2014, ജൂലൈ 26, ശനിയാഴ്‌ച

ഞാന്‍




നീയാകും സൂര്യനില്‍
നീഹാരമായി ഞാന്‍

നീയാകും പുഴയില്‍ 
നീര്‍ക്കണമായി ഞാന്‍

നീയാകും കാറ്റിലില-
ത്താളമായി ഞാന്‍

നീയാകും പൂവിന്‍
സൗരഭ്യമായി ഞാന്‍

2014, ജൂലൈ 22, ചൊവ്വാഴ്ച

നിഴലുകൾ



നിഴലുകൾ 
ആടുന്നിതാ 
കളങ്ങളിൽ 


നിറ വെയിലും 
നിലാവും 
കൂട്ടിനായ് 


ദൂരമേറെയായില്ലതിൻ 
മുൻപേ 
കോരിയിട്ടതാരോ 


അന്ധകാരമീ 
തെളിമയിൽ 
എന്തിനോ 


മറയുകയായ് 
നിഴലുകൾ 
നിനവുകളും

പുറപ്പാട്





കാത്തു നില്ക്കേണ്ട കാലമേ
പാതിരാ മഴയിനി പെയ്യില്ല 

വിളയുകില്ലീ ശാപ ഭൂമിയില്‍
കൊഴിഞ്ഞു വീണൊരീ വിത്തുകള്‍ 

വഴി മാറുക രാക്കിളീ 
പുറപ്പാടിനു സമയമായ് 

ഉണരുകയെന്‍ ശ്വാസമേ നീ
നിശ്വാസങ്ങളില്‍ മരിച്ചിടാതെ

2014, ജൂലൈ 21, തിങ്കളാഴ്‌ച

നിറങ്ങളിൽ



വർണ്ണഫലകത്തിൽ
ചായം കൂട്ടുന്നു
ആകാശം

വെയിലിൻ
നിഴൽ ചിത്ര രചന
ഇലകളിൽ

പരന്നൊഴുകുന്ന
നിറങ്ങൾ
മനസ്സിൽ

പരിഭവം മറച്ച്
മാഞ്ഞു പോകുന്നൊരു
അന്തി വെയിൽ

പിറക്കാതെ പോയ
ചിത്രങ്ങൾ
മങ്ങിയ നിലാവിന്റെ
മടിയിൽ
ഹൃദയ തുടിപ്പ്
നഷ്ടപ്പെട്ട
ഗർഭ ചിദ്രത്തിന്റെ
ശേഷിപ്പുകൾ പോലെ
ചിന്നിയും ചിതറിയും

2014, ജൂലൈ 14, തിങ്കളാഴ്‌ച

തൃഷ്ണ






ഒരു മരം 
തിങ്ങുന്ന പച്ചച്ച ഇലകളിൽ 
തെളിയുന്ന ഞെരമ്പുകൾ 
അത് വഹിച്ച പൂക്കൾക്ക് 
എങ്ങും കണ്ടിട്ടില്ലാത്ത നിറങ്ങൾ 
മരത്തിൽ മാത്രം തങ്ങി നിന്ന സുഗന്ധത്തിൽ 
ബോധം അർദ്ധ സുഷുപ്തിയിലേക്ക് മറഞ്ഞു. 
വേരുകളിലൂടെ ഊർന്നിറങ്ങിയപ്പോൾ 
ആഴങ്ങൾക്കും എത്താൻ പറ്റാത്ത ആഴത്തിൽ 
ഒരു വിത്ത് 
ഗർഭപാത്രത്തിന്റെ ചൂടിലേക്ക് 
അതിസൂക്ഷ്മം അതെടുത്തുവയ്ക്കാൻ 
വെമ്പൽ കൊണ്ട 
ആത്മാവിനെ കെട്ടിയിട്ട്
വെറും ഒരു ശരീരത്തിന്റെ 
സങ്കുചിതമായ സ്വാർത്ഥതയിൽ 
അഭയം തേടുകയാണൊരു തൃഷ്ണ

2014, ജൂലൈ 2, ബുധനാഴ്‌ച

വ്രതശുദ്ധിയില്‍ ഒമാന്‍



നന്ദി, മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികക്ക്..., പിന്നെ എന്‍റെ കൂട്ടുകാരി റെജീനക്കും...
( ജൂലൈ രണ്ടിന് മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലേഖനം..)


 
നാട്ടില്‍ നിന്നേ കൂട്ടു വന്നിരുന്നു, വ്രതകാലം. മുസ്ലിം സമുദായത്തില്‍ പെട്ട സുഹൃത്തുക്കള്‍ ഒരു മാസം വ്രതമനുഷ്ഠിക്കുന്നതും പെരുന്നാളു കൂടുന്നതുമൊക്കെ തൊട്ടരികെ നിന്ന് കാണാറുണ്ടായിരുന്നു. വിശുദ്ധ മാസം അവരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആദരവോടെ അറിഞ്ഞിരുന്നു. അതുവരെ ബഹളം വെച്ച് നടന്നിരുന്നവര്‍ പോലും നോമ്പ് കാലമാവുമ്പോള്‍ ആളാകെ മാറുന്നു. മതം പകരുന്ന ജീവിതബോധത്തിലേക്ക് അവര്‍ തല കുനിക്കുന്നു. അന്നപാനീയങ്ങള്‍ വെടിയുന്നു. ദാനകര്‍മ്മങ്ങളില്‍ മുഴുകുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കുന്നു. നമസ്കാരപ്പള്ളികള്‍ നിറഞ്ഞു കവിഞ്ഞ് പുറത്തേക്കു നീളുന്നതും കാണാറുണ്ടായിരുന്നു.

എന്നാല്‍, 14 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഒമാന്‍ മണ്ണാണ് വ്രതാനുഷ്ഠാനങ്ങളെ ഏറ്റവും അരികെ നിന്ന് കാണാന്‍ പഠിപ്പിച്ചത്. വിശുദ്ധമായ അതിന്‍റെ  വരവുകള്‍ ചുറ്റിലുമുണ്ടാക്കുന്ന പരിണാമങ്ങളെ അടുത്തറിഞ്ഞത്.

ഉച്ചിയില്‍ വെയില്‍ തിളച്ചു നില്ക്കുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ദിവസങ്ങളോളം നീളുന്ന നോമ്പു കാലത്തിലേക്ക് മനുഷ്യര്‍ ഇറങ്ങി നില്‍ക്കുന്നത് ആദരവോടെയാണ് നോക്കി നിന്നു പോയത്. പ്രായഭേദമന്യേ, ഏവരും സ്വയം വിശുദ്ധമാവുന്ന രാപ്പകലുകള്‍. കുഞ്ഞു നാള്‍ മുതല്‍ ശീലിച്ചു പോരുന്ന ഇത്തരം ആചാരാനുഷ്ഠാനങ്ങളായിരിക്കണം ആത്മസംയമനത്തിന്റെഇ വിത്തുകള്‍ പാകി ഇവരെ ശുദ്ധീകരിക്കുന്നത്. മരുഭൂമിയിലെ മനുഷ്യര്‍ക്കു മാത്രം കഴിയുന്ന ശാന്തതയുണ്ടായിരുന്നു ഈ നാളുകളില്‍ ചുറ്റിനും.

എന്‍റെ  ഫ്ളാറ്റില്‍ ഇരുന്നാല്‍ കേള്‍ക്കാം, ബാങ്കൊലി. എല്ലാ പള്ളികളിലും സജ്ജീകരിച്ചിട്ടുള്ള നോമ്പ് തുറകളിലേക്ക് ഒഴുകുന്ന ബംഗാളികളെയും പാക്കിസ്ഥാന്‍ കാരെയും ഇന്ത്യക്കാരെയും മറ്റു രാജ്യക്കാരെയും കാണാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നതിനൊപ്പം തന്നെ കാമ ക്രോധങ്ങള്‍ അടങ്ങുന്ന വികാരങ്ങളുടെ എല്ലാ വേലിയേറ്റങ്ങളും അടക്കേണ്ടതുണ്ട്.ഒരു വാഗ് വാദത്തിലും പെടാതെ 'ഞാന്‍ നോമ്പുകാരന്‍/ നോമ്പുകാരി' ആണ് എന്ന് പറഞ്ഞ് മാറി നില്‍ക്കുമ്പോള്‍ ആ ശീലം ഒരു സാധാരണ മനുഷ്യന്‍റെ ആന്തരീക ശുദ്ധീകരണത്തില്‍ നല്ല പങ്ക് വഹിക്കുന്നു . ആ സ്ഫുടം ചെയ്തെടുക്കല്‍ ആവും ഉപവാസത്തിന്‍റെ  ഏറ്റവും വലിയ മേന്‍മയും .

നോമ്പെന്ന് കേള്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ മനസ്സില്‍ ഈ ദേശം മാത്രമേയുള്ളൂ. ഈ മണ്ണ് എന്നില്‍ തീര്‍ത്ത അനന്ത വിസ്മയങ്ങള്‍ക്കൊപ്പം മഹത്തായ ആ സംസ്കാരം കൊണ്ടു നടക്കുന്ന ഈ ആചാരാനുഷ്ഠാനങ്ങളും ഞാന്‍ കൊണ്ടു നടക്കുന്നു. അതിനോടുള്ള എല്ലാ ആദരവുകളും ഒമാന്‍ എന്ന ഈ മണ്ണിനോടുള്ള എന്‍റെ  പ്രണയത്തെ ജ്വലിപ്പിക്കുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒമാന്‍ എന്ന ഈ മരുഭൂമിയിലേക്കുള്ള എന്‍റെ  കന്നിയാത്ര. അനന്തമായി നീണ്ടു പോകുന്ന മണലാരണ്യം. ഒട്ടകക്കൂട്ടങ്ങള്‍. പച്ചപ്പ് ഒന്നെത്തിനോക്കുക പോലും ചെയ്യാത്ത,തിളച്ച വെയില്‍ വീഴുന്ന പഴുത്ത മണലുള്ള മരുപ്രദേശം. ആടിന്റെ പൂടയും ഒട്ടകപ്പാലിന്റെ കട്ടിപ്പും അടിഞ്ഞു കിടക്കുന്ന, ഉണക്ക ഇലയുടെ നിറമുള്ള, പൂക്കളുടെ സുഗന്ധമില്ലാത്ത ഒരിടം. അതായിരുന്നു അന്ന് മനസ്സിലെ ചിത്രം.

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് ആ ചിത്രത്തിലെ നരച്ചനിറങ്ങളെ ഒരു ചൂടുകാറ്റ് പറത്തിക്കൊണ്ടു പോയത്. പകരം ആരവങ്ങളോടെ വന്നു കയറിയ ചായക്കൂട്ടുകള്‍ക്ക് ഇന്നോളം മങ്ങലേറ്റിട്ടില്ല. പുഷ്പങ്ങള്‍ കൊണ്ടുള്ള പരവതാനികളാണോ പാതയോരങ്ങളില്‍ നിറയുന്ന പൂനിരകള്‍ എന്നാദ്യം സംശയിച്ചു. ഇലകളെ വെളിച്ചം കാണിക്കാതെ, കൊതിപ്പിക്കുന്ന നിറങ്ങളില്‍ തിങ്ങി വിടരുന്ന പൂക്കള്‍,എരിയുന്ന ചൂടിലും മരുവില്‍ വിരിയുന്ന നിത്യവസന്തം.

ഇത് വെറുമൊരു മരുഭൂമിയല്ല, തനതായ സംസ്കാരപൈതൃകമുള്ള ഒരു സുന്ദരഭൂമിയാണ്. ഒരായിരം കോട്ടകളുടെ നാട് എന്നായിരുന്നു ഒമാന്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നതുതന്നെ. നിസ്വ, ബഹല, ജബ്രീന്‍ തുടങ്ങിയ വളരെ കുറച്ച് കോട്ടകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നവയില്‍ ചിലത്.ബഹല കോട്ടയില്‍ പ്രേതാത്മാക്കള്‍ ഉണ്ടെന്നൊരു ശ്രുതി കേട്ടിട്ടുണ്ട്. ഒരിക്കല്‍ കണ്ടുമുട്ടണം അവരെ!

ഒമാന്‍റെ  അന്തരാത്മാവിനെ തൊട്ടറിയണമെങ്കില്‍ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് പോകണം. ഒരു ഫലജിനെ ചുറ്റിപറ്റി പച്ചവിരിക്കുന്ന തണുപ്പിടങ്ങള്‍. അവിടെ കാണാം പരിഷ്കാരങ്ങളൊന്നും തൊട്ടുതീണ്ടാതെ കൃഷി ചെയ്തും മാടുകളെ മേയ്ച്ചും, ഒരുപാട് ജീവിതങ്ങള്‍. അതിനപ്പുറം ഒരു ലോകമുണ്ടെന്ന ഒരു വിദൂര സ്വപ്നം പോലും ഇല്ലാത്ത നിഷ്കളങ്കര്‍. വയസ്സരില്‍ ചിലര്ക്ക് മിക്കവാറും ഒരു കണ്ണ് മാത്രമേ കാണൂ. ഈന്തപ്പനയുടെ മുള്ളുകള്‍ കുത്തികയറി ഉണ്ടാവുന്ന അപകടം പക്ഷേ അവര്‍ക്കൊരു വിഷയമേയല്ല.

ഇവിടത്തെ മനുഷ്യര്‍ക്കുമുണ്ട് പ്രത്യേകത. പെരുമാറ്റത്തിലെ സഹിഷ്ണുത. പഴം തലമുറകള്‍ പകര്‍ന്ന അതിജീവനത്തിന്‍റെ  പാഠങ്ങള്‍ മനസ്സിലേറ്റുന്നതുകൊണ്ടാവാമിത്. അന്യദേശങ്ങളില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് ഇവിടെ എത്തുന്ന ആളുകളെ വരത്തനെന്ന അയിത്തം കല്‍പ്പിച്ച് ദുരവസ്ഥയിലേക്ക് തള്ളിവിടാതെ സ്നേഹാദരങ്ങളോടെ സ്വീകരിക്കുന്ന ഇവരുടെ ആതിഥ്യ മര്യാദ വാക്കുകള്‍ക്കും അപ്പുറം ആദരണീയമാകുന്നു.

ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഒമാന്‍. അവരാണ് ഒമാനില്‍ ആദ്യമായി 'ഫലജ്' എന്ന ജലസേചനസംവിധാനം കൊണ്ടുവന്നത്. ഭൌെമോപരിതലത്തിലൂടെയും ഭൂഗര്‍ഭങ്ങളിലൂടെയും ഒഴുക്കിക്കൊണ്ടു വരുന്ന നീര്‍ച്ചാലുകളുടെ ഒരു ശൃംഖല നൂറ്റാണ്ടുകളുടെ കഥകള്‍ പറഞ്ഞുകൊണ്ട് കൃഷിയിടങ്ങളിലേക്കും ഈന്തപ്പനത്തോട്ടങ്ങളിലേക്കും ഇന്നും ധാരയായി ഒഴുകുമ്പോള്‍ ഫലജ് ഒരു അത്ഭുതമാവുന്നു.

കോടാനുകോടി വര്‍ഷുങ്ങള്‍ക്ക് മുമ്പ്, ഒമാന്‍ കടലിന്റെ അടിത്തട്ടില്‍ ആയിരുന്നുവെന്നതിന് തെളിവാണ്, ഈ മരുഭൂമിയില്‍ ഇന്നും നാം കാണാനിടയാവുന്ന കക്കകളുടെയും പവിഴപുറ്റുകളുടെയും ഫോസിലുകളും പിന്നെ ചില പ്രത്യേകയിനം സസ്യജാലങ്ങളുംസവിശേഷഭൂപ്രകൃതിയും അനന്തതയിലേക്ക് പരക്കുന്ന മരുഭൂമികളും, തീരദേശങ്ങളും, നിമ്നോന്നതമായ മലനിരകളും അവയെ മുറിച്ചൊഴുകിക്കൊണ്ട് വരുന്ന താഴ് വാരങ്ങളിലെ നദീതടങ്ങളും(വാദി) ചേരുമ്പോള്‍ ഒമാന്‍റെ  ഭംഗിയായി.

വഹൈബയിലെ ചുവന്ന പൂഴി മണല്‍ത്തട്ടുകളില്‍ കാറ്റ് ഞൊറിയുന്ന നൈസര്‍ഗിക ചിത്രവേലകള്‍ കണ്ടാല്‍, ഉലയുന്ന ഉടയാട ശരിയാക്കിക്കൊണ്ട് നില്ക്കു ന്ന അക്ഷമയായ ഒരു സുന്ദരിയെയാണ് ഓര്‍ മ്മ വരിക. പനയോല മേഞ്ഞ കൊച്ചു കുടിലില്‍ രണ്ടു പകലുകള്‍, രാത്രികള്‍! ആ രാവുകളിലൊന്നില്‍ ആകാശത്തുനിന്നും നക്ഷത്ര പൂക്കളെ കയ്യെത്തിച്ച് പിടിക്കാന്‍ ശ്രമിച്ചത് ഞാനിന്നും സൂക്ഷിക്കുന്ന കുളിരോര്‍മ.

ഒമാന് സ്വന്തമായൊരു സുഗന്ധം പോലുമുണ്ട്. ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി എത്തിയ മൂന്നു പാരിതോഷികങ്ങളില്‍ ഒന്നായിരുന്നുവത്രേ കുന്തിരിക്കം (ഫ്രാങ്കെന്‍സെന്‍സ്)! ദോഫാറില്‍ വളരുന്ന കുന്തിരിക്കമരങ്ങള്‍ ലോകനിലവാരത്തില്‍ ഒന്നാമതായി വരും. റബ്ബര്‍ മരത്തില്‍ നിന്നു പാലെടുക്കും പോലെയാണ് ഇതില്‍ നിന്നും പശ എടുക്കുന്നത്. അതുണക്കി കത്തിച്ചാല്‍ അവിടമാകെ
പരക്കും മൂക്ക്തുളച്ചുകയറുന്ന ഒരു മാസ്മരഗന്ധം. തിന്മകളെയൊക്കെ എരിച്ച് കളഞ്ഞ് ഓരോ മനുഷ്യന്‍റെ  ഉള്ളിൽ നിന്നും ഉയരട്ടെ അത് പോലെ  നന്മയുടെ സുഗന്ധം . ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും മീതെ ആ നന്മയുടെ സുഗന്ധം പരക്കട്ടെ .

( ഹാബി സുധൻ ,ഒമാനിലെ ഇന്റർ നാഷണൽ കോളേജ് ഓഫ് എൻജിനീയരിംഗ് & മാനേജ്മെന്റിൽ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി ചെയ്യുന്നു )
— with Sapna Anu B. George and 3 others.



2014, ജൂലൈ 1, ചൊവ്വാഴ്ച

മഞ്ഞില്‍ മാഞ്ഞ മഴവില്ല്


അവളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അവനാണ്.

റിസോര്‍ട്ടിലെ മുറിയില്‍ ജനല്‍പാളിയില്‍ വീഴുന്ന മഞ്ഞലകളില്‍ വിരല്‍ചിത്രം വരച്ചു നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും പുണര്‍ന്നു കൊണ്ട് അവളുടെ കഴുത്തില്‍ അവന്‍ ഉമ്മകള്‍ വര്‍ഷിച്ച ആ പുലരിയില്‍ അവള്‍ പറഞ്ഞു,

“നമുക്കും വേണം ഇങ്ങനെ മഞ്ഞില്‍ അലിഞ്ഞു നില്‍ക്കാനൊരു വീട്”.

“തീര്‍ച്ചയായും” അവന്‍ പറഞ്ഞു.

“നമ്മുടെ ആ വീടിന് വെളുത്ത നിറമായിരിക്കും....വെളുത്ത കര്‍ട്ടനുകളെ ഉലച്ചു കൊണ്ടെത്തുന്ന ഒളിച്ചു നോട്ടക്കാരന്‍ കാറ്റിനെ ഞാന്‍ കമ്പിളിപ്പുതപ്പില്‍ തളച്ചിടും ”

അവളുടെ വാക്കുകളിലെ  കുസൃതി,  കണ്ണുകളിലെ കറുപ്പായി തിളങ്ങി.

“ഈ ജനലിന്നരികില്‍ ഇരുന്നുകൊണ്ട് നമുക്ക് പൂക്കളോട് നിറങ്ങള്‍ കടം ചോദിക്കാം..പൂങ്കുയിലിനോട് ഗാനവും..പിന്നെയാ കൊച്ചുശലഭത്തോട് ചുണ്ടുകളും..”

“ചുണ്ടുകളോ ?”

ചോദ്യം അവളുടെ കാതുകളിലെത്തും മുന്‍പേ അവന്‍ ഒരു ശലഭമായി മാറിക്കഴിഞ്ഞിരുന്നു.

ഏതോതന്ത്രികളിൽ ഒരു അപൂർവ്വരാഗം ശ്രുതിചേരാനായി ഒരുക്കംകൂട്ടി.നനുനനുത്ത കാറ്റ് അതേറ്റു പാടി ഇലച്ചാര്‍ത്തുകളിലെ മഞ്ഞിന്‍കണങ്ങളെ ചുംബിച്ചുണർത്തി.

അവന്‍റെ കണ്ണുകളില്‍ തെളിഞ്ഞു കണ്ട തന്‍റെ പാരവശ്യത്തില്‍ അവള്‍ ലജ്ജയോടെ ഇമകള്‍ കൂമ്പി. കറുപ്പും ചോപ്പും നൂലുകള്‍ കെട്ടിയ ആ കരങ്ങളില്‍ കിടന്ന് അവള്‍ പിടഞ്ഞു.കാറ്റില്‍ ശ്വാസം നിലച്ചേക്കുമെന്നു ഭയന്ന ഒരു പൂവ് മഞ്ഞലകളില്‍ വീണുറങ്ങി.

ഒരിക്കലൊരു മയക്കത്തില്‍ നിന്നും നിറസന്ധ്യയിലേക്കുണരുമ്പോള്‍ അവള്‍ കുന്നിന്‍ ചെരിവിലെ തടാകക്കരയില്‍, അവന്‍റെ മടിയില്‍ തല ചായ്ച്ചു കിടക്കുകയായിരുന്നു.

വെള്ളി മേഘങ്ങള്‍ നീലസരോവരത്തില്‍ അരയന്നങ്ങളായി നീന്തിത്തുടിച്ചു.

“ഈ താഴ്വാരം മുഴുവനും നമുക്ക് മഞ്ഞ ഡാഫോഡില്‍സ് വിരിയിക്കാം. ആ കാണും കുന്നുകള്‍ക്കു മീതേ മേഘമായി ഒഴുകി അലയാം..മരങ്ങള്‍ക്ക് താഴെ,കാറ്റില്‍ തത്തിപ്പാറുന്ന പൂക്കളുടെ നൃത്തം കാണാം...”

വിശ്വ മഹാകവിയുടെ ഭാവസാന്ദ്രമായ കവിത ഓര്‍ത്തുകൊണ്ട്‌ അവള്‍ പറഞ്ഞു.

പുല്‍ക്കൊടിത്തുമ്പില്‍നിന്നും ഇറ്റു വീഴാന്‍ ഒരുങ്ങിനിന്ന മഞ്ഞു തുള്ളിയെടുത്ത് അവന്‍ അവളുടെ നെറ്റിയില്‍ അര്‍പ്പിച്ചു. അനുരാഗത്തിന്‍റെ ഒരു ഹേമന്തം അവളെ ആലിംഗനമായി പൊതിഞ്ഞു. ഒരു പൂക്കാലം അതുകണ്ട് കോരിത്തരിച്ചു. നാണത്തിന്‍റെ പുതുഗന്ധം നുകര്‍ന്നുകൊണ്ട് കാറ്റെങ്ങോ വിരുന്നു പോയി.

അവളെ സ്വപ്നങ്ങളുടെഏണിപ്പടികള്‍ കയറാന്‍ പഠിപ്പിച്ചത് അവനാണ്.

നേരിയസുഗന്ധവുമായി, ഇളംചുവപ്പും വെളുപ്പും നിറമുള്ള ചെറിപുഷ്പങ്ങളുടെയും പീച്ചുപുഷ്പങ്ങളുടെയും പരാഗം വഹിച്ചെത്തുന്ന ആ പൂമ്പൊടിക്കാറ്റിലേക്ക് ഉറക്കച്ചടവോടെ ഉണരാന്‍, ടുലിപ്സ് പൂക്കളുടെ ചാരുതയില്‍ മയങ്ങാന്‍, സില്‍വര്‍ ബിര്‍ച്ചു മരങ്ങള്‍ തണല്‍ വിരിക്കുന്ന പാതയോരങ്ങളില്‍ അലയാന്‍, മേപ്പിള്‍മരങ്ങള്‍ ഇല പൊഴിക്കുമ്പോള്‍ മരച്ചോട്ടിലിരുന്നുകൊണ്ട്‌ അവയെ കൈനീട്ടി പിടിക്കാന്‍.., ഋതുഭേദങ്ങളറിഞ്ഞു ജീവിതം നുകരാന്‍.. എല്ലാം പഠിപ്പിച്ചത് അവനാണ്. 



ഇടയ്ക്കെപ്പോഴാണ് പൂക്കള്‍ വിരിയാത്ത വസന്തങ്ങളും   ഇലകള്‍ കൊഴിയാത്ത ശിശിരങ്ങളും അവരെ അസ്വസ്ഥരാക്കിയത്? അറിയില്ല. അപരിചിതത്വം ഒരു വന്മരമായി അവര്‍ക്കിടയില്‍ വളര്‍ന്നതും അത്ര പെട്ടെന്നായിരുന്നില്ല.
 

ഒടുവില്‍ പുലരിയും സന്ധ്യയും പൂക്കളും പുഴകളും, വെളുത്ത ചായം പൂശിയ അവരുടെ സ്വന്തം മേടയിൽ ഘോഷം മുഴക്കി വന്നണഞ്ഞപ്പോഴേക്കും അവര്‍ക്കിടയില്‍ വാക്കുകള്‍ ഉറയാൻ തുടങ്ങിയിരുന്നു.

വാതില്‍പ്പാളികളിലും പൂമുഖത്തെ കൈവരിയിലും അവളുടെ മോഹം പോലെ ഹിമകണങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു. ചില്ലു ജാലകങ്ങളില്‍ മഞ്ഞിന്‍റെ തിരശീല വീണിരുന്നു.

തനിച്ചായിപ്പോയ ഒരു ഗുല്‍മോഹര്‍ ആരുടെയോ കത്തിയെരിയുന്ന സ്വപ്‌നങ്ങള്‍ നെറുകയിലേറ്റി മുറ്റത്ത് കുങ്കുമച്ഛായ വീഴ്ത്തിനിന്നിരുന്നു.


പകലുകളിൽ മൌനം നരച്ചു. രാത്രികൾ ഉദാസീനമായി.മനസ്സുകളിൽ ഊഷരതനിറഞ്ഞു.

ഊഷ്മളം എന്ന്പറയാവുന്ന,അവശേഷിച്ച വളരെ കുറച്ചു ഓര്‍മ്മകളെ,നെഞ്ചിലേറ്റി ഇടയ്ക്കൊരു ദീര്‍ഘ നിശ്വാസത്തിന് വഴിമാറി അവളും, അത് കണ്ടാലും കണ്ടില്ലെങ്കിലും നിസ്സംഗതയുടെ മൂര്‍ത്തിമദ്ഭാവമായി അവനും ഒരേ വീട്ടില്‍ ഒരുപാടകലത്തില്‍ കഴിഞ്ഞു.പകരാത്ത ചുംബനത്തിന്‍റെ പതിക്കാത്ത നിശ്വാസത്തിനായ് കാത്തിരുന്ന് അവള്‍ ഘനീഭവിച്ചു.

പച്ചച്ച പുല്‍ത്തകിടിയിലേക്ക് വെളുവെളുത്ത പാലപ്പൂക്കള്‍ പമ്പരംതിരിഞ്ഞുവീണുകൊണ്ടിരുന്ന ഒരു വരണ്ട സായാഹ്നത്തില്‍, സൂര്യകിരണങ്ങള്‍ കടലാഴങ്ങളില്‍ ഒളിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ്, നിശബ്ദത, റോസാപ്പൂവിന്‍റെ മുള്ളുപോലെ അവളുടെകവിളില്‍ കോറി.

വാക്കുകള്‍ക്ക് ഒച്ചയില്ലാതെ, നോട്ടങ്ങള്‍ക്ക്‌ അര്‍ത്ഥമില്ലാതെ ഇരിക്കവേ ഇടനെഞ്ചില്‍ നേര്‍ത്ത ഒരീണവുമായി ഒരു കിളി അവരെയും കടന്ന്  ചിറകടിച്ചുപോയി.

അപ്പോള്‍ ആകാശത്ത്, ഒരു മഴവില്ലിനെ തിരയുകയായിരുന്നു അവള്‍.

അവന്‍ ചോദിച്ചു..

“ഇപ്പോള്‍ നീ സ്വപ്നം കാണാറില്ലേ..?”

അപ്രസക്തമായ ആ ചോദ്യം ഗൌനിക്കാതെയോ, അതോ കേള്‍ക്കാതെയോ, അവള്‍ പറന്നുപോയ പക്ഷിയെമാത്രംഓർത്തു.

തേക്കുമരത്തിന്‍റെചില്ലയില്‍ കൂട് കൂട്ടിയിരിക്കുന്നു ആ ഒറ്റക്കിളി.

“എന്തേ കിളി നീ ഒറ്റയ്ക്ക്..”? അവളുടെ ശബ്ദം ചിലമ്പി.

“മഞ്ഞുണ്ട്, മഴയുണ്ട്, മലയുണ്ട്, കാറ്റുണ്ട്, കാടുണ്ട്‌, കാട്ടാറും ഉണ്ട്, പോരുന്നോ കൂട്ട് കൂടാന്‍? വരുന്നോ ഈ കൂട്ടിലേക്ക്”..

അവള്‍ കൂട്ടിലേക്ക് നോക്കി.

മഴവില്ലു കൊണ്ടൊരു ചേലുള്ളകൂട്!

അതിന്‍റെയൊരു ചീന്തെടുത്ത് കിളി അവള്‍ക്കു സമ്മാനിച്ചു.

അവള്‍ അത് കൈക്കുമ്പിളില്‍ കോരിയെടുത്തു. ഹൃദയത്തോട് ചേര്‍ത്തുവച്ച്, മെടഞ്ഞു കെട്ടി ഊഞ്ഞാലുണ്ടാക്കി.

ആകാശവും തുളച്ചുവളർന്നുപോയ മരത്തിന്‍റെ ശിഖരത്തില്‍ മേഘക്കീറുകള്‍ക്കിടയിലൂടെ മഴവില്ലൂഞ്ഞാലില്‍ അവളിരുന്നാടി.

ഏഴു നിറങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ചേതോഹരമായ ഒരു കാലം.

ഒരു നാള്‍ അവൾ ആ മഴവില്ലിനോടൊപ്പം പൂർണ്ണമായും മഞ്ഞിലലിഞ്ഞുപോവുകയുംചെയ്തു.

അവളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അവനാണ്. ഏഴു നിറങ്ങളുള്ള സ്വപ്‌നങ്ങള്‍!