ക് കടന്നു പോകണമെങ്കില്‍ ടര്‍ക്കിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.”

ചരിത്രചിത്രങ്ങള്‍ തലങ്ങും വിലങ്ങും കോറിവരച്ച മനസ്സോടെ യാത്രികരുമൊത്ത് പ്രശസ്തമായ ഒരു ഭക്ഷണശാലയിലേക്ക് ഉച്ച ഭക്ഷണത്തിനായി കയറി. 

തിരിച്ചുള്ള ബസ് യാത്രയില്‍ ഇസ്താംബൂളിലെ ഏറ്റവും പുരാതനഭാഗമായ ഓള്‍ഡ്‌ സിറ്റിയും അതിനെ ചുറ്റിപ്പോകുന്ന അതിപുരാതനമതിലും കണ്ടു. ചുറ്റുമതിലിന് 12മീറ്റര്‍ ഉയരവും 22 കിലോമീറ്റര്‍ നീളവുമുണ്ട്. 

നഗരത്തെ കടലില്‍ നിന്നും കരയില്‍ നിന്നുമുള്ള ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാനായി അതിനു ചുറ്റുമായി കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ച മതിലിന് അഞ്ചാം നൂറ്റാണ്ടിലേക്ക് നീളുന്നത്ര പഴക്കമുണ്ട്. മതിലിന്റെ  പല ഭാഗങ്ങളും പൊട്ടിയും വീണും പലപ്പോഴായി  പുതുക്കിപ്പണിതും കാണപ്പെട്ടു. 

ഒരൊറ്റദിനം കൊണ്ട് ഏതോ ഒരു പ്രാക്തനയുഗത്തിലേക്ക് വീണുപോയതിന്‍റെ സുഖത്തില്‍ അമര്‍ന്നിരിയ്ക്കുമ്പോള്‍, അന്ന് കണ്ട കാഴ്ചകള്‍ അത്രയും മനസ്സില്‍ നങ്കൂരമിട്ടുകഴിഞ്ഞിരുന്നു.

രാത്രിയില്‍, ഒഴുകുന്ന കപ്പലില്‍ ഒരുക്കിയ അത്താഴത്തിന് (cruise Dinner) ചെന്നപ്പോള്‍ കടലിടുക്കിന്‍റെയും കടലോരക്കാഴ്ചകളുടെയും മുഖച്ഛായ മാറിയിരുന്നു. 

പരമ്പരാഗത വിഭവങ്ങള്‍ രുചിച്ച്, തുര്‍ക്കിയുടെ തനതുകലാരൂപങ്ങളാസ്വദിച്ച് മൂന്നുമണിക്കൂറുകള്‍ കടന്നുപോയതറിഞ്ഞില്ല. പക്ഷെ സൂഫിനൃത്തവും ബെല്ലിഡാന്‍സും അതിനുമാത്രമായുള്ള കേന്ദ്രങ്ങളില്‍ പോയി വിശദമായിത്തന്നെ കണ്ടതിന്‍റെ അനുഭവം മറ്റൊന്നായിരുന്നു. 

രാത്രിയില്‍ മഞ്ഞുകാറ്റിന് ഊറ്റം കൂടി വരുന്നുണ്ടായിരുന്നു. തണുത്ത വിരിപ്പിലേക്കുവീണ് തളര്‍ന്നുറങ്ങുമ്പോള്‍ പാതിരാവും കടന്നുപോയിക്കഴിഞ്ഞിരുന്നു.