2013, ജൂൺ 16, ഞായറാഴ്‌ച

വില്വേച്ചിക്ക് കല്ല്യാണം


വില്വേച്ചി എന്തിനാ ഇങ്ങനെ നാണിച്ച് താഴേക്കുതന്നെ നോക്കിയിരിക്കണേ?


അല്ലെങ്കില്‍ എപ്പോ വന്നാലും വില്വേച്ചിക്ക് വെള്ളം കോരാനും, വാഴയില കൂട്ടി കരിപിടിച്ച പാത്രങ്ങള്‍ ചാരമിട്ടു കഴുകാനും, പാളാക്കു കൊണ്ട് നിലത്ത് ചാണകം മെഴുകാനുമുളള തിരക്കായിരിക്കൂലോ. ഇന്നിപ്പോ എന്താ ഇങ്ങനെ! 
 
ഇന്ന് വില്വേച്ചീടെ കല്ല്യാണമായിരുന്നു. അതാണ്‌ രാവിലെ തലയില്‍ ഒരു വട്ടേപ്പം കമഴ്ത്തിയ പോലെ മുല്ലപൂവും ഇടയിലോരോ ജമന്തി പൂവും വച്ചു പന്തലിനു നടുവിലിരുന്നത്. ആരുടെയോ മുടിവാറു കടംവാങ്ങി കൂട്ടി മെടഞ്ഞിട്ട്, മുട്ടോളം ഇറങ്ങി കിടന്നിരുന്നു മുടി. അതിലൊക്കെ പൂവുണ്ടായിരുന്നു. ഇപ്പോ ഒന്നൂല്ല്യ, കറുത്ത ഈര്‍ക്കിലി സ്ലയിടുകള്‍ ഊരിയെടുത്ത്‌ ഒരു ചെപ്പിലാക്കി, വാടിയ പൂക്കള്‍ ദേവക്യേച്ചി മുറ്റത്തേക്ക് എറിഞ്ഞു കളഞ്ഞു. മുടിവാറ് മുറിയിലെ ഓലച്ചുമരില്‍ തിരുകി വച്ചിട്ടുണ്ട്. ഇപ്പോ വില്വേച്ചി പഴയ ആളായി. പക്ഷെ എന്തിനാ ഇങ്ങനെ താഴേക്കു നോക്കിയിരിക്കണേന്നു മാത്രം മനസ്സിലാവണില്ല്യ. 


ഞാന്‍ സൂക്ഷിച്ചു നോക്കി, എങ്ങോട്ടാണ് നോട്ടം?. ഉറുമ്പുകള്‍ പഞ്ചാരയും തേങ്ങാപീരേടെ പൊടീം കൊണ്ടുപോകണത് നോക്ക്വാവും. എനിക്കും ഇഷ്ടാണ്, അത് നോക്കിയിരിക്കാന്‍ . കൊച്ചു ചൊമന്നുറുമ്പാണെങ്കില്‍ ഞാന്‍ വിരലുകൊണ്ട് ഒറ്റ തേമ്പ് കൊടുക്കും. എന്നെ കടിച്ചതിന്‍റെ ദേഷ്യം തീര്‍ക്കണ്ടേ!. കറുത്ത ഇക്കിളിയുറുമ്പുകളാണെങ്കില്‍ തൊടില്ല, മേലൊക്കെ കേറി ഇക്കിളിയാക്കും അവര്‍. കട്ടുറുമ്പാണെങ്കിലും തൊടാന്‍ പോവില്ല്യ, തലയിലെ തേങ്ങാത്തരി തട്ടിയിട്ട വാശിക്ക് നല്ല ഇറുക്ക്‌ വച്ചുതരും അത്.

ഇവിടിപ്പോ ഉറുമ്പൊന്നും ഇല്ല്യാലോ. അല്ലെങ്കിലും ഉറുമ്പിനെ നോക്കണേനു വില്വേച്ചിക്ക് എന്തിനാ ഇത്ര നാണം? എന്‍റെ ചോദ്യം കേട്ടപോലെ ചേച്ചി പറഞ്ഞു, “അതേയ്, കല്ല്യാണ പെണ്ണിന് നാണം ഉണ്ടാവുംന്നാ പറയണേ. അത് ഗോപ്യേട്ടനെ കണ്ടിട്ടാണ്”. 



എനിക്കെട്ടു വയസ്സ്, ചേച്ചിക്ക് ഒൻപതര, അന്യേത്തിക്ക് ഏഴ്. മൂന്നാളും വീട്ടീന്ന് കണ്ണ് വെട്ടിച്ച് കല്ല്യാണ വീട്ടിലെ വിശേഷം അറിയാന്‍ പോന്നതാണ്. മാമ്വേട്ടന്‍റെ പെങ്ങളാണ് വില്വേച്ചി. അവരുടെ വീടിന്‍റെ താഴത്താണ് ഞങ്ങളുടെ തറവാട്. നല്ല വിഷമുള്ള പുല്ലാനി മൂര്‍ഖന്‍ പങ്ങിയിരിക്കണ പുല്ലാനിക്കാട് കടന്നാണ് ഇങ്ങോട്ടെത്തിയത്.



ഞായറാഴ്ച്ചയായതിനാല്‍ അച്ഛനുണ്ട്‌ വീട്ടില്‍. ഞങ്ങളിങ്ങോട്ടു പോന്നതറിഞ്ഞാല്‍ വഴക്കു പറയും. എന്നാലും ഇവിടെന്താണ് നടക്കണേന്നറിയാതെ എങ്ങന്യാ അവിടിരിക്ക്യാ..? പഠിക്ക്യാനിരുത്തിയ മുറീന്നു ഒളിച്ചു പോന്നതാണ്. വേഗം തിരിച്ചു പോകാമെന്നാണ് വിചാരിച്ചത്. അതിനു വില്വേച്ചി ഇങ്ങനെ ഇരുന്നാലെങ്ങനെയാണ്!!



ആകെ രണ്ടു മുറിയുള്ള ഓലപ്പുരയില്‍ ചായിപ്പെന്നു വിളിക്കണ കുഞ്ഞു മുറീല് നിലത്തൊരു പായേലാണ് വില്വേച്ചി ഇരിക്കണേ. കയ്യില്ലാത്ത വെള്ള ബനിയനും പുള്ളിമുണ്ടുമുടുത്ത് ഗോപ്യേട്ടൻ ഇറയത്തു നടക്കണുണ്ട്. ഞങ്ങള്‍ മൂന്നുപേരും അവരെ മാറിമാറി നോക്കികൊണ്ടിരുന്നു. വല്ല്യ വീട്ടിലെ പിള്ളേരല്ലേ...അതോണ്ടാവും അവരു പോകാന്‍ പറയാത്തത്. ഇരുട്ട് വീണിട്ടും ഞങ്ങള്‍ അവിടെത്തന്നെ നിന്നു.



“ഇന്ന് നിങ്ങളെ ഞാന്‍ ..."


ഇടിമുഴക്കം പോലെ അച്ഛന്‍റെ ശബ്ദം   കേട്ടപാടെ അതിലും വലിയൊരു ശബ്ദം കൂടി കേട്ടു, എന്‍റെ നെഞ്ചീന്നു... കൊട്ട്ലുങ്ങല്‍ ഉത്സവത്തിന്‍റെ ചെണ്ട കൊട്ടുതന്നെ!. 

“നടക്കെടീ...” 

അച്ഛനെ അനുസരിച്ചു ഞങ്ങള്‍ മൂന്നും നടന്നു, പിന്നാലെ അച്ഛനുണ്ടെന്നു അറിയണ കാരണം നടന്നിട്ട് കാലു നീങ്ങാത്ത പോലെ..


വീടെത്താറായപ്പോ വെറുതേ തിരിഞ്ഞു നോക്കിയതാണ്, അച്ഛനെകാണാനില്ല്യ, പുല്ലാനിക്കാട്ടീന്നുവടിയൊടിക്ക്യാണ് .

നീങ്ങാത്ത കാലുകള്‍ക്ക് എവിടുന്നിത്ര വേഗത വന്നൂന്നു അറിയില്ല്യ.. ഞങ്ങള്‍ വാണംവിട്ട പോലെ ഓടി. എന്‍റെ കാലിന്‍റെ ഉപ്പുറ്റി ഏകദേശം കഴുത്തുവരെ മുട്ടുന്നുണ്ടായിരുന്നു.

ഓടിച്ചിട്ടു തല്ലി, വടിയും കാലും ഒടിയണതുവരെ. മൂന്നാള്‍ക്കും മോശല്ല്യാണ്ട് കിട്ടി. നിലവിളി ഉയര്‍ന്നപ്പോ പറഞ്ഞു, “മിണ്ടിപ്പോകരുത്, ഇനീം കിട്ടും പുറത്തുകൂടെ തൊഴി.” 

അമ്മേടെ അടി മുട്ടില്ല്യാതെ ദിവസവും കൊള്ളുന്നതാണ്. ആദ്യായാണ് അച്ഛന്‍ തല്ലുന്നത്. ഇങ്ങനെ തല്ലിയാല്‍ മനുഷ്യന്‍ ചത്തു പോവില്ലേ? ആ കാട് വെട്ടിക്കളയാന്‍ മാമ്വേട്ടനോട് പറയണം. ഹോ!എന്തൊരു പുകച്ചിലാണ് ആ വടികൊണ്ടുള്ള അടിക്ക്! ചോരയൊലിക്കുന്നുണ്ടോ?...


വീട്ടില്‍ ചെന്നു കയറിയ ഉടനെ അമ്മയോട്,



“വളര്‍ത്തു, വളര്‍ത്തു, ഇങ്ങനന്ന്യാ വളര്‍ത്തേണ്ടതും. കണ്ടവന്‍റെ വീട്ടിലെ കല്ല്യാണ വിശേഷം അറിയാന്‍ പോയേക്ക്വാ മൂവന്തി നേരത്ത് വര്‍ക്കത്തില്ല്യാത്തോറ്റങ്ങള്!! ഞാന്‍ ചെല്ലുമ്പോ അവിടെ വായിലുനോക്കി നില്‍ക്കണു, എക്കേത്തിനേം ശര്യാക്കും ഞാന്‍ ”...തീ തുപ്പുന്ന  അച്ഛന്‍  

കാലില്‍ പതിഞ്ഞ പുല്ലാനിവടീടെ ചോരപ്പാടുകള്‍ നോക്കി ശബ്ദമുണ്ടാക്കാതെ ഏങ്ങലടക്കി .







തൊടിയിലെ പച്ചപ്പിൽ പച്ചളിപ്പാമ്പിനെ തിരഞ്ഞു നടന്ന ഒരു ദിനം വേലിക്കപ്പുറം നടന്നു മറയുന്ന നാലഞ്ചു പേരോടൊപ്പം വില്വേച്ചിയെയും ഒരു നോക്ക് കണ്ടു. വില്വേച്ചി കരയുകയായിരുന്നു. പൂക്കളുള്ള സാരിയുടെ തലപ്പുകൊണ്ട് എത്ര തുടച്ചിട്ടും തോരാതെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

കല്ല്യാണം കഴിഞ്ഞാൽ ഗോപ്യേട്ടന്റെ വീട്ടിലേയ്ക്കു കൊണ്ടുപോകും എന്ന് വല്യമ്മ പറഞ്ഞിരുന്നു.   അതിനിപ്പോ വില്വേച്ചിയെ സങ്കടപ്പെടുത്തുന്ന എന്താണ് ഉണ്ടായത്?  പുല്ലാനി കഷായത്തിന്റെ ഓർമയിൽ,      ദൂരെ മറയുന്ന ആൾരൂപങ്ങളെ നോക്കി
ക്കൊണ്ട് ഒരു കുഞ്ഞു മനം എന്തിനെന്നറിയാത്ത  വിതുമ്പലിൽ കുരുങ്ങി നിന്നു...



2013, ജൂൺ 12, ബുധനാഴ്‌ച

ഡ്രോയര്‍ചരിതം



എന്‍റെ ഷര്‍ട്ടിനു ഒരു കുടുക്ക് തുന്നിത്താടോ”...



വാഷിങ്ങ് മെഷീനിൽ കിടന്നുള്ള കെട്ടുപിണച്ചിലിനിടയിൽ , ഷർട്ടിൽ നിന്നും ഇളകി നിന്നിരുന്ന ഒരു ബട്ടൺ അതിന്റെ പാട്ടിനു പോയിട്ടു കുറച്ചുകാലമായി. അതെടുത്ത് നിവർത്തിക്കൊണ്ട്, കുടുക്ക് വയ്ക്കാൻ ഭർത്താവ് അഭ്യർത്ഥിക്കുന്നത് ഇത് നാലാം തവണയാണ്. 



“വല്ല്യ എലിസബത്ത്‌“ടെയിലര്‍” ആണെന്നാണല്ലോ ഭാവം. ഇരുപതുവര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും താന്‍ ഒരു ബട്ടന്‍ തുന്നി തന്നിട്ടുണ്ടോ എനിക്ക്?”



“തുന്നാന്‍ മാത്രം പറയരുത്, എനിക്കു മടിയാണ്.” പതിവുപോലെ ഞാൻ ഒഴിവുകഴിവു പറഞ്ഞു,


“സൂചീം നൂലും കോര്‍ക്കാനെങ്കിലും അറിയ്വോ ആവോ ഭവതിക്ക്!!” പരിഭവമുണ്ട് സ്വരത്തിൽ. ന്നിട്ടും എന്റെ കുഴിമടി ദയകാണിക്കാൻ കൂട്ടാക്കിയില്ല.


“ഹും..... സൂചിയെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്‌, അഞ്ചാറുവര്‍ഷം ഡ്രോയറ് തുന്നാന്‍ നടന്ന എന്നോടാണോ കളി?” ഞാന്‍ പിറുപിറുത്തു.



നൂലും സൂചിയും കാണുമ്പോള്‍ ഓര്‍മ്മ വരിക പഴയ ഡ്രോയര്‍ ചരിതമാണ്. നാലാം ക്ലാസ്സിലെ തുന്നല്‍ ടീച്ചറാണ് ആദ്യമായി തുന്നാന്‍ പഠിപ്പിച്ചത്. അഞ്ചാം ക്ലാസ്സില്‍ ചെന്നപ്പോള്‍ അളവെടുത്തു വെട്ടി തുന്നാനും തുടക്കമിട്ടു. കാഴ്ച്ചക്കുറവുള്ളവര്‍ സൂചിയില്‍ നൂല് കോര്‍ക്കാന്‍ ശ്രമിക്കുന്ന പോലെയുള്ള തുന്നല്‍ ടീച്ചറുടെ ചുളിഞ്ഞ മുഖമൊന്നു ദര്‍ശിച്ചാല്‍ത്തന്നെ തുന്നലിനോട് വിരക്തി താനേ വരും.. അമ്മ പറഞ്ഞിട്ടാണ് ഞാന്‍ ഡ്രോയിങ്ങിനു പകരം തുന്നല്‍ എടുത്തത്‌. പെങ്കുട്ട്യോളായാല്‍ അത്യാവശ്യം തുന്നല്‍ അറിഞ്ഞിരിക്കണമെന്നാണ് അമ്മയുടെ പക്ഷം. അമ്മയ്ക്കിനി അതിന്റെ സമാധാനക്കേട്‌ വേണ്ട!!



“ ഹെം” എന്ന വാക്ക് കുറുനാക്കുപയോഗിച്ചു ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ട് ടീച്ചര്‍ ഞങ്ങളെ ഹെമ്മിംഗ് ചെയ്യാന്‍ പഠിപ്പിച്ചു. ഒരുമാസം കഴിഞ്ഞപ്പോള്‍ പറഞ്ഞു:


“അടുത്താഴ്ച്ച എല്ലാവരും ഡ്രോയര്‍ തയിക്കാനുള്ള തുണി കൊണ്ട് വരണം”.
കൊടകര പോയി ഒരു തുണിക്കടയില്‍ നിന്നും അമ്മ എനിക്കൊരു മീറ്റര്‍ കള്ളിത്തുണി വാങ്ങിത്തന്നു, കള്ളിസൌസര്‍ ആവട്ടെ! കുറയ്ക്കണ്ട! കൂടെ തുന്നാനുള്ള സൂചിയും പല കളറിലുള്ള നൂലുകളും. നീളത്തില്‍ ചുറ്റിയ നൂലുകള്‍ക്ക്‌ നടുവിലെ കടലാസ്സു ബെല്‍റ്റ്‌ ഊരിയാല്‍ പിന്നെ നൂല് കെട്ടുപിണയാതെ നോക്കുന്നത് ശ്രമകരം. എല്ലാം ഒരു ചെപ്പില്‍ ഒതുക്കി വച്ചു ക്ലാസ്സിലേക്ക് കൊണ്ടുപോയി.



“ഡ്രോയര്‍ നിനക്കോ നിന്‍റെ അച്ഛനോ?” രണ്ടു മീറ്റര്‍ തുണി കൊണ്ടുവന്ന ഒരു കുട്ട്യോടാണ് ചോദ്യം. ടീച്ചറുടെ മുഖം ഒന്നുകൂടി ചുളിഞ്ഞു.
ഞാന്‍ ചിരിയമര്‍ത്തി.

“ചിരിക്കണ്ട, ഞാന്‍ രണ്ടു ഡ്രോയര്‍ തുന്നും” കുട്ടിയുടെ വാക്കുകളില്‍ നാണക്കേട്‌ മുഴച്ചു നിന്നു.


“രണ്ടോ, നാലോ വേണമെങ്കില്‍ പത്തോ തുന്നിക്കോളൂ എനിക്കിപ്പെന്താ...” ഞാന്‍ തിരിഞ്ഞിരുന്നു.



ടീച്ചര്‍ കസേരയിലിരിക്കും. ഞങ്ങള്‍ ഓരോരുത്തരായി അടുത്തേക്ക് ചെല്ലണം. തുണി മേശപ്പുറത്ത് മടക്കിയിട്ടു പെന്‍സില് കൊണ്ട്, പറയുന്നത്പോലെ അടയാളപ്പെടുത്തണം. “കൃ കൃ കൃ” എന്ന ശബ്ദത്തോടെ മുറിക്കാന്‍ മാത്രം ടീച്ചര്‍ സഹായിക്കും.


“അടുത്ത ക്ലാസ്സു മുതല്‍ ഹെമ്മിംഗ് തുടങ്ങണം” ടീച്ചര്‍ പറഞ്ഞു.
“ആദ്യം തുണിയുടെ വശങ്ങള്‍ ചേര്‍ത്തു തുന്നണം.അരയില്‍ പിടിപ്പിക്കാന്‍ നീളത്തിലൊരു കഷണം തുണി വേറെ. അതിനകത്തിടാന്‍ ഉരുട്ടിതുന്നി മറിച്ചിട്ട ഒരു വള്ളി. അവസാനം അരികുവശം മടക്കി “ഹെം” ചെയ്യണം”.
ഹോ! ഡ്രോയറും ഡ്രോയിങ്ങും തമ്മിലെന്തൊരു അന്തരമപ്പാ ..!. ഡ്രോയിങ് പഠിച്ചാ മത്യായിരുന്നു എന്ന് ഇതിനോടകം ഒരു പതിനായിരം പ്രാവശ്യമെങ്കിലും ഞാൻ മനസ്സിൽ പറഞ്ഞുകാണും.



പച്ച ഡ്രോയറു ചോപ്പനൂലിട്ട് തുന്നിയതിന്‌ സുചിത്രയ്ക്കു ചെവിയിൽ നല്ല തിരുമ്പു കിട്ടീത് കണ്ടപ്പോൾ എന്നിലെ തുന്നൽക്കാരി സട കുടഞ്ഞെണീറ്റിരുന്നു..
ഹെമ്മലും ഉരുട്ടലും മറിക്കലുമൊക്കെയായി ഒരു കൊല്ലം! ന്നിട്ടും തീർന്നോ ! എവിടെ! 



കൊല്ലം മുഴുവനും തുന്നിയിട്ടും ഒരുകാലു മാത്രമേ കഴിഞ്ഞുള്ളൂ. മറ്റേ കാല്‍ വീട്ടില്‍ കൊണ്ടുപോയി അവധിക്കാലത്ത്‌ തുന്നിക്കോളാന്‍ പറഞ്ഞു. പിന്നേ.....അവധിക്കാലത്ത്‌ ഡ്രോയര്‍ തുന്നലല്ലേ എന്റെ പണി! ടീച്ചർക്കതു പറഞ്ഞാ മതി !



ഇത് അഞ്ചിലെ ചരിത്രം.


ഹൈസ്കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെയും വന്നു ഡ്രോയര്‍! കള്ളി തുണിയിൽ നിന്നും പുള്ളിത്തുണിയിലേക്കു മാറിയത് മാത്രം മെച്ചം ! എന്‍റെ പരിചയ സമ്പന്നത ആരോടും വിളമ്പാതെ ഞാന്‍ തുന്നലില്‍ മുഴുകിയെങ്കിലും മുഴുവനാക്കാത്ത ഡ്രോയറുമായി വീണ്ടും ഒരു അവധിക്കാലം കടന്നുപോയി. അടുത്ത വര്‍ഷങ്ങളില്‍ തുന്നലുണ്ടായിരുന്നില്ല. രക്ഷപ്പെട്ടു! ശിഷ്ടകാലം സൂചിയും നൂലും പാതി തുന്നിയ തുണിയും ചായ്പ്പിന്റെ മൂലേല്, ആർക്കും വേണ്ടാതെ പരുങ്ങിക്കിടന്നു...



എന്തിനു ഞാൻ പിന്നെയും തുന്നലിൽ തൂങ്ങിയെന്നെനിയ്ക്കറിയില്ല, ഡിഗ്രി റിസള്‍ട്ട്‌ കാത്തിരിക്കുന്ന വേളയില്‍ ചുരിദാര്‍ തയ്‌ക്കാൻ പഠിക്കാമെന്ന വ്യാമോഹത്തോടെ കുറച്ചകലെയുള്ള കന്യാസ്ത്രീ മഠത്തിൽ ചേര്‍ന്നു. അത്യാവശ്യം തുന്നൽ അറിയുന്നതല്ലേ! നേരെ ചുരിദാറിലേക്കു സ്ഥാനക്കയറ്റം കിട്ടൂലോ എന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോൾ എന്റെ മുന്നിലുള്ള മേശയിലേയ്ക്ക് കന്യാസ്ത്രീ വെട്ടിയിടുന്ന ഇളം പിങ്ക് നിറത്തിലുള്ള തുണി കണ്ട്പകച്ചിരിക്കാനേ നിവൃത്തിയുണ്ടായുള്ളൂ... അത് അവന്‍ തന്നെ! ഡ്രോയറ്! 



ഗതികെട്ടു ഞാന്‍ ചോദിച്ചു, “ ഇ..ഇദ്...ഇതല്ലാതെ നിങ്ങള്‍ വേറൊന്നും പഠിപ്പിക്കില്ലേ?” 



അവര്‍ പറഞ്ഞു, “തയിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ആദ്യം തുടങ്ങുന്നത് ഡ്രോയറില്‍ നിന്നാണ്”, “അറിയാമെങ്കില്‍ കുട്ടി ഇത് വേഗം തുന്നി തീര്‍ത്തോളു” ന്നിട്ടാവാം ചുരിദാർ .



പഴയ തുന്നൽ ടീച്ചറുടെ ഞെളങ്ങിയ മുഖം ഓർമ വന്നു..വെറുതെയല്ല ആ മുഖം അങ്ങനെയായത്..എത്ര വർഷങ്ങളായി ഡ്രോയർ മാത്രം തുന്നാൻ പഠിപ്പിച്ചോണ്ടിരിയ്ക്കുന്നു! പാവം ലേ! 



“അരികു തയ്ച്ചു തുടങ്ങിക്കോളൂ കുട്ടീ...വള്ളി ഒടുവിൽ ഉരുട്ടി തൈച്ചാൽ മതി..”
എന്റെ തലയ്ക്കു ചുറ്റും എന്തോ ഉരുണ്ടുകൂടുന്നതായി തോന്നി..


കന്യാസ്ത്രീ അടുത്ത ആൾടെ അടുത്തേയ്ക്കു നീങ്ങി. 


ജീവിതത്തിൽ അന്നോളം തോന്നിയിട്ടില്ലാത്ത ദൃഢനിശ്ചയത്തോടെ ഞാൻ എഴുന്നേറ്റു..


ഹും! എനിക്കിപ്പോ അങ്ങനെ ചുരിദാറു തുന്നാൻ പഠിക്കേണ്ടെങ്കിലോ. നിങ്ങളെന്താ ചെയ്യാ..ആങ്ഹാ..അങ്ങന്യായാലും പറ്റില്ലല്ലോ..! 



കൊടുത്തകാശു നഷ്ടമായിക്കോട്ടേ എന്നുതന്നെ തീരുമാനിച്ചു ഞാനാ മഠത്തിന്‍റെ പടിയിറങ്ങി. തലയ്ക്കു മുകളിൽ പല്ലിളിയ്ക്കുന്ന ഒറ്റക്കാലന്‍ ഡ്രോയറെ ഞാൻ ആട്ടിപ്പായിച്ചു. 


ഇതിനകം ഭര്‍ത്താവ്, പോയ കുടുക്ക് ഷര്‍ട്ടില്‍ പിടിപ്പിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ജാള്യതയോടെ നോക്കിനിന്നു. !

2013, ജൂൺ 8, ശനിയാഴ്‌ച

വാടകക്കൊരു ചെരുപ്പ്



കുറെ ദൂരെയാണ് മനക്കുളങ്ങര സ്കൂള്‍ . അഞ്ചാം തരം പഠിച്ചത് അവിടെയാണ്. നല്ല വഴിയിലൂടെയാണെങ്കില്‍ മൂന്നു കിലോമീറ്റര്‍ നടക്കണം, പാടവരമ്പത്തൂടെയാണെങ്കില്‍ രണ്ടു കിലോമീറ്റര്‍ മതി. മഴക്കാലമായാല്‍ പാടത്തുകൂടെ പോകാന്‍ പറ്റില്ല. തോടുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകും, നടവരമ്പുകള്‍ അപ്രത്യക്ഷമാകും. അങ്ങനെയാണ് ഞാനൊരിക്കല്‍ പാടത്തുള്ള ഒരു കിണറില്‍ അറിയാതെ വീണത്‌ . പലതവണ മുങ്ങി പൊങ്ങിയ എന്നെ കൂട്ടുകാരാണ് കൈപിടിച്ച് വലിച്ചു കയറ്റിയത്. മഞ്ഞുകാലത്ത് വയലുകളില്‍ ആരെങ്കിലും കപ്പലണ്ടി കൃഷി ചെയ്യും. ഞങ്ങള്‍ സ്കൂളു വിട്ടു വരുമ്പോള്‍ കപ്പലണ്ടിച്ചെടിയുടെ കട പറിച്ച്കുടഞ്ഞ്‌ തോടു പൊട്ടിച്ചു പച്ചക്കപ്പലണ്ടി കഴിക്കും, വയലുടമ ഓടിക്കുന്നതുവരെ.


രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍നിന്നും ഇറങ്ങിയാല്‍ ഓരോരുത്തരുടെയും വീടിന്‍റെ പടികളില്‍ കാത്തുനിന്ന് കൂട്ടുകാരെയെല്ലാം ആനയിച്ചു മന്ദം മന്ദം നടന്നുനീങ്ങും സ്കൂളിലേക്ക്. ഇല്ല്യാത്തതും ഉള്ളതുമായ കഥകള്‍ അതിശയോക്തി കലര്‍ത്തി വര്‍ണ്ണിച്ചു നടക്കുമ്പോള്‍ വഴിയുടെ നീളം കുറഞ്ഞു വരും.



ഷാനിയുടെ അലുമിനിയത്തിന്‍റെ ചോറ്പാത്രത്തിലാകും എന്‍റെ ശ്രദ്ധ. വീട്ടില്‍നിന്നും കഴിക്കുന്ന പ്രാതല്‍ അമ്മയെ ബോധ്യപ്പെടുത്താന്‍ മാത്രം. സ്കൂളെത്തുംമുന്‍പേ ഏതെങ്കിലും വേലിയരികില്‍ ഒതുങ്ങിയിരുന്ന് ഷാനൂന്‍റെ പാത്രം തുറക്കും. റേഷനരിച്ചോറിന്‍റെ കുത്തുന്ന മണം പൊങ്ങും. അതിന്‍റെ ഒരു വശത്തെവിടെയെങ്കിലും കാണും ഒരു മുളക് ചമ്മന്തി. ചിലപ്പോള്‍ ചോറില്‍ കുഴഞ്ഞു അത് കാണാതിരിക്കാനും മതി. ആര്‍ത്തിയോടെ അത് വാരിയുണ്ണും. ഉച്ചഭക്ഷണത്തിനു മണിയടിച്ചാല്‍ ഷാനൂനു എന്‍റെ ചോറു കൊടുക്കും. ഞാന്‍ ദേവസ്യേട്ടന്‍റെ പീടികേന്നു പല്ലൊട്ടി മിഠായിയോ പുളിയുണ്ടയോ തേന്‍നിലാവോ വാങ്ങി കഴിക്കും. 


എവിടുന്നാണ് അതിനുള്ള കാശെന്നല്ലേ? അതൊരു കഥയാണ്‌, പറയാം.


ഞങ്ങളുടെ കൂട്ടത്തില്‍ കുറെ തലതെറിച്ച ആണ്‍കുട്ടികളുണ്ടായിരുന്നു. വീടിന്‍റെ പരിസരം വിട്ടാല്‍ അവര്‍ കണ്ട പറമ്പിലെയൊക്കെ കശുമാവിലെ കശുമാങ്ങ എറിഞ്ഞുവീഴ്ത്തി പെറുക്കിക്കൂട്ടും. ഞാനും കൂടും അവരുടെ കൂടെ. കശുവണ്ടി ബാഗില്‍ ഇട്ടു സ്കൂളിലേക്ക് നടക്കും, അവിടെച്ചെന്നാല്‍ നേരെ ദേവസ്യേട്ടന്‍റെ പെട്ടിക്കടയിലേക്ക് പായും. ആരെങ്കിലും കാണും മുന്‍പ് “വേഗം പൈസ തരു” എന്ന് പറയും. ദേവസ്യേട്ടനാണെങ്കില്‍ ഇതുതന്നെ താപ്പെന്നു കരുതി പകുതി പൈസ പോലും തരില്ല. ഒന്നും പറയാതെ, കിട്ടുന്ന പൈസക്ക് മിഠായികള്‍ വാങ്ങി കഴിക്കും.



കളിക്കാനുള്ള മണിയടിക്കുന്ന സമയത്ത് വരുന്ന ഐസ് ഫ്രൂട്ട് കാരന്‍റെ പെട്ടിയിലെ കോലൈസും പാലൈസും വാങ്ങാനുള്ള പൈസ മിച്ചം വയ്ക്കും. സ്കൂളിന്‍റെ മതിലില്‍ ചാരി നിന്നു ഐസ് കഴിക്കുന്നത്‌ വലിയച്ഛന്‍റെ മകന്‍ അതിലേ സൈക്കിളില്‍ പോകുമ്പോള്‍ കണ്ടു, അമ്മയോട് പറഞ്ഞു, തല്ലും കിട്ടി. അതിനു ശേഷം പാത്തും പതുങ്ങിയുമാണ് ഐസ്ഫ്രൂട്ട് വാങ്ങികഴിക്കാറുള്ളത്. ഇതൊരു സ്ഥിരം കലാപരിപാടിയായി അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സംഭവം ഉണ്ടായി..

എന്‍റെ ബന്ധുകൂടിയാണ് കശുമാവു തോട്ടത്തിന്‍റെ ഉടമ, ഇന്താണിയമ്മൂമ്മ. അമ്മൂമ്മക്ക്‌ സ്വല്പം വട്ടുണ്ടെന്നു കുട്ട്യോളൊക്കെ പറയാറുണ്ട്. “ഇന്താണി” കുറ്റപ്പേരാണ്, ശരിക്കുള്ള പേര് എനിക്കറിയില്ല. ഒരു ദിവസം ഇന്താണി ഞങ്ങളെ ഒളിച്ചിരുന്നു പിടിച്ചു.

“നീയേതാടീ ഈ ആണ്‍പടക്കിടയില്‍ പെണ്ണൊരുത്തി?”
വീട്ടുപേരെന്താടി? തല്ലുമോ എന്ന് പേടിച്ച് ഞാന്‍ ഉള്ളത് പറഞ്ഞു.

“മുണ്ടക്കല്‍ വിജയന്‍റെ മകളാണ്”.

“ഹമ്പടി നീയാളു കൊള്ളാലോ.” –അമ്മൂമ്മ പറഞ്ഞു. ഞാന്‍ നിന്‍റെ അച്ഛനെ കാണട്ടെ. ഹും .. ഇപ്പോ നീ പൊയ്ക്കോ.”

തല്‍ക്കാലം തല്ലുകിട്ടിയില്ല, എന്നോടൊപ്പം മറ്റുള്ളവരും രക്ഷപ്പെട്ടു.പക്ഷെ അധികം താമസിയാതെ ശരിക്കു തല്ലുകൊള്ളിക്കാനുള്ള വകുപ്പുമായി ഇന്താണി രംഗത്ത് വന്നു.

ഒരു ഞായറാഴ്ച , ബന്ധുവിന്‍റെ കല്ല്യാണത്തിന് പോകാന്‍ അമ്മക്ക് ഒഴിവില്ല്യാത്തതിനാല്‍ പകരം എന്നെ അയച്ചു. തല കാണിച്ചെന്നു വരുത്തണം എന്നുള്ള കല്ല്യാണങ്ങള്‍ക്കു എന്നെയാണ് അയച്ചിരുന്നത്. കുറെ മുതിര്‍ന്ന ആള്‍ക്കാരുടെയിടയില്‍ ഞാന്‍ മാത്രമുണ്ടാകും ഒരു കുട്ടി. അവിടെ കയ്യും കാലും കെട്ടിയിട്ടപോലെ ഇരിക്കണം. എനിക്ക് ഇത്രയും വെറുപ്പുണ്ടാക്കിയിരുന്ന ഒരു പരിപാടി വേറെയില്ലായിരുന്നു. അങ്ങനെ ആ കല്ല്യാണത്തിനും ഞാനിരയാകേണ്ടിവന്നു.

നല്ല ഒന്നാന്തരം സദ്യ ഉണ്ടശേഷം ഉഷ്ണം തീര്‍ക്കാനായി പങ്ക കറങ്ങുന്ന ഒരു മുറിയില്‍ ഞാനും ബന്ധുജനത്തിന്‍റെ കൂടെയിരുന്നു. അപ്പോള്‍ എന്നെ നടുക്കിക്കൊണ്ട് അതാ ആ ശബ്ദം......

“ ഡീ.... നീ വിജയന്‍റെ മോളല്ലേ?”

“ഇന്താണി അമ്മൂമ്മ ഇവിടെയും അവതരിക്കേണ്ട കാര്യം എന്താണി” എന്ന് ഞാന്‍ ആത്മഗതം നടത്തുമ്പോഴേക്കും...

“അതേ”...എന്തേ?”

ആകാംക്ഷയോടെ മറുപടി പറഞ്ഞത് ഞാനല്ല...കൂടെയിരുന്നിരുന്ന ആരോ ആയിരുന്നു.

“ഹമ്പടി കേമീ...”

“ഇവളാണ് എന്‍റെ കശുമാവ് മുഴുവനും തല്ലിക്കൊഴിച്ചു കശുവണ്ടി കക്കുന്നവള്‍ . ഇവളെ ഞാന്‍ പിടിക്ക്യാനിരിക്ക്യായിരുന്നു. എവിടെ ഇവള്‍ടെ അമ്മ?”

മുറിയില്‍ തിരിയുന്ന പങ്കയെക്കാള്‍ വേഗത്തില്‍ എന്‍റെ തല കറങ്ങി. എനിക്ക് കണ്ണ് കാണുന്നില്ലേ? ഇല്ല്യ..ആരെയും കാണുന്നില്ല..എല്ലാം ഒരു പുക പോലെ...

“അന്ന്...ആ കശുമാവിന്‍തോട്ടത്തില്‍ വച്ചു കയ്യോടെ പിടിച്ചപ്പോള്‍ എന്നെ തല്ലാമായിരുന്നില്ലേ ഭ്രാന്തത്തിയമ്മൂമ്മേ...എന്തിനാണിന്താണി എന്നെ ഇങ്ങനെ നാണം കെടുത്തിയത്”.....എനിക്ക് അലറി കരയാന്‍ തോന്നി.

ഈ സംഭവത്തോടെ കശുവണ്ടി വിറ്റ് പല്ലൊട്ടി വാങ്ങാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. പക്ഷെ അടുത്തുതന്നെ വേറൊരു വഴി തുറന്നു.

സ്കൂളിനു യൂണിഫോം ഇല്ലാത്ത കാരണം ഗള്‍ഫീന്ന് ബന്ധുക്കള്‍ തരുന്ന നല്ല ഉടുപ്പുകളണിഞ്ഞു, ചെരിപ്പിട്ട് വാച്ചും കെട്ടിയാണ് ഞാന്‍ പോയിരുന്നത്. കൂട്ടത്തിലാര്‍ക്കും അത്തരം ഉടുപ്പുകളോ ചെരുപ്പോ വാച്ചോ ഇല്ലായിരുന്നു. എന്‍റെ വാച്ചും ചെരുപ്പും അവരിലാരെങ്കിലും ഇടാന്‍ ചോദിക്കുമ്പോള്‍ കൊടുത്തിട്ട് ഞാന്‍ കല്ലും മുള്ളും ചവിട്ടി സ്കൂള്‍ വരെ നടക്കും. അതൊരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ എനിക്ക് കാലു വേദനിക്കാന്‍ തുടങ്ങി. വാച്ച് കെട്ടിക്കോട്ടെ, പക്ഷെ ചെരിപ്പിടാതെ നടക്കാന്‍ പ്രയാസം...

കുറച്ചു ദിവസം ചെരുപ്പ് കിട്ടാതായപ്പോള്‍ രമ ചോദിച്ചു:
“വാടക തരാം, ഇടാന്‍ തര്വോ”

ഞാന്‍ ആശങ്കയിലായി.

അവള്‍ പറഞ്ഞു, “പതിനഞ്ചു പൈസ തരാം, ഒരു ദിവസം അങ്ങോട്ടുമിങ്ങോട്ടും ചെരുപ്പിടാന്‍ തരണം.” മറ്റുള്ളവരും അതേറ്റു പിടിച്ചു.

കശുവണ്ടിക്കച്ചവടമാണെങ്കില്‍ ഇന്താണി കുന്തത്തില്‍ കോര്‍ത്തില്ലേ.

മനസ്സില്‍ ഒരു പല്ലൊട്ടി പൊട്ടി. പതിനഞ്ചു പൈസക്ക് മൂന്നു പല്ലൊട്ടി കിട്ടും..

അങ്ങനെ ഞാന്‍ വീണ്ടും കല്ലും മുള്ളും ചവിട്ടി നടക്കാന്‍ തുടങ്ങി, ആരെങ്കിലുമൊക്കെ ചെരുപ്പിടും, എനിക്ക് പതിനഞ്ചു പൈസ തരും. പത്തു പൈസയേ ഉള്ളൂവെങ്കില്‍ പകുതി വഴിവരെയേ കൊടുക്കുള്ളൂ. അല്ലെങ്കില്‍ ഒരു ചെരുപ്പ് അവരും ഒരു ചെരുപ്പ് ഞാനും ഇട്ടു നടക്കും. പിന്നീട് പൈസ ഒപ്പിക്കാന്‍ രമയ്ക്കും കൂട്ടുകാര്‍ക്കും പറ്റാതായി. അപ്പോഴേക്കും ഒരു കൊല്ലം അവസാനിക്കാറായിരുന്നു. ചെരിപ്പില്ലാത്ത പാദങ്ങളുമായി അവര്‍ നടന്നകന്നു, പല വഴികളിലേക്ക്. ഞാന്‍ കൊടകര ഗവര്‍മെന്റ് ഗേള്‍സ്‌ ഹൈസ്കൂളിലേക്കും. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അറിയുന്നു, എന്തൊരു നികൃഷ്ടജീവിയായിരുന്നു ഞാന്‍ !  പക്ഷേ വെറുതെയല്ലല്ലോ “പല്ലൊട്ടീം ഐസ്രൂട്ടും” വാങ്ങാനല്ലേ! അല്ലപിന്നെ!

2013, ജൂൺ 3, തിങ്കളാഴ്‌ച

പൂക്കുന്നിതാ കൊന്ന...



ഇതൊരു വിസ്മയക്കാഴ്ചയല്ലെങ്കില്‍ പിന്നെന്താണ്! മെയ്-ജൂണ്‍ മാസങ്ങളില്‍  ഒമാനില്‍ വഴിയോരത്തും കടലോരത്തും ഉടനീളം പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന മരങ്ങള്‍ ......ഒരു അത്ഭുതം തന്നെ!. മേടമാസത്തില്‍ അല്ലെങ്കില്‍ ഏപ്രിലില്‍ നമ്മുടെ കേരളത്തില്‍ പൂക്കുന്ന കണിക്കൊന്നകള്‍ കാവടിയാടാന്‍ ഈ മരുഭൂമിയിലെത്തുന്നത് മെയ്‌ മാസത്തില്‍ . !...! !.


വിഷുപ്പുലരിയില്‍ കണികാണാന്‍ ഒരു കുല പൂവിനു വേണ്ടി കണ്ണും മനവും പരതുമ്പോള്‍ കിട്ടുന്നത് കടല്‍ കടന്നെത്തുന്ന വാടിയതും കരിഞ്ഞതുമായ കൊന്ന പൂക്കള്‍ . പേരിനൊരു പൂവ്!



ഓരോ വിഷുവിനും മനസ്സ് പറക്കും ഓര്‍മയില്‍ ആദ്യം തെളിഞ്ഞ വിഷു കണി കാണുവാന്‍ . അമ്മ കണ്ണുപൊത്തിപ്പിടിച്ചു കൊണ്ടുപോയി കാണിച്ച കണിവിസ്മയം. വാഴയിലയില്‍ ചൂടോടെ പരത്തിയ വിഷുകട്ടയുടെ നറുമണത്തില്‍ പുലരുന്ന വിഷു. കറുപ്പും വെളുപ്പും ചിറകുകള്‍ വിരിച്ചുപിടിച്ചു പൂന്തോട്ടത്തില്‍ പാറിപ്പറന്ന കൊച്ചു വിഷുതുമ്പികള്‍ . ആഹ്ലാദത്തിന്റെ ചിറകടികള്‍ . നാട്ടു മാവിന്‍റെ ചില്ലകള്‍ കുലുക്കി താഴേക്കിട്ട മാമ്പഴം കൊണ്ടുണ്ടാക്കുന്ന മാമ്പഴ പുളിശ്ശേരി, വടക്കേ മുറ്റത്തെ താമരപ്ലാവിലെ, ഇടതൂര്‍ന്നു വിളഞ്ഞു പഴുത്തു കിടന്ന ഉണ്ടച്ചക്കകളുടെ തേനൂറുന്ന സമൃദ്ധി.



ഇരുളില്‍ വിരിഞ്ഞമര്‍ന്ന വര്‍ണ്ണപ്പൊലിമ. മടിച്ചു നിന്ന നിലാവൊളിക്കു മാറ്റുകൂട്ടുവാന്‍ മാവിന്‍കൊമ്പില്‍ തൂക്കിയിട്ട ശരറാന്തലിലെ മിന്നുന്ന പൊന്‍തിരി. പൊട്ടിച്ചിരികളും പൊട്ടിത്തെറികളും. അരങ്ങുകെട്ടിയ മാലപടക്കത്തിനു പൂത്തിരി കൊളുത്തി തീ പടര്‍ന്നപ്പോള്‍ കാലില്‍ തട്ടിത്തെറിച്ച ഒറ്റപ്പടക്കങ്ങള്‍ , തിരിയാന്‍ മടിച്ചു ഗര്‍ജിച്ചു കിടന്ന തലച്ചക്രത്തെ ഒന്ന് തൊട്ടപ്പോള്‍ കൈവെള്ളയിലിരുന്നു ചീറിയ തീഗോളം, കമ്പിത്തിരിയുടെ കറുത്തു മെലിഞ്ഞ ഉടലില്‍ നിന്നും ചിന്നിച്ചിതറി തെറ്റി തെറിച്ചു മേലാകെ വീണ മഞ്ഞളിച്ച സ്വര്‍ണ്ണപ്പൂക്കള്‍ , ആകാശംമുട്ടനെ ഉയര്‍ന്നു പൊങ്ങി വെള്ളിതിരമാല തീര്‍ത്ത മേശപൂക്കള്‍ .!! .. ..



കാലബന്ധമില്ലാതെ ഓടിയെത്തുന്ന ഓര്‍മകളില്‍ നനഞ്ഞ കണ്ണിന്‍റെ പകുതികാഴ്ചയില്‍ സ്മൃതിപദങ്ങളിലെ വസന്തങ്ങള്‍പോലെ.......... ഇവിടെ ഈ വഴികളില്‍ കാലം തെറ്റി വിരുന്നിനെത്തുന്ന മഞ്ഞപൂക്കള്‍ !!.... ...... .















2013, ജൂൺ 1, ശനിയാഴ്‌ച

കുൽസു



“ഞമ്മടെ ബീടിന്‍റെ മുന്നാമ്പര്‍ത്തെ വയ്മല് ബെല്ല്യൊരു കുയീണ്ട്, പടി എറങ്ങണോടത്തില് തന്നെ. ബല്ലാത്ത എടങ്ങേറാണ്. ഈ മയേത്ത് അതിൽ തോനെ ബെള്ളം ബന്നു മൂടി. അച്ചെങ്ങായിമാര് ഒന്ന് “ആക്ഷേപിച്ചാൽ” ഗവേർമെന്റ്റ് ബന്നു “ഫുൾപാത്ത്” കെട്ടി തരും. അതെങ്ങന്യാ , ബല്ല ഒത്തൊരുമീംഇണ്ടായാലല്ലേ!"

“ഞമ്മള്  ഓരൊപ്പനെ സോഹാര്‍ദ്ദത്തിലാണി , പശ്ശെ പറഞ്ഞിട്ട് കാര്യല്ല്യ.ഇക്കാനോട് ഞാമ്പറഞ്ഞി നുമ്മക്ക് ആക്ഷേപിക്കാംന്നു.മൂപ്പര് "തമ്മസി"ക്കുന്നില്ല. എന്നിട്ടിപ്പോ ഇക്കു കുയി നീന്താറായി . ഓരൊക്കെ അപ്പര്‍ത്തെ മതില് ചാടി കടന്നു ബരേം പോവേം ചെയ്യണ്. ഞമ്മക്ക് എടങ്ങേറായി. അല്ലാത്തപ്പയൊക്കെ ആ ബല്ല്യ ബണ്ടി ബന്നു ബെള്ളം കോരി കൊണ്ടോം. മയ പെയ്തീനിക്കൊണ്ട് ആ ബണ്ടീം ബന്നില്ല”. “അതാ ബരാന്‍ ബെയ്കീത്”.


ഇതും പറഞ്ഞു കുൽസു കോണി പടി കയറി പോയി , അലക്കിയ തുണികൾ വിരിച്ചിടാൻ.


മഴ പെയ്തപ്പോള്‍ വീടിനു മുന്പിലുള്ള കുഴിയില്‍ വെള്ളം കെട്ടി കിടക്കുന്നു. ഒന്ന് അപേക്ഷിച്ചാല്‍ ഗവേർമെന്റ്റ് കുഴി മൂടി ഫുട്പാത്ത് കെട്ടിതരും , അതിനു കെട്ട്യോനെന്നു പറയപ്പെടുന്ന ആള് സമ്മതിക്കുന്നില്ല എന്നാണു കുല്‍സു പറഞ്ഞത്. കുല്‍സു പറയാന്‍ തുടങ്ങിയാല്‍ പിന്നെ എന്‍റെ ശബ്ദം മുങ്ങിപോകും. വല്ലതും പറയണമെങ്കില്‍ ഞാന്‍ ഉച്ചത്തില്‍ ഓളിയിടണം. അത് കേട്ടാല്‍ വഴക്കു കൂടുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും. അതുകൊണ്ട് കുല്‍സൂന്‍റെ സിദ്ധാന്തങ്ങള്‍ കേട്ട് അധികവും ഞാന്‍ മിണ്ടാതെ നില്‍ക്കും.


“തുണി മടക്കി ബന്നിട്ടു ഓഫൻ തുടക്കാം”. കുൽസു മുൻപ് നിന്നിരുന്ന വീട്ടില്‍ ഇത് പോലെ വലിയ ഓവൻ ഉണ്ടായിരുന്നുത്രേ. ഓവനില്‍ വച്ചുണ്ടാക്കുന്ന ഒരുപാട് വിഭവങ്ങള്‍ കുല്‍സൂനറിയാം. ഒരു ദിവസം കുൽസു ഓവനിൽ നല്ലൊരു നോണ്‍ സ്ടിക്കിൻറെ പാത്രം എടുത്തങ്ങു വച്ചു. മുൻപരിചയം ഉള്ളതാണല്ലോ എന്ന് വിചാരിച്ചു ഞാനൊട്ടു ആ വശത്തേക്ക് ശ്രദ്ധ്ധിച്ചതുമില്ല. അര മണിക്കൂർ കഴിഞ്ഞു നോക്കുമ്പോൾ ഓവനിൽ നിന്നും എടുത്ത പാത്രവുമായി കുൽസു നില്ക്കുന്നു. അതിന്‍റെ പ്ളാസ്റ്റിക് പിടി മുഴുവനും ഉരുകിയൊലിച്ചിരുന്നു . ഞാനൊന്നും പറയാതെ നോക്കി നിന്നപ്പോൾ കുൽസു പറഞ്ഞു തുടങ്ങി. "ആ സുഡാനിത്തള്ള മേടം” ഇങ്ങനത്തെ പാത്രങ്ങളൊക്കെ ഓഫെനിൽ വക്കാറുണ്ട്. ഒന്ന്വാവില്ല്യ. ഇബടത്തെ ഓഫെനു എന്തോ കൊയപ്പണ്ടായ്നെകൊണ്ടാ”.


പച്ചക്കറി അരിയാനോ ഉള്ളി തൊലി കളയാനോ കുല്‍സുവിനെ ഏല്‍പ്പിച്ചാല്‍ പിന്നെ വേറൊരു പണിയും അന്ന് നോക്കണ്ട. തിരക്ക് കൂട്ടിയാല്‍ പറയും, “ ആടക്ക്, പുയൂണ്ടോന്നു നോക്കണ്ടീനു”. ആഴ്ചയില്‍ രണ്ടു തവണ കുളിമുറികള്‍ കഴുകും കുല്‍സു. ഇടയിലൊരു തവണ കൂടി കഴുകാന്‍ പറഞ്ഞാല്‍ വരും മറുപടി “ഇങ്ങക്കു കുളിക്കുമ്പോ ലേശം ബെള്ളം പാര്‍ന്നു ബൈവറോണ്ട് ബ്രുത്യാക്കികൂടേനൂ, ലാബിഷായിട്ടു കയുകാന്‍ നിക്കണ്ട” .

"ലാവിഷ്” , വൈപ്പര്‍ "എന്നൊക്കെയാകും  ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ഊഹിക്കും.


ഫ്രിഡ്ജിന്‍റെ മുകള്‍ ഭാഗം തുടയ്ക്കാന്‍ പറഞ്ഞാല്‍ പറയും “അയ്ന്‍റെ മോളില് പൊത്തിപിടിച്ച്‌ കേറീട്ടു എടങ്ങേറാവാന്‍ ഇയ്ക്ക് ബയ്യെന്‍റെ റബ്ബേ, ഇമ്മാതിരി പണിയൊന്നും ഇയ്ക്കു ശീലല്ല്യ.”


ഇനീപ്പോ എന്ത് പണി കൊടുക്കും കുല്‍സൂനു?


“ആ മീനൊന്നു കഴുകി മസാല തേച്ചു തരാമോ”? ഞാന്‍ ചോദിക്കും.


“ന്‍റെ പൊന്നാര ഹാബീ ഇയ്ക്ക് മീന്‍ നേര്യാക്കി ശീലല്ല്യ. ഇന്‍റെ ബീട്ടില് ബരേയ്ക്കും ഇക്കാനോട് പറയലാണ് ഞാന്‍
അയിറ്റാല് കഴിഞ്ഞീസം ഞാന്‍ ഇബടന്നു മീന്‍ നന്നാക്കീട്ടു ബണ്ടീല്‍ കേറീപ്പോ ഇക്കയ്ക്ക് ചൂടായിനു. മൂപ്പര് പറഞ്ഞു “അന്നെ മീന്‍ മണക്കണല്ലോ ശെയ്താനെ, ബണ്ടി മുയോന്‍ ബെടാക്കാക്കീ ഇയ്യ്. ഇത് ബാടക ഓടണ ബണ്ട്യാണ്, ഇമ്മാതിരി മണോം കൊണ്ട് കേറ്യാല്‍ ഓരെന്നെ തല്ലും”

“അന്നു ഇക്കയ്ക്ക് നല്ലോം ദേശ്യം പിടിച്ചീനു”.. കുല്‍സു നെറ്റി ചുളിച്ചു.

“ഇപ്പോ ഇയ്യൊരു പണി ചെയ്യ്‌. ആ “ഫെര്‍ഫ്യും” ഇങ്ങടെടുതാള. ഞാന്‍ ബേം ബേം നേര്യാക്കിത്തരാം”. കുല്‍സു പറഞ്ഞു.

എന്‍റെ വീട്ടില്‍ ഞാന്‍ പണിക്കാരിയും കുല്‍സു “മേട”വും ആണ്. മടിയിലിട്ടു പേരിട്ട പോലെയാണ് കുല്‍സു എന്നെ വിളിക്ക്യാ. “മേടം” പറയുന്നത് ഞാന്‍ അനുസരിക്കണമല്ലോ. അങ്ങനെ മീനേക്കാള്‍ വിലയുള്ള എന്‍റെ perfume bottle ഞാന്‍ അടുക്കളയില്‍ കൊണ്ട് വച്ചു. മീന്‍ നന്നാക്കാനുള്ളപ്പോഴൊക്കെ കുല്‍സു മേലാകെ സുഗനധം വാരിപൂശി പോയി.

കുല്‍സു ...ഞാന്‍ വിളിച്ചു.

“എന്തെയ്നു” കുല്‍സു ചോദിച്ചു.

“ഉമ്മറം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഒന്ന് അടിച്ചുവാരാമായിരുന്നു”.

“അത് ലാസ്റ്റ്ല് സമാധാനപരമായി ചെയ്യാം. ഇരുടാവട്ടെ. അല്ലെങ്കില്‍ അപ്പര്‍ത്തൊള്ള കൂട്ടര് നോക്കി നിക്കും. ഇയ്ക്ക് കൊറച്ചിലാവും. തന്ന്യോല്ല ഇപ്പൊ പൊറത്ത് നല്ല കാറ്റാണ്. ആ പൂയി ഒന്നായി ന്‍റെ കണ്ണിലും മൂക്കിലും കേറും. പിന്നെ ആകെ ചൊറയാകും”. എല്ലാം “സമാധാനപരമായി” ചെയ്യുന്ന കുല്‍സു മണിക്കൂറിനു പൈസയുടെ കണക്കു പറയുമ്പോ പോകുന്നത് എന്‍റെ സമാധാനമാണ്. ( ഇടയ്ക്കിടെ കുല്‍സു തെറ്റില്ലാതെ പറയുന്ന വാക്കാണ്‌ “സമാധാനപരമായി” ).

“ഇയ്ക്കൊരു പത്തു റിയാല്‍ ബേണം, ന്‍റെ ക്രീമൊക്കെ തീര്‍ന്നുപോയി”. കുല്‍സൂനു മുഖത്തു പുരട്ടാന്‍ ഫെയര്‍ ആന്‍ഡ്‌ ലൌലി, മേല് പുരട്ടാന്‍ യാര്‍ഡ്‌ലി ക്രീം , പിന്നെ നല്ല മണമുള്ള അത്തറു.. മാസം പത്തു റിയാല്. . .

വര്‍ഷങ്ങളായി കുല്‍സുവും ഞാനും ഇങ്ങനെ “എടങ്ങേറും ചൊറ”യുമായി വളരെ “സമാധാനപരമായി” പോകുന്നു. ഇതെല്ലാം കാണുന്ന ഗൃഹനാഥന്‍ ചോദിക്കും “എന്നാപിന്നെ കുല്‍സൂനെ മാറ്റി വേറെ ആളെ എടുത്തുകൂടെ”? 

ഞാന്‍ പറയും “കക്കില്ല, ഏഷണി പറയില്ല. ഒരു ദിവസം പോലും മുടങ്ങില്ല. അതൊരു വല്ല്യ കാര്യമല്ലേ! കുല്‍സു തട്ടീം മൂളീം ഇവിടെ നില്‍ക്കട്ടെ. ഞാന്‍ സഹിച്ചു.”

ഉണ്ണ്യമ്മ



ഉണ്ണ്യമ്മ പോവാത്രേ ! എന്റെ ചായകുടി മുട്ടി. അത്രന്നെ! ഞാൻ അവധിക്കു നാട്ടിൽ ചെല്ലുമ്പോൾ ഉണ്ണ്യമ്മ ഉണ്ടാകും അവിടെ. എനിക്ക് അവധിക്കാലമാണെന്ന് കരുതി ഉണ്ണ്യമ്മക്ക് ഒഴിവുണ്ടാവണ്ടേ! ഉണ്ണ്യമ്മക്ക് ജോലിക്ക് പോകണം, രാവിലെ പോയാൽ വൈകിയാണ് തിരിച്ചെത്തുക. അതിരാവിലെ എഴുന്നേറ്റു ഞാൻ കാതോർക്കും, ഉണ്ണ്യമ്മ എഴുന്നേറ്റുവോ ആവോ! ഇല്ല..എഴുന്നേറ്റിട്ടില്ല . അപ്പോ ചായക്കു ഇനിയും കാത്തിരിക്ക്യെന്നെ! എനിക്ക് ചായ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടാ ണെന്നാണോ വിചാരം? ഞാനും ചായ ഉണ്ടാക്കും പക്ഷെ ഉണ്ണ്യമ്മയുടെ ചായയുടെ സ്വാദുണ്ടാവില്ല. അതാണ്‌ രാവിലെയും വൈകീട്ടും ഞാനീ കാത്തിരിക്കുന്നത്. ഉണർന്നൂന്നു കണ്ടാൽ ഞാൻ പറയും, ഉണ്ണ്യമ്മേ , നല്ല കടുപ്പത്തിലൊരു ചായ. തിരക്കിനിടയിലും ഉണ്ണ്യമ്മ എനിക്കുള്ള ചായയുമായി എന്റെ മുറിയിലെത്തും. നാലുമണിക്കുള്ള ചായക്കും ഇതുതന്നെ കഥ. വഴിയിലേക്ക് കണ്ണും നട്ടിരിക്കും ഞാൻ . നാലും കഴിഞ്ഞു അഞ്ചു മണിയാവും ഉണ്ണ്യമ്മ വരാൻ. എന്നാലും ഞാൻ ചായ ഉണ്ടാക്കില്ല. ആർക്ക് വേണം വാട്ട ചായ! പടി തുറക്കുന്ന ശബ്ദം കേട്ടാൽ എനിക്ക് ഉണർവായി. ഉടനെ കിട്ടുമല്ലോ ഉണ്ണ്യമ്മയുടെ ചായ, കറുമുറെ കൊറിക്കാൻ എന്തെങ്കിലും കൂടെ കാണും. ഈ സമയത്താണ് ഞങ്ങൾ ഏഷാംകൃതി പറഞ്ഞു കുടു കുടെ ചിരിക്കുക. ചിലപ്പോ ചിരിക്കാൻ മാത്രം ഒന്നുമുണ്ടാവില്ല , എന്നാലും വെറുതെ അങ്ങട് ചിരിക്ക്യന്നെ. എന്താപ്പോത്ര ചിരിക്ക്യാൻ? ലളിതമ്മ ചോദിക്കും. ഞങ്ങൾ അപ്പോഴും ക ക ക എന്ന് ചിരിക്കും. ഒന്നും മനസിലായില്ലെങ്കിലും ലളിതമ്മയും കൂടെ ചിരിക്കും. ഇനീപ്പോ എനിക്കാരു ചായ ഉണ്ടാക്കി തരും? ഉണ്ണ്യമ്മ പോവാത്രേ! ഉണ്ണ്യമ്മേടെ പുതിയ വീട്ടിലേക്ക്.