2013, ഡിസംബർ 1, ഞായറാഴ്‌ച

കാത്തി... കാത്തിരുന്നു

“ആ ഓട്ടുരുളി കഴുകി തെക്കേ മുറിയിലെ കട്ടിലിനടിയിലേക്കു കമഴ്ത്തിക്കോളൂ കാത്ത്യേ.. വട്ടഭരണികള്‍ കയ്യാലയിലും. ഇരുട്ടും മുന്‍പേ അടുക്കളയുടെ ഓവുചാലൊന്ന് അടിച്ചു വൃത്തിയാക്കിയിട്ടോളൂ……………” 

മൂത്ത ആങ്ങളയുടെ ഭാര്യ ചന്ദ്രേടത്തീടെ കല്പന!

നീല നിറത്തിലുള്ള നീളന്‍ പാവാട കയറ്റികുത്തി, ഇടതുവശത്തേക്കൊന്നു ചെരിഞ്ഞ്, മുടന്തുള്ള വലതുകാല്‍ വലിച്ച് വച്ച് കാത്തി അടുക്കള വശത്തേക്ക് നടന്നു...... പച്ചമാങ്ങാ അച്ചാറിന്‍റെയും കാളന്‍റെയും പുളിയിഞ്ചീടെയും പായസത്തിന്‍റെയും സമ്മിശ്രമായ ഒരു ഗന്ധം മൂക്കില്‍ തുളച്ചുകയറി.

ഇളയ ആങ്ങളയുടെ കല്ല്യാണത്തിന്‍റെ ആഘോഷവും ബഹളവും കെട്ടടങ്ങി. തനിക്കുള്ള പണികള്‍ ഇനിയും ബാക്കി..സദ്യയുടെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ചിതറി കിടന്നതെല്ലാം വാരിക്കൂട്ടി തെങ്ങിന്‍റെ കടക്കലിട്ടു. സഹായത്തിന് ആളുണ്ടെങ്കിലും അവരുടെ കൂടെ നിന്നാലേ പറ്റു. ഞൊണ്ടുകാലും വലിച്ചു വച്ച് കാത്തി ആവുന്നത്ര പണികള്‍ തീര്‍ത്തു.

തെക്കേ മുറിയിലെത്തിയപ്പോള്‍, ചുമരില്‍ തൂക്കിയിട്ട കണ്ണാടി! അവള്‍ തന്‍റെ രൂപം നോക്കിനിന്നു.. അര ബ്ലൗസും നീളന്‍ പാവാടയും. ബ്ലൌസ് അവസാനിക്കുന്നിടത്ത് പാവാടയുടെ കെട്ടു മുറുകി കിടക്കുന്നു. മേല്‍മുണ്ടിടാറില്ല.

പ്രായം മുപ്പത്തിയേഴ് കഴിഞ്ഞു. ചടച്ചുണങ്ങിയ ദേഹത്ത് ഇതില്‍ കൂടുതല്‍ മറയ്ക്കാനായി ഒന്നുമില്ല. അല്ലെങ്കിലും ആരെങ്കിലും തന്നെ ഒന്ന് നോക്കിയിട്ട് വേണ്ടേ? ഒരാണിനെ ആകര്‍ഷിക്കാനുള്ള എന്തെങ്കിലും തന്നിലുണ്ടോ? ഈ ചട്ടുകാലിയെ ആര്‍ക്കു വേണം?

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ എല്ലാവരും തരംതിരിച്ചു മാറ്റി നിര്‍ത്തിയിരുന്നു. ഓടാനും ചാടാനുമൊന്നും തനിക്കാവില്ലല്ലോ. ശരീര പുഷ്ടി ഇല്ലാത്ത തന്നെ അവര്‍ കളിയാക്കി ഉണക്കച്ചട്ടു എന്ന് വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകാറുണ്ട്.. അഞ്ചാം ക്ലാസ്സില്‍ നിര്‍ത്തിയതാണ് പഠിപ്പ്. പിന്നീടെന്നും വേലിക്കപ്പുറത്ത്‌ കൂടി കൂട്ടുകാര്‍ പോകുന്നതും നോക്കി നില്‍ക്കുമായിരുന്നു.

അവരെല്ലാം കല്ല്യാണം കഴിഞ്ഞ് ഓരോരോ സ്ഥലങ്ങളിലേക്ക് പോയി. കാത്തിയെ കൊണ്ട് പോകാന്‍ മാത്രം ആരുമെത്തിയില്ല. 

“നിനക്കും വരും കാത്തീ ഒരു ചെക്കന്‍” എന്ന് അമ്മ സമാധാനിപ്പിച്ചത് വെറുതേയായിരുന്നു.!

അവള്‍ ചായ്പ്പിന്‍റെ  വാതില്‍ ചാരിയിട്ടു.

മേല്‍ കഴുകി, വിളക്കണച്ച് കിടന്നത് ക്ഷീണത്തോടെയാണെങ്കിലും ഉറങ്ങാനായില്ല.. പുറത്ത് വവ്വാലുകള്‍ മാങ്ങ കരണ്ട് താഴേക്കിടുന്ന ശബ്ദം. പിന്നെ അവയുടെ ചിറകടിയും.

ഒരിക്കല്‍ താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് അവളോര്‍ത്തു.

സന്ധ്യ വിടപറഞ്ഞകന്ന നേരം, കുറേശ്ശെ ഇരുട്ടുണ്ട്. വടക്കേപ്പുറത്തെ അമ്മിത്തറയോട് ചേര്‍ന്ന് താന്‍ നില്‍ക്കുന്നു. തന്‍റെ കല്യാണമായിരുന്നു അന്ന്. നീണ്ട മുഖമുള്ള, കോലന്‍ മുടിയുള്ള ഒരു ചെറുപ്പക്കാരന്‍ തന്‍റെ കൈ കോര്‍ത്ത്‌ പിടിച്ചിട്ടുണ്ട്. താന്‍ അയാളെയും കൊണ്ട് മാവിന്‍ ചോട്ടിലേക്ക് നടക്കുന്നു... തന്‍റെ ചണ്ണക്കാലെവിടെ? അല്‍പ്പം കഴിഞ്ഞപ്പോള്‍ താന്‍ അയാളുടെ പിടി വിട്ടു ഓടിപ്പോയി ഊഞ്ഞാലില്‍ ഇരുന്നു...അടുക്കളയില്‍ പാത്രം വീണതിന്‍റെ ചിലമ്പല്‍ കേട്ട് അന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ ഊഞ്ഞാലുമില്ല, ചെറുപ്പക്കാരനുമില്ല. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലായി, ചട്ടുകാല്‍ അവിടെത്തന്നെയുണ്ട്‌.

ആ സുമുഖനെ ഒന്നുകൂടി കാണാന്‍ കഴിഞ്ഞെങ്കില്‍..!

മുഖം , ഇപ്പോഴും മനസ്സിലുണ്ട്.

വരുമോ? ഒരിക്കലെങ്കിലും വരുമോ? വന്നാല്‍ എന്താവും അയാള്‍ക്ക്‌ തന്നോട് പറയാനുണ്ടാവുക?

കാത്തി തിരിഞ്ഞു കിടന്നു. അവള്‍ക്കുറങ്ങാനായില്ല. മുറ്റത്തെ മാവില്‍ കടവാവലുകള്‍ അവളുടെ മധുരസ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് തലങ്ങും വിലങ്ങും പറന്നു.

ഓട്ടു മൊന്തയിലെ വെള്ളം ഒരിറക്ക് കുടിച്ച് അവള്‍ വീണ്ടും കിടന്നു.

പ്രഭാതങ്ങള്‍, പ്രദോഷങ്ങള്‍! ദിനരാത്രങ്ങളിലൂടെ , ഋതുഭേദങ്ങളിലൂടെ കാലം ഞൊണ്ടിയും വലിഞ്ഞും ഒരു മുടന്തിയെ പോലെ നീങ്ങി ..

പ്രായമേറുന്തോറും ഉറക്കവും ഒളിച്ചു കളി തുടങ്ങിയിരിക്കുന്നു..

"ചിറ്റമ്മേ....

എന്തോര്‍ത്തു കിടക്കുകയാണ്? ഉറങ്ങുന്നില്ലേ? "

ആങ്ങളയുടെ മകളാണ്, ലച്ചു. ....കല്യാണ നിശ്ചയം കഴിഞ്ഞ പെണ്ണ്.

കുട്ട്യോള് വളര്‍ന്നതോ, തനിക്ക് വയസ്സായതോ ഒന്നും അറിഞ്ഞില്ല.. തൊടിയും തൊഴുത്തും അകത്തളവുമായി ജീവിതം കഴിഞ്ഞു പോയത് എത്ര വേഗം! തന്‍റെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു.ആങ്ങളമാരുടെ മക്കള്‍ക്ക്‌ പ്രായപൂര്‍ത്തിയും ആയി.

കാത്തി കണ്ണുകള്‍ പൂട്ടി.

തക്കുടു എന്ന ചാത്തന്‍ കോഴി നാലഞ്ചു തവണ കൂവിയപ്പോള്‍ തട്ടിപ്പിടഞ്ഞു എഴുന്നേറ്റു. തന്‍റെ ജീവിതത്തിന്‍റെ  മുക്കാല്‍ ഭാഗവും എരിഞ്ഞു തീരുന്നത്, ആ അടുപ്പിനരികിലാണല്ലോ എന്നോര്‍ത്ത്കൊണ്ട് അവള്‍ അടുക്കളയിലേക്ക് നടന്നു.

പലഹാരമുണ്ടാക്കി അടച്ചു വച്ച് കുളത്തില്‍ പോയി കുളിയും തേവാരവും കഴിഞ്ഞു വന്നപ്പോള്‍ മണി പത്തര. അവള്‍ ഉമ്മറക്കോലായില്‍ ചെന്നിരുന്നു, മുറുക്കാന്‍ ചെല്ലമെടുത്തു.

കിഴക്കേതിലെ വല്യമ്മയാണ് മുറുക്കാന്‍ പഠിപ്പിച്ചത്. വര്‍ഷങ്ങളായി ഈ പതിവ് തുടങ്ങീട്ട്. നല്ല വെളുത്ത പല്ലുകളായിരുന്നു, മൂന്നാലെണ്ണം കേടുവന്നു പോയി, ബാക്കിയുള്ളത് ചുവന്ന കറ പിടിച്ച് വൃത്തികേടായിരിക്കുന്നു. അതുകാരണം വായ്‌ തുറന്നു ചിരിക്കാന്‍ മടിയാണ്.

വേലിപ്പടി കടന്ന് ആരോ വരുന്നു, കണ്ണ് പിടിക്കുന്നില്ല.ഒരു കൈകൊണ്ടു കണ്ണിനു മറ പിടിച്ച് കാത്തി ചെരിഞ്ഞ് നോക്കി..

കല്യാണത്തിന്‍റെ ഇടനിലക്കാരിയാണ്.

“കല്ല്യാണം അടുത്തല്ലോ, ഒരുക്കങ്ങളൊക്കെ ആയില്ലേ?” ഒരു ചെവിയുടെ അടുത്ത് നിന്നും തുടങ്ങി മറ്റേ ചെവിയില്‍ അവസാനിക്കുന്ന വഞ്ചി പോലെ വളഞ്ഞ തന്‍റെ ചുണ്ടുകള്‍ മലര്‍ത്തി അവര്‍ ചിരിച്ചു.

“പൊന്നും പണോം പറഞ്ഞത്രയും ഒപ്പിച്ചില്ലേ?” അവര്‍ പുരികമുയര്‍ത്തി.

“ഉവ്വ്, ആങ്ങള കാര്യങ്ങള്‍ക്കായി ഓടിനടക്കുന്നുണ്ട്”. കാത്തി ബോധ്യപ്പെടുത്തി.

അവരും മുറുക്കാനെടുത്തു ചുരുട്ടി വായില്‍ വച്ചു.

“നൂറുകൂട്ടം പണികള്‍ ബാക്കിയാണ്, ഞാനങ്ങട് ചെല്ലട്ടെ”. കാത്തി കയ്യാലപ്പുരയിലേക്ക് നടന്നു.

നെല്ല് പുഴുങ്ങണം, അരി പൊടിച്ച് വറുക്കണം, മുളകും മല്ലിയും ഉണക്കിപ്പൊടിക്കണം, തൊട്ടു തൊട്ടു പണികളുടെ പൂരമാണിനി തനിക്ക്. ലച്ചൂന്‍റെ കല്ല്യാണം കഴിഞ്ഞാലും പണി തന്നെ! കുഴക്കലും മറിക്കലും വറുക്കലും, പൊരിക്കലും, ഒഴിഞ്ഞ നേരം കാണില്ല, വിരുന്നു കഴിയുവോളം.

കീറിത്തുടങ്ങിയ വലിയ പനമ്പ് കളത്തില്‍ വിരിച്ച്, മുളകും മല്ലിയും ഉണക്കാനിട്ടു.

മുറ്റത്ത്‌ കൂട്ടിയ വലിയ അടുപ്പില്‍ വിസ്താരമുള്ള ചെമ്പിന്‍റെ വട്ടയ കയറ്റി വച്ചു. പത്തിരുപതു കുടം വെള്ളം കോരി നിറച്ച് പറകുട്ടയില്‍ നെല്ല് അളന്നിട്ടു. ഓലക്കുടി കത്തിച്ചു തീ കൂട്ടി, വിറകു കത്തിച്ചു. കണ്ണിലേക്കടിച്ച പുക മുറം കൊണ്ട് വീശിമാറ്റി.

ആവി കയറാന്‍ തുടങ്ങിയപ്പോള്‍ പഴയ ചാക്ക് നനച്ചു നെല്ലിനു മുകളില്‍ വിരിച്ച് മൂടിയിട്ടു.

അടുപ്പിനരികില്‍ നിന്നു മാറാതെ വിറകിനൊപ്പം നിന്നു പുകഞ്ഞാലെ നെല്ല് പുഴുങ്ങികിട്ടുള്ളൂ. അവള്‍ വലിയ വിറകു മുട്ടികള്‍ അടുപ്പിലേക്ക് തള്ളി വച്ചു.

നേരം ഇരുട്ടിയതറിഞ്ഞില്ല.

ബാക്കിയായ പണികള്‍ തീര്‍ത്തു കഞ്ഞി കോരി കുടിച്ച് വന്നു കിടക്കുമ്പോള്‍ കാത്തി വീണ്ടും വെറുതേ ഓര്‍ത്തു ആ സുമുഖനായ ചെറുപ്പക്കാരനെ..അയാള്‍ക്കും ഇപ്പൊ തന്നെപോലെ വയസ്സൊരു പാടായിക്കാണില്ലേ?

ഇനി വരില്ല..വരികയും വേണ്ട...

പുറത്ത് കാടന്‍ പൂച്ചകള്‍ കടിപിടി കൂടുന്നു. ചക്കിപ്പൂച്ച വിറകുപുരയില്‍ ഒളിച്ചു കാണും. സ്വൈര്യം കൊടുക്കില്ല അതിന്!

പിറ്റേന്നേക്കുള്ള പണികള്‍ എന്തൊക്കെയെന്ന് ഒന്നുകൂടി തിട്ടപ്പെടുത്തി, പ്രാര്‍ത്ഥനയോടെ പാതി ഉറക്കത്തിലേക്കു വീഴും മുന്‍പ് അല്‍പ്പം ദൂരെ, തീവണ്ടിപ്പാതയിലൂടെ, ഒരു ചരക്കുവണ്ടി ശബ്ദമുണ്ടാക്കികൊണ്ട് പാഞ്ഞുപോയി. വിജനവീഥികളിലൂടെ ഇരുട്ടിനെ വകഞ്ഞ് ഒറ്റയ്ക്ക് കുതിക്കുന്ന ആ തീവണ്ടിയും തന്‍റെ സ്വപ്നങ്ങളും ഒരു പോലെയല്ലേ...

അല്ല...അതിനൊരു ലക്ഷ്യമുണ്ട്..തനിക്കോ?